ADVERTISEMENT

തിരുവനന്തപുരം ∙ പൊതുജനങ്ങള്‍ക്ക് അടിയന്തരസഹായം ലഭ്യമാക്കുന്നതിനായി ആരംഭിച്ച എമര്‍ജന്‍സി റെസ്പോണ്‍സ് സപ്പോര്‍ട്ട് സിസ്റ്റത്തിന്‍റെ  സേവനം വ്യാഴാഴ്ച മുതല്‍ സംസ്ഥാനത്തൊട്ടാകെ ലഭ്യമാകും. 112 എന്ന ടോള്‍ഫ്രീ നമ്പറിലേക്ക് വിളിച്ചാല്‍ എത്രയും പെട്ടെന്ന് സഹായം ലഭ്യമാക്കാന്‍ കഴിയുന്ന രീതിയിലാണ് കണ്‍ട്രോള്‍ റൂം തയാറാക്കിയിരിക്കുന്നത്. അടിയന്തരസഹായം ലഭ്യമാക്കുന്നതിന് രാജ്യവ്യാപകമായി ഒറ്റനമ്പര്‍ ഏര്‍പ്പെടുത്തുന്നതിന്‍റെ ഭാഗമായാണ് കേരളത്തിലും ഈ സംവിധാനം നിലവില്‍ വന്നത്.

പുതിയ സംവിധാനത്തിന്‍റെ ഉദ്ഘാടനം 15ന് രാവിലെ 10.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പൊലീസ് ആസ്ഥാനത്ത് നിർവഹിക്കും. ഡിജിപി ലോക്നാഥ് ബെഹ്റയും മറ്റു ഉയര്‍ന്ന ഉദ്യോഗസ്ഥരും പങ്കെടുക്കും. വിവിധതരം സഹായ അഭ്യര്‍ഥനകള്‍ക്ക് വ്യത്യസ്ത ഫോണ്‍ നമ്പരുകളാണ് ഇപ്പോള്‍ സംസ്ഥാനത്ത് നിലവിലുള്ളത്. പുതിയ സംവിധാനത്തില്‍ ഇത്തരം എല്ലാ ആവശ്യങ്ങള്‍ക്കും 112 എന്ന ടോള്‍ഫ്രീ നമ്പര്‍ ഡയല്‍ ചെയ്താല്‍ മതിയാകും.

ഫയര്‍ ഫോഴ്സിന്‍റെ സേവനങ്ങള്‍ക്കുള്ള 101, ആരോഗ്യസംബന്ധമായ സേവനങ്ങള്‍ക്കുള്ള 108, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സഹായം ലഭിക്കുന്നതിനായുള്ള 181 എന്നീ നമ്പരുകളും വൈകാതെ പുതിയ സംവിധാനത്തില്‍ ഉള്‍പ്പെടുത്തും. സാങ്കേതിക പരിജ്ഞാനവും ഭാഷാപ്രാവീണ്യവുമുള്ള പൊലീസുദ്യോഗസ്ഥരാകും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കമാന്‍ഡ് സെന്‍ററില്‍ ലഭിക്കുന്ന സന്ദേശങ്ങള്‍ ക്രോഡീകരിക്കുക.

സഹായം തേടി വിളിക്കുന്നത് എവിടെ നിന്നാണെന്ന് ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ കമാന്‍ഡ് സെന്‍ററിന് മനസ്സിലാക്കാനാകും. ജില്ലകളിലെ കണ്‍ട്രോള്‍ സെന്‍ററുകള്‍ മുഖേന കണ്‍ട്രോള്‍ റൂം വാഹനങ്ങളെ ഈ സംവിധാനവുമായി ബന്ധിപ്പിച്ചിരിക്കുന്നതിനാല്‍ ഉടനടി പൊലീസ് സഹായം ലഭ്യമാക്കാനും കഴിയും. കേരളത്തിൽ എവിടെനിന്നും ഫോൺ വഴി കമാന്‍ഡ് സെന്‍ററുമായി സൗജന്യമായി ബന്ധപ്പെടാന്‍ കഴിയുമെന്നും പൊലീസ് അറിയിച്ചു.

പരീക്ഷണാടിസ്ഥാനത്തില്‍ അഞ്ച് കമ്മിഷണറേറ്റുകളില്‍ ഈ സംവിധാനം പ്രവര്‍ത്തനം തുടങ്ങിയിരുന്നു. പ്രളയകാലത്ത് സഹായ അഭ്യര്‍ത്ഥനയുമായി നിരവധി പേർ 112 എന്ന നമ്പറില്‍ ബന്ധപ്പെട്ടിട്ടുണ്ടെന്നുമാണ് വിവരം. 112 ഇന്ത്യ എന്ന മൊബൈല്‍ ആപ്പ് ഉപയോഗിച്ചും കമാന്‍ഡ് സെന്‍ററിന്‍റെ സേവനം ഉപയോഗപ്പെടുത്താം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com