ADVERTISEMENT

മകനെ പാക്ക് ജയിലിൽ നിന്നു മോചിപ്പിക്കാൻ മുൻകയ്യെടുത്ത അന്നത്തെ വിദേശകാര്യമന്ത്രി സുഷമ സ്വരാജിനെ ഫൗസിയ കെട്ടിപ്പിടിച്ചു കൊണ്ടു പറഞ്ഞ വാക്കുകളാണ് ഈ തലക്കെട്ടിൽ. ആറു വർഷം പാക്ക് ജയിലിൽ കഴിഞ്ഞ മുംബൈ സ്വദേശിയായ സോഫ്ട്‍വെയർ എൻജിനീയർ ഹമീദ് നിഹാൽ അൻസാരി(33)യാണ് ഉമ്മ ഫൗസിയയ്ക്കും കുടുംബാംഗങ്ങൾക്കുമൊത്ത് സുഷമയെ കണ്ട് നന്ദി പറയാനെത്തിയത്. 2018 ഡിസംബറിൽ സുഷമയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കൊടുവിൽ ഒരമ്മയുടെ ഹൃദയത്തിൽ നിന്നുള്ള വാക്കുകൾ ആയിരുന്നു അത്.

മാതൃസ്നേഹത്തോടെ ഹമീദിനെ സുഷമ ചേർത്തു പിടിച്ച് അനുഗ്രഹിക്കുകയും മാതൃരാജ്യത്തേയ്ക്ക് വീണ്ടും സ്വാഗതം ചെയ്യുകയും ചെയ്തു. ‘ഞങ്ങൾക്കിത് ആനന്ദത്തിന്റെ പുതിയ പ്രഭാതം’ എന്ന് ഹമീദിന്റെ പിതാവ് അൻസാരി അന്ന് സന്തോഷം പ്രകടിപ്പിച്ചു. ഓൺലൈനിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെ കാണാൻ 2012 ൽ അഫ്ഗാനിസ്ഥാനിലൂടെ പാക്കിസ്ഥാനിലെത്തിയ ഹമീദിനെ ചാരവൃത്തി ആരോപിച്ചു പാക്ക് പട്ടാളക്കോടതി 2015 ൽ മൂന്നു വർഷത്തെ തടവുശിക്ഷയ്ക്കു വിധിക്കുകയായിരുന്നു. ജയിൽവാസം ഡിസംബർ 15ന് അവസാനിച്ചെങ്കിലും നിയമപരമായ രേഖകളില്ലാത്തതിനാൽ മോചനം വൈകി. സുഷമയുടെ നിർദേശത്തെ തുടർന്നാണ് നടപടികൾ വേഗത്തിലായത്. ഇതിനായി 96 തവണയാണ് പാക്ക് സർക്കാരുമായി വിദേശകാര്യ മന്ത്രാലയം ബന്ധപ്പെട്ടത്.

വിദേശകാര്യമന്ത്രിയെന്ന നിലയിൽ അമ്മമാരുടെയും മക്കളുടെയും ഉൾപ്പെടെ എല്ലാവരുടെയും ഹൃദയം കവർന്നു സുഷമ. കൃത്യമായ ഇടപെടലുകൾ, സ്നേഹത്തോടെയുള്ള ചേർത്തുപിടിക്കൽ, ലോകത്തിന്റെ ഏതുകോണിലുള്ള ഇന്ത്യക്കാരനും ധൈര്യവും ആശ്രയവുമായിരുന്നു സുഷമ സ്വരാജ് എന്ന മന്ത്രി. ഒന്നാം മോദി സർക്കാരിലെ ഏറ്റവും ഹൃദയവിശാലതയുള്ള, പലപ്പോഴും അമ്മയുടെ കരുതലോടെ രാജ്യത്തെ പൗരന്മരാരെ നോക്കിയ നേതാവ്. നിർണായകമായ പല നീക്കങ്ങളും ഈ കാലത്തിനിടെ സുഷമ നടത്തി. ആരോഗ്യപ്രശ്നങ്ങൾ മൂലം 2019ലെ തിരഞ്ഞെടുപ്പിൽ മൽസരിക്കാനില്ലെന്ന് പറഞ്ഞ് സ്വയം മാറി നിന്നു സുഷമ. ഒടുവിൽ തീർത്തും അപ്രതീക്ഷിതമായി ആ വേർപാട്.

sushama-with-geetha
ഒന്‍പതാം വയസ്സില്‍ ട്രെയിന്‍ മാറിക്കയറി പാക്കിസ്ഥാനിലെത്തിയ ബധിരയും മൂകയുമായ ഗീത, 15 വര്‍ഷത്തിനുശേഷം 2015ൽ ഇന്ത്യയില്‍ തിരിച്ചെത്തിയപ്പോൾ. രക്ഷിതാക്കളെ തേടിയെത്തിയ ഗീതയെ തിരിച്ചയക്കുന്നില്ലെന്നും ഇവർ ഇന്ത്യയുടെ മകളാണെന്നും സുഷമ സ്വരാജ് രാജ്യത്തോടു പറഞ്ഞു. ചിത്രം: മനോരമ

ട്വിറ്റർ മന്ത്രി

ഒന്നാം മോദി മന്ത്രിസഭയിലെ ഏറ്റവും മികച്ച മന്ത്രിമാരിൽ ഒരാളെന്ന് മിക്ക മാധ്യമ സർവേകളും കണ്ടെത്തിത് വിദേശകാര്യ മന്ത്രി സുഷമ സ്വരാജിനെയായിരുന്നു. ട്വിറ്ററിൽ സജീവമായിരുന്ന അവർ വിദേശ ഇന്ത്യാക്കാരുടെ ആവശ്യങ്ങൾ കേൾക്കാനും അവയോട് പ്രതികരിക്കാനും ശ്രദ്ധിച്ചു. ആ പ്രവർത്തനങ്ങൾക്കു സമൂഹമാധ്യമങ്ങളിൽ നല്ല പ്രതികരണം ലഭിക്കുകയും ചെയ്തു. വിദേശത്തു വിഷമതകൾ നേരിടുന്ന ഇന്ത്യക്കാർക്ക് മാത്രമല്ല ഇന്ത്യയിൽ ചികിത്സ തേടിയ പിഞ്ചുകുഞ്ഞുങ്ങളടക്കമുളള പാക്കിസ്ഥാൻ സ്വദേശികൾക്ക് വരെ സുഷമ ആശ്രയമായി. വീസ പ്രശ്നം മൂലം നവദമ്പതികൾ നേരിട്ട പ്രശ്നങ്ങൾക്കും സുഷമ പരിഹാരം കണ്ടു. പലപ്പോഴും പ്രശ്നങ്ങൾ ട്വിറ്ററിലൂടെ അറിയിച്ച് നിമിഷങ്ങൾക്കുള്ളിൽ പരിഹാരം ലഭിക്കുകയും ചെയ്തു. രണ്ടാം മോദി സർക്കാരിൽ സുഷമയുടെ വകുപ്പ് കൈകാര്യം ചെയ്യുന്ന എസ്. ജയശങ്കറും അവരുടെ അതേപാത പിന്തുടർന്നു. സമൂഹമാധ്യമങ്ങളിൽ കൃത്യമായി ഇടപെടുന്നത് പുതിയ കാലത്ത് ജനങ്ങളിലേക്ക് നേരിട്ട് എത്താനുള്ള വഴിയാണെന്ന് മന്ത്രിയെന്ന നിലയിൽ സുഷമ കാണിച്ചുതന്നു.

വക്താവെന്ന പ്രിയമുഖം

ദേശീയ ടെലിവിഷൻ ചാനലുകളിൽ തിളങ്ങിയ ബിജെപിയുടെ പ്രിയമുഖങ്ങളിൽ മിക്കവരും ആദ്യ മോദി സർക്കാരിൽ ഉണ്ടായിരുന്നു. ഇതിൽ പ്രമുഖയായിരുന്നു സുഷമ. ഇന്ത്യയിലെ ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയിൽ ഔദ്യോഗിക വക്താവാകുന്ന ആദ്യ വനിതയായിരുന്നു സുഷമ. ഊർജസ്വലതയോടെയുള്ള സുഷമയുടെ നീക്കങ്ങൾ ഏവരെയും കയ്യിലെടുക്കുന്നതായിരുന്നു. കുറച്ചു നാൾ മുൻപു വൃക്ക മാറ്റിവച്ച ശേഷം അനുദിന ‌രാഷ്ട്രീയത്തിൽ ഒരു ചുവടു പിന്നാക്കം വച്ചിരുന്നു അവർ. ഡൽഹിയിൽ എടുത്തു പറയാൻ നേതാക്കളില്ലാതിരുന്നപ്പോഴാണു ബി‌ജെപി സുഷമയെ തലസ്ഥാനത്തേയ്ക്കു നിയോഗിച്ചത്. ഒരിക്കൽ ഡൽഹി മു‌ഖ്യമന്ത്രിയുമായി. ലോക്സഭയിലേയ്ക്കു ജയിച്ചതു നാലു തവണ. രാജ്യസഭാംഗമായതു മൂന്നു തവണയും. മന്ത്രിയായും എംപിയായും സുഷണ കാഴ്ചവച്ചത് മികച്ച പ്രകടനം. പല വിവാദങ്ങൾ ഉയർന്നപ്പോഴും പാർട്ടിയിൽ നിന്നും കൃത്യമായ പിന്തുണ ലഭിക്കാതിരുന്നപ്പോഴും സുഷമ പൊരുതി.

ഹൃദയം കവർന്ന സുഷമ

ഒന്നാം മോദി സർക്കാർ രൂപം കൊണ്ടപ്പോൾ തന്നെ അതിലെ പെൺകരുത്ത് വളരെ ചർച്ചയായിരുന്നു. അതിൽ ഏറ്റവും കയ്യടി കിട്ടിയത് സുഷമ സ്വരാജിനായിരുന്നു. വാജ്പേയിയുടെ നേതൃത്വത്തിൽ വളർന്നു വന്ന നേതാവ് എന്നതായിരുന്നു സുഷമയുടെ ഏറ്റവും വലിയ പ്രത്യേകത. മന്ത്രിമാർ എന്നാൽ കൃത്യമായ ചട്ടകൂടിലും കർക്കശമായ രീതികളിലൂടെയും പോകുന്നവർ എന്നായിരുന്നു ധാരണ. വിദേശകാര്യം പോലെ വളരെ ഗൗരവമായ വിഷയം കൈകാര്യം ചെയ്യുമ്പോൾ കഠിനം തന്നെ. എന്നാൽ, വീസ പ്രശ്നം മുതലുള്ള ചെറിയ വിഷയങ്ങളിൽ സുഷമ നേരിട്ട് ഇടപെട്ടു പരിഹാരം കണ്ടു. പ്രവാസികളായ ഇന്ത്യക്കാർക്ക് വലിയ ആശ്വാസമായിരുന്നു സുഷമയുടെ നേതൃത്വത്തിലുള്ള സംഘത്തിന്റെ പല ഇടപെടലുകളും.

കർക്കശനിലപാടുകളും..

കശ്മീർ വിഷയവും ഭീകരവാദ വിഷയങ്ങളും ചൈനയുമായുള്ള പ്രശ്നങ്ങളും എല്ലാം സുഷമ കൃത്യമായി കൈകാര്യം ചെയ്തു. വികാരമല്ല വിവേകമാണ് പല സ്ഥലങ്ങളിലും അവർ പ്രയോഗിച്ചത്. കുൽഭൂഷൺ ജാദവ് വിഷയവും ദോക്‌ലയിൽ ചൈനയുമായി ഉണ്ടായ പ്രശ്നങ്ങളും സുഷമയുടെ കാലത്തായിരുന്നു. കശ്മീർ വിഷയം യുഎന്നിൽ പോലും വളരെ കൃത്യമായി ഇന്ത്യയുടെ നിലപാട് അവർ അറിയിച്ചു. ഭീകരവാദവുമായി ഒരു തരത്തിലുള്ള ഒത്തുതീർപ്പിനും ഇല്ലെന്ന് അവർ വ്യക്തമാക്കി. വിവിധ രാഷ്ട്രങ്ങളുമായുള്ള ബന്ധത്തിലും അവർ മികച്ച പരിഗണന നൽകി. അങ്ങനെ കൃത്യമായ കർക്കശമായ നിലപാടുകൾ ആവശ്യമായ സ്ഥലത്ത് അതും സുഷമയെന്ന മികച്ച നേതാവ് പ്രയോഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com