ADVERTISEMENT

കേരളം ഏറെ ചർച്ച ചെയ്യുകയും പ്രകൃതിക്കു കലിയിളകുന്ന നേരങ്ങളിൽ നെടുവീർപ്പോടെ ഓർക്കുകയും ചെയ്യുന്ന പേര്, പ്രഫ. മാധവ് ഗാഡ്ഗിൽ. പശ്ചിമഘട്ട പരിസ്ഥിതി വിദഗ്ധ സംഘം മേധാവിയായി, ‘ഗാഡ്ഗിൽ റിപ്പോർട്ട്’ സമർപ്പിച്ച പ്രശസ്ത ശാസ്ത്രജ്ഞൻ. നിരന്തരമായ പരിസ്ഥിതി ധ്വംസനത്തിന്റെ അനിവാര്യമായ പരിണിതഫലമാണു കേരളം അനുഭവിക്കുന്നതെന്നു പറഞ്ഞ ഗാഡ്ഗിലിനോട്, ക്വാറികളുണ്ടായിട്ടും മഴ പെയ്തല്ലോ എന്നു ചോദിച്ച ജനപ്രതിനിധികളുള്ള നാടാണിത്. അധികാരവഴികളിൽ ഗാഡ്ഗിൽ അധികപ്പറ്റായിരുന്നു. തെറ്റിദ്ധരിപ്പിക്കപ്പെട്ടതിനാൽ ജനങ്ങളും ഗാഡ്ഗിലിനെ ഭയന്നു. മഹാപ്രളയത്തിന്റെ ഒന്നാം വാർഷികത്തിൽ കേരളം മഴക്കലിയിലും മണ്ണിടിച്ചിലിലും ഉരുൾപൊട്ടലിലും വിറങ്ങലിച്ചു നിൽക്കുകയാണ്. അഭയമില്ലാതായവർക്കു സഹായം നൽകുകയാണു പ്രഥമദൗത്യം. ദുരന്തമുഖത്ത് ആശ്വാസക്കരം നീട്ടുമ്പോഴും ഇനിയും നമ്മൾ നിസ്സഹായരാവാതിരിക്കാനും ജീവൻ പൊലിയാതിരിക്കാനും ഗാഡ്ഗിലിനെയും അദ്ദേഹത്തിന്റെ വാക്കുകളെയും പങ്കിടുകയാണു സമൂഹമാധ്യമങ്ങൾ.

‘പശ്ചിമഘട്ടം ആകെ തകർക്കപ്പെട്ടിരിക്കുന്നു. ഇനിയും നടപടിയെടുത്തില്ലെങ്കിൽ കേരളത്തെ കാത്തിരിക്കുന്നതു വലിയ ദുരന്തമാണ്. അതിനു നിങ്ങൾ വിചാരിക്കും പോലെ യുഗങ്ങളൊന്നും ആവശ്യമില്ല. നാലോ അഞ്ചോ വർഷം മതി. അന്നു ഞാനും നിങ്ങളും ജീവനോടെ കാണും. ആരാണു കള്ളം പറയുന്നത്, ഭയപ്പെടുത്തുന്നത് എന്നൊക്കെ നിങ്ങൾക്കു തന്നെ മനസ്സിലാകും.’– 2013ൽ മാധവ് ഗാഡ്ഗിൽ പങ്കുവച്ച ഈ ആശങ്കയാണു സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. ‘ഒരിക്കൽ അവർ മാധവ് ഗാഡ്ഗിലിനെ പരിഹസിച്ചു. ഇന്ന് കാലം പറയുന്നു, ഗാഡ്ഗിലായിരുന്നു ശരി!’ എന്ന അടിക്കുറിപ്പിനൊപ്പം അദ്ദേഹത്തിന്റെ ചിത്രങ്ങളും നിരവധി പേർ പോസ്റ്റ് ചെയ്തു. 2011 ഓഗസ്റ്റ് 31ന് ആണ് കേന്ദ്ര സർക്കാരിനു സമിതി റിപ്പോർട്ട് സമർപ്പിച്ചത്. കേരളത്തെ ഇളക്കിമറിച്ച പരിസ്ഥിതി സമസ്യയായി മാറാനായിരുന്നു ഗാഡ്ഗിൽ റിപ്പോർട്ടിനു യോഗം.

ഗാഡ്ഗിൽ എന്നുച്ചരിച്ചാൽ ഭൂതബാധപോലെയാണു ഭൂരിഭാഗം രാഷ്ട്രീയക്കാരും മത നേതാക്കളും പ്രതികരിച്ചത്. ‘ക്വാറികളുണ്ടായിട്ടും മഴ പെയ്തല്ലോ’ എന്നു തോമസ് ചാണ്ടി എംഎൽഎയും ‘ജെസിബി പോയിട്ട് കൈക്കോട്ടു പോലുംവയ്ക്കാത്ത നിബിഢവനത്തിൽ എങ്ങനെ ഉരുൾപൊട്ടി?’ എന്നു പി.വി.അൻവർ എംഎൽഎയും ‘പ്രകൃതിയുടെ വിധിയെ ആർക്കും തടുക്കാനാവില്ല. ഇനിയും നിയമങ്ങളിൽ ഇളവു വേണം’ എന്നു എസ്.രാജേന്ദ്രൻ എംഎൽഎയും പറഞ്ഞു. ഇടുക്കി മുൻ എംപി ജോയ്സ് ജോർജിന്റെ വാക്കുകൾ എല്ലാ അതിരുകളും ഭേദിച്ചു. ‘മാധവ് ഗാഡ്ഗിൽ, ദുരന്തഭൂമിയിലെ ശവംതീനിക്കഴുകൻ’ എന്നായിരുന്നു ജോയ്സിന്റെ വിശേഷണം. ഗാഡ്ഗിൽ റിപ്പോർട്ടിനെ പരസ്യമായി എതിർത്തവരുടെ പ്രതിനിധികളായിരുന്നു ഈ ജനപ്രതിനിധികൾ. പ്രളയവും മഴക്കലിയും ഭീകരതാണ്ഡവം ആടിയപ്പോൾ പാവം ജനങ്ങൾ ഇടയ്ക്കെങ്കിലും ഓർത്തിരിക്കും ഗാഡ്ഗിലിനെ.

സുന്ദരി, പ്രകൃതിമാതാവ്

റിപ്പോർട്ടിന്റെ ആമുഖത്തിൽ ഗാഡ്ഗിൽ പറയുന്നതിങ്ങനെ: ‘ഗോദാവരി, കൃഷ്ണ, നേത്രാവതി, കാവേരി, കുന്തി, വൈഗൈ എന്നീ മഹാനദികൾക്കു പുറമെ ഒട്ടനേകം ചെറുനദികൾക്കും പുഴകൾക്കും ജീവജലം നൽകി സംരക്ഷിക്കുന്ന പ്രകൃതി മാതാവിന്റെ സ്ഥാനമാണ് ഇന്ത്യൻ ഉപഭൂഖണ്ഡ‍ത്തിന്റെ പൈതൃകമായ പശ്ചിമഘട്ടത്തിനുള്ളത്. കന്യകയോടാണു കാളിദാസൻ ഉപമിച്ചത്. അഗസ്ത്യമല ശിരസ്സായും, താഴെ അണ്ണാമലയും നീലഗിരിയും ഉയർന്ന മാറിടങ്ങളായും, പരന്നുരുണ്ട കാനറ, ഗോവ മലകൾ മനോഹരമായ നിതംബങ്ങളായും, ഉത്തര സഹ്യാദ്രി മലകളെ നീട്ടി പിളർത്തിയ കാലുകളായും കാളിദാസൻ വർണിച്ചിട്ടുണ്ട്. നിർഭാഗ്യവശാൽ ഹരിതമേലാപ്പിന്റെ കട്ടിയായ പച്ചപ്പട്ട് പുതച്ച് പ്രൗഢയായി വിരാജിച്ച അവളിന്ന് അതിന്റെ കീറിപ്പറിഞ്ഞ അവശിഷ്ടങ്ങൾ ചുറ്റി നാണം മറയ്ക്കാനാവാതെ കേഴുന്ന സ്ഥിതിയിലാണ്. ദരിദ്രരുടെ വിശപ്പടക്കാനുള്ള പരാക്രമത്തേക്കാൾ അതിസമ്പന്നരുടെ അടക്കി നിർത്താനാവാത്ത ആർത്തിയുടെ കൂർത്ത നഖങ്ങളാണ്‌ ഈ അവസ്ഥയ്ക്കു കാരണമെന്നതു ചരിത്രസത്യം..’

rain-havoc-malappuram
മഴയിൽ മുങ്ങിയ മലപ്പുറത്തിന്റെ ആകാശദൃശ്യം.

ലോകം ആദരവോടെ കാണുന്ന, പരിസ്ഥിതി മേഖലയിലെ എണ്ണം പറഞ്ഞ വിദഗ്ധരിലൊരാളാണു മാധവ് ധനഞ്ജയ ഗാഡ്ഗിൽ എന്ന 77കാരൻ. 1942ൽ പൂണെയിൽ സഹ്യാദ്രിയുടെ മടിത്തട്ടില്‍ ജനിച്ചുവളര്‍ന്ന ഗാഡ്ഗിലിന്റെ ജീവിതം പശ്ചിമഘട്ട പഠനങ്ങൾക്കും പ്രവർത്തനങ്ങൾക്കുമായി ഉഴിഞ്ഞുവച്ചതാണ്. പുണെ സർവകലാശാലയുടെ കീഴിലുള്ള ഫെർഗൂസൻ കോളജിൽനിന്ന് ബയോളജിയിൽ ബിരുദം, മുംബൈ സർവകലാശാലയിൽനിന്നു സുവോളജിയിൽ ബിരുദാനന്തര ബിരുദം. യുഎസിലെ ഹാർവഡ് സര്‍വകലാശാലയില്‍ നിന്ന് ഗണിതപരിസ്ഥിതി ശാസ്ത്രത്തിൽ ഡോക്ടറേറ്റ്. ഹാർവഡിൽ അപ്ലൈഡ് മാത്തമാറ്റിക്‌സിൽ റിസർച്ച് ഫെലോ. അവിടെ ജീവശാസ്ത്ര അധ്യാപകനുമായി. സ്റ്റാന്‍ഫോഡ്, കലിഫോര്‍ണിയ സര്‍വകലാശാലകളിലും പഠിപ്പിച്ചു.

1973 മുതല്‍ 2004 വരെ ബെംഗളൂരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സസില്‍ അധ്യാപകനായി. ഇവിടെ പരിസ്ഥിതി ശാസ്ത്ര കേന്ദ്രം സ്ഥാപിച്ചു, പശ്ചിമഘട്ട സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കി. 2002ലെ ഇന്ത്യന്‍ ജൈവവൈവിധ്യ നിയമത്തിന്റെ കരടും നീലഗിരി ജൈവമണ്ഡല സംരക്ഷിത പ്രദേശത്തിന്റെ പദ്ധതി രേഖയും തയാറാക്കി. പരിസ്ഥിതി ഉൾപ്പെടെ പല വിഷയങ്ങളിലായി ഇരുന്നൂറിലേറെ ഗവേഷണ പ്രബന്ധങ്ങളും പത്തോളം പുസ്തകങ്ങളും രചിച്ചു. രാജ്യം പദ്മഭൂഷൻ നൽകിയാണു ഗാഡ്ഗിലിനെ ആദരിച്ചത്. ദേശീയ പാരിസ്ഥിതിക ഫെല്ലോഷിപ്, ശാന്തി സ്വരൂപ് ഭട്നാഗർ, വോൾവോ എൻവയോൺമെന്റൽ, ടൈലർ പുരസ്കാരം, രാജ്യോത്സവ പ്രശാന്തി തുടങ്ങിയ നിരവധി പുരസ്കാരങ്ങൾ. രാജ്യവും ലോകവും ബഹുമാനിക്കുന്ന മനുഷ്യനെ പക്ഷേ, ‘ശല്യക്കാരനായ പരിസ്ഥിതിവാദി’യായി കേരളം മുദ്ര കുത്തി.

പശ്ചിമഘട്ടത്തിനുള്ള നിർദേശങ്ങൾ

പരിസ്ഥിതി ലോല മേഖലകളില്‍ പ്രോൽസാഹിപ്പിക്കപ്പെടേണ്ടതും നിരുൽസാഹപ്പെടുത്തേണ്ടതും നിരോധിക്കേണ്ടതുമായ പ്രവര്‍ത്തനങ്ങള്‍  ഗാഡ്ഗിൽ റിപ്പോർട്ടിൽ അക്കമിട്ടു നിരത്തി. പശ്ചിമഘട്ടത്തില്‍ ജനിതകമാറ്റം വരുത്തിയ വിളകള്‍ പാടില്ല. മൂന്നു വർഷം കൊണ്ട് പ്ലാസ്റ്റിക് ബാഗുകളുടെ ഉപയോഗം ഒഴിവാക്കണം. പുതിയ പ്രത്യേക സാമ്പത്തിക മേഖലകളും (സെസ്) ഹില്‍ സ്‌റ്റേഷനുകളും അനുവദിക്കരുത്. പൊതു ഉടമസ്ഥതയിലുള്ള ഭൂമി സ്വകാര്യമാക്കരുത്. പുതിയ കയ്യേറ്റങ്ങള്‍ അനുവദിക്കരുത്. വനഭൂമി വനേതര ആവശ്യങ്ങള്‍ക്കും കൃഷിഭൂമി കാര്‍ഷികേതര ആവശ്യങ്ങള്‍ക്കും വകമാറ്റരുത്. പരിസ്ഥിതി സൗഹാർദമായ കെട്ടിടനിര്‍മാണ മാര്‍ഗ നിര്‍ദേശങ്ങള്‍ ഉണ്ടാക്കണം. പ്രാദേശിക ജൈവ വിഭവങ്ങള്‍ ഉപയോഗിച്ചുള്ള വ്യവസായങ്ങള്‍ പ്രോൽസാഹിപ്പിക്കണം.

നിയമവിരുദ്ധ ഖനനം അടിയന്തരമായി നിര്‍ത്തണം. ജല വിഭവ പരിപാലനം വികേന്ദ്രീകരിക്കണം. ശാസ്ത്രീയ സംവിധാനങ്ങളുടെ സഹായത്തോടെ, ജനകീയ പങ്കാളിത്തത്തില്‍ ജലത്തിന്റെ ഗുണവും പുഴയുടെ ഒഴുക്കും മെച്ചപ്പെടുത്തണം. രാസകീടനാശിനികളുടെയും കളനാശിനികളുടെയും ഉപയോഗം ക്രമേണ ഒഴിവാക്കി, ജൈവകൃഷി പ്രോൽസാഹിപ്പിക്കണം. ജൈവ കൃഷിയിലേക്കു മാറുന്ന ഘട്ടത്തില്‍ കര്‍ഷകര്‍ക്കു സാമ്പത്തിക, സാങ്കേതിക സഹായം ലഭ്യമാക്കണം. രണ്ടു കന്നുകാലിയെങ്കിലും ഉള്ള കുടുംബത്തിനു ബയോഗ്യാസ് പ്ലാന്റ് നിര്‍മിക്കാന്‍ സഹായം നല്‍കണം. തീവ്ര, അതിതീവ്ര മലിനീകരണമുള്ള വ്യവസായങ്ങള്‍ ഉപേക്ഷിക്കണം.

rain-havoc-navy
മഴയിൽ മുങ്ങിയ പറവൂരിന്റെ ആകാശദൃശ്യം.

സൗരോര്‍ജ ഉപയോഗം പ്രോൽസാഹിപ്പിക്കണം. വികേന്ദ്രീകൃത ഊര്‍ജാവശ്യങ്ങള്‍ക്കു ജൈവ മാലിന്യ/ സോളര്‍ ഉറവിടങ്ങള്‍ ഉപയോഗിക്കണം. സ്വാഭാവിക കാലാവധി അതിക്രമിച്ച താപനിലയങ്ങളും ഡാമുകളും ഘട്ടംഘട്ടമായി ഡിക്കമ്മിഷന്‍ ചെയ്യണം. സ്‌ഫോടക വസ്തുക്കള്‍ ഉപയോഗിച്ചുള്ള മത്സ്യബന്ധനം നിരോധിക്കണം. വനാവകാശ നിയമത്തിനു കീഴില്‍ ചെറുകിട, പാരമ്പര്യ ഭൂവുടമകളുടെ അവകാശം അംഗീകരിക്കണം. പുതുതായി ഖനനത്തിന് അനുമതി നല്‍കരുത്. നിലവിലുള്ളവ 2016 ഓടെ നിർത്തണം തുടങ്ങിയ നിരവധി നിർദേശങ്ങളാണു പശ്ചിമഘട്ടത്തിന്റെ നിലനിൽപിനായി ഗാഡ്ഗിൽ മുന്നോട്ടുവച്ചത്.

വേണം, ദീർഘകാല പദ്ധതികൾ

2018 ഓഗസ്റ്റിൽ കേരളം നൂറ്റാണ്ടിലെ മഹാപ്രളയത്തിൽ ആടിയുലഞ്ഞപ്പോഴും ഉപദേശ നിർദേശങ്ങളുമായി ഗാഡ്ഗിൽ രംഗത്തെത്തി. ഏറ്റവും ദൗർഭാഗ്യകരമായ ദുരന്തമാണു കേരളത്തിൽ സംഭവിച്ചതെന്നും ഇതു മറികടക്കാൻ ഹ്രസ്വകാല, ദീർഘകാല പദ്ധതികൾ സംസ്ഥാന സർക്കാർ ആവിഷ്കരിക്കേണ്ടതുണ്ട്. മനുഷ്യനിർമിത ദുരന്തമാണ് സംസ്ഥാനത്തുണ്ടായതെന്നും അഭിപ്രായപ്പെട്ടു. ചിലതു തുടങ്ങിവച്ചതല്ലാതെ മുന്നോട്ടു പോകാൻ സാധിച്ചില്ലെന്നതിന്റെ സാക്ഷ്യമാണ് ഇപ്പോഴുണ്ടായ ഉരുൾപൊട്ടൽ ദുരന്തങ്ങൾ.

‘കൂറ്റൻ കെട്ടിടങ്ങൾപോലെ മനുഷ്യ നിർമിതമായ മൂലധനത്തെക്കുറിച്ചു മാത്രം ചിന്തിച്ചു ദീർഘകാലാടിസ്ഥാനത്തിലുള്ള പദ്ധതികൾ ആവിഷ്കരിക്കാൻ സാധിക്കില്ല. മനുഷ്യനും പ്രകൃതിക്കും ദോഷം തട്ടാത്ത സന്തുലിതമായ വികസനമാണ് ഇനിയെങ്കിലും നടപ്പാക്കേണ്ടത്. കേരളത്തിന്റെ പുനർനിർമാണത്തിനു പാറയും മണലുമെല്ലാം വേണ്ടിവരും. പ്രകൃതിയിൽനിന്ന് അത് എടുക്കുമ്പോൾ കൂടുതൽ ശ്രദ്ധയും ജനകീയ പങ്കാളിത്തവും ഉറപ്പാക്കണം. കുടുംബശ്രീ പോലുള്ള സംഘങ്ങൾക്കു ക്വാറികളുടെ നിയന്ത്രണം നൽകുക. മാഫിയകൾ ഇക്കാര്യത്തിൽ ഇടപെടരുത്. അങ്ങനെയായാൽ പുനർനിർമാണത്തിനു പ്രകൃതിയിൽനിന്നു വിഭവം സമാഹരിക്കുന്നതിനൊപ്പം സാമൂഹിക ശാക്തീകരണം കൂടി സംഭവിക്കും.

വികസനം ആരംഭിക്കേണ്ടതു താഴേത്തട്ടിൽനിന്നാണ്. ഓരോ പ്രദേശത്തും ഏതുതരം വികസനം വരണമെന്നതു തദ്ദേശ സ്ഥാപനങ്ങളും ഗ്രാമപഞ്ചായത്തുകളും വേണം തീരുമാനിക്കാൻ. കേരളത്തിൽ ഉപേക്ഷിക്കപ്പെട്ട പാടശേഖരങ്ങൾ ഒരുപാടുണ്ട്. ഇവ കുടുംബശ്രീ പോലുള്ള ഗ്രൂപ്പുകളെ ഏൽപിക്കുക. അവിടെ പ്രകൃതിക്കു ചേരുന്ന ജൈവ കൃഷിരീതികൾ പ്രോൽസാഹിപ്പിക്കുക. എല്ലാ വികസന പ്രവർത്തനങ്ങൾക്കും മുന്നോടിയായി, പൊതുജനങ്ങൾക്കു ലഭ്യമാക്കേണ്ട ഒന്നുണ്ട്– അടിസ്ഥാന വിവരങ്ങൾ. കേരളത്തിൽ കഴിഞ്ഞ നൂറുവർഷം പെയ്ത മഴയുടെ അളവും, കാലാവസ്ഥയുടെ വ്യതിയാനവുമെല്ലാം അധികൃതരുടെ പക്കലുണ്ട്. കേന്ദ്ര ജല കമ്മിഷന്റെ പക്കലുള്ള വിവരങ്ങളും ജലസംഭരണികളെ കുറിച്ചുള്ള വിവരങ്ങളും പൊതുജനങ്ങൾക്കു ലഭ്യമാക്കണം.

Madhav Gadgil
മാധവ് ഗാഡ്‌ഗിൽ.

ഉരുൾപൊട്ടൽ മേഖലകളിൽ കെട്ടിടനിർമാണം അനുവദിക്കില്ല എന്നൊരു തീരുമാനം എടുത്തിട്ടുണ്ട്. ചിലർക്കു ചില പ്രശ്നങ്ങൾ ഈ തീരുമാനം കൊണ്ടുണ്ടാകാം. എന്നാൽ സമൂഹം ഒന്നിച്ചു ചിന്തിച്ച് ഇതിനു പരിഹാരം കാണണം. ഉദ്യോഗസ്ഥരുടെ തീരുമാനം അടിച്ചേൽപിക്കുകയല്ല വേണ്ടത്. അവിടെ അഴിമതിക്കു കളമൊരുങ്ങും. ഭാവിയിൽ വികസനം നടപ്പാക്കുന്നതിനായി കൃത്യമായ ഭൗമ മാപ്പിങ് വേണം. എവിടെയൊക്കെ കെട്ടിടം കെട്ടാം, നദിയുടെ എത്ര അകലത്തിൽ കെട്ടിടം പണിയാം, കൃഷി ചെയ്യാം തുടങ്ങി മനുഷ്യന്റെ എല്ലാ ആവശ്യങ്ങൾക്കും ഈ ഭൂപടം ഉപയോഗിക്കണം.’ കേൾക്കാനും നടപ്പാക്കാനും സുഖകരമായ നിർദേശങ്ങളായിരുന്നില്ല ഗാഡ്ഗിലിന്റേത്. എങ്കിലും അവയ്ക്കു നേരറിവിന്റെ തിളക്കമുണ്ടായിരുന്നു.

പശ്ചിമഘട്ടത്തോട് ചെയ്ത ചതി

ഗാഡ്ഗിൽ റിപ്പോർട്ടിനെ തുടർന്നുള്ള പ്രതിഷേധങ്ങൾ ശമിപ്പിക്കാൻ സർക്കാർ കസ്തൂരിരംഗനെ അധ്യക്ഷനാക്കി പുതിയ സമിതിയെ നിയമിച്ചു. ഇടുങ്ങിയ കാഴ്‌ചപ്പാടോടുകൂടി തയാറാക്കിയതും ജനാധിപത്യവിരുദ്ധവും ഭരണഘടനാ വിരുദ്ധവുമായ ശുപാർശകളടങ്ങിയതുമാണ് കസ്‌തൂരിരംഗൻ റിപ്പോർട്ടെന്നാണു ഗാഡ്‌ഗിൽ പറഞ്ഞത്. ഗാഡ്ഗിൽ റിപ്പോർട്ടിനെക്കുറിച്ച് ഒട്ടേറെ കള്ളപ്രചാരണങ്ങൾ ചില കേന്ദ്രങ്ങൾ അഴിച്ചുവിടുന്നു. ഗാഡ്‌ഗിൽ റിപ്പോർട്ടിലെ ഒരു ശുപാർശ പോലും ജനങ്ങൾക്കുമേലോ സർക്കാരിനു മേലോ അടിച്ചേൽപ്പിച്ചിട്ടില്ല. കർഷകരെ കുടിയൊഴിപ്പിക്കേണ്ടി വരുമെന്നും മറ്റുമുള്ള പ്രചാരണങ്ങൾക്കു പിന്നിൽ ചില ലോബികളാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Rain Malappuram
മലപ്പുറത്ത് മണ്ണിടിച്ചിലുണ്ടായ പ്രദേശം.

‘പശ്ചിമഘട്ടത്തിന്റെ മൂന്നിലൊരു ഭാഗം സ്വാഭാവിക മേഖലയെന്നും മൂന്നില്‍ രണ്ട് ഭാഗം ജനവാസ മേഖല എന്നും തിരിച്ച് തുറന്ന വികസനത്തിനു വിട്ടുകൊടുത്തിരിക്കുകയാണു കസ്തൂരിരംഗൻ റിപ്പോർട്ട്. പശ്ചിമഘട്ടത്തെ മരുഭൂമിയാക്കി ഇടയ്ക്ക് ഒരു മരുപ്പച്ചയുണ്ടാക്കുന്നത് പോലെയാണിത്. ഇത്തരം തുണ്ടുതുണ്ടായുള്ള വിഭജനം വിദൂരമല്ലാത്ത കാലത്ത് നമ്മുടെ പശ്ചിമഘട്ടത്തെ മരുഭൂമിയാക്കി മാറ്റും. ഇപ്പോള്‍ നമ്മള്‍ ബ്രിട്ടിഷുകാരേക്കാള്‍ വലിയ ബ്രിട്ടിഷുകാരായി രാജ്യത്തെ പ്രകൃതി വിഭവങ്ങളെ ചൂഷണം ചെയ്യാനുള്ള മറയായി പരിസ്ഥിത സൗഹാര്‍ദ പ്രവര്‍ത്തനങ്ങളെ ഉപയോഗിക്കുകയാണ്.

കരിങ്കൽ ക്വാറികൾ നിർത്തലാക്കിയാൽ കെട്ടിടംപണിക്കു വേണ്ടിയുള്ള പാറപ്പൊടിയും മറ്റും എവിടെ നിന്നു കിട്ടുമെന്നു ചോദിക്കുന്നവർ രാജ്യത്ത് നടക്കുന്ന കെട്ടിട നിർമാണങ്ങൾ എന്തിനു വേണ്ടിക്കൂടിയെന്നു ചിന്തിക്കണം. ഒരു ക്വാറിയുടെ പ്രവർത്തനം പരിസരവാസികളെ എത്രമാത്രം ദുരിതത്തിലാഴ്‌ത്തിയെന്ന് പത്തനംതിട്ടയിലെ ചെമ്പൻമുടിയിൽ പോയപ്പോൾ നേരിട്ടു ബോധ്യപ്പെട്ടു. വൻ തൊഴിലവസരം നൽകുമെന്ന് വാഗ്‌ദാനം ചെയ്‌ത് വരുന്ന വ്യവസായങ്ങളൊക്കെ പറയുന്നതിന്റെ മൂന്നിലൊന്ന് തൊഴിൽ പോലും സൃഷ്‌ടിക്കുന്നില്ലെന്ന് പരിശോധിച്ചാലറിയാം.’– ഗാഡ്ഗിൽ ചൂണ്ടിക്കാട്ടുന്നു.

kerala-floods-puthumala-wayanad
വയനാട് പുത്തുമലയിൽ ഉരുൾപൊട്ടലുണ്ടായ പ്രദേശത്തെ രക്ഷാപ്രവർത്തനം.

ഇപ്പോൾ ദുരന്തമുണ്ടായ മലപ്പുറവും വയനാടും അനുമതിയുള്ളതും ഇല്ലാത്തതുമായ ഖനനങ്ങളാൽ വീർപ്പുമുട്ടുകയാണ്. ചെറുതും വലുതുമായി രണ്ടായിരത്തോളം കരിങ്കല്‍, ചെങ്കല്‍ ക്വാറികള്‍. ഇവയിൽ എണ്ണൂറിലേറെ ക്വാറികളും സജീവമാണെന്നത് ആശങ്കപ്പെടുത്തുന്നു. കേരളത്തിൽ 5607.5 ചതുരശ്ര കിലോമീറ്റർ പ്രദേശത്ത് ഉരുൾപൊട്ടലിനു സാധ്യതയുണ്ടെന്നാണു സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറത്തുവിട്ട ഭൂപടത്തിൽ വിശദമാക്കുന്നത്. 14 ജില്ലകളിലായി ആകെ 5624.1 ചകിമീ പ്രദേശത്ത് പ്രളയസാധ്യതയുമുണ്ട്. തൊട്ടാൽ പൊട്ടുന്ന കുമിള പോലെ അതീവ ലോലമാണ് പ്രകൃതിയുടെ കണ്ണിൽ ‘ദൈവത്തിന്റെ സ്വന്തം നാട്’. മലകൾക്കും കടലിനുമിടയിൽ വീതിയില്ലാതെ നീണ്ടുകിടക്കുന്ന പച്ചത്തുരുത്ത്. ഭൂമിയിലെ അത്യപൂർവസുന്ദരദേശം ഇനിയും കോപിക്കാതിരിക്കാൻ, നമുക്ക് ഉറ്റവരെ നഷ്ടപ്പെടാതിരിക്കാൻ ചില തീരുമാനങ്ങൾ അത്യാവശ്യം.

English Summary: Kerala relooks on Madhav Gadgil Western Ghats report during Rain Havoc

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com