ADVERTISEMENT

വ്‌ളാഡിമിര്‍ പുടിന്‍ വിജയിക്കുമ്പോഴെല്ലാം അദ്ദേഹം എതിരാളികളെ മലര്‍ത്തിയടിച്ചെന്നാണ് ആലങ്കാരികമായി പറയാറ്. ജൂഡോയിലും കരാട്ടേയിലും ബ്ലാക്ക്‌ബെല്‍റ്റുള്ള, ഒഴിവുവേളകളില്‍ ഇപ്പോഴും സ്ഥിരമായി പരിശീലനം നടത്തുന്ന മസില്‍ മനുഷ്യനു പക്ഷേ, റഷ്യയില്‍ എതിരാളികള്‍ ഇല്ലെന്നതാണു സത്യം. പ്രതിയോഗികള്‍ ഉണ്ട്. പക്ഷേ, പ്രയോജനമില്ല. ഇന്റലിജന്‍സ് ഓഫിസറില്‍നിന്നു റഷ്യയുടെ അമരത്തെത്തിയിട്ട് ഇരുപതാണ്ട് പിന്നിടുമ്പോഴും അജയ്യനാണു പുടിന്‍. കഴിഞ്ഞ വര്‍ഷം നാലാം തവണയും പ്രസിഡന്റായപ്പോള്‍ വീണുകിട്ടിയത് 'പുടിന്‍ 4.0' എന്ന വിളിപ്പേര്. പുടിനു ലഭിച്ചത് 76.67% വോട്ട്. 21 കിലോഗ്രാം തൂക്കമുള്ള ഉലക്കമീനിനെ ഒറ്റയ്ക്കു പിടിച്ച സാഹസികന്‍, കടുവാസങ്കേതത്തിലെത്തിയ സന്ദര്‍ശകര്‍ക്കുനേരെ ചാടുന്ന സൈബീരിയന്‍ കടുവയെ ഒതുക്കുന്ന ലാഘവത്തോടെ വിമതരുടെ യാഗാശ്വങ്ങളെ പിടിച്ചുകെട്ടുന്നു. അധികാരത്തില്‍ ഓരോതവണയും പുതിയ അവതാരമെടുത്തു കരുത്തു പതിന്മടങ്ങാക്കുന്നു.

Russia BRICS Summit
ചൈനീസ് പ്രസിഡന്റ് ഷീ ചിൻപിങ്ങിനൊപ്പം വ്‌ളാഡിമിര്‍ പുടിന്‍

രാജ്യത്തിന്റെ ചരിത്രം തന്നെ മാറ്റിക്കുറിച്ച് വ്‌ളാഡിമിര്‍ പുടിന്‍ എന്ന രഹസ്യാന്വേഷണ ഉദ്യോഗസ്ഥന്‍ റഷ്യ അടക്കിവാഴാന്‍ തുടങ്ങിയിട്ട് ഇരുപതാണ്ട് പൂര്‍ത്തിയാകുമ്പോഴും മറ്റൊരു പേരും ഉയര്‍ന്നു കേള്‍ക്കുന്നില്ല. പ്രധാനമന്ത്രിയായും പ്രസിഡന്റായും രണ്ടു പതിറ്റാണ്ട് അധികാരത്തിന്റെ ചെങ്കോല്‍ ഈ കൈകളില്‍ സുരക്ഷിതം. 1999 ഓഗസ്റ്റ് 9-നാണ് അന്നത്തെ പ്രസിഡന്റ് ബോറിസ് യെല്‍സിന്‍, ആഭ്യന്തര രഹസ്യാന്വേഷണ വിഭാഗത്തിന്റെ തലവനായിരുന്ന പുടിനെ ആക്ടിങ് പ്രധാനമന്ത്രിയായി നിയമിക്കുന്നത്. പുടിന്റെ മുന്‍ഗാമികള്‍ പലരും വളരെ കുറച്ചുകാലം മാത്രം തുടര്‍ന്ന പദവി. യെല്‍സിന്റെ കാലയളവില്‍ തന്നെ മൂന്നു പ്രധാനമന്ത്രിമാരാണ് സാമ്പത്തിക തകര്‍ച്ചയില്‍ വലഞ്ഞ് രാജിവച്ചൊഴിഞ്ഞത്.

Vladimir Putin
വ്‌ളാഡിമിര്‍ പുടിന്‍ ക്രിമിയയിൽ

1952 ഒക്ടോബര്‍ ഏഴിനു ലെനിന്‍ഗ്രാഡില്‍ (ഇപ്പോള്‍ സെന്റ് പീറ്റേഴ്‌സ്ബര്‍ഗ്) ഫാക്ടറി തൊഴിലാളിയുടെ മകനായാണു പുടിന്റെ ജനനം. തന്റെ മുത്തച്ഛന്‍ സോവിയറ്റ് നേതാക്കളായ ലെനിന്റെയും സ്റ്റാലിന്റെയും പാചകക്കാരനായിരുന്നെന്ന് അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. ലെനിന്‍ഗ്രാഡ് സര്‍വകലാശാലയില്‍ നിയമപഠനത്തിനുശേഷം 1975ല്‍ റഷ്യന്‍ രഹസ്യാന്വേഷണ വിഭാഗത്തില്‍ (കെജിബി) ഇന്റലിജന്‍സ് ഓഫിസറായി. ലെനിന്‍ഗ്രാഡിലെത്തുന്ന വിദേശസന്ദര്‍ശകരുടെമേല്‍ ചാരക്കണ്ണുമായി പ്രതിഭ തെളിയിച്ചുകഴിഞ്ഞാണു രാഷ്ട്രീയത്തിലിറങ്ങിയത്. ഇന്റലിജന്‍സ് വിഭാഗത്തിലെ ഉദ്യോഗകാലത്തു ജര്‍മനും ഇംഗ്ലിഷും പഠിച്ചു. 1991ല്‍, ലെനിന്‍ഗ്രാഡ് മേയറായി മല്‍സരിച്ച അനറ്റൊലി സോബ്ചകിന്റെ ഉപദേശകനായാണു രാഷ്ട്രീയപ്രവേശം. ഇദ്ദേഹത്തിന്റെ മകളാണ് ഇത്തവണത്തെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ പുടിന്റെ എതിര്‍സ്ഥാനാര്‍ഥികളിലൊരാളായിരുന്ന സെനിയ സോബ്ചക്. അനറ്റൊളി സോബ്ചക് അന്നത്തെ തിരഞ്ഞെടുപ്പു ജയിച്ചു മേയറായപ്പോള്‍ പുടിന്‍ രഹസ്യാന്വേഷണവിഭാഗം വിട്ടു.

ചർച്ചകൾക്കുശേഷം വിരുന്നിൽ പങ്കെടുക്കുന്ന കിം ജോങ് ഉന്നും വ്ളാഡിമിർ പുടിനും.
ഉത്തര കൊറിയൻ ഏകാധിപതി കിം ജോങ് ഉന്നും വ്‌ളാഡിമിര്‍ പുടിനും

ആറു വര്‍ഷം കഴിഞ്ഞ്, 1997ല്‍ പ്രസിഡന്റ് ബോറിസ് യെല്‍സിന്റെ കീഴിലുള്ള സര്‍ക്കാരിലെ ഉന്നത ഉദ്യോഗസ്ഥനായി അദ്ദേഹം ഉദിച്ചുയര്‍ന്നു. 1999 ഓഗസ്റ്റില്‍ യെല്‍സിന്‍ പുടിനെ റഷ്യന്‍ പ്രധാനമന്ത്രിയാക്കി. അതേവര്‍ഷം ഡിസംബറില്‍ അപവാദങ്ങളെത്തുടര്‍ന്നു യെല്‍സിന്‍ അധികാരമൊഴിഞ്ഞപ്പോള്‍ അദ്ദേഹം ആക്ടിങ് പ്രസിഡന്റായി. 2000 മാര്‍ച്ചില്‍ റഷ്യന്‍ പ്രസിഡന്റായി. 2004ല്‍ വീണ്ടും പ്രസിഡന്റായി. 2008ല്‍ പ്രധാനമന്ത്രിയായി. 2012ല്‍ മൂന്നാം തവണ പ്രസിഡന്റായി. തുടര്‍ച്ചയായി രണ്ടു തവണയിലേറെ പ്രസിഡന്റാകുന്നതിനാണു റഷ്യയില്‍ വിലക്ക്.

Vladimir Putin
വ്‌ളാഡിമിര്‍ പുടിന്‍

'ഇരുമ്പുമറ'യിട്ടു വ്യക്തിജീവിതത്തിന്റെ സ്വകാര്യത സൂക്ഷിക്കുന്ന വ്യക്തിയാണു വ്‌ളാഡിമിര്‍ പുടിന്‍. മുപ്പതു വര്‍ഷത്തെ ദാമ്പത്യത്തിനുശേഷം ഭാര്യ ലുഡ്മിളയില്‍നിന്നു വിവാഹമോചനം നേടിയതു 2014ല്‍. ഈ ബന്ധത്തില്‍ രണ്ടു പെണ്‍മക്കളുണ്ട് യെകാതറീന, മരിയ. ഒളിംപിക് ജിംനാസ്റ്റിക് താരം അലീന കബയേവയെ പുടിന്‍ വിവാഹം കഴിച്ചതായ വാര്‍ത്തകള്‍ വിവാദമായിരുന്നു. റഷ്യയ്ക്കു വീരനായകനും പടിഞ്ഞാറിനു വില്ലനുമാണു പുടിന്‍. റഷ്യന്‍ ഇരട്ടച്ചാരന്‍ സെര്‍ഗെയ് സ്‌ക്രീപലിനെ ബ്രിട്ടനില്‍ വിഷരാസവസ്തു പ്രയോഗിച്ചു വധിക്കാന്‍ ശ്രമിച്ചതു പുടിന്റെ അറിവോടെയെന്ന ആരോപണങ്ങളാണ് ഏറ്റവും പുതിയത്.

Vladimir Putin, Narendra Modi
ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം വ്‌ളാഡിമിര്‍ പുടിന്‍

യുക്രെയ്‌നിലെ ക്രൈമിയ 2014 മാര്‍ച്ച് 18നു റഷ്യയുടെ ഭാഗമായതു പടിഞ്ഞാറന്‍ രാജ്യങ്ങള്‍ നോക്കിനില്‍ക്കുമ്പോള്‍. സിറിയയിലെ യുദ്ധക്കുറ്റങ്ങളുമായി ബന്ധപ്പെട്ട് യുഎന്‍ സുരക്ഷാസമിതിയില്‍ പ്രമേയം വന്നപ്പോഴെല്ലാം പ്രസിഡന്റ് ബഷാര്‍ അല്‍ അസദിനെ രക്ഷിക്കാനായി 11 തവണയാണു റഷ്യ വീറ്റോ അധികാരം പ്രയോഗിച്ചത്. യുഎസിലും ഫ്രാന്‍സിലും പ്രസിഡന്റ് തിരഞ്ഞെടുപ്പുപ്രചാരണക്കാലത്ത് റഷ്യന്‍ സൈബര്‍ ആക്രമണങ്ങള്‍ നടന്നതായും ആരോപിക്കപ്പെടുന്നു. ശത്രുക്കളാരെന്നു തിരിച്ചറിയുകയും അവരെയെല്ലാം നിഷ്‌ക്രിയരാക്കുകയും കലയാണു രാഷ്ട്രീയമെന്നു പറഞ്ഞ ഇവാന്‍ ഇല്‍യിനിന്റെ തത്വചിന്തയാണു വ്‌ളാഡിമിര്‍ പുടിന്റെ വഴിവിളക്ക്.

Vladimir Putin
വ്‌ളാഡിമിര്‍ പുടിന്‍ ക്രിമിയയിൽ

അധികാരത്തിലെത്തിയ ശേഷം ആഭ്യന്തര ഭീകരവാദത്തോടു സ്വീകരിച്ച വിട്ടുവീഴ്ചയില്ലാത്ത നിലപാടുകളാണ് പുടിനു സ്വീകാര്യത നല്‍കിയത്. 1999 സെപ്റ്റംബറില്‍ റഷ്യയിലെ നിരവധി നഗരങ്ങളില്‍ ബോംബാക്രമണങ്ങളില്‍ നൂറുകണക്കിനു പേര്‍ മരിച്ചുവീണു. അതിശക്തമായി തിരിച്ചടിക്കാന്‍ പുടിന്‍ ആഹ്വാനം ചെയ്തു. ചെച്‌നിയന്‍ തലസ്ഥാനത്ത് റഷ്യന്‍ സേന ശക്തമായ ആക്രമണം അഴിച്ചുവിട്ടു. ഇസ്‌ലാമിക ഭീകരരാണ് റഷ്യയിലെ ആക്രമണത്തിനു പിന്നിലെന്ന് രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തി. എന്നാല്‍ റഷ്യന്‍ ചാരസംഘടനകള്‍ തന്നെയാണ് ആക്രമണത്തിനു പിന്നിലെന്ന് പുടിന്റെ എതിരാളികളായ, നാടുകടത്തിയ കോടീശ്വരന്‍ ബോറിസ് ബെരെസോവ്‌സ്‌കിയും മുന്‍ റഷ്യന്‍ ചാരനായ അലക്‌സാണ്ടര്‍ ലിത്‌വിനെങ്കോയും പ്രചരിപ്പിച്ചു.

Vladimir Putin
വ്‌ളാഡിമിര്‍ പുടിന്‍ ഫ്രാൻസിസ് മാർപാപ്പയ്ക്കൊപ്പം

2013-ല്‍ ബെരെസോവ്‌സ്‌കിയെ ബ്രിട്ടനിലെ ബംഗ്ലാവില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ആത്മഹത്യയാണെന്നായിരുന്നു വിലയിരുത്തല്‍. ലിത്‌വിനെങ്കോയാകട്ടെ ലണ്ടനില്‍ പൊളോണിയം-210 ഉള്ളില്‍ ചെന്നു മരിച്ചു. എന്തായാലും ചെച്‌നിയയില്‍ നടത്തിയ ആക്രമണങ്ങളോടെ രാജ്യം പുടിനു പിന്നില്‍ ഒറ്റക്കെട്ടായി. സാമ്പത്തികമായി തകര്‍ന്ന രാജ്യം അതിജീവനത്തിനുള്ള കൈത്താങ്ങായി പുടിനെ കണ്ടു. എസ് യു-27 ജെറ്റ് വിമാനം പറത്തി ചെച്‌നിയന്‍ തലസ്ഥാനത്തേക്കു പറന്നതുള്‍പ്പെടെ വീരഗാഥകള്‍ നാടെങ്ങും പരന്നു.

ഭീകരതയ്‌ക്കെതിരായ പോരാട്ടത്തിന്റെ കരുത്തില്‍

Vladimir Putin
വ്‌ളാഡിമിര്‍ പുടിന്‍

ലോകനേതാവെന്ന തരത്തിലേക്കു പുടിന്‍ വളര്‍ന്നുകയറി. 9/11 ആക്രമണത്തിനു ശേഷം അമേരിക്കന്‍ പ്രസിഡന്റായിരുന്ന ജോര്‍ജ് ബുഷിനെ ആദ്യം വിളിച്ച ലോകനേതാവ് പുടിന്‍ ആയിരുന്നു. അഫ്ഗാന്‍ അധിനിവേശത്തിനായി മധ്യഏഷ്യയില്‍ അമേരിക്കന്‍ സൈനിക സാന്നിധ്യം ശക്തമാക്കാന്‍ റഷ്യ സമ്മതം മൂളി. ഇതോടെ റഷ്യന്‍ വ്യോമാതിര്‍ത്തിയിലൂടെ അമേരിക്കന്‍ സൈന്യത്തിന് അഫ്ഗാനിലേക്കു പറക്കാന്‍ കഴിഞ്ഞു. ശീതയുദ്ധകാലത്ത് ആലോചിക്കാന്‍ പോലും കഴിയാത്ത കാര്യമായിരുന്നു ഇത്. എന്നാല്‍ പിന്നീട് ബാലിസ്റ്റിക് മിസൈല്‍ പ്രതിരോധ സംവിധാനം വിന്യസിക്കാനുള്ള യുഎസ് നീക്കത്തെ പുടിന്‍ എതിര്‍ത്തു.

2014-ല്‍ റഷ്യ, ക്രീമിയ കീഴടക്കിയതോടെ അമേരിക്കയും സഖ്യരാജ്യങ്ങളും അതിശക്തമായ ഉപരോധന നടപടികളുമായി രംഗത്തെത്തി. എന്നാല്‍ പുടിന്‍ വഴങ്ങാന്‍ കൂട്ടാക്കിയില്ല. കടുത്ത സാമ്പത്തിക അച്ചടക്ക നടപടികളിലൂടെ ഇതിനെ മറികടക്കാനായിരുന്നു പുടിന്റെ തീരുമാനം. ഏറെക്കുറെ വിജയകരമായി നടപ്പാക്കാന്‍ പുടിനു കഴിയുകയും ചെയ്തു. ആറു വര്‍ഷത്തെ കാലാവധി കഴിഞ്ഞ് 2024-ല്‍ പുടിന് അധികാരം വിട്ടൊഴിയേണ്ടിവരും. എന്നാല്‍ ചൈനയില്‍ ഷീ ചിൻപിങ് തുടരുന്നതു പോലെ പുടിനും അധികാരത്തിലുണ്ടാകുമെന്നാണു നിരീക്ഷകരുടെ വിലയിരുത്തൽ.

English Summary: Vladimir Putin has dominated Russia for 20 years. Will he ever step down?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com