ADVERTISEMENT

തിരുവനന്തപുരം ∙ മഴക്കെടുതിയിലായ സംസ്ഥാനത്ത് 1206 ദുരിതാശ്വാസ ക്യാംപുകളിലായി കഴിയുന്നത് 2,21,286 പേർ. അവസാനം ലഭിച്ച കണക്കനുസരിച്ച് മരണം 92 ആയി. 67,562 കുടുംബങ്ങളാണു ക്യാംപുകളിലുള്ളത്. തൃശൂരിൽ 245 ക്യാംപുകളിൽ 47,978 പേരും വയനാട്ടിൽ 196 ക്യാംപുകളിൽ 35,878 പേരും മലപ്പുറത്ത് 165 ക്യാംപുകളിൽ 11,129 പേരും കഴിയുന്നുണ്ട്. മലപ്പുറത്ത് 32, കോഴിക്കോട് 17, വയനാട് 12 മരണങ്ങളും റിപ്പോർട്ട് ചെയ്തു. 34 പേർക്ക് പരിക്കേറ്റിട്ടുണ്ട്. 1057 വീടുകൾ പൂർണമായും 11,159 വീടുകൾ ഭാഗികമായും തകർന്നു. ബുധനാഴ്ച മലപ്പുറത്തും കോഴിക്കോടും റെ‍ഡ് അലർട്ട് പ്രഖ്യാപിച്ചു. 20 സെന്റിമീറ്ററിലധികം മഴയ്ക്കു സാധ്യതയെന്നാണു കാലാവസ്ഥാ പ്രവചനം. തെക്കന്‍ കേരളത്തിൽ കനത്ത മഴയ്ക്കു സാധ്യതയുള്ളതിനാല്‍ നെയ്യാർ, അരുവിക്കര അണക്കെട്ടുകൾ തുറന്നു.

മഴ തുടരുന്ന സാഹചര്യത്തില്‍ എറണാകുളം, കോഴിക്കോട്, വയനാട്, തൃശൂര്‍, മലപ്പുറം, കണ്ണൂർ, കോട്ടയം, ഇടുക്കി, ആലപ്പുഴ ജില്ലകളില്‍ ബുധനാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കലക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു. പത്തനംതിട്ട ജില്ലയിൽ ദുരിതാശ്വാസ ക്യാംപുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്കും അവധിയാണ്. ദുരന്ത മേഖലകൾ സന്ദർശിച്ച മുഖ്യമന്ത്രി പിണറായി വിജയൻ ക്യാംപുകളിലെത്തി ആളുകളെ ആശ്വസിപ്പിച്ചു. മഹാപ്രളയത്തിന് ഒരു വർഷം തികയുമ്പോൾ ഉണ്ടായ ഈ കെടുതി നമ്മെ ഗുരുതരമായി ബാധിക്കുന്നതാണ്. ഇതിൽ നിന്ന് കരകയറാൻ ഒത്തൊരുമിച്ചുള്ള ഇടപെടലാണ് ആവശ്യം. കേരളത്തിന് ഈ ഘട്ടത്തിൽ ലഭിക്കുന്ന എന്ത് സഹായവും അധികമാകില്ല. ദുരിതമഴയെക്കുറിച്ചുള്ള മുന്നറിയിപ്പുകൾ ഇപ്പോഴും നമ്മുടെ മുന്നിലുണ്ട്. സംസ്ഥാനത്തുണ്ടായ കനത്തമഴയിലും വെള്ളപ്പൊക്കത്തിലും പ്രകൃതിക്ഷോഭത്തിലുംപെട്ട് പാഠപുസ്തകങ്ങൾ നഷ്ടപ്പെട്ട 1 മുതല്‍ 12 ക്ലാസ്സുവരെയുള്ള വിദ്യാർഥികൾക്കു പുതിയ പാഠപുസ്തകങ്ങൾ നല്‍കും. ഈ പ്രതിസന്ധിയെ കൈകോർത്തു നാം അതിജീവിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com