ADVERTISEMENT

കൊച്ചി∙ മാധ്യമപ്രവർത്തകൻ കെ.എം.ബഷീറിനെ കാറിടിച്ചു കൊലപ്പെടുത്തിയ കേസിൽ പ്രതിയായ ശ്രീറാം വെങ്കിട്ടരാമന്റെ ജാമ്യത്തിനു ഹൈക്കോടതി സ്‌റ്റേ അനുവദിച്ചില്ല. സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ വെള്ളിയാഴ്ചത്തേക്കു മാറ്റി. ശ്രീറാമിനു കോടതി നോട്ടിസ് അയച്ചു. കേസില്‍ പൊലീസിനെ ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചു.

ശ്രീറാം വെങ്കിട്ടരാമൻ മദ്യപിച്ചിരുന്നോ എന്നറിയാൻ പരിശോധ നടത്തേണ്ടത് പൊലീസിന്റെ ഉത്തരവാദിത്തമാണ്. എന്തുകൊണ്ട് പൊലീസ് നടപടികൾ പൂർത്തിയാക്കിയില്ല. മദ്യപിച്ച് വാഹനമോടിക്കുമ്പോൾ പാലിക്കേണ്ട നടപടിക്രമങ്ങൾ എന്തുകൊണ്ടാണ് പാലിക്കാതിരുന്നത്. ശ്രീറാമിനെ ആശുപത്രിയിൽ എത്തിച്ച പൊലീസ് എന്തുകൊണ്ട് രക്തസാംപിള്‍ എടുത്തില്ലെന്നും കോടതി ചോദിച്ചു.

ശ്രീറാം അപകടകരമായി വാഹനമോടിച്ചുവെന്നു നിരീക്ഷിച്ച കോടതി ഗവർണർ ഉൾപ്പെടെ പോകുന്ന റോഡില്‍ എന്തുകൊണ്ടാണ് സിസിടിവി ഇല്ലാത്തതെന്നും ചോദിച്ചു. എന്തിനാണ് ശ്രീറാം വെങ്കിട്ടരാമന്റെ ജാമ്യം റദ്ദാക്കണമെന്നും സർക്കാരിനോട് ഹൈക്കോടതി ആരാഞ്ഞു. ശ്രീറാമിനെതിരായ നരഹത്യാക്കുറ്റം നിലനിൽക്കുമെന്നായിരുന്നു സർക്കാരിന്റെ വാദം. എന്നാൽ നരഹത്യക്കുറ്റം നിലനിൽക്കുമെങ്കിലും എന്തിന് ജാമ്യം റദ്ദാക്കണമെന്നും കോടതി ചോദിച്ചു. വൈദ്യപരിശോധന നടത്തി തെളിവ് ശേഖരിക്കാത്തതിന് ന്യായീകരണമില്ല. തെളിവ് നശിപ്പിക്കാനുള്ള ശ്രമം എന്തുകൊണ്ട് പൊലീസ് തടഞ്ഞില്ല. ശ്രീറാമിനെതിരായ തെളിവ് അയാൾ കൊണ്ടുവരുമെന്ന് കരുതിയോ. അപകടം ഉണ്ടായാൽ‌ ഇങ്ങനെയാണോ തെളിവ് ശേഖരിക്കേണ്ടതെന്നും കോടതി ചോദിച്ചു.

ശ്രീറാമിനെ ആശുപത്രിയിൽ എത്തിച്ച പൊലീസ് എന്തുകൊണ്ട് രക്തസാംപിള്‍ എടുത്തില്ലെന്ന് ആരാഞ്ഞപ്പോൾ ശ്രീറാമിന് പരുക്കേറ്റിരുന്നുവെന്നായിരുന്നു സർക്കാരിന്റെ വിശദീകരണം. ശ്രീറാം വെങ്കിട്ടരാമൻ സർക്കാരിനെ പറ്റിച്ചുവെന്നും തെറ്റായ വിവരങ്ങൾ നൽകിയെന്നും സർക്കാർ വ്യക്തമാക്കി.

രക്തത്തിലെ മദ്യത്തിന്റെ അംശം ഇല്ലാതാക്കാൻ ശ്രീറാം ശ്രമിച്ചുവെന്ന് ഹർജിയിൽ പറയുന്നു. ഇതിനായി സ്വകാര്യ ആശുപത്രിയിലെ ഡോക്ടർമാരുടെ സഹായം തേടി. പൊലീസിനെ തെറ്റിദ്ധരിപ്പിച്ച് രക്ഷപെടാൻ ശ്രമിച്ചു. അന്വേഷണം മുന്നോട്ടു കൊണ്ടുപോകാൻ ശ്രീറാമിനെ ചോദ്യം ചെയ്യണമെന്നും സർക്കാർ ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു.

ശ്രീറാമിന് ജാമ്യം ലഭിച്ചതിനെതിരെ അപ്പീൽ നൽകുമെന്ന് മുഖ്യമന്ത്രി നേരത്തെ അറിയിച്ചിരുന്നു. ഇതിനായി പൊലീസ് നിയമോപദേശം തേടിയിരുന്നു. വീഴ്ച വരുത്തിയ പൊലീസുകാരുടെ മൊഴിയെടുക്കാനും തീരുമാനിച്ചിട്ടുണ്ട്. അതേസമയം ശ്രീറാമിനെ ഡിസ്ചാര്‍ജ് ചെയ്യുന്ന കാര്യത്തിലും ഇന്ന് തീരുമാനമുണ്ടായേക്കും. മെഡിക്കല്‍ ബോര്‍ഡ് ചേര്‍ന്ന് അന്തിമതീരുമാനമെടുക്കും.

രക്തത്തിൽ മദ്യത്തിന്റെ അംശമില്ലെന്ന ലാബ് പരിശോധന റിപ്പോർട്ട് നിർണായക തെളിവാക്കി ശ്രീറാം വെങ്കിട്ടരാമന് ഇന്നലെ കോടതി ജാമ്യം നൽകിയിരുന്നു. അപകടം നടന്ന് 9 മണിക്കൂർ വൈകി രക്തസാംപിൾ പരിശോധനയ്ക്കായി പൊലീസ് ശേഖരിച്ചത് പ്രതിയെ രക്ഷിക്കാനാണെന്ന് ആരോപണം ഉയർന്നിരുന്നു. ശ്രീറാമിന്റെ ജാമ്യത്തിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് സർക്കാർ ഇന്നലെ വ്യക്തമാക്കിയിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com