കാഴ്ച കാണാനും സെൽഫിക്കുമുള്ള സമയമല്ല; ദുരിതമായി ‘ഡിസാസ്റ്റർ ടൂറിസം’

police-warning-hemant
കേരള പൊലീസിന്റെ പോസ്റ്റ്. ലെഫ്. കേണൽ ഹേമന്ത് (ചിത്രം: ഫെയ്സ്ബുക്ക്)
SHARE

തിരുവനന്തപുരം ∙ ദുരന്തമുഖത്ത് കാഴ്ച കാണാനെത്തുന്നവരെ വിലക്കി കേരള പൊലീസ്. ദുരന്തക്കാഴ്ച കാണാൻ എത്തുന്നവരുടെ തിക്കുംതിരക്കും രക്ഷാപ്രവർത്തനങ്ങൾക്ക് തടസ്സമാകുന്നുണ്ടെന്നും ഇത്തരം സ്ഥലങ്ങളിലേക്കുള്ള സന്ദർശനം നിർത്തണമെന്നുമാണ്  പൊലീസിന്റെ മുന്നറിയിപ്പ്. വയനാട് മേപ്പാടി, മലപ്പുറം കവളപ്പാറ തുടങ്ങിയ സ്ഥലങ്ങൾ കാണാൻ‌ ദിവസവും നിരവധി ആളുകളാണ് എത്തുന്നത്.

ഈ മേഖലകളിലേക്ക് ദുരിതാശ്വാസ പ്രവര്‍ത്തനത്തിനു സന്നദ്ധ പ്രവര്‍ത്തകര്‍ക്കുപോലും എത്താന്‍ മണിക്കൂറുകള്‍ വേണ്ടിവരുന്നു. ദുരിതാശ്വാസ സഹായമെത്തിക്കുന്ന വാഹനങ്ങളടക്കം പലയിടങ്ങളിലും കുടുങ്ങിക്കിടക്കുകയാണ്. അപകടം നടന്നിടത്തേക്ക് ജെസിബിയടക്കമുള്ള വാഹനങ്ങള്‍ കാഴ്ച കാണാനെത്തുന്നവരുടെ വാഹനങ്ങൾ കാരണം മണിക്കുറുകളോളം കുടുങ്ങിക്കിടന്ന അവസ്ഥയുണ്ടായി. ഗതാഗത തടസ്സം സൃഷ്ടിക്കുന്നതോടൊപ്പം കാഴ്ചക്കാരുടെ തിരക്ക് രക്ഷാപ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ടെന്നു ലെഫ്. കേണൽ ഹേമന്ത് സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചു.

'നിങ്ങൾ അവരെ സഹായിക്കാൻ താൽപര്യപ്പെടുന്നില്ലെങ്കിൽ വേണ്ട. പക്ഷേ, നിസ്വാർഥമായി സേവനം ചെയ്യുന്നവർക്ക് തടസ്സം സൃഷ്ടിക്കരുത്. ദുരന്തം വിതച്ച പ്രദേശങ്ങളെ സാധാരണ നിലയിലേക്ക് കൊണ്ടുവരാൻ കഷ്ടപ്പെടുകയാണ് കുറെയാളുകൾ. ഇതിനിടയിൽ സെൽഫിയെടുക്കാനും അവധിയാഘോഷിക്കാനുമായി ഇവിടേക്ക് വരരുത് '– ഹേമന്ത് കുറിപ്പിൽ പറയുന്നു.

'ഡിസാസ്റ്റർ ടൂറിസം അവസാനിപ്പിക്കുക' എന്ന ഹാഷ്ടാഗോടെയാണ് ഹേമന്ത് ഇക്കാര്യം പോസ്റ്റ് ചെയ്തത്. കഴിഞ്ഞ പ്രളയകാലത്ത് ചെങ്ങന്നൂരിൽ രക്ഷാപ്രവർത്തനങ്ങളിൽ മുൻകൈയെടുത്തത് ഹേമന്താണ്. ഉരുൾപ്പൊട്ടൽ ദുരന്തം വിതച്ച മേപ്പാടിയിലെ പുത്തുമലയിലാണ് ഹേമന്ത് ഇപ്പോൾ.

രക്ഷാപ്രവർത്തനത്തിനുള്ള സാധനസാമഗ്രികൾ എത്തിക്കാനും ദുരിതബാധിതർക്ക് സഹായം എത്തിക്കാനുമായി ചെറിയ റോഡ് മാത്രമാണ് മേപ്പാടിയിലുള്ളത്. ഇതിലേക്ക് കാഴ്ചക്കാരുടെ തള്ളിക്കയറ്റം വൻ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നതെന്നു ഹേമന്ത് പറയുന്നു. ഡിസാസ്റ്റർ ടൂറിസം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഹേമന്ത് തുടങ്ങിയ ക്യാംപെയ്ൻ നിരവധിയാളുകൾ ഏറ്റെടുത്തു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA