sections
MORE

പ്രളയത്തോടു പോരാടുകയാണ് അവർ; ‘വിഷം’ പരത്തരുത്, ഒപ്പം നിൽക്കണം നാം

SHARE

കോട്ടയം–കുമരകം റൂട്ടിലെ ഇടറോഡുകളിലൊന്ന് വഴി തുറക്കുന്നത് അയ്യമ്മാത്ര, പാലത്തറ പ്രദേശങ്ങളിലേക്കാണ്. പാലത്തറയിൽ പലരും വീട് വിട്ടുപോരാൻ പോലും മടിക്കുകയാണെന്ന വിവരം ചെങ്ങളത്തെ ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ ദുരിതാശ്വാസ ക്യാംപിലെ ചിലരാണു പറഞ്ഞത്. എന്താണു കാരണം? ആരും വ്യക്തമായ ഒരുത്തരം നൽകുന്നില്ല. പല വീടുകളിലും പ്രായമായവരും കിടപ്പുരോഗികളുമുള്ളതാണു കാരണമെന്നാണ് ഒന്നുരണ്ടു പേർ പറഞ്ഞത്. അവിടേക്കു പോയി നോക്കാൻ തന്നെ തീരുമാനിച്ചു.

പക്ഷേ പാലത്തറ കോളനിയിലേക്കുള്ള ആ യാത്ര അൽപം ദുർഘടമായിരുന്നു. മീനച്ചിലാറിന്റെ കൈവഴികളിലൊന്ന് നിറഞ്ഞുകവിഞ്ഞൊഴുകുകയാണ്. ആറിന്റെ ഇരുവശത്തുമുള്ള റോഡിലൂടെയും വെള്ളം കുതിച്ചുപായുന്നു. കോളനി ഭാഗത്തേക്കു പോകുംതോറും ഒഴുക്കും വെള്ളത്തിന്റെ അളവും കൂടിക്കൂടിവരികയാണ്. ആറിന്റെ ഒരു വശത്തെ വീടുകളിലെല്ലാം പടിയോളം വെള്ളം. ചെറിയൊരു ഓളം വന്നാൽ മതി വെള്ളം വീടിനകത്തേക്കു തലനീട്ടും.

palathara-kottayam-flood
അയ്യമ്മാത്ര പാലത്തറയിൽ നിന്നുള്ള പ്രളയക്കാഴ്ച. വെള്ളം കയറിയിട്ടും പലരും ഇപ്പോഴും ഇവിടെ വീടുകളിൽ തുടരുകയാണ്. ചിത്രം: ഗിബി സാം

ആറിന്റെ മറുവശത്ത് അൽപം താഴ്ന്ന മേഖലയാണ്. അവിടെ ഇരുനിലവീടുകളിലൊന്നിന്റെ താഴത്തെ നിലയുടെ പാതിയോളം മുങ്ങി വെള്ളം ഉയർന്നുകൊണ്ടിരിക്കുന്നു. ആറ്റിൽ നിന്നുള്ള വെള്ളം സമീപത്തെ പാടത്തേക്കാണു പരന്നൊഴുകിപ്പോകുന്നത്. അവിടെയുള്ള മിക്കവീടുകളിലും ഏതുനിമിഷവും പ്രളയജലം അകത്തേക്കു കയറാവുന്ന അവസ്ഥ. പക്ഷേ ആ വീടുകളിലെല്ലാം കാണാം ആളനക്കത്തിന്റെ മിന്നലാട്ടങ്ങൾ. വീടുകളിലൊന്നിലേക്ക് നടന്നുനീങ്ങുമ്പോഴാണ് ഒരു വീടിന്റെ രണ്ടാംനിലയിൽ നിന്നൊരു ശബ്ദം. ‘സൂക്ഷിച്ചു നടക്കണേ, കെട്ടിപ്പൊക്കിയ ഭാഗത്തിന്റെ രണ്ടു വശത്തും ആഴക്കൂടുതലാണ്...’ ലത എന്ന വീട്ടമ്മയായിരുന്നു അത്. അവരുടെ വീടിന്റെ താഴത്തെ നിലയിലേക്ക് ഇറങ്ങാൻ പോലുമാകാത്ത വിധം ചുറ്റിലും വെള്ളമാണ്.

‘ഇവിടെയെന്താണ് ആരും ക്യാംപുകളിലേക്ക് പോകാത്തത്? വെള്ളം കയറുന്നുണ്ടല്ലോ...’ എന്ന ചോദ്യത്തിന് ‘ക്യാംപിൽ പോയാൽ കഷ്ടപ്പാടല്ലേ...’ എന്നായിരുന്നു മറുപടി. ‘അവിടെയൊന്നും സൗകര്യങ്ങളില്ലെന്നാണ് എല്ലാവരും പറയുന്നത്. അതിനേക്കാളും ഭേദം ഇവിടെത്തന്നെയാണ്...’ ലതയുടെ വാക്കുകൾ. താഴത്തെ നിലയിൽ നിന്ന് ഗ്യാസ് സിലിണ്ടറും സ്റ്റൗവും ഉൾപ്പെടെ മുകളിലത്തിച്ചാണു പാചകം. കിണറ്റിലേക്കു പ്രളയജലമിറങ്ങിയിട്ടുമില്ല. പക്ഷേ മുകൾനിലയിലെ താൽക്കാലിക സുരക്ഷയിൽ നിന്നു ചുറ്റിലും നോക്കുമ്പോഴുള്ള കാഴ്ച ആരെയും ഭയപ്പെടുത്തുന്നതാണ്. എങ്ങും പ്രളയജലം. രാത്രിമഴയിൽ വെള്ളത്തിന്റെ ഒഴുക്ക് കൂടിയാൽ ഈ പ്രദേശത്തേക്കു വരാനോ ഇവിടെ നിന്നു പോകാനോ ഉള്ള വഴി പ്രദേശവാസികൾക്കു പോലും തിരിച്ചറിയാനാകില്ല. രക്ഷാപ്രവർത്തനം അതീവദുഷ്കരമാകുമെന്നത് ഉറപ്പ്. എത്ര പേർ വീടുകളിൽ തുടരുന്നുവെന്നു പോലും പലയിടത്തും കണക്കില്ല. റോഡേത് തോടേത് കിണറേത് എന്നറിയാനാകാത്ത വിധം ചുറ്റിലും പ്രളയജലം നിറയുമ്പോൾ ജീവൻ കയ്യിൽപ്പിടിച്ച് ഇവരെ വീട്ടിൽ തുടരാൻ പ്രേരിപ്പിച്ച കാരണത്തിൽ പക്ഷേ എന്തെങ്കിലും സത്യമുണ്ടോ?

kottayam-kumarakom-road
കോട്ടയം–കുമരകം റോഡിലെ വെള്ളക്കെട്ട്. ചിത്രം: ഗിബി സാം

ഇത്തവണ എന്താണു സംഭവിച്ചത്?

പാലത്തറയ്ക്കു സമീപം ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ ദുരിതാശ്വാസ ക്യാംപുകളിലൊന്നിൽ കഴി‍ഞ്ഞ ദിവസം കലക്ടർ ഉൾപ്പെടെ വന്നതാണ്. അധികൃതരോട് അവർ പറഞ്ഞ പരാതികളിൽ പ്രധാനപ്പെട്ടത് ക്യാംപിലെ ശുചിമുറി സംബന്ധിച്ചും അവശ്യവസ്തുക്കളെപ്പറ്റിയുമായിരുന്നു. ‘വെള്ളം ഇരച്ചെത്തിയതോടെ കയ്യിൽ കിട്ടിയതുമെടുത്താണ് ക്യാംപിലേക്കു വന്നത്. ഉടുത്തിരിക്കുന്ന ഈ വസ്ത്രം മാത്രമേയുള്ളൂ ഇപ്പോൾ സ്വന്തമായിട്ട്. കിടക്കാൻ ഒരു പായയോ പുതപ്പോ പോലുമില്ല. സ്കൂളിലെ ബെഞ്ചുകളും ഡെസ്കുകളും കൂട്ടിവച്ചാണ് രാത്രി ഉറങ്ങുന്നത്. 350 പേരുണ്ട് ക്യാംപിൽ. ആകെയുള്ളത് ഒരൊറ്റ ശുചിമുറി...’ വീട്ടമ്മയായ ശോഭ പറയുന്നു. ഭക്ഷണം കൃത്യമായി കിട്ടുന്നുണ്ടെന്നതാണ് ഏക ആശ്വാസം. ക്യാംപിലെ അംഗങ്ങളുടെ കാര്യങ്ങളെല്ലാം നോക്കി പഞ്ചായത്ത് മെംബർ മുഴുവൻ സമയവുമുണ്ട്.

കഴിഞ്ഞ തവണയും ചെങ്ങളത്തെ സ്കൂളിൽ ക്യാംപുണ്ടായിരുന്നു. അന്ന് ഒട്ടേറെ പേർ സഹായവുമായെത്തിയതും ഇവിടുത്തുകാർ ഓർക്കുന്നു. എന്നാൽ ഇത്തവണ എന്താണു സംഭവിച്ചത്? ശോഭയുടെ തന്നെ വാക്കുകൾ കേൾക്കാം: ‘‘കഴിഞ്ഞ തവണ ഒരുപാട് സഹായവുമുണ്ടായി. എല്ലാ സാധനങ്ങളും ഇഷ്ടം പോലെ ലഭിച്ചു. ഇതേ ക്യാംപിൽ തന്നെ ഞങ്ങൾക്ക് ഒരു മുറി നിറയെ സാധനങ്ങളുണ്ടായിരുന്നു. എന്നാൽ ഇത്തവണ എന്താണെന്നറിയില്ല കണ്ടിട്ടും കാണാത്ത പോലെ നടക്കുവാ...’’– ശോഭ പറയുന്നു. കുടിവെള്ളം പോലും ആരെങ്കിലും കൊണ്ടുവന്നാൽ മാത്രമേ ലഭിക്കൂ എന്ന അവസ്ഥ. ‘കഴിഞ്ഞ തവണ എല്ലാം തന്നതല്ലേ, അതായിരിക്കും...’ ശോഭയോടൊപ്പമുണ്ടായിരുന്ന അമ്മൂമ്മയുടെ നിസ്സഹായത നിറഞ്ഞ വാക്കുകളിലുണ്ട് എല്ലാം. ഇവർക്കു വേണ്ടതെല്ലാം എത്തിക്കാമെന്ന് അധികൃതർ ഉറപ്പു നൽകിയിട്ട് രണ്ടു ദിവസം കഴിഞ്ഞു. പ്രളയകാലമാണ്, ആശ്വാസതീരം തേടിയാണ് ക്യാംപുകളിലെത്തിയത്. അവിടെയും കാത്തിരിക്കേണ്ടി വരുമ്പോൾ ആരോടു പരാതി പറയാനാണ്...!

chengalam-flood-relief-camp-3
ചെങ്ങളം ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ ദുരിതാശ്വാസ ക്യാംപിലുണ്ടായ വെള്ളക്കെട്ട്. ചിത്രം: ഗിബി സാം

ആ മഴയോർമകളുണ്ട്, ഇപ്പോഴും...

എന്നാൽ കോട്ടയത്തെ എല്ലാ ക്യാംപുകളിലും ഇതല്ല അവസ്ഥ. അയ്മനത്തെയും ഇല്ലിക്കലിലെയും ഉൾപ്പെടെ ക്യാംപുകളിൽ പഞ്ചായത്ത് അധികൃതരും സന്നദ്ധ സംഘടനകളും നേരിട്ട് ഇടപ്പെട്ട് ഭക്ഷ്യവസ്തുക്കളും മറ്റും എത്തിക്കുന്നുണ്ട്. ഇല്ലിക്കലിലെ സെന്റ് മേരീസ് പള്ളിയുടെ ഹാളിൽ നാൽപതോളം പേരാണു താമസിക്കുന്നത്. പക്ഷേ അവിടെ താൽക്കാലികമായൊരു അടുക്കളയുണ്ടാക്കി ദിവസവും 70 പേർക്കുള്ള ഭക്ഷണമൊരുക്കുന്നു.

‘ഭക്ഷണത്തിന്റെ സമയമാകുമ്പോൾ പലരും ഇവിടെ വരും. അവർക്കു കൂടിയുള്ളത് ഞങ്ങൾ ഒരുക്കിവച്ചിട്ടുണ്ടാകും...’ ആമ്പക്കുഴി സ്വദേശിയായ ലീലാമ്മയുടെ വാക്കുകൾ. സ്ത്രീകളെയും കുട്ടികളെയും ക്യാംപിലിരുത്തി പുരുഷന്മാരെല്ലാം രാവിലെത്തന്നെ വീടുകളിലേക്ക് പോകുന്നതാണു പതിവ്. അവിടെ എന്താണവസ്ഥ എന്നറിയുകയാണു ലക്ഷ്യം. കുമരകം ആമ്പക്കുഴിയിലെ താമസക്കാരാണ് ക്യാംപിലുള്ളത്. അവിടത്തെ വീടുകളുടെ അവസ്ഥയും ദയനീയമാണ്.

കഴിഞ്ഞ വർഷത്തേതു പോലെ ആകെ മുക്കിയ ഒരു പ്രളയമല്ല ഇത്തവണ കുമരകത്തും സമീപപ്രദേശങ്ങളിലുമുണ്ടായിട്ടുള്ളത്. പകരം ചില പ്രത്യേക പ്രദേശങ്ങളില്‍ മാത്രമാണ് പ്രളയം രൂക്ഷം. പക്ഷേ റോഡിൽ ഇടവിട്ടു പലയിടത്തും വെള്ളം നിറഞ്ഞിരിക്കുന്നതിനാൽ കെഎസ്ആർടിസി സർവീസുകളെല്ലാം ഇടയ്ക്ക് നിർത്തിവച്ചു. അതോടെ യാത്രയ്ക്ക് ആശ്രയം ഏതാനും സ്വകാര്യ ബസുകൾ മാത്രം. ‘മണിക്കൂറുകളോളം കാത്തു നിന്നാൽ മാത്രമേ ഇപ്പോൾ ഇവിടെ ഒരു ബസെത്തുകയുള്ളൂ. കെഎസ്ആർടിസി പറയുന്നത് റോഡിൽ നിറയെ വെള്ളമാണ്, ബസിനു പണിയാകും എന്നൊക്കെയാണ്. പിന്നെങ്ങനെയാണ് സ്വകാര്യ ബസുകൾക്ക് സർവീസ് നടത്താനാകുന്നത്? ഇത്തരം ഘട്ടങ്ങളിലല്ലേ സർക്കാർ സർവീസുകളുടെ ആവശ്യം...?’ ഡ്രൈവറായ ആമ്പക്കുഴി സ്വദേശി വിനു ചോദിക്കുന്നു. പ്രായമായവരെയും കിടപ്പുരോഗികളെയും ദുരിതാശ്വാസ ക്യാംപുകളിലെത്തിക്കാൻ പോലും വാഹനങ്ങൾ ലഭിക്കുന്നില്ല.

കിഴക്കു നിന്നുള്ള വെള്ളത്തിന്റെ ഒഴുക്ക് നിലയ്ക്കാത്തതാണ് കുമരകത്തിനും സമീപപ്രദേശങ്ങളിലുമുള്ളവരെ ആശങ്കയിലാഴ്ത്തുന്നത്. ഒരിടത്തു പോലും കെട്ടിനിൽക്കാതെയാണ് ഒഴുക്ക്. പലയിടത്തും പാടത്തു മടവീണതു കൊണ്ടും വെള്ളം കൂടുതലായി ഒഴുകിപ്പോകുന്നുണ്ട്. പാലാ ഉൾപ്പെടെയുള്ള പ്രദേശങ്ങളില്‍ നിന്നുള്ള ഒഴുക്കിനൊപ്പം മഴ ശക്തമാകുന്നതും പലരെയും ഭയപ്പെടുത്തുന്നു. കോട്ടയം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ സ്കൂളുകൾക്ക് അവധിയാണെന്നു പറയുമ്പോഴും വിനീഷെന്ന ഏഴാം ക്ലാസുകാരന്റെ മുഖത്ത് ഭാവമാറ്റങ്ങളൊന്നുമില്ല. കാരണം, അവനറിയാം എന്തുകൊണ്ടാണ് ആ അവധിയെന്ന്. ആകാശത്തു മാത്രമല്ല, ആശങ്കയുടെ കാർമേഘങ്ങള്‍ അവന്റെ മുഖത്തും നിറഞ്ഞത് അതുകൊണ്ടായിരിക്കണം. മഴയൊന്നു മാറി വെയിൽ തെളിഞ്ഞപ്പോഴും ക്യാംപുകളിലെ ആരുടെ മുഖത്തും ആ തെളിച്ചം കാണാനായില്ല. ‘രണ്ടു ദിവസത്തിനകം വീണ്ടും മഴ ശക്തമാകുമെന്നല്ലേ പറയുന്നത്...?’ അവർ ചോദിക്കുന്നു. ഇടയ്ക്കൊന്ന് ഒഴിഞ്ഞുനിന്ന് പിന്നീട് ആർത്തലച്ചെത്തിയ മഴയുടെയും പ്രളയത്തിന്റെയും 2018ലെ ഓർമ ഒരാളെപ്പോലും വിട്ടുപോയിട്ടില്ലെന്നതു വ്യക്തം.

മഴയില്‍ കുതിർന്ന ചുമരുകൾ

ആമ്പക്കുഴിയിലെ വീട്ടിൽ കഴിഞ്ഞ തവണത്തെ പ്രളയത്തില്‍ വെള്ളം കയറിയ ഭാഗങ്ങൾ ചുമരിൽ വരച്ചിട്ടതു കാണിച്ചു തരികയായിരുന്നു ബേബി. ഒന്നരവിരൽ നീളം കൂടി കടന്നാല്‍ അന്നത്തെ ജലനിരപ്പിനോളമാകും. പക്ഷേ വീടിനു പിറകിലെ കോക്കാൻപാടത്തേക്ക് വെള്ളം ഇരച്ചൊഴുകുന്നുണ്ട്. ബേബിയുടെയും സഹോദരന്‍ കുഞ്ഞുമോന്റെയും ഉൾപ്പെടെ പത്തോളം വീടുകൾക്കുള്ളിലൂടെയാണ് പ്രളയജലത്തിന്റെ ആ യാത്ര. അതും ഒരു നിമിഷം പോലും നിലയ്ക്കാതെ... കഴിഞ്ഞ വർഷത്തെ അവസ്ഥ മനസ്സിലുള്ളതുകൊണ്ട് ഇത്തവണ പലരും പ്രളയസൂചന കണ്ടപ്പോൾത്തന്നെ ഗൃഹോപകരണങ്ങളും മറ്റും സുരക്ഷിത സ്ഥാനത്തേക്കു മാറ്റിയിരുന്നു.

aambakuzhy-flood-kottayam-1
ആമ്പക്കുഴിയിലെ കുഞ്ഞുമോന്റെയും ബേബിയുടെയും വീടുകൾ. ചിത്രം: ഗിബി സാം

കുഞ്ഞുമോന്റെ വീട്ടിൽ ഇഷ്ടികത്തട്ടിൽ കയറ്റിവച്ച കട്ടിലും മേശയുമെല്ലാം കണ്ടു. കഴിഞ്ഞ വർഷം വെള്ളം കയറിയ അതേ ഉയരത്തിലാണിപ്പോൾ കട്ടിലിന്റെ സ്ഥാനം. അതിനു മുകളിൽ വീട്ടുപകരണങ്ങളും ടിവിയും മറ്റും സുരക്ഷിതമായി സൂക്ഷിച്ചിരിക്കുന്നു. അടുക്കളയിലെ പാത്രങ്ങളും ഉയരത്തിൽ കയറ്റിവച്ചിട്ടുണ്ട്. അപ്പോഴും ചുമരിലേക്ക് ആശങ്കയോടെ ഒരു നോട്ടമെറിഞ്ഞു അദ്ദേഹം. കഴിഞ്ഞ പ്രളയം നൽകിയ വിള്ളലുകളാണ് ചുമരിൽ പലയിടത്തും. വെട്ടുകല്ലിലാണ് വീടു വച്ചിരിക്കുന്നത്. ഇത്തവണ കൂടി എല്ലാം കുതിർന്നുകിടന്നാല്‍ വീടിന് എന്തു സംഭവിക്കുമെന്നറിയില്ല. കഴിഞ്ഞ തവണ ഇത്രയേറെ പ്രശ്നങ്ങളുണ്ടായിട്ടും സർക്കാരിൽ നിന്ന് ആകെ ലഭിച്ചത് 10,000 രൂപ.

പത്തടിയോളം ആഴമുള്ള മുറ്റത്തെ കിണർ പ്രളയത്തിൽ മുങ്ങിയിരിക്കുന്നു–അത് വൃത്തിയാക്കണം. വിണ്ടുകീറിയ ചുമരിനെ ബലപ്പെടുത്തണം. ഇലക്ട്രിസിറ്റി സംബന്ധമായ പണികൾ വേറെ. വീട്ടിലെ പലവ്യഞ്ജനവും പാത്രങ്ങളും വരെ ഒഴുകിപ്പോയവരുണ്ട്. ഉടുത്തിരുന്ന വസ്ത്രമല്ലാതെ മറ്റൊന്നുമെടുക്കാനാകാതെ വീടു വിട്ട് പോരേണ്ടി വന്നവരുമുണ്ട്. പ്രളയത്തിലകപ്പെട്ട ഒരു വീടിന് 10,000 രൂപ മാത്രം നൽകി കയ്യൊഴിയരുതെന്നാണ് ഇതെല്ലാം സൂചിപ്പിക്കുന്നത്. തിരികെ വീട്ടിലെത്തിയപ്പോൾ മുറ്റത്തും കിടപ്പുമുറിയിലും വരെ വിഷപ്പാമ്പുകൾ നിറഞ്ഞിരിക്കുന്നതു കണ്ടതിനെപ്പറ്റി പറഞ്ഞ വീട്ടമ്മയുടെ വാക്കുകളിൽതന്നെയുണ്ട് പ്രളയബാധിതർ നേരിടുന്ന പ്രശ്നങ്ങളിലെ വൈവിധ്യം. ഓരോ വീട്ടുകാർക്കും നേരിടുന്ന പ്രശ്നങ്ങൾ പ്രത്യേകം ചോദിച്ചറിഞ്ഞ് സഹായമെത്തിക്കുകയാണു സർക്കാർ ചെയ്യേണ്ടതെന്നും ക്യാംപുകളിലുള്ളവർ പറയുന്നു.

സർക്കാർ തലത്തില്‍ ഏതാവശ്യത്തിനും നടപടിയുണ്ടെന്നാണ് ക്യാംപുകളിലെ കോ–ഓർഡിനേറ്റർമാർ പറയുന്നത്. പഞ്ചായത്ത്, നഗരസഭ തലത്തിൽ നിന്നുള്ള സഹായം കൂടാതെ എംഎൽഎമാരും എംപിയുമെല്ലാം ഒരു ഫോണ്‍വിളിക്കപ്പുറം സഹായിത്തിനുണ്ട്. സർക്കാർ സഹായം മാത്രം പോരാ പക്ഷേ ദുരിതാശ്വാസ ക്യാംപുകളിൽ. പലരും ക്യാംപുകളിലേക്കു പോലും വരാതെ വീട്ടിൽത്തന്നെ തുടരുന്നതിനു പിന്നിൽ സമൂഹമാധ്യമങ്ങളിലൂടെയും മറ്റും പടരുന്ന തെറ്റായ പ്രചരണങ്ങളുമുണ്ട്. ക്യാംപുകളിലേക്ക് അവശ്യവസ്തുക്കൾ എത്താതിരിക്കുന്നതിനു പിന്നിലും ഇതേ കാരണങ്ങളാണെന്നു വിശ്വസിക്കുന്നവരുമേറെ. പലരെയും പറഞ്ഞുവിശ്വസിപ്പിച്ചിരിക്കുന്നത് ക്യാംപുകളിലെ അവസ്ഥ മോശമാണെന്നാണ്. അതു മനസ്സിൽവച്ചാണു സ്വന്തം ജീവന്‍ പോലും പണയപ്പെടുത്തി പലരും വീടുകളില്‍ത്തന്നെ തുടരുന്നതും. പല കലക്‌ഷൻ സെന്ററുകളും കാലിയായി തുടരുന്നതിനു പിന്നിലും ഇതേ കാരണമാകാമെന്നാണ് ക്യാംപുകളിലുള്ളവർ പറയുന്നത്. ‘വിരൽത്തുമ്പിലൂടെ’ ഓരോരുത്തരും പരത്തുന്ന വിഷം എത്രയോ പേരുടെ ജീവനു ഭീഷണിയാണെന്നോർക്കുക.

kottayam-flood-1
കോട്ടയത്തെ പ്രളയക്കാഴ്ചകളിലൊന്ന്. ചിത്രം: ഗിബി സാം

ഫെയ്സ്ബുക്കിലൂടെയും മറ്റും തെറ്റായ പ്രചാരണങ്ങൾ നടത്തുന്നവർ അതിനെടുക്കുന്ന സമയത്ത് പ്രളയബാധ്യത മേഖലയിലെ കാഴ്ചകൾ കാണാൻ അൽപം സമയം ചെലവഴിക്കുക. സാധിക്കുമെങ്കിൽ ദുരിതാശ്വാസ ക്യാംപുകളിൽ പോവുക. അവർക്ക് നിങ്ങളുടെ കൈത്താങ്ങ് ആവശ്യമുണ്ടെന്നതു നേരിട്ടു തന്നെ വ്യക്തമാകും. പ്രളയജലത്തിൽ പൂർണമായും ഭാഗികമായുമെല്ലാം മുങ്ങിയ വീടുകൾ വഴിക്കിരുവശവും കാണുമ്പോൾ ആരാണെങ്കിലും മനസ്സിലോർത്തു പോകും– എത്രയോ പേരുടെ സ്വപ്നങ്ങളാണ്, അധ്വാനമാണ്...!

പ്രളയജലമൊഴുകിയിറങ്ങുമ്പോൾ നമുക്കു തുടച്ചുനീക്കാൻ ഒട്ടേറെ പേരുടെ കണ്ണീർ കൂടിയുണ്ടെന്നോർക്കുക...

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.