sections
MORE

വിമാനം വേണ്ട, സഞ്ചരിക്കാനുള്ള സ്വാതന്ത്ര്യം മതി; കശ്മീരിൽ പോകുമെന്ന് രാഹുൽ

rahul-gandhi
രാഹുൽ ഗാന്ധി (ഫയൽ ചിത്രം)
SHARE

ന്യൂഡൽഹി ∙ ജമ്മു കശ്മീർ ഗവർണർ സത്യപാൽ മാലിക്കിന്റെ വെല്ലുവിളി ഏറ്റെടുത്ത് രാഹുൽ ഗാന്ധി. പ്രദേശത്തെ സ്ഥിതി നേരിട്ടറിയാന്‍ പ്രതിപക്ഷ സംഘവുമായി പോകാന്‍ തയാറാണെന്നു രാഹുല്‍ ഗാന്ധി പറഞ്ഞു. കശ്മീരിലെ സാഹചര്യം ആശങ്കപ്പെടുത്തുന്നതാണെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണത്തിന് കാര്യങ്ങള്‍ നേരിട്ട് കണ്ടു മനസിലാക്കണമെന്നു തിങ്കളാഴ്ച‌ ഗവര്‍ണര്‍ പ്രതികരിച്ചിരുന്നു. രാഹുലിനു കശ്മീരിലേക്ക് വരാൻ വിമാനം നൽകാമെന്നും മാലിക്ക് വാഗ്ദാനം നൽകി. ഇതിനെത്തുടർന്നാണ് രാഹുലിന്റെ മറുപടി.

ഞങ്ങൾക്ക് വിമാനം ആവശ്യമില്ലെന്നും പക്ഷേ സ്വതന്ത്രമായി യാത്ര ചെയ്യാനും കശ്മീരിലുള്ള ഞങ്ങളുടെ നേതാക്കളോടും സൈനികരോടും സംസാരിക്കാനുമുള്ള അനുവാദം നൽകിയാൽ മതിയെന്നും രാഹുൽ പറഞ്ഞു. എന്നാൽ രാഹുൽ ഗാന്ധിയെ മാത്രം ക്ഷണിച്ചാൽ പോരെന്നും എല്ലാ കക്ഷി നേതാക്കളെയും ജമ്മു കശ്മീരിലെ സ്ഥിതിഗതികൾ വിലയിരുത്താൻ ക്ഷണിക്കണമെന്നും കോൺഗ്രസ് എംപി ശശി തരൂർ പറഞ്ഞു.

പ്രത്യേക പദവി റദ്ദാക്കി, സംസ്ഥാനത്തെ രണ്ടു കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കാനുള്ള കേന്ദ്ര സർക്കാർ നടപടിക്കെതിരെ ജമ്മു കശ്മീരിൽ വൻ അക്രമങ്ങളാണ് നടക്കുന്നതെന്ന രാഹുൽ ഗാന്ധിയുടെ പ്രസ്താവനക്കെതിരെ രൂക്ഷമായാണ് ഗവർണർ പ്രതികരിച്ചത്. ഉത്തരവാദിത്വമുള്ള ഒരാൾ ഇത്തരത്തിൽ സംസാരിക്കരുതെന്നു സത്യപാൽ മാലിക്ക് പറഞ്ഞു. കേന്ദ്രത്തിന്റെ തീരുമാനങ്ങളെ ന്യായീകരിച്ച ഗവർണർ, നീക്കത്തിനു സാമുദായിക വശങ്ങളില്ലെന്നും പറഞ്ഞു.

നേരത്തെ, സർക്കാരിനെതിരെ കശ്മീരിൽ പ്രതിഷേധമുണ്ടെന്ന വാർത്ത നൽകിയ വിദേശമാധ്യമങ്ങൾക്കെതിരെ കേന്ദ്ര സർക്കാർ രംഗത്തുവന്നിരുന്നു. ബിബിസി, അൽ ജസീറ ചാനലുകൾ നൽകിയ കശ്മീർ പ്രതിഷേധ ദൃശ്യങ്ങളുടെ ആധികാരികത സംബന്ധിച്ച തെളിവുകളുണ്ടോയെന്ന് കേന്ദ്രസർക്കാർ ചോദിച്ചതായാണ് വിവരം. ആധികാരികമല്ലാത്തതും തെറ്റിദ്ധരിപ്പിക്കുന്നതുമായ വിവരങ്ങൾ നൽകരുതെന്ന് ചില ഉദ്യോഗസ്ഥർ പറഞ്ഞതായി അൽ ജസീറ സ്ഥിരീകരിച്ചു.

കശ്മീരിൽ വെള്ളിയാഴ്ച ഒട്ടേറെപേർ ഇന്ത്യാ വിരുദ്ധ മുദ്രാവാക്യങ്ങളുമായി പ്രകടനം നടത്തുന്ന ദൃശ്യങ്ങൾ ആദ്യം അൽ ജസീറയാണു പുറത്തു വിട്ടത്. പിന്നീട് ബിബിസിയും നൽകി. ചില വിദേശ വാർത്താ ഏജൻസികളും ഇതു നൽകി. എന്നാൽ ചില പ്രതിഷേധങ്ങൾ മാത്രമാണുണ്ടായതെന്നും 20–25 ആളുകളിൽ കൂടുതൽ ഈ പ്രകടനങ്ങളിൽ പങ്കെടുത്തില്ലെന്നും കശ്മീരിലെ സൈനിക അധികൃതർ പ്രസ്താവിച്ചു. കശ്മീരിൽ നിന്നു തെറ്റായതൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും സംഭവിക്കുന്നതു കൃത്യമായി നൽകുമെന്നും ബിബിസി അറിയിച്ചു.

English Summary: "Need Freedom To Travel, Not Plane": Rahul Gandhi's RSVP To J&K Governor

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA