ADVERTISEMENT

ദൂരക്കാഴ്ചയിൽ, പ്രളയമേൽപ്പിച്ച ക്ഷതങ്ങളിൽ ‘കമ്യൂണിസ്റ്റ് പച്ച’ തേച്ചുപിടിപ്പിച്ചതുപോലെയുണ്ട് ഇടുക്കിയുടെ മലനിരകള്‍. കൊടുംമഴ കീറിപ്പൊളിച്ച  മലകളുടെ മുറിവുണക്കി െചടികള്‍ വളര്‍ന്നു തുടങ്ങി. മലയോടും മഴയോടും കാടിനോടും കാട്ടുമൃഗങ്ങളോടും പൊരുതി ജീവിതം കെട്ടിപ്പടുത്ത ഇടുക്കി ജനതയും പ്രളയദുരന്തത്തിന്റെ ഭീതിദമായ ഓര്‍മകളില്‍നിന്ന് കരകയറിവരുന്നു. ഒരു വര്‍ഷം മുന്‍പ്, പ്രളയസമയത്ത്, ഇടുക്കിയിലെ ശ്രദ്ധാകേന്ദ്രമായിരുന്ന ചെറുതോണി ജംക്‌ഷന്‍ രാവിലെ സജീവമാണ്. 37 വര്‍ഷത്തെ ഇടവേളയ്ക്കുശേഷം ചെറുതോണി അണക്കെട്ട് കഴിഞ്ഞവര്‍ഷം ഓഗസ്റ്റ് 9 ന് തുറന്നപ്പോള്‍ അലറിപ്പാഞ്ഞെത്തിയ പെരുംവെള്ളപ്പാച്ചിലിനെ കൂസലില്ലാതെ നേരിട്ട ചെറുതോണി പാലം തലയെടുപ്പോടെതന്നെ നില്‍ക്കുന്നു.

ചെറുതോണി പാലത്തിനു മുന്‍പില്‍ നദിയിലേക്കിറക്കി നിർമിച്ച ബസ് സ്റ്റാന്‍ഡ് വെള്ളം കൊണ്ടുപോയി. സ്റ്റാന്‍ഡിനു മുന്നിലുണ്ടായിരുന്ന കോണ്‍ക്രീറ്റ് തടയണ പൊട്ടിത്തകര്‍ന്ന് ചിതറിക്കിടക്കുന്നു. കട്ടപ്പനയിലേക്കു പോകുന്ന റോഡിന്റെ രണ്ടു വശങ്ങളിലും മണ്ണിടിഞ്ഞ ഭാഗത്ത് കല്ലുകെട്ടി നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്. പണി പൂര്‍ത്തിയാകാന്‍ ഇനിയും മാസങ്ങളെടുക്കും. ബസ് സ്റ്റാന്‍ഡ് പാലത്തിനടുത്തുനിന്ന് ഒരു കിലോമീറ്റര്‍ മുകളിലേക്കു മാറ്റിയതോടെ ചെറുതോണിയിലെ കച്ചവടം പ്രതിസന്ധിയിലാണ്. സ്റ്റാന്‍ഡ് പോയതോടെ ജംക്‌ഷനില്‍ ആളൊഴിഞ്ഞു.

ബസ് സ്റ്റാന്‍ഡിനടുത്തുള്ള ജില്ലാ പഞ്ചായത്തുവക കെട്ടിടത്തില്‍ ചായക്കട നടത്തിയിരുന്ന സുരേന്ദ്രന്‍ നിസ്സഹായനായി നില്‍ക്കുന്നു. 10 മാസം മുന്‍പു കണ്ടപ്പോള്‍, പ്രളയത്തിനുശേഷം കട തുറക്കാനുള്ള ഒരുക്കത്തിലായിരുന്നു സുരേന്ദ്രന്‍. നല്ല കച്ചവടമുണ്ടായിരുന്ന ചായക്കട രണ്ടു മാസം മുന്‍പു പൂട്ടി. 13,000 രൂപയായിരുന്ന വാടക 16,500 ആക്കി ഉയര്‍ത്തിയതും സ്റ്റാന്‍ഡ് മാറ്റിയതോടെ ആളില്ലാതായതുമാണ് സുരേന്ദ്രനു തിരിച്ചടിയായത്. ചെറുതോണിയിലെ മറ്റു കച്ചവടക്കാരുടെ അവസ്ഥയും മോശമാണ്; കച്ചവടം തീരെയില്ല.

ഇവിടെ ഇപ്പോഴും പെയ്യുന്നുണ്ട്, ഭയം

ജില്ലയില്‍ ‘യെല്ലോ അലര്‍ട്ട്’ പ്രഖ്യാപിച്ച, ചെറിയ മഴയുള്ള ദിവസമാണ് ഇടുക്കിയിലെത്തിയത്. ദുരന്തങ്ങള്‍ ഇനിയും ഉണ്ടാകുമോയെന്ന ആശങ്ക ജനങ്ങളിലുണ്ട്. ഒരു കുടുംബത്തിലെ 4 പേര്‍ ഒലിച്ചുപോയ പെരുങ്കാലയിലേക്കു പോകുമ്പോള്‍ റോഡിന്റെ രണ്ടു വശത്തും ഉരുള്‍പൊട്ടല്‍ ബാക്കിവച്ച പാടുകള്‍ കാണാം. ജനവാസം തീരെ കുറവ്. പലരും മഴ വരുമ്പോള്‍ ബന്ധുവീടുകളിലേക്കു പോകും. ദുരന്തശേഷം ചില കുടുംബങ്ങള്‍ താമസം മാറി. പെരുങ്കാലയില്‍ ഉരുള്‍പൊട്ടലുണ്ടായ വലിയ കുന്നിനു താഴെ അനിലിന്റെയും കുടുംബത്തിന്റെയും വീട്.
കുന്നിന്റെ ഇടതുവശത്ത് അനിലിന്റെ കുടുംബവീടും തൊട്ടുമുകളിലായി ചേട്ടന്‍ സജിയുടേയും അനിലിന്റെയും വീടും. വലതുവശത്തുള്ള മൂന്നു വീടുകളില്‍ ആള്‍താമസമില്ല. ആ വീടുകളുടെ ചുവരില്‍വന്നിടിച്ചശേഷമാണ് ഉരുള്‍ താഴേക്ക് പതിച്ചത്. ഒരു വര്‍ഷം കഴിയുമ്പോഴും, ഉരുൾ കൊണ്ടുവന്ന ചെളിയുടെ പാടുകള്‍ ചുവരുകളില്‍  തെളിഞ്ഞു കാണാം. വീടിനു ബലക്ഷയമുള്ളതിനാലും ഉരുള്‍പൊട്ടുമോയെന്ന പേടിയുള്ളതിനാലും മൂന്നു വീട്ടുകാരും താമസം മാറി. 

idukki-cheruthoni-dam
ചെറുതോണി അണക്കെട്ടിന്റെയും ഇടുക്കി ആർച്ച് ഡാമിന്റെയും ദൃശ്യം. .കഴിഞ്ഞ വർഷം ഡാമിൽ വെള്ളം നിറഞ്ഞപ്പോഴുള്ള അടയാളമാണ് കറുത്ത നിറത്തിൽ ആർച്ച് ഡാമിനു മുകളിൽ കാണുന്നത്. ‌കഴിഞ്ഞ ആഴ്ച പകർത്തിയത്.

ഉരുള്‍പൊട്ടുന്നതിനു തൊട്ടു മുന്‍പാണ് അനിലും ചേട്ടന്‍ സജിയും കുന്നിനു താഴെയുള്ള തോടിന് അരികിലുള്ള കടയിലേക്കു പോയത്. ഭൂമി കുലുങ്ങുന്നതുപോലുള്ള ശബ്ദം കേട്ടപ്പോഴേക്കും മുന്നിലുള്ള കുന്നിന്റെ ഒരു ഭാഗം വീടുകള്‍ക്കിടയിലൂടെ താഴെയുള്ള തോട്ടിലെത്തിയിരുന്നു. പഴയ വഴിയിലൂടെ വീട്ടിലേക്ക് കയറാനാകാത്ത സാഹചര്യം. കനത്ത മഴയില്‍ കുന്നിന്റെ മറുവശത്തുകൂടി മണിക്കൂറുകള്‍ക്കുശേഷം വീടിരിക്കുന്ന സ്ഥലത്തെത്തി. വലിയ പാറകള്‍ വീടിനെ തൊട്ടുതൊട്ടില്ലെന്ന മട്ടില്‍ ഇരിക്കുന്നു. വീടിന്റെ മുറ്റത്തും പരിസരത്തുമെല്ലാം ഉയരത്തില്‍ ചെളിയും പാറകളും. വീട്ടില്‍ ആരെയും കാണാനില്ല. മുകളിലെ വീടും വീട്ടുകാരും ഒലിച്ചുപോയി.

ഒരു അയല്‍വാസി വീട്ടുകാരെ രക്ഷപ്പെടുത്തി കുന്നിന്റെ മറ്റൊരു വശത്തേക്കു പോയെന്ന് അറിഞ്ഞതോടെ അനിലും സജിയും ഒലിച്ചുപോയ വീട്ടിലുള്ളവര്‍ക്കായി തിരച്ചില്‍ ആരംഭിച്ചു. അയല്‍വാസി ജയരാജിന്റെ മകള്‍ ശ്രുതിബാലയുടെ (13) മൃതദേഹം ചെളിയില്‍നിന്നു കണ്ടെടുത്തു. പിന്നീട് ഭാര്യ ഭാവനയുടെ മൃതദേഹവും കിട്ടി. ഭാവനയുടെ അച്ഛന്‍ രാമകൃഷ്ണന്റെയും അമ്മ വത്സയുടെയും ശരീരങ്ങൾ ദിവസങ്ങള്‍ക്കു ശേഷം കിലോമീറ്ററുകള്‍ക്കപ്പുറത്തു നിന്നാണ് കിട്ടിയത്. ജയരാജിന്റെ മകന്‍ ദേവനന്ദന്‍ ഉരുള്‍പൊട്ടുന്ന ശബ്ദം കേട്ട് കുന്നിന്റെ വലതുവശത്തേക്ക് ഓടിമാറിയതിനാല്‍ രക്ഷപ്പെട്ടു. ജയരാജ് ആ സമയത്ത് വീട്ടുസാധനങ്ങള്‍ വാങ്ങാന്‍ താഴെയുള്ള കടയിൽ പോയിരുന്നു. മഴ കനത്തതിനെത്തുടര്‍ന്നു വീടു മാറാനിരിക്കുകയായിരുന്നു ജയരാജും കുടുംബവും. അപ്പോഴാണ് ഉരുള്‍ 4 പേരുടെ ജീവന്‍ കവര്‍ന്നത്.

അഭയമർഥിച്ച് ഇപ്പോഴും

പ്രണയിച്ച് വിവാഹം കഴിച്ചവരാണ് ജയരാജും ഭാവനയും. 4 വര്‍ഷമായി കുടുംബവീട്ടില്‍നിന്ന് മാറി പെരുങ്കാലയില്‍ വട്ടപ്പറമ്പില്‍ ഷാജിയുടെ വീട്ടില്‍ വാടകയ്ക്ക് താമസിക്കുകയായിരുന്നു. വീടിന്റെ മുറ്റം ഇടിഞ്ഞതിനെത്തുടര്‍ന്നാണ് ഭാവനയുടെ മാതാപിതാക്കള്‍ ജയരാജിന്റെ വാടകവീട്ടിലേക്കു വന്നത്. വാഴത്തോപ്പ് പഞ്ചായത്തിലെ 14ാം വാര്‍ഡാണ് പെരുങ്കാല. ഇവിടെ മാത്രം 26 വീടുകള്‍ തകര്‍ന്നു. 50 ശതമാനത്തോളം ആദിവാസി കുടുംബങ്ങളാണിവിടെ.

‘വലിയ ശബ്ദം കേട്ട് നോക്കിയപ്പോള്‍ ഉരുള്‍ വീടിനടുത്ത് എത്തി. വീടിന്റെ ഒരു വശത്തേക്ക് ഓടി മാറിയതിനാല്‍ രക്ഷപ്പെട്ടു’- അനിലിന്റെയും സജിയുടെയും അമ്മ നടരാജലക്ഷ്മി പറഞ്ഞു. ഉരുള്‍പൊട്ടിവന്ന ചാല് നിന്ന സ്ഥലത്ത് നിറയെ റബ്ബറായിരുന്നു. എല്ലാം ഒലിച്ചുപോയി. ചാലിനു കുറുകേ കല്ലു നിരത്തി തട്ടുകളുണ്ടാക്കി കൃഷിയിടമൊരുക്കുകയാണ് തൊഴിലുറപ്പ് തൊഴിലാളികളായ വനിതകള്‍. പരിസരവാസികളായ ലീലയും ആലീസുമെല്ലാം കൂട്ടത്തിലുണ്ട്. ചില വീട്ടുകാരോട് അവിടെനിന്ന് താമസം മാറണമെന്നു ജിയോളജി വകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്. പലര്‍ക്കും പട്ടയം ഇല്ലാത്തതിനാല്‍  സര്‍ക്കാര്‍ നല്‍കുന്ന ഭൂമിയോ വീടോ ലഭിക്കാന്‍ തടസങ്ങളുണ്ട്. സര്‍ക്കാര്‍ ഭൂമിയും വീടും അനുവദിച്ചവര്‍ വീടിന്റെ നിര്‍മാണം പൂര്‍ത്തിയാക്കുന്നതുവരെ വാടക വീടുകളിലോ ബന്ധുവീടുകളിലോ ആണ് താമസം. 

cheruthoni-bridge-flood
ചെറുതോണിപ്പാലത്തിലൂടെ വലിയ വാഹനങ്ങൾ ഓടിത്തുടങ്ങിയപ്പോൾ. 2018 സെപ്റ്റംബറിലെ ചിത്രം.

പെരുങ്കാലയില്‍നിന്ന് മണിയാറന്‍കുടിക്ക് പോകുന്ന വഴിയില്‍ വട്ടമേട് ഭാഗത്തുവച്ച് ജയരാജിനെ കണ്ടു. മകനോടൊപ്പം വാടക വീട്ടിലാണ് താമസം. ഭൂമി കിട്ടി. വീടിന്റെ പണി നടക്കുന്നു. സര്‍ക്കാര്‍ നടപടികളിലൊന്നും വീഴ്ച ഉണ്ടായിട്ടില്ലെന്നും ആനുകൂല്യങ്ങളെല്ലാം കൃത്യമായി കിട്ടിയെന്നും ജയരാജ് പറഞ്ഞു.

സങ്കടമഴ തീരുമോ? കാത്തിരിപ്പാണ് അവർ

ചെറുതോണി അണക്കെട്ട് തുറന്നപ്പോള്‍ വലിയ നാശമുണ്ടായ സ്ഥലമാണ് തടിയമ്പാട്. അണക്കെട്ട് വന്നപ്പോള്‍ മെലിഞ്ഞ പെരിയാറിനു കുറുകെ കെട്ടിയ റോഡും അണയും തകര്‍ന്ന് വെള്ളം തടിയമ്പാടിന്റെ ഇരുകരകളിലേക്കും ഇരച്ചു കയറി. വീടുകളില്‍ മണലും ചെളിയും നിറഞ്ഞു. ഭിത്തികള്‍ പിളര്‍ന്നു. ഭൂമി ഒലിച്ചുപോയി. പെരിയാര്‍ ഒരു വര്‍ഷം മുന്‍പ് കുത്തിയൊഴുകി മണല്‍ നിറച്ച സ്ഥലങ്ങളില്‍ ഇപ്പോൾ ചെടികള്‍ വളര്‍ന്ന് കാടുപിടിച്ചു. സ്ഥലവാസികളില്‍ ചിലര്‍ വാടക വീടുകളിലാണ്; ചിലര്‍ ബന്ധുവീടുകളിലും. പട്ടയമുള്ള ചിലര്‍ക്ക് പകരം ഭൂമി ലഭിച്ചു. അവിടെ വീടിന്റെ നിര്‍മാണം നടക്കുന്നു. സന്നദ്ധ സംഘടനകളും വീടുകള്‍ നിര്‍മിച്ചു നല്‍കുന്നുണ്ട്.

ഓട്ടോറിക്ഷ ഡ്രൈവറായ സജിയുടെ വീട് 10 മാസം മുന്‍പ് ചെളിയില്‍ മുങ്ങി കാണാനാകാത്ത അവസ്ഥയിലായിരുന്നു. സജി വീടിന്റെ അറ്റകുറ്റപ്പണികള്‍ പൂര്‍ണമായി തീര്‍ത്തു. സ്വന്തം ജീപ്പ് വിറ്റാണ് പണം കണ്ടെത്തിയത്. നാലര ലക്ഷംരൂപ ആകെ ചെലവായി. ചെളിയും മണലും മാറ്റാന്‍ മാസങ്ങളെടുത്തു. സര്‍ക്കാര്‍ ആദ്യം 10,000 രൂപ നല്‍കി. പിന്നീട് 75,000 രൂപ അനുവദിച്ചു. ബാക്കി പണം അനുവദിക്കുമെന്ന പ്രതീക്ഷയിലാണ് സജി. എങ്കിലേ കടങ്ങള്‍ തീര്‍ക്കാനാകൂ. പ്രളയത്തിനുശേഷം ജോലിയും കുറവാണ്. നാട്ടുകാര്‍ക്ക് കൃഷിയില്‍നിന്നുള്ള വരുമാനവും നിലച്ചു.

സജിയുടെ വീടിന് എതിര്‍വശത്തുണ്ടായിരുന്ന സുബൈറിന്റെ വീട് പ്രളയ സമയത്തു പൂര്‍ണമായി തകര്‍ന്നിരുന്നു. സുബൈറും കുടുംബവും ബന്ധുവിന്റെ വീട്ടിലാണ് താമസം. ഒരു സന്നദ്ധസംഘടന ഭൂമി നല്‍കി. വീടു വയ്ക്കാന്‍ ഭൂമി കല്ലുകെട്ടി ബലപ്പെടുത്തണം. ഇതിന് ഒന്നര ലക്ഷം രൂപയോളം ചെലവു വരും. വില്ലേജ് ഓഫിസിലേക്ക് പോകാന്‍ വണ്ടിക്കൂലി ഇല്ലാത്തതിനാല്‍ പലതവണ യാത്രമാറ്റി വയ്ക്കേണ്ടിവന്നുവെന്നു സുബൈര്‍ പറയുന്നു. സുബൈറിന്റെ അയല്‍വാസി അനില്‍കുമാറിന്റെ വീട്ടില്‍ പൊട്ടല്‍വന്നതിന്റെ അറ്റകുറ്റപ്പണിക്ക് 60,000 രൂപ സര്‍ക്കാരില്‍നിന്ന് കിട്ടി. അറ്റകുറ്റപ്പണി ആരംഭിച്ചിട്ടില്ല. ഇനിയും പ്രളയം ഉണ്ടാകുമോയെന്ന ഭീതിയിലാണ് അനില്‍കുമാറും കുടുംബവും. ഭൂമിക്ക് പട്ടയമില്ല. സര്‍ക്കാര്‍ വീടു നല്‍കിയാല്‍ മാറാന്‍ തയാറാണെന്ന് അനില്‍കുമാര്‍ പറയുന്നു. 

മൺകൂനയാണിപ്പോൾ പന്നിയാർകുട്ടി

വെള്ളത്തൂവലില്‍നിന്ന് പന്നിയാര്‍കുട്ടിയിലെത്തുമ്പോള്‍ മണ്ണുമാന്തികളുടെ കൂട്ടം. ഓഗസ്റ്റ് പതിനാറിനുണ്ടായ മണ്ണിടിച്ചിലില്‍ പന്നിയാര്‍കുട്ടി ടൗണ്‍ പൂര്‍ണമായി തകര്‍ന്നിരുന്നു. ആറ് വീടുകളും 11 കടകളും അംഗന്‍വാടിയും മൃഗാശുപത്രിയും പോസ്റ്റ് ഓഫിസും പൂര്‍ണമായി തകര്‍ന്നു. ടൗണിന് ഇപ്പോഴും പഴയരൂപം തന്നെ. വീടുകള്‍ നഷ്ടപ്പെട്ട നിരവധിപേര്‍ ബന്ധുവീടുകളിലാണ് കഴിയുന്നത്. സര്‍ക്കാര്‍ പകരം ഭൂമി നല്‍കി. ചിലരുടെ വീട് നിർമാണം നടക്കുന്നു. വാഹനസൗകര്യമില്ലാത്തിടത്താണ് സര്‍ക്കാര്‍ ഭൂമി അനുവദിച്ചതെന്ന പരാതി ചിലര്‍ക്കുണ്ട്.

300 അടിയോളം ഉയരത്തില്‍നിന്നാണ് മലയുടെ ഭാഗം ഇടിഞ്ഞു പന്നിയാര്‍കുട്ടി ടൗണിലേക്ക് പതിച്ചത്. പിന്നീട് ടൗണ്‍ പുഴയിലേക്ക് ഒഴുകിയിറങ്ങി. ഇടിഞ്ഞ ഭാഗത്ത് കോണ്‍ക്രീറ്റ് ഭിത്തികളുടെ നിര്‍മാണം പുരോഗമിക്കുകയാണ്. മണ്ണിടിഞ്ഞ ഭാഗത്ത് കൂറ്റന്‍ കുന്നുള്ളതിനാല്‍ ചെറിയമഴയില്‍പോലും വീണ്ടും വീണ്ടും മണ്ണൊലിച്ചിലുണ്ടാകുമെന്ന ഭീതിയിലാണ് പ്രദേശവാസികള്‍. പ്രദേശവാസികളില്‍ പലരും ഇപ്പോള്‍ മഴ വന്നാല്‍ ബന്ധുവീടുകളിലേക്ക് മാറും. ലോണ്‍ എടുത്താണ് ഷൈമി പന്നിയാര്‍ പുഴയുടെ കരയില്‍ കട വച്ചത്. കട പൂര്‍ണമായി ഒലിച്ചുപോയി. എന്തു ചെയ്യുമെന്നറിയാതെ നില്‍ക്കുകയാണ് ഷൈമി. ‘പന്നിയാര്‍കുട്ടി സിറ്റി’ ഇപ്പോള്‍ മണ്‍കൂന മാത്രം. അവശേഷിക്കുന്നത് ഒരേയൊരു കട. മണ്ണിടിച്ചിലുണ്ടായതിന്റെ 20 മീറ്റര്‍ അകലെയായതിനാലാണ് ഈ കട രക്ഷപ്പെട്ടത്. ടൗണ്‍ പഴയരീതിയിലാകാന്‍ വര്‍ഷങ്ങളെടുക്കുമെന്ന് പ്രദേശവാസികള്‍ പറയുന്നു.

കെട്ടടങ്ങാത്ത ജീവിതജ്വാല

പന്നിയാര്‍കുട്ടിയില്‍നിന്ന് പൊന്‍മുടി ഡാമിലേക്ക് പോകുന്ന വഴിയിലായിരുന്നു ബോസിന്റെ വീട്. കോണ്‍ക്രീറ്റ് വീട് വളര്‍ത്തുനായ ഉള്‍പ്പെടെ പൂര്‍ണമായും ഒലിച്ചുപോയി. അവശേഷിച്ചത് വീടിന്റെ പടിക്കെട്ട് മാത്രം. കുടുംബവീട്ടിലായിരുന്നതിനാലാണ് ബോസും കുടുംബവും രക്ഷപ്പെട്ടത്. പത്തു മാസം മുന്‍പ്, പ്രളയത്തിനു തൊട്ടുപിന്നാലെ കാണുമ്പോള്‍ ദുരന്തത്തില്‍ വിറങ്ങലിച്ചു നില്‍ക്കുകയായിരുന്നു ബോസ്. വര്‍ഷങ്ങളുടെ അധ്വാനത്തില്‍ കെട്ടിപ്പടുത്ത വീട് ഒഴുകിപ്പോയി. കൃഷിയിടത്തിലെ മണ്ണ് ഒലിച്ചുപോയി കൃഷിയോഗ്യമല്ലാതായി. മൂന്നു പെണ്‍മക്കളാണ് ബോസിന്. കൃഷിയായിരുന്നു ഏക വരുമാനം. ദുരന്തത്തിനുശേഷം നിരവധി കൗണ്‍സിലിങ് ക്ലാസുകളിലൂടെയാണ് ബോസും ഭാര്യ റീനയും ജീവിതത്തിലേക്കു തിരിച്ചുവന്നത്. ബോസ് ദുരന്തത്തെ നേരിടുമ്പോള്‍ സൈക്കോളജി വിദ്യാര്‍ഥിനിയായ മകള്‍ വെള്ളത്തൂവലില്‍ ദുരന്തത്തില്‍പ്പെട്ടവര്‍ക്ക് കൗണ്‍സിലിങ് നല്‍കുകയായിരുന്നു. മകളുടെ അന്നത്തെ പ്രവര്‍ത്തനം അഭിമാനകരമാണെന്നു ബോസ് പറയുന്നു.

മകളുടെ സഹപാഠികളും അധ്യാപകരുമാണ് ബോസിനും ഭാര്യയ്ക്കും കൗണ്‍സിലിങ് നല്‍കിയത്. ഇപ്പോള്‍ സഹോദരന്റെ വീട്ടിലാണ് താമസം. വീടിന്റെ പണി നടക്കുന്നു. 7 ലക്ഷം രൂപ സര്‍ക്കാരില്‍നിന്ന് കിട്ടി. വീടു നിര്‍മാണം പൂര്‍ത്തിയാക്കുമ്പോള്‍ ബാക്കി തുക ലഭിക്കും. ബന്ധുക്കളുടെ സഹായം ലഭിക്കുന്നുണ്ട്. ബോസിന്റെ കഥ അറിയാവുന്ന കടക്കാര്‍ നിര്‍മാണ സാമഗ്രികള്‍ കടമായി നല്‍കുന്നു. സര്‍ക്കാരില്‍നിന്നു പണം അനുവദിക്കുന്ന മുറയ്ക്ക് ബോസ് തിരികെ നല്‍കും.

ഇടുക്കിയില്‍ ഓരോ പ്രദേശത്തിനും ഇത്തരം നൂറു കണക്കിനു കഥകള്‍ പറയാനുണ്ടാകും. സ്വന്തം മനോബലത്തില്‍ കരകയറുകയാണ് ഇടുക്കി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com