ADVERTISEMENT

ന്യൂഡൽഹി ∙ "ജമ്മു കശ്മീരിനുള്ള പ്രത്യേക പദവി കേന്ദ്ര സര്‍ക്കാർ റദ്ദാക്കിയിരിക്കുന്നു." - ദേശീയ സുരക്ഷ, വികസനം എന്നീ കാര്യങ്ങൾ എടുത്തു പറഞ്ഞുകൊണ്ടാണ് പാർലമെന്റിൽ ഇതു സംബന്ധിച്ച ആഭ്യന്തരമന്ത്രി അമിത് ഷായുടെ പ്രഖ്യാപനം. ഭരണഘടനയിലെ 35എ, 370 വകുപ്പുകൾ റദ്ദാക്കുന്നതോടെ കശ്മീരിൽ എന്തു സംഭവിക്കും? ലഡാക്ക് കേന്ദ്ര ഭരണ പ്രദേശമാക്കുന്നതിലൂടെ കേന്ദ്ര സര്‍ക്കാർ ലക്ഷ്യമിടുന്നതെന്താണ്? ഇന്ത്യയുടെ മറ്റു സംസ്ഥാനങ്ങളിലെ ജനത്തിനു ബാധകമായ നിയമം തന്നെ ജമ്മു കശ്മീരിനും ബാധകമാകുന്നതോടെ ജനജീവിതത്തെ അതെങ്ങനെ ബാധിക്കും?

ലക്ഷദ്വീപ്, ചണ്ഡീഗഡ്, ആൻഡമാൻ, നിക്കോബാർ, ദാമൻ ദിയു തുടങ്ങിയവയ്ക്കു സമാനമായിരിക്കും ഇനി ലഡാക്കിലെ കേന്ദ്ര ഭരണം. ജമ്മു കശ്മീരിലാകട്ടെ ഡൽഹി, പുതുച്ചേരി എന്നിവിടങ്ങളിലുള്ളതു പോലെയും. ഇവിടങ്ങളിൽ ഗവർണർ പദവി ലഫ്. ഗവർണർ സ്ഥാനമായി മാറും. റൺബീർ സിങ് രാജാവിന്റെ കാലത്തു രൂപം കൊടുത്ത കശ്മീരിന്റെ ‘സ്വന്തം’ റൺബീർ പീനൽ കോഡ് (ആർപിസി) മാറി ഇനി ഇന്ത്യൻ പീനൽ കോഡിനു കീഴിലായിരിക്കും സംസ്ഥാനം. കശ്മീരിലെ സ്ഥിരതാമസക്കാർ, പുറത്തു നിന്നുള്ളവർ എന്നീ വേർതിരിവും ഇനി അപ്രത്യക്ഷമാകും.

തന്ത്രപ്രധാനം ലഡാക്ക്; പ്രതിരോധത്തിൽ ഊന്നൽ

ഇതുവരെ ജമ്മു കശ്മീർ സംസ്ഥാനത്തിന്റെ കീഴിലുള്ള പ്രദേശമായിരുന്നു ലഡാക്ക്. ലേ, കാർഗിൽ ജില്ലകൾ ഉൾപ്പെടുന്ന ലഡാക്ക് അതിശൈത്യം മൂലം ഇതരപ്രദേശങ്ങളുമായി വർഷത്തിൽ ആറു മാസത്തോളം ഒറ്റപ്പെടുന്ന വിശാല മേഖലയാണ്. ജനസംഖ്യ വളരെ കുറവ്. ഇക്കഴിഞ്ഞ സെൻസസ് പ്രകാരം 2.74 ലക്ഷമാണ് ലഡാക്കിലെ ജനസംഖ്യ. മലനിരകൾ നിറഞ്ഞ് സഞ്ചാരത്തിനുൾപ്പെടെ ഏറെ ബുദ്ധിമുട്ടുള്ള മേഖലയുമാണിത്. ലഡാക്കിലെ കേന്ദ്രഭരണ പ്രദേശമാക്കുന്നതിന് വർഷങ്ങളായി ഇവിടത്തെ ജനം ആവശ്യപ്പെടുന്നുണ്ടെന്നാണ് അമിത് ഷാ വ്യക്തമാക്കുന്നത്. ജനങ്ങളുടെ ആഗ്രഹപൂർത്തീകരണത്തിന്റെ ഭാഗമായാണ് നിയമസഭയില്ലാത്ത കേന്ദ്രഭരണ പ്രദേശമായി ലഡാക്കിനെ പ്രഖ്യാപിക്കുന്നതെന്നും അദ്ദേഹം പാർലമെന്റിൽ വ്യക്തമാക്കി.

ലോക്സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി ഫെബ്രുവരിയിൽ ലഡാക്കിനു പ്രത്യേക റവന്യു ഡിവിഷൻ രൂപീകരിച്ചിരുന്നു. ഇതുവരെ കശ്മീർ ഡിവിഷന്റെ ഭാഗമായിരുന്നു. ഫെബ്രുവരി മുതൽ ജമ്മു, കശ്മീർ, ലഡാക്ക് എന്നിങ്ങനെ സംസ്ഥാനത്തു 3 ഡിവിഷനുകളായി. ലേയും കാർഗിലും ഉൾപ്പെടുന്ന തന്ത്രപ്രധാന മേഖലകൾ ലഡാക്കിനു കീഴിലാണ്. ലഡാക്ക് അതിർത്തിയിൽ പാൻഗോങ് തടാകത്തിലൂടെ ഇന്ത്യയിലേക്ക് നുഴഞ്ഞു കയറാൻ ചൈന പലപ്പോഴും ശ്രമിച്ചിട്ടുമുണ്ട്. ഏറ്റവുമൊടുവിൽ പാൻഗോങ് തടാകക്കരയിൽ ഇന്ത്യ–ചൈന സൈനികർ വാക്കേറ്റത്തിലേർപ്പെടുന്നതിന്റെ വിഡിയോ വൈറലായിരുന്നു. ലഡാക്കിൽ സ്‌ഥിതിചെയ്യുന്ന പാൻഗോങ് തടാകത്തിന്റെ 45 കിലോമീറ്റർ ഇന്ത്യൻ അതിർത്തിക്കുള്ളിലും 90 കിലോമീറ്റർ ചൈനീസ് പക്ഷത്തുമാണ്. 2014ൽ കിഴക്കൻ ലഡാക്കും തടാകത്തിന്റെ വടക്കേ തീരവും കേന്ദ്രീകരിച്ചും ചൈനയുടെ കടന്നുകയറ്റ ശ്രമവുമുണ്ടായിരുന്നു.

ലേ, കാർഗിൽ ജില്ലകള്‍ക്ക് 1993 ഒക്ടോബറിൽ കേന്ദ്ര–സംസ്ഥാന സർക്കാരുകൾ സ്വയംഭരണ പർവതമേഖലാ കൗൺസിൽ (എൽഎഎച്ച്ഡിസി) പദവി നൽകിയിരുന്നു. ലേയിലെ കൗൺസിലിലേക്കുള്ള ആദ്യത്തെ തിരഞ്ഞെടുപ്പ് 1995 ൽ നടന്നു. കാർഗിൽ 2003 ജൂലൈയിലാണ് കൗൺസിൽ പദവി ഏറ്റെടുത്തത്. ജില്ലയുടെ വികസനം, ആരോഗ്യം, വിദ്യാഭ്യാസം, ഭൂവിനിയോഗം, നികുതി തുടങ്ങിയ കാര്യങ്ങളിൽ വിവിധ ഗ്രാമപഞ്ചായത്തുകളുമായി ചേർന്നായിരുന്നു കൗൺസിലിന്റെ പ്രവർത്തനം. മേഖലയിലെ നിയമവാഴ്ചയും സുരക്ഷയും വാർത്താവിനിമയവും ഉന്നതവിദ്യാഭ്യാസവും ജമ്മു കശ്മീർ സർക്കാരിനു കീഴിലായിരുന്നു. ഇതെല്ലാം ഇനി കേന്ദ്ര സർക്കാരിന്റെ അധികാരപരിധിയിലാകും. ബിജെപിയിലെ ജമ്യാങ് സെറിങ് നംഗ്യാൽ ആണ് നിലവിലെ ലഡാക്ക് എംപി.

ജമ്മു കശ്മീരിൽ എന്ത് സംഭവിക്കും?

നിലവിൽ ജമ്മു കശ്മീരിലെ ആഭ്യന്തര സുരക്ഷ ആശങ്കാജനകമാണെന്നാണ് അമിത് ഷാ പറയുന്നത്. അതിർത്തി കടന്നുള്ള ഭീകരവാദവും ഇതോടൊപ്പം ശക്തമാണ്. അതിനാലാണ് നിയമസഭയോടു കൂടിയ കേന്ദ്രഭരണ പ്രദേശം ജമ്മു കശ്മീരിൽ രൂപീകരിക്കുന്നതെന്നും അമിത് ഷാ രാജ്യസഭയെ അഭിസംബോധന ചെയ്തു വ്യക്തമാക്കി. സംസ്ഥാന നിയമസഭയുടെ കാലാവധി ഇന്ത്യയിലെ മറ്റെല്ലാ സംസ്ഥാനങ്ങളിലും അഞ്ചുവർഷമാണ്, 370–ാം വകുപ്പ് പ്രകാരം ജമ്മു കശ്മീരിൽ ആറുവർഷവും. ഇത്തരത്തിൽ മറ്റു സംസ്ഥാനങ്ങൾക്കു ബാധകമായ ഭരണഘടനാപരമായ പല കാര്യങ്ങളും ജമ്മു കശ്മീരിന് ഇതുവരെ ബാധകമായിരുന്നില്ല. ഇതിനെല്ലാം മാറ്റം വരികയാണ്. അഞ്ചു വർഷമായിരിക്കും ഇനി ജമ്മു കശ്മീർ നിയമസഭയുടെയും കാലാവധി. സംസ്ഥാനത്ത് ഏതെങ്കിലും നിയമനിർമാണത്തിന് കേന്ദ്രത്തിനു സംസ്ഥാന നിയമസഭയുടെ അനുമതി വേണമെന്ന രീതിയും ഇനി മാറും. എന്നാൽ ബദൽ സംവിധാനമില്ലാതെ 370–ാം വകുപ്പ് എടുത്തു കളയുന്നതിന്റെ പ്രായോഗിക ബുദ്ധിമുട്ടുകൾ നിയമവിദഗ്ധർ മുന്നോട്ടുവയ്ക്കുന്നുണ്ട്.

ജമ്മു, കശ്മീർ, ലഡാക് എന്നീ സംസ്ഥാനമേഖലകളിലെ സ്ഥിരതാമസക്കാർക്ക് പ്രത്യേക അവകാശം നൽകുന്ന ഭരണഘടനയിലെ 35എ വകുപ്പ് പോകുന്നതോടെയും വന്‍ മാറ്റങ്ങളാണുണ്ടാവുക. സംസ്ഥാനത്തെ ഭൂമിയുടെ അവകാശവും സർക്കാർ സർവീസുകളിൽ തൊഴിലവകാശവും സംസ്ഥാന നിവാസികളുടെ മാത്രം അവകാശമാക്കുന്നതായിരുന്നു വകുപ്പ്. ഇതെല്ലാം മാറും. മറ്റു സംസ്ഥാനക്കാർക്ക് ജമ്മു കശ്മീരിലെ സ്കോളർഷിപ്പിനു പോലും അപേക്ഷിക്കാൻ സാധിക്കാത്ത സാഹചര്യത്തിനും ഇതോടെ മാറ്റമുണ്ടാകും.

പ്രതിരോധം, വിദേശകാര്യം, ധനകാര്യം, വാർത്താവിനിമയം തുടങ്ങിയവയുമായി ബന്ധപ്പെട്ടല്ലാതെ ഏതു നിയമം ജമ്മു കശ്മീരിൽ കൊണ്ടുവന്നാലും കേന്ദ്രത്തിന് സംസ്ഥാന നിയമസഭയുടെ കൂടി അംഗീകാരം വേണമായിരുന്നു. അതിനാൽത്തന്നെ കശ്മീർ ജനത ഇന്ത്യയിൽ മറ്റെങ്ങുമില്ലാത്ത തരം നിയമങ്ങൾക്കു വിധേയമായിട്ടായിരുന്നു ജീവിച്ചിരുന്നത്. രാജ്യത്തെ മറ്റു പൗരന്മാരെ അപേക്ഷിച്ച് പൗരത്വത്തിലും ഭൂമിയുടെ മേലുള്ള അവകാശത്തിലും മൗലിക അവകാശങ്ങളിൽ പോലും ജമ്മു കശ്മീരിലുള്ളവർ ‘വ്യത്യസ്തരാ’യിരുന്നു. ഇത്തരത്തിൽ പ്രത്യേക നിയമ പ്രകാരം സംരക്ഷിക്കപ്പെട്ടിരുന്ന കാര്യങ്ങളെല്ലാം ഇനി മാറും. കേന്ദ്രത്തിന്റെ സംവരണ നിയമങ്ങൾ പ്രകാരം ഇനി സ്കൂൾ–കോളജ് പ്രവേശനം ജമ്മു കശ്മീരിൽ ആർക്കും സാധ്യമാകും. സംസ്ഥാന സർക്കാർ ജോലികൾക്ക് അപേക്ഷ നൽകുന്നതിലും ഈ മാറ്റം പ്രതിഫലിക്കും. 

നിയമപ്രകാരം മറ്റു സംസ്ഥാനങ്ങളിലുള്ളവര്‍ക്ക് ജമ്മു കശ്മീരിൽ ഭൂമിയോ കെട്ടിടങ്ങളോ വാങ്ങാനാകുമായിരുന്നില്ല. 360–ാം വകുപ്പ് പ്രകാരമുള്ള സാമ്പത്തിക അടിയന്തരാവസ്ഥ കശ്മീരിൽ പ്രഖ്യാപിക്കാനും ഇത്രയും നാൾ കേന്ദ്രത്തിന് അധികാരമുണ്ടായിരുന്നില്ല. യുദ്ധമുണ്ടായാലോ സുരക്ഷയ്ക്കു ഭീഷണിയുണ്ടാകും വിധം പുറത്തു നിന്ന് അതിതീവ്രമായ പ്രകോപനപരമായ നീക്കമുണ്ടായാലോ മാത്രമേ ജമ്മു കശ്മീരിൽ കേന്ദ്രത്തിന് അടിയന്തരാവസ്ഥ പ്രഖ്യാപിക്കാൻ സാധിച്ചിരുന്നുള്ളൂ. സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടാൽ മാത്രമേ പലപ്പോഴും അടിയന്തരാവസ്ഥ പോലും ഇവിടെ പ്രഖ്യാപിക്കാറുള്ളൂ.

ഭൂമിയിൽ എല്ലാ വനിതകൾക്കും അവകാശം

താൽക്കാലിക സ്വഭാവമുള്ളതാണ് 370–ാം വകുപ്പ്. അതിനാൽത്തന്നെ പലപ്പോഴായി ഈ വകുപ്പ് ദുർബലമാക്കപ്പെട്ടിരുന്നു. എന്നാൽ 35എയിൽ ഇതുവരെ മാറ്റങ്ങളൊന്നുമുണ്ടായിട്ടില്ല. രൂപീകരിക്കുന്ന സമയത്ത് സ്ഥിരം വകുപ്പെന്ന നിലയിൽ 370ാം വകുപ്പിനു വേണ്ടി ജമ്മു കശ്മീർ നാഷനൽ കോൺഫറൻസ് പാര്‍ട്ടി സ്ഥാപക നേതാവ് ഷെയ്ഖ് അബ്ദുള്ള വാദിച്ചിരുന്നു. സംസ്ഥാനത്തിന് കൂടുതല്‍ അധികാരം ഉറപ്പാക്കാനും വകുപ്പിൽ വെള്ളം ചേർക്കപ്പെടാതിരിക്കാനും വേണ്ടിയായിരുന്നു അത്. എന്നാൽ ജവാഹർ ലാൽ നെഹ്റുവിന്റെ കീഴിൽ കേന്ദ്രം അത് അനുവദിച്ചില്ല.

ജമ്മു, കശ്മീർ, ലഡാക് എന്നീ സംസ്ഥാനമേഖലകളിലെ സ്ഥിരതാമസക്കാർക്ക് പ്രത്യേക അവകാശം നൽകുന്നതായിരുന്നു 35എ വകുപ്പ്. പെർമനന്റ് റെസിഡന്റ്സ് ലോ എന്നും വകുപ്പ് അറിയപ്പെടുന്നു. 10 വർഷമായി ജമ്മു കശ്മീരിൽ താമസിക്കുന്നവരും നിയമപരമായി ഭൂമി സ്വന്തമാക്കിയവരുമെല്ലാമാണ് സ്ഥിരം താമസക്കാരനായി 1956ൽ സംസ്ഥാന ഭരണഘടന അനുശാസിച്ചത്. ഇതെല്ലാം പോകുന്നതോടെ ഇനി ഇന്ത്യയിലെ ഏതു സംസ്ഥാനത്തുള്ളവർക്കും ജമ്മു കശ്മീരിൽ ഭൂമി വാങ്ങാം, അവിടെ സ്ഥിരതാമസവുമാകാം.

ജമ്മു കശ്മീരിനു പുറത്തു നിന്നു വിവാഹം കഴിക്കുന്ന പെൺകുട്ടികൾക്ക് സ്വത്തിൽ അവകാശം നഷ്ടപ്പെടുന്നതും 35എ വകുപ്പ് പ്രകാരം വ്യവസ്ഥ ചെയ്തിരുന്നു. ഈ പെൺകുട്ടികൾക്കുണ്ടാകുന്ന കുട്ടികൾക്കും സ്വത്തിൽ അവകാശ വാദം ഉന്നയിക്കാനാകുമായിരുന്നില്ല. അതിനും മാറ്റമുണ്ടാകും.

ജമ്മു കശ്മീർ പൊലീസിന്റെ പദവിയിലും മാറ്റമുണ്ടാകും. നിലവിൽ സംസ്ഥാന സർക്കാരിനു കീഴിലുള്ള ആഭ്യന്തര വകുപ്പിലാണ് പൊലീസിന്റെ പ്രവർത്തനം. എന്നാല്‍ പുതിയ സാഹചര്യങ്ങളിൽ ഒന്നുകില്‍ ഡൽഹി, ആൻഡമാൻ, നിക്കോബാർ പൊലീസ് സർവീസിനൊപ്പമോ അല്ലെങ്കിൽ പ്രത്യേക പദവിയോ ആയിരിക്കും ജമ്മു കശ്മീർ പൊലീസിനു നൽകുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com