ADVERTISEMENT

തിരുവനന്തപുരം ∙ 2018 ലെ പ്രളയകാലത്തെന്നതു പോലെ വർഷമൊന്നു പിന്നിട്ടെത്തിയ വർഷകാലത്തും ആശ്വാസവർഷം ചൊരിഞ്ഞ് തലസ്ഥാനം. നഗരസഭയ്ക്കും ജില്ലാ ഭരണകൂടത്തിനുമൊപ്പം പ്രസ് ക്ലബ്, ടെക്നോപാർക്കിലെ പ്രതിധ്വനി തുടങ്ങിയ കൂട്ടായ്മകളും സേവനരംഗത്ത് സജീവം. തിരുവനന്തപുരം മേയർ വി.കെ.പ്രശാന്ത്, കലക്ടർ കെ.ഗോപാലകൃഷ്ണൻ തുടങ്ങിയവരാണ് ജില്ലാതല സന്നദ്ധപ്രവർത്തനങ്ങൾക്ക് മേല്‍നോട്ടം വഹിക്കുന്നത്.

ഗേറ്റ് മുതൽ മുറികൾ വരെ സാധനങ്ങൾ കൈമാറാൻ വിദ്യാർഥികളുടെ നീണ്ട നിര, വൊളന്റിയറായി റജിസ്റ്റർ ചെയ്യാനുള്ള കൗണ്ടറിന് ചുറ്റുമുള്ള ആൾക്കൂട്ടം, സാധനങ്ങൾ തരംതിരിച്ച് വേണ്ടതിന്റെ ലിസ്റ്റ് അപ്ഡേറ്റ് ചെയ്യുന്ന ഹെൽപ് ഡസ്ക്... എല്ലാറ്റിനും മേലേ പ്രളയത്തെപ്പോലും തോൽപ്പിക്കുന്ന ആവേശക്കടലായി ഒരു കൂട്ടം മനുഷ്യർ. തലസ്ഥാനത്തെ കലക്‌ഷൻ സെന്ററുകളിലെ കാഴ്ചയാണിത്.

flood-relief-thiruvananthapuram
കലക്‌ഷൻ സെന്ററിൽ അവശ്യവസ്തുക്കൾ തരംതിരിക്കുന്ന സന്നദ്ധപ്രവർത്തകർ.

ഒൻപതു മുതൽ ആരംഭിച്ച കേന്ദ്രങ്ങളിൽ അഞ്ചു ദിവസങ്ങൾക്കിപ്പുറവും ആവേശം ചോർന്നിട്ടില്ല. ആദ്യം അൽപം മടിച്ചു നിന്നെങ്കിലും രണ്ടാം ദിനം ഉണർവ് വീണ്ടെടുത്ത തലസ്ഥാനം ദുരന്തബാധിത പ്രദേശങ്ങളിലേക്ക് ഇതുവരെ കൈമാറിയത് അൻപതോളം ലോഡ് സ്നേഹം !

flood-relief-thiruvananthapuram1
കലക്‌ഷൻ സെന്ററിൽ അവശ്യവസ്തുക്കൾ തരംതിരിക്കുന്ന സന്നദ്ധപ്രവർത്തകർ.

വിശപ്പും ദാഹവും ഗൗനിക്കാതെയാണു കേന്ദ്രങ്ങളിൽ വൊളന്റിയർമാർ പണിയെടുക്കുന്നത്. ഫ്രഷ് ആകാൻ മാത്രം ഒന്നോടി വീട്ടിൽ പോയി വരുന്നു ചിലർ. സെന്ററുകളിൽ തന്നെ ഊഴമിട്ട് ഉറങ്ങുന്ന മറ്റു ചിലർ. ഭൂരിപക്ഷവും വിദ്യാർഥികളായ വൊളന്റിയർമാർക്ക് വിശപ്പും ദാഹവുമൊന്നും ഒരു വിഷയമേയല്ല. സന്നദ്ധ സംഘടനകൾ എത്തിച്ചു കൊടുക്കുന്ന ഭക്ഷണം പങ്കിട്ടു കഴിക്കാനെടുക്കുന്ന ഇത്തിരി നേരമൊഴിച്ചാൽ എത്രയും വേഗം സാധനങ്ങൾ എത്തിച്ചു കൊടുക്കാനുള്ള തിരക്കിലാണ് അവർ.

flood-relief-thiruvananthapuram2
കലക്‌ഷൻ സെന്ററിൽ അവശ്യവസ്തുക്കൾ തരംതിരിക്കുന്ന സന്നദ്ധപ്രവർത്തകർ.

ആശ്വാസം നിറച്ച് അൻപതിലധികം വാഹനങ്ങൾ

ജില്ലാ ഭരണകൂടത്തിന്റയും നഗരസഭയുടേയും മറ്റനേകം കലക്‌ഷൻ സെന്ററുകളിൽ നിന്നുമായി തലസ്ഥാനത്ത് നിന്ന് ഇതുവരെ ദുരന്തബാധിത പ്രദേശങ്ങളിലേക്ക് സാധനങ്ങളുമായി പോയത് അൻപതിൽ അധികം വാഹനങ്ങളാണ്.

ആദ്യ ദിനങ്ങളിലെ തണുപ്പൻമട്ടു വിട്ട് ആളുകൾ എത്തുകയും കൂടുതൽ വിദ്യാർഥികൾ വൊളന്റിയർമാരായി സെന്ററുകളിലേക്ക് എത്തുകയും ചെയ്തതോടെ ജില്ലയിലെ പ്രവർത്തനങ്ങൾക്ക് മുഴുവൻ ആവേശത്തിന്റെ താളമായി.

പക്ഷേ, സാധനങ്ങളുമായി ക്യാംപുകളിലേക്ക് പോയവർ ആവർത്തിച്ചു പറയുന്നത് ഇനിയും ഒരുപാട് ചെയ്യേണ്ടതുണ്ട് എന്നാണ്. രണ്ടേമുക്കാൽ ലക്ഷത്തിലധികം ജനങ്ങളാണ് ക്യാംപുകളിലുള്ളത്. വീടും നാടും ബന്ധുക്കളെയും നഷ്ടപ്പെട്ടവരുണ്ട്. ജീവിതത്തിലേക്ക് കേരളത്തെ തിരിച്ചു പിടിക്കാൻ നമുക്ക് ആവേശം ചോരാതെ നോക്കിയേ കഴിയൂ എന്ന ചിന്താശകലവുമായാണ് വൊളന്റിയർമാർ സജീവമാകുന്നത്.

മലനാടിന് കടൽത്താങ്ങു പകർന്ന് തീരദേശം

‘മലനാടിനൊരു കടൽത്താങ്ങ്’ എന്ന ഹാഷ്ടാഗുമായി ‘കോസ്റ്റൽ സ്റ്റുഡന്റ്സ് കൾചറൽ ഫോറം’ പ്രവർത്തകർ രണ്ടു ദിവസമായി തീരപ്രദേശത്തെ വീടുകൾ കയറിയിറങ്ങുകയായിരുന്നു. കേരളത്തെ കഴിഞ്ഞ മഹാപ്രളയത്തിൽ നിന്നു കൈപിടിച്ചു കയറ്റിയ കേരളത്തിന്റെ സ്വന്തം സൈന്യമായ മത്സ്യത്തൊഴിലാളികളുടെ വീടുകളിൽ.

തുടർച്ചയായ കടൽക്ഷോഭം വിതച്ച ഇല്ലായ്മകൾക്കിടയിലും തീരദേശം പ്രളയബാധിതർക്കായി സ്വരുക്കൂട്ടിയത് ഒരു വലിയ ലോഡ് നിറയെ അവശ്യവസ്തുക്കൾ. വീട്ടിലെ പലചരക്കു സാധനങ്ങളിൽ നിന്ന് ഒരു പങ്ക് വരെ എടുത്തു തന്നവരുണ്ട് ആ കൂട്ടത്തിൽ. തേങ്ങയും അരിയും ഉൾപ്പെടെയുള്ള വസ്തുക്കൾ, മിച്ചം പിടിച്ച സമ്പാദ്യങ്ങളിൽ നിന്ന് വാങ്ങിയ സാധനങ്ങൾ.

അങ്ങനെയാണ് ഒരു ലോഡ് നിറയ്ക്കാനായത്. സാധനങ്ങൾ എത്തിക്കാൻ വണ്ടി ലഭിക്കാതെ ഒരു ദിനം കാക്കേണ്ടി വന്നു പ്രവർത്തകർക്ക്. ഒടുവിൽ ഇന്ധനം നിറച്ചു കൊടുക്കാൻ സ്പോൺസറെ കണ്ടെത്തിയതോടെ ചൊവ്വാഴ്ച ദുരിതാശ്വാസ ക്യാംപുകളിലേക്ക് ലോഡ് പുറപ്പെട്ടു. രക്ഷാപ്രവർത്തനവും ദുരിതാശ്വാസവുമായി നാടിനെ വിടാതെ ചേർത്തുപിടിക്കുമെന്നു വിളിച്ചുപറയുകയാണു കടലിന്റെ മക്കൾ.

സഹായമെത്തിക്കാൻ റെയിൽവേയും

ദുരിതബാധിതർക്കു സഹായമെത്തിക്കാൻ കൈകോർത്തു റെയിൽവേയും. കേരളത്തിലെ എല്ലാ പ്രധാനപ്പെട്ട റെയിൽവേ സ്റ്റേഷനുകളിലെന്നപോലെ തിരുവനന്തപുരത്തും കലക്‌ഷൻ സെന്റർ തുറന്നു. റെയിൽവേയുടെ പാഴ്സൽ സർവീസ് വഴിയാണു സാധനങ്ങൾ അതതു ജില്ലകളിലേക്ക് എത്തിക്കുക.

ശേഖരിച്ച വസ്തുക്കൾ കൊണ്ടുപോകാൻ വാഹനമില്ലാത്തവർക്കായി സൗജന്യ സേവനവും റെയിൽവേ ആരംഭിച്ചിട്ടുണ്ട്. കലക്ടറുടെ കത്തുണ്ടെങ്കിൽ സെന്ററുകൾ സമാഹരിച്ച വസ്തുക്കൾ ജില്ലകളിൽ എത്തിക്കും. അവിടെ കലക്ടറോ ബന്ധപ്പെട്ട ഉദ്യോഗസ്ഥരോ അത് ഏറ്റുവാങ്ങണം.

ഉദ്യോഗസ്ഥരുടെ കത്തില്ലാതെയും സേവനം ഉപയോഗപ്പെടുത്താം. പ്രളയദുരിതാശ്വാസ സാധനങ്ങൾ കയറ്റി അയയ്ക്കുന്നതിനു തുച്ഛമായ തുക മാത്രമാണു റെയിൽവേ ഈടാക്കുന്നത്. തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ ചൊവ്വാഴ്ച പ്രവർത്തനം ആരംഭിച്ച കലക്‌ഷൻ സെന്ററിൽ നിന്നു നിലമ്പൂരിലെ ക്യാംപുകളിലേക്കാണ് ആദ്യത്തെ ലോഡ് കൈമാറുന്നത്.

കടകൾ കയറിയിറങ്ങി; കവറുകളെല്ലാം നിറഞ്ഞു

‘‘ചാല മാർക്കറ്റിലെ എല്ലാ കടയിലും മഴയത്തും ഞങ്ങൾ കയറിയിറങ്ങി. നേരത്തെ കൊടുത്തെന്ന് ചിലരൊക്കെ പറഞ്ഞു. എന്നാലും ഒരു കൂട് മെഴുകുതിരിയെങ്കിലും ആരും തരാതിരുന്നില്ല. കുട്ടികളല്ലേയെന്നു കരുതി സ്നേഹത്തോടെയാണ് എല്ലാവരും പെരുമാറിയത്. കൊണ്ടുപോയ കവറുകളെല്ലാം നിറഞ്ഞു.’’ ചാല ഗവ.തമിഴ് എച്ച്എസ്എസിലെ പ്ലസ് വൺ വിദ്യാർഥിയും നാഷനൽ സർവീസ് സ്കീം അംഗവുമായ പ്രണവിന്റെ വാക്കുകളിൽ നിറയെ ആവേശം.

sivakumar-flood-relief
പ്രളയബാധിതരുടെ സഹായത്തിനായി വി.എസ്.ശിവകുമാർ എംഎൽഎ കലക്‌ഷൻ സെന്ററിലേയ്ക്ക് സാമഗ്രികൾ സമാഹരിക്കുന്നു.

എൻഎസ്എസ് യൂണിറ്റുകൾ സംയുക്തമായി ആരംഭിച്ച കലക്‌ഷൻ സെന്ററിന്റെ ഭാഗമായാണ് ഇവിടത്തെ വിദ്യാർഥികൾ ചാല മാർക്കറ്റിലും സമീപത്തെ വീടുകളിലും സാധനങ്ങൾക്കായി കയറിയിറങ്ങിയത്. സ്കൂളിലേക്ക് സാധനങ്ങൾ ഒരുപാട് എത്താതായതോടെ രാവിലത്തെ മഴയിലും സമാഹരണത്തിനായി ഇറങ്ങാൻ കുട്ടികൾ തീരുമാനിക്കുകയായിരുന്നു.

ഓരോ കടയിലും കയറിയിറങ്ങി വസ്ത്രങ്ങളും ബിസ്കറ്റും സോപ്പും പേസ്റ്റും ഒക്കെയായി ഒരുപാട് വസ്തുക്കൾ ശേഖരിക്കാനായി. ജില്ലയിലെ വിവിധ എൻഎസ്എസ് യൂണിറ്റുകൾ ശേഖരിച്ച വസ്തുക്കൾ ഒരുമിച്ച് വ്യാഴാഴ്ച ദുരിതാശ്വാസ ക്യാംപുകളിലേക്ക് അയയ്ക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com