ADVERTISEMENT

തിരുവനന്തപുരം ∙ ഹൈക്കോടതിയിലെ കേസുകളുടെ ഏകോപനത്തിനെന്ന പേരില്‍ ലക്ഷങ്ങള്‍ ശമ്പളം നിശ്ചയിച്ച് സ്പെഷൽ ലെയ്‌സണ്‍ ഓഫിസറെ നിയമിച്ച സര്‍ക്കാരിന്റെ നടപടി തികഞ്ഞ ധൂര്‍ത്തും അനാസ്ഥയുമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സംസ്ഥാനം വീണ്ടും വലിയ പ്രളയക്കെടുതിയുടെ നടുവിലാണ്. കഴിഞ്ഞ പ്രളയത്തെത്തുടര്‍ന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ച സാമ്പത്തിക സഹായം പോലും ദുരന്തബാധിതരില്‍ പലര്‍ക്കും ലഭിച്ചിട്ടില്ല.  

ഈ പ്രളയത്തില്‍ ദുരന്തബാധിതരായവര്‍ക്ക് ഇതുവരെ യാതൊരു സഹായങ്ങളും നല്‍കിത്തുടങ്ങിയിട്ടുമില്ല. എന്നിട്ടും 1.10 ലക്ഷം രൂപ മാസശമ്പളം നല്‍കുന്ന തസ്തിക അനാവശ്യമായി സൃഷ്ടിച്ച് സര്‍ക്കാര്‍ ഖജനാവ് ധൂര്‍ത്തടിക്കുകയാണ്. സ്പെഷൽ ലെയ്‌സണ്‍ ഒാഫിസറെ നിയമിച്ച നടപടി ഉടന്‍ പിന്‍വലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഭരണഘടനാ സ്ഥാപനമായ അഡ്വക്കറ്റ് ജനറല്‍ ഓഫിസും കീഴിലുള്ള 140 ഓളം സര്‍ക്കാര്‍ അഭിഭാഷകരും നിലനിൽക്കെയാണ് ഹൈക്കോടതിയിലെ കേസുകള്‍ക്കായി സ്‌പെഷൽ ലെയ്‌സണ്‍ ഓഫിസറുടെ തസ്തിക സൃഷ്ടിച്ചത്. 

അഡ്വക്കറ്റ് ജനറലിനെ കൂടാതെ ഡോ. എന്‍.കെ.ജയകുമാറിനെ നിയമോപദേശകനായി മുഖ്യമന്ത്രിയുടെ ഓഫിസില്‍ നിയമിച്ചിട്ടുണ്ട്. ഡല്‍ഹിയില്‍ കേരളത്തിന്റെ ലെയ്‌സണ്‍ ഓഫിസറായി മുന്‍ എംപി സമ്പത്തിനെ ക്യാബിനറ്റ് റാങ്കില്‍ ശമ്പളത്തോടെ നിയമിച്ച നടപടിക്കു പിന്നാലെയാണ് ലക്ഷങ്ങള്‍ ശമ്പളം നല്‍കി  ഹൈക്കോടതിയില്‍ ലെയ്‌സൺ ഓഫിസറെ നിയമിച്ചത്.

ന്യൂഡല്‍ഹിയില്‍ കേരള ഹൗസില്‍ റസിഡന്‍സ് കമ്മിഷണറുടെ മേല്‍നോട്ടത്തില്‍ 2007 മുതല്‍ ഒരു എംപി സെല്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് എംഎല്‍എമാരായ പി.കെ.അബ്ദുള്‍ റബ്, എം.ഉമ്മര്‍, ഡോ. എം.കെ.മുനീര്‍ എന്നിവരുടെ ചോദ്യത്തിന് നിയമസഭയില്‍ സര്‍ക്കാര്‍ ഉത്തരം നല്‍കിയിരുന്നതായും ചെന്നിത്തല പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com