sections
MORE

14 ശസ്ത്രക്രിയകൾക്കും ശ്യാമിനെ തളർത്താനായില്ല; കൃത്രിമ കാലുമായി ക്യാംപുകളിലെ നന്മ തുരുത്ത്

syam-kumar
ശ്യാം കുമാർ
SHARE

തിരുവനന്തപുരം∙ മുറിച്ചു കളഞ്ഞ വലതു കാലിനു പകരം കൃത്രിമക്കാല്‍. ശരീരത്തിൽ ഡയാലിസിസിന് ആവശ്യമായ അഡാപ്റ്റർ. രണ്ടു മണിക്കൂർ‍ ഇടവിട്ട് ട്യൂബിലൂടെ മൂത്രം എടുക്കണം. ഇതുവരെ നടത്തിയത് 14 ശസ്ത്രക്രിയകൾ. ആരും തളര്‍ന്നുപോകേണ്ടതാണ്. എന്നാല്‍, തളര്‍ച്ചയുടെ ലാഞ്ചനപോലുമില്ലാതെ പ്രളയബാധിതരെ സഹായിക്കാന്‍ തിരുവനന്തപുരം കോര്‍പ്പറേഷന്റെ സേവന കേന്ദ്രത്തില്‍ ശ്യാംകുമാറുണ്ട്, നന്‍മയുടെ തുരുത്തായി. വിവിധ സ്ഥലത്തേക്കു കൊണ്ടുപോകാനായി ദുരിതാശ്വാസ സാമഗ്രികൾ‍ പായ്ക്കു ചെയ്യുന്ന തിരക്കിലാണ് എംജി കോളജിലെ സൈക്കോളജി വിദ്യാർഥിയായ ശ്യാം.

ശ്യാമിന്റെ വലതുകാൽ‍ ജനിച്ചപ്പോള്‍ തന്നെ മടങ്ങിയ അവസ്ഥയിലായിരുന്നു. പത്താമത്തെ വയസില്‍ ശസ്ത്രക്രിയ ചെയ്ത് കാല്‍ നീക്കി. കൃത്രിമ കാലുപയോഗിച്ച് അടുത്തകാലം വരെ സൈക്കിൾ ചവിട്ടുകയും നീന്തുകയും ചെയ്തിരുന്നു. കാട്ടാക്കടയിലെ വീട്ടിൽ‍ നിന്ന് തിരുവനന്തപുരം നഗരത്തിലേക്കു വന്നിരുന്നത് സൈക്കിളിലാണ്. വൃക്കകളുടെ പ്രവര്‍ത്തനം തകരാറിലായതോടെയാണ് ശ്യാമിന്റെ ജീവിതത്തില്‍ ദുരിതമേറിയത്.

ശ്യാമിന്റെ ശരീരത്തിൽ‍ മൂന്നു വൃക്കകളുണ്ട്. മൂന്നാമത്തെ വൃക്കയും തകരാറിലായതിനാല്‍ ട്യൂബ് ഉപയോഗിച്ചാണ് മൂത്രം പുറത്തേക്കെടുക്കുന്നത്. മൂന്നുമാസമായി കോളജിൽ‍ പോകുമ്പോള്‍ ട്യൂബും സഞ്ചിയും ശരീരത്തിലുണ്ടാകും. ഇപ്പോൾ‍ കഠിനമായ ജോലികള്‍ ചെയ്യാനാകില്ല. രണ്ടാഴ്ച ഒരേ കിടപ്പായിരുന്നു. ഇനി ചെയ്യേണ്ട ശസ്ത്രക്രിയക്ക് വളരെ വലിയ തുക വേണം. വൃക്കകളുടെ പ്രവർ‍ത്തനം ഇപ്പോൾ‍ 23% മാത്രമാണ്. ശ്യാമിന്റെ അച്ഛൻ ശ്രീകുമാർ കൂലിപ്പണിക്കാരനാണ്. ധനമന്ത്രി തോമസ് ഐസക് സമൂഹമാധ്യമത്തിലെ കുറപ്പില്‍ ശ്യാമിന്റെ ജീവിതം പറഞ്ഞതോടെ നിരവധിപേരാണ് ശ്യാമിനെ തേടിയെത്തുന്നത്.

തോമസ് ഐസക്കിന്റെ കുറിപ്പ്:

തിരുവനന്തപുരം കോർപറേഷനിൽ പരിചയപ്പെട്ട ശ്യാം കുമാർ എന്ന സന്നദ്ധപ്രവർത്തകനെ കേരളമറിയണം. എംജി കോളജിലെ സൈക്കോളജി വിദ്യാർത്ഥിയാണ്. മുറിച്ചു കളഞ്ഞ വലതുകാലിനുപകരം കൃത്രിമകാലുപയോഗിച്ചാണ് നടക്കുന്നത്. ശരീരത്തിൽ ഡയാലിസിസിനാവശ്യമായ അഡാപ്റ്റർ. രണ്ടു മണിക്കൂർ‍ ഇടവിട്ട് ട്യൂബിട്ട് മൂത്രം എടുക്കണം. ഇതിനോടകം കഴിഞ്ഞത് പതിനാലു ശസ്ത്രക്രിയകൾ. ശരീരത്തിന്റെ ഈ പരിമിതികളൊന്നും വകവെയ്ക്കാതെ പ്രളയദുരിതാശ്വാസത്തിനുള്ള കളക്ഷൻ ക്യാമ്പിൽ തന്നാലാവുംവിധം കൈമെയ് മറന്ന് അധ്വാനിക്കുകയാണ് ശ്യാം. ശ്യാമിനെപ്പോലുള്ള നന്മയുടെ തുടിപ്പുകളാണ് അതിജീവനത്തിന്റെ തോണി തുഴയുന്നത്. അതു ലക്ഷ്യം കാണുകതന്നെ ചെയ്യും.

ഞാൻ ചെല്ലുമ്പോൾ വിവിധ സ്ഥലത്തേക്കു കൊണ്ടുപോകാനായി ദുരിതാശ്വാസ സാമഗ്രികൾ‍ പായ്ക്കു ചെയ്യുകയാണ് ശ്യാം കുമാർ. വലതു കാലിനുപകരം കൃത്രിമ കാലുപയോഗിച്ചു നടക്കുന്നു എന്ന കൗതുകത്തിലാണ് ശ്യാമിനോട് സംസാരിച്ചത്. ഈ കൃത്രിമ കാലുപയോഗിച്ച് അടുത്തകാലം വരെ സൈക്കിൾ ചവിട്ടുകയും നീന്തുകയുമൊക്കെ ചെയ്യുമെന്നറിയുമ്പോൾ സ്വാഭാവികമായും ആദരവും വിസ്മയവും തോന്നുമല്ലോ. കാട്ടാക്കടയിലെ വീട്ടിൽ‍ നിന്ന് തിരുവനന്തപുരം നഗരത്തിലേക്കു മാത്രമല്ല, പുറം ജില്ലകളിലേക്കു വരെ ശ്യാം സൈക്കിൾ‍ ചവിട്ടി പോയിട്ടുണ്ട്. ഈ അവസ്ഥയിലും തെങ്ങു കയറാനും ഫുട്ബോൾ‍ കളിക്കാനുമൊക്കെ ശ്യാമിന് ആവേശമായിരുന്നു.

പക്ഷേ, കൂടുതൽ സംസാരിച്ചപ്പോൾ കൗതുകം, അമ്പരപ്പും സങ്കടവും വേദനയും അത്ഭുതവുമൊക്കെയായി കൂടിക്കുഴഞ്ഞു. ശ്യാമിന്റെ ശരീരത്തിൽ‍ മൂന്നു വൃക്കകളുണ്ട്. ഡ്യൂപ്ലെക്സ് സിസ്റ്റം എന്ന് വൈദ്യശാസ്ത്ര വിദഗ്ധർ പറയും. വലതുവശത്ത് രണ്ടുവൃക്കകൾ‍ ഒന്നിനു മുകളിൽ‍ ഒന്നായി സ്ഥിതി ചെയ്യുന്നു. അതുകൊണ്ടുതന്നെ ഇവയുടെ പ്രവർ‍ത്തനം സാധാരണനിലയ്ക്കല്ല. ശ്യാമിന്റെ മൂത്രസഞ്ചിക്കാകട്ടെ മൂന്നു വയസ്സുകാരന്റെ മൂത്രസഞ്ചിയുടെ വലുപ്പമേയുള്ളു. അതിനാൽ വൃക്കകളിൽ‍ നിന്നും മൂത്രസഞ്ചിയിലെത്തുന്ന മൂത്രം കവിഞ്ഞ് തിരികെ വൃക്കകളിലേക്കു പടരും. റിഫ്ലെക്ട് ആക്ഷൻ‍ എന്നാണ് ഇതിനു പറയുന്നതെന്ന് ശ്യാം തന്നെ വിശദീകരിച്ചു തന്നു. ഇതുമൂലം മൂന്നാമത്തെ വൃക്കയും തകരാറിലായി. ട്യൂബ് ഉപയോഗിച്ചാണ് ഇപ്പോൾ‍ മൂത്രം പുറത്തേക്കെടുക്കുന്നത്.

ശ്യാമിന്റെ വലതുകാൽ‍ ജന്മനാ മടങ്ങിയ സ്ഥിതിയിലായിരുന്നു. കാല്‍ നിവർ‍ത്താനാകാതെ വന്നപ്പോൾ‍ ശസ്ത്രക്രിയ ചെയ്ത് നീക്കം ചെയ്തു. പത്താമത്തെ വയസ്സിലായിരുന്നു കാല്‍ മുറിച്ചുമാറ്റിയത്. ഇതിനോടകം പതിനാല് ശസ്ത്രക്രിയകൾ‍ നടത്തിക്കഴിഞ്ഞു. ആദ്യത്തെ പന്ത്രണ്ടെണ്ണത്തിനും ആരുടേയും സഹായം തേടിയില്ല. പക്ഷേ, പണച്ചെലവുണ്ടായ പതിമൂന്നും പതിനാലും ശസ്ത്രക്രിയകൾ‍ക്ക് സഹായം തേടേണ്ടി വന്നു. അച്ഛൻ ശ്രീകുമാർ കൂലിപ്പണിക്കാരനാണ്. മൂന്നുമാസമായി കോളജിൽ‍ പോകുമ്പോഴും മറ്റും മൂത്രം പോകാനുള്ള ട്യൂബും സഞ്ചിയുമൊക്കെ ശരീരത്തിലുണ്ടാകും.

ഇപ്പോൾ‍ കഠിനമായ പ്രവൃത്തികളൊന്നും ചെയ്യാൻ‍ ശ്യാമിനാകില്ല. ഭാരം ഉയർ‍‍ത്താനാകില്ല. കളക്ഷൻ‍ സെന്ററിൽ പായ്ക്കിങ്ങും കോർഡിനേഷനുമായി ശ്യാം ഓടിനടക്കുന്നു. രണ്ടുമൂന്നു ദിവസമായി ഉറക്കമിളച്ചുള്ള പണി. രോഗത്തിന്റെ മൂർ‍ധന്യാവസ്ഥ കാരണം ഇപ്പോൾ‍ സൈക്ലിങ് ഒന്നും ചെയ്യാനാകുന്നില്ലെന്നു പറയുമ്പോൾ‍ ശ്യാമിന്റെ കണ്ണു നിറയുകയും വാക്കുകൾ‍ ഇടറുകയും ചെയ്യുന്നുണ്ട്. രണ്ടാഴ്ച ഒരേ കിടപ്പായിരുന്നു.

ഇനി ചെയ്യേണ്ട ശസ്ത്രക്രിയക്ക് വളരെ വലിയ തുക വേണം. അത് സങ്കീർ‍ണമാണ്. വൃക്കകളുടെ പ്രവർ‍ത്തനം ഇപ്പോൾ‍ 23 ശതമാനം മാത്രം. 20 ശതമാനത്തിലേക്കു താഴ്ന്നാൽ‍ ഡയാലിസിസ് വേണ്ടിവരും. പല രോഗങ്ങൾക്കായി 30 ഗുളികയോളം ശ്യാം കഴിക്കുന്നുണ്ട്. എന്നിട്ടും തളരാതെയാണ് ട്യൂബ് ഘടിപ്പിച്ച ശരീരവുമായി ശ്യാം ദുരിതാശ്വാസ ക്യാംപിൽ‍ ഓടി നടക്കുന്നത്. ആ മനക്കരുത്തിനു മുന്നിൽ വിസ്മയം പൂകാനേ കഴിയൂ. ഇതുപോലുള്ള മനുഷ്യരുടെ ആത്മബലത്തോടെ കേരളം കരകയറുക തന്നെ ചെയ്യും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA