ADVERTISEMENT

ബോസ്റ്റൻ∙ തലേദിവസം രാത്രി സുഹൃത്തുക്കൾക്കൊപ്പം ആഘോഷങ്ങളിൽ പങ്കുചേർന്നതിനു ശേഷമാണ് സുർഷ എന്ന ഇരുപത്തിരണ്ടുകാരി വീട്ടിലെത്തിയത്. പുലർച്ചെയോടെ ഉറങ്ങാൻ കിടന്ന ആ പെൺകുട്ടി പിറ്റേന്ന് ഏറെ വൈകിയും എഴുന്നേൽക്കാതിരുന്നതോടെ വീട്ടുകാർക്കു സംശയമായി. അന്വേഷിച്ചപ്പോഴാണു മുറിയിൽ അവശനിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ കേപ് കോഡിലുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും സുർഷ മരിച്ചു. അമിതലഹരിമരുന്ന് ഉപയോഗത്തെ തുടർന്നാണു മരണമെന്നും കണ്ടെത്തി. യുഎസിനെ സംബന്ധിച്ചിടത്തോളം അതൊരു ചെറിയ സംഭവമായിരുന്നില്ല. പരമ്പരയായി ഒരു കുടുംബത്തിൽ സംഭവിച്ചുവന്ന ദുരൂഹമരണങ്ങളിലെ ഏറ്റവും അവസാനത്തെ കണ്ണിയായിരുന്നു സുർഷ. കൃത്യമായി പറഞ്ഞാൽ കെന്നഡി കുടുംബത്തിലെ!

യുഎസ് പ്രസിഡന്റ് സ്ഥാനാർഥിയായിരിക്കെ വെടിയേറ്റു മരിച്ച സെനറ്റർ റോബർട് എഫ്. കെന്നഡിയുടെ കൊച്ചുമകളാണ് സുർഷ കെന്നഡി ഹിൽ. പ്രസിഡന്റ് ജോൺ.എഫ്.കെന്നഡിയുടെ സഹോദരനാണ് റോബർട്ട്. മുൻപു വിഷാദരോഗത്തിനു ചികിത്സ തേടിയിട്ടുള്ള സുർഷ ബോസ്റ്റൻ കോളജിൽ വിദ്യാർഥിനിയായിരുന്നു. ‘സ്റ്റുഡന്റ് ഡെമോക്രാറ്റ്സ്’ വിഭാഗം വൈസ് പ്രസിഡന്റുമായിരുന്നു. മിടൂ ക്യാംപെയ്നിലും വ്യാപകമായി പ്രചാരണ പരിപാടികളിൽ പങ്കെടുത്തിരുന്നു.

സുർഷ വിഷാദരോഗത്തിന് അടിമയായിരുന്നുവെന്ന് കുടുംബാംഗങ്ങൾ വ്യക്തമാക്കുന്നുണ്ട്. റോബർട്ട് എഫ്.കെന്നഡിയുടെ വിധവ ഈതൽ താമസിച്ചിരുന്ന മാസച്യുസിറ്റ്സിലെ കെന്നഡി കുടുംബവീട്ടിലായിരുന്നു സുർഷയും താമസിച്ചിരുന്നത്. അവിടെയാണ് അവശനിലയിൽ കണ്ടെത്തിയതും. അമേരിക്കയിലെ എക്കാലത്തെയും പ്രശസ്തവും ശക്തരുമായ കുടുംബത്തിൽ സംഭവിച്ച അവസാന ദുരൂഹ മരണത്തെപ്പറ്റി വാദപ്രതിവാദങ്ങളും ശക്തമായിട്ടുണ്ട്.

saoirse-kennedy-hill-2
സുർഷ കെന്നഡി

കൊലപാതകങ്ങളും ആത്മഹത്യകളും അപകടമരണങ്ങളും ഉൾപ്പെടെ കെന്നഡി കുടുംബത്തിനു മേൽ ദുരൂഹതയുടെ നിഴൽ വർഷങ്ങളായി പരന്നുകിടപ്പുണ്ട്. കെന്നഡി കുടുംബത്തെ ഇല്ലായ്മചെയ്യാന്‍ വന്‍ ഗൂഢാലോചന നടക്കുന്നതാണെന്നു വരെ വാദിക്കുന്നവരുണ്ട്. കുടുംബത്തെ തലമുറകളുടെ ശാപം വേട്ടയാടുന്നു എന്ന് ജ്യോതിഷികളും പറയുന്നു. എന്നാല്‍, പ്രശസ്തമായ കുടുംബമായതിനാല്‍ അവിടെ നടക്കുന്ന ഓരോ സംഭവവും ശ്രദ്ധിക്കപ്പെടുന്നു എന്നേയുള്ളൂവെന്നും അസ്വാഭികമായി ഒന്നുമില്ലെന്നുമാണു മറുവിഭാഗത്തിന്റെ അഭിപ്രായം.

രാഷ്ട്രീയം, പൊതു സേവനം, വിനോദം, ബിസിനസ് തുടങ്ങിയ മേഖലകളിലൂടെയാണ് െകന്നഡി കുടുംബം വളർന്നത്. രാജകുടുംബത്തെ പോലെ പ്രമുഖവും ശക്തവുമായിരുന്ന കെന്നഡി കുടുംബത്തെ ദുരന്തങ്ങൾ വിടാതെ വേട്ടയാടി. വിമാനാപകടം, ലഹരിമരുന്ന് അമിത ഉപയോഗം, വാഹനാപകടങ്ങൾ തുടങ്ങിയവ മൂലം 14 പേരാണ് ഇതു വരെ കൊല്ലപ്പെട്ടത്. കഴിഞ്ഞ വര്‍ഷമാണ് റോബര്‍ട്ട് കെന്നഡിയുടെ മരുമകള്‍ ആത്മഹത്യചെയ്യുന്നത്. ‘കെന്നഡി കുടുംബത്തെ വീണ്ടും ശാപം വേട്ടയാടുന്നു’ എന്നായിരുന്നു രാജ്യാന്തര മാധ്യമങ്ങളുടെ തലക്കെട്ട്.

കെന്നഡി കുടുംബത്തിലെ മരണങ്ങൾ

∙ യുഎസിന്റെ 35–ാമത്തെ പ്രസിഡന്റായിരുന്ന ജോൺ.എഫ്.കെന്നഡി പൊതുനിരത്തിൽ ലീ ഹാർവി ഒസ്വാൾഡിന്റെ വെടിയേറ്റ് 1963 നംവബർ 22നാണു െകാല്ലപ്പെടുന്നത്. ജോൺ.എഫ്.കെന്നഡിയുടെ രണ്ടാമത്തെ മകന്‍ പാട്രിക്ക് കെന്നഡി മാസം തികയാതെയുള്ള പ്രസവത്തില്‍ മരിച്ചുകഴിഞ്ഞ് നാലുമാസം തികയുന്ന സമയത്തായിരുന്നു പ്രസിഡന്റിന്റെ മരണം.

john-f-kennedy
ജോണ്‍ എഫ്. കെന്നഡി

∙ ജോൺ.എഫ്.കെന്നഡിയുടെ സഹോദരനും യുഎസ് സെനറ്ററുമായ റോബർട്ട്‌ എഫ്.കെന്നഡി കാലിഫോർണിയയിലെ പ്രൈമറി ഇലക്‌ഷൻ ജയിച്ച് ഏതാനും മണിക്കൂറുകൾക്കകം കൊല്ലപ്പെട്ടു. സിർഹാൻ സിർഹാൻ എന്നു പേരുള്ള പലസ്തീൻകാരനായിരുന്നു കൊലയ്ക്കു പിന്നിൽ. 1968 ൽ 42–ാം വയസ്സിലായിരുന്നു റോബർട്ടിന്റെ മരണം.

∙ 1944 ഓഗസ്റ്റ് 12ന് ജോൺ എഫ്.കെന്നഡിയുടെ മൂത്ത സഹോദരൻ ജോസഫ് പി.കെന്നഡി ജൂനിയറിന്റെ മരണം. രണ്ടാം ലോകമഹായുദ്ധ കാലത്ത് ഫ്രാ‍ൻസിനെ ആക്രമിക്കുന്നതിനുള്ള രഹസ്യ മിഷനിൽ യുദ്ധവിമാനം തകർന്നായിരുന്നു മരണം. പൈലറ്റും അപകടത്തിൽ മരിച്ചു.

∙ 1948ൽ ഫ്രാൻസിലേക്കു പോകും വഴി വിമാനാപകടത്തിൽ ജോൺ എഫ്.കെന്നഡിയുടെ സഹോദരി കാതലീൻ (28) മരിച്ചു. കാതലീനൊപ്പം മൂന്നുപേരും ഈ വിമാനപകടത്തിൽ െകാല്ലപ്പെട്ടു. കാതലീന്റെ ആദ്യ ഭർത്താവ് രാജകുടുംബാംഗമായിരുന്നു. ലോകമഹായുദ്ധ സമയത്ത് ഇദ്ദേഹവും കൊല്ലപ്പെട്ടു.

∙ 1999ൽ ന്യൂ ജഴ്സിയിൽ നിന്ന് മാസച്യുസിറ്റ്സിലേക്കു വിമാനം പറത്തുന്നതിനിടെ പ്രസിഡന്റ്‌ കെന്നഡിയുടെ മകൻ ജോൺ.എഫ്.കെന്നഡി ജൂനിയർ മരിച്ചു. അപകടത്തിൽ ജോൺ.എഫ്.കെന്നഡി ജൂനിയറിന്റെ ഭാര്യയും ഭാര്യാസഹോദരിയും മരിച്ചു.

∙ 1964ൽ ജോൺ എഫ്.കെന്നഡിയുടെ സഹോദരനും യുഎസ് സെനറ്ററുമായി ടെഡ് കെന്നഡി വിമാനപകടത്തിൽപെട്ടു. കൂടെയുണ്ടായിരുന്ന രണ്ട് പേർ വിമാനപകടത്തിൽ മരിച്ചു. സാരമായ പരുക്കുകളോടെ വിമാന അപകടത്തെ ടെഡ് അതിജീവിച്ചു. 1969ൽ ടെഡ് അപകടകരമായ രീതിയിൽ ഓടിച്ച കാറിടിച്ച് ഒരാൾ കൊല്ലപ്പെട്ടു. കെന്നഡി കുടുംബത്തെ ശാപം വേട്ടയാടുന്നു എന്ന് മാധ്യമങ്ങൾക്കു മുൻപിൽ ‍ടെഡ് പറഞ്ഞതോടെയാണ് സംഭവത്തെ കുറിച്ച് പല കഥകളും പ്രചരിക്കാൻ തുടങ്ങിയത്.

saoirse-kennedy-john-f-kennedy
സുർഷ കെന്നഡി, ജോൺ‍ എഫ്. കെന്നഡി

∙ 1984 ൽ റോബർട്ട് എഫ്. കെന്നഡിയുടെ 28 വയസ് പ്രായമുള്ള മകൻ ഡേവിഡിനെ അമിതമായി ലഹരിമരുന്ന് ഉള്ളിൽ ചെന്ന നിലയിൽ ഫ്ളോറിഡയിലെ ഹോട്ടലിൽ മരിച്ച നിലയിൽ കാണപ്പെട്ടു. ഇതിനു പിന്നാലെ നിറം പിടിപ്പിച്ച ഒട്ടേറെ കഥകളും പ്രചരിപ്പിക്കപ്പെട്ടു. ലഹരിമരുന്ന് അമിതമായി ഉപയോഗിച്ചതിനു ശേഷമുള്ള മരണം എന്നും ഇത് ഒടുവിൽ വിലയിരുത്തപ്പെട്ടു.

ഇന്നും ചുരുളഴിയാതെ ആ കൊലപാതകം

ടെക്‌സസിലെ ഡാലസിൽ 1963 നവംബർ 22ന് ഉച്ചയ്‌ക്കു 12.30നാണ് ലീ ഹാർവി ഓസ്വാൾഡ് എന്നയാളുടെ വെടിയേറ്റ് കെന്നഡി കൊല്ലപ്പെടുന്നത്. ഇരുപത്തിനാലുകാരനായ ഓസ്വാൾഡ് സംഭവസ്‌ഥലത്തിനു സമീപമുള്ള ഒരു കെട്ടിടത്തിലെ ആറാം നിലയിൽ പ്രവർത്തിക്കുന്ന സ്‌കൂൾ ബുക്ക് ഡിപ്പോയിലെ ജോലിക്കാരനായിരുന്നു. ആ കെട്ടിടത്തിൽ നിന്നാണു കെന്നഡിയുടെ നേരെ വെടിവച്ചതും. ഓസ്വാൾഡാകട്ടെ മണിക്കൂറുകൾക്കകം ജാക്ക് റൂബി എന്ന നിശാക്ലബ് ഉടമയുടെ വെടിയേറ്റു മരിച്ചു. പൊലീസ് അറസ്റ്റു ചെയ്ത് കയ്യാമം വച്ചു കൊണ്ടുപോകുമ്പോൾ, എല്ലാവരും നോക്കിനിൽക്കെയായിരുന്നു കൊലപാതകം.

കെന്നഡിയുടെ വധത്തിനു പിന്നാലെയാണ് രാഷ്ട്രീയപരമായ കാരണങ്ങളാലുള്ള കുപ്രസിദ്ധ കൊലപാതകങ്ങൾ യുഎസിൽ തുടർക്കഥയായത്. മനുഷ്യാവകാശ പ്രവർത്തകൻ മാർട്ടിൻ ലുഥർ കിങ് 1968 ഏപ്രിലിലും കെന്നഡിയുടെ സഹോദരന്‍ റോബർട് എഫ്.കെന്നഡി 1968 ജൂണിലും കൊല്ലപ്പെട്ടു. ജോൺ.എഫ്.കെന്നഡിവധവുമായി ബന്ധപ്പെട്ട എല്ലാ അന്വേഷണ രേഖകളും ഘട്ടംഘട്ടമായി പുറത്തുവിടണമെന്ന് 1992ൽ യുഎസ് കോൺഗ്രസ് ഉത്തരവിട്ടിരുന്നു.

john-f-knnedy

സാധാരണക്കാരനായ ഓസ്വാൾഡ് എന്തിനാണ് കെന്നഡിയെ കൊലപ്പെടുത്തുന്നത് എന്നതായിരുന്നു അന്നുയർന്ന പ്രധാന ചോദ്യം. സംഭവത്തിനു തൊട്ടുപിന്നാലെ ഓസ്വോൾഡ് കൊല്ലപ്പെട്ടതും സംഭവത്തിലെ നിഗൂഢത ശക്തമാകാൻ കാരണമായി. ജാക്ക്റൂബി പിന്നീട് ജയിലിൽ വച്ചു കാൻസർ ബാധിച്ചു മരിച്ചു. കൊലപാതകത്തിനു തൊട്ടു മുൻപ് മെക്സിക്കോയിലേക്ക് ഓസ്വാൾഡ് യാത്ര നടത്തിയെന്ന വിവരവും അതിനിടെ ലഭിച്ചു. എഫ്ബിഐയും സിഐഎയും പിന്നീട് അന്വേഷണം നടത്തിയത് ആ വഴിക്കായിരുന്നു.

ക്യൂബയുടെയോ സോവിയറ്റ് യൂണിയന്റെയോ ചാരന്മാരുമായി ഗൂഢാലോചന നടത്താനായിരുന്നു യാത്രയെന്നാണ് പലരും വിശ്വസിക്കുന്നത്. ഓസ്വാൾഡിനു പഴയ സോവിയറ്റ് യൂണിയനുമായി ‘രഹസ്യ’ ബന്ധം ഉണ്ടായിരുന്നതായും ഒട്ടേറെ പേർ കരുതുന്നു. കെന്നഡിയുടെ മരണത്തിനു പിന്നിൽ മാഫിയാസംഘങ്ങളാണെന്നും ക്യൂബയാണെന്നും അതല്ല മറ്റു രാജ്യങ്ങളിലെ രഹസ്യ ഏജന്റുമാരാണെന്നുമൊക്കെയുള്ള ‘സിദ്ധാന്ത’ങ്ങളും പുറത്തു വന്നിരുന്നു.

ജോൺ.എഫ്.കെന്നഡിവധവുമായി ബന്ധപ്പെട്ട എല്ലാ അന്വേഷണ രേഖകളും ഘട്ടംഘട്ടമായി പുറത്തുവിടണമെന്ന് 1992ൽ യുഎസ് കോൺഗ്രസ് ഉത്തരവിട്ടിരുന്നു. ഏറെക്കാലമായി രഹസ്യമായി സൂക്ഷിച്ചിരിക്കുന്ന, മുന്‍ പ്രസിഡന്റ് ജോണ്‍ എഫ് കെന്നഡിയുടെ വധവുമായി ബന്ധപ്പെട്ട ഫയലുകള്‍ പുറത്തുവിടുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും പറഞ്ഞിരുന്നു.

English Summary: The Kennedy curse: With Saoirse's death, a look at who else tragically died in this prominent family

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com