ADVERTISEMENT

ന്യൂഡൽഹി∙ ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ഭരണഘടനയുടെ 370-ാം അനുച്ഛേദം ഭേദഗതി ചെയ്തതിനു പിന്നാലെ കശ്മീരിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളെ ന്യായീകരിച്ച് ആഭ്യന്തര മന്ത്രാലയം. കശ്മീരിലെ നിയന്ത്രണങ്ങൾ ജനങ്ങളുടെ സുരക്ഷിത്വത്തിനും സ്വൈര്യജീവിതത്തിനും വേണ്ടിയാണെന്നും സമാധാനം പുനഃസ്ഥാപിക്കാനായാൽ നിയന്ത്രണങ്ങൾ ഘട്ടംഘട്ടമായി അവസാനിപ്പിക്കുമെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. സുപ്രീംകോടതിയിലും സമാനമായ നിലപാടാണ് കേന്ദ്രസർക്കാർ സ്വീകരിച്ചിരുന്നത്. ജമ്മുവില്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരുന്ന എല്ലാ നിയന്ത്രണങ്ങളും പിന്‍വലിച്ചു. എന്നാല്‍ കശ്മീരില്‍ ചില ഭാഗങ്ങളില്‍ കുറച്ചുനാള്‍ കൂടി നിയന്ത്രണം തുടരുമെന്നു മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ അറിയിച്ചു. കശ്മീരില്‍ സ്ഥിതിഗതികള്‍ ശാന്തമാണെന്നും അദ്ദേഹം പറഞ്ഞു.

ജമ്മുകശ്മീരിൽ ജനങ്ങളെ സർക്കാർ ബന്ദികളാക്കിയെന്ന പ്രചാരണം വസ്തുതാവിരുദ്ധമാണെന്നും മേഖലയിൽ സമാധാനം പുലരാൻ സർക്കാർ കൈകൊണ്ട സാധാരണ നടപടികൾ മാത്രമാണെന്നും കേന്ദ്രം വിശദീകരിച്ചു. 2016 ൽ  ഹിസ്‌ബുള്‍ ഭീകരനായ ബുര്‍ഹാന്‍ വാനിയെ സൈന്യം വധിച്ചതിനെത്തുടർന്ന് ഉണ്ടായ കലാപങ്ങളിൽ 47 പേരാണ് അന്ന് കൊല്ലപ്പെട്ടത്. അന്ന് നിയന്ത്രണങ്ങൾ മൂന്നുമാസമാണ് നീണ്ടുനിന്നത്.

ഒരാളുടെയും ജീവൻ പോലും നഷ്ടമാകരുതെന്നാണ് സർക്കാരിന്റെ ആഗ്രഹം. ഇക്കുറി ഒരു ജീവൻ പോലും നഷ്ടപ്പെട്ടിട്ടില്ല. മനുഷ്യാവകാശ ലംഘനങ്ങള്‍ ഉണ്ടാകുന്നില്ലെന്ന്‌ ഉറപ്പാക്കുമെന്നും ആഭ്യന്തര മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥൻ ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി. 

ജമ്മു കശ്മീരിൽ സർക്കാർ കൈക്കൊണ്ട തീരുമാനം ദേശീയതാൽപര്യം മുൻനിർത്തിയാണെന്നും അല്ലാതെ രാഷ്ട്രീയമല്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയും അഭിപ്രായപ്പെട്ടു. സ്ഥാപിത താൽപര്യക്കാരാണ് ജമ്മുകശ്മീരിൽ നടപ്പാക്കിയ വിപ്ലവകരമായ തീരുമാനത്തെ എതിർക്കുന്നതെന്ന് നരേന്ദ്ര മോദി വാർത്താഏജൻസിക്കു നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

"കശ്മീരിന്‍റെ കാര്യത്തിൽ കൈക്കൊണ്ട തീരുമാനത്തെ എതിർക്കുന്ന ആളുകളെ നോക്കൂ, ഭരണം കൊതിക്കുന്ന ചില ആളുകൾ, രാഷ്ട്രീയമേധാവിത്വം ഉള്ളവർ, ഭീകരവാദത്തോട് അനുകമ്പയുള്ളവർ, പ്രതിപക്ഷത്തിന്‍റെ ചില സുഹൃത്തുക്കൾ– എന്നാൽ ഇന്ത്യയിലെ ജനങ്ങൾ രാഷ്ട്രീയത്തിന് അതീതമായി ജമ്മുകശ്മീരിന്റെയും ലഡാക്കിന്റെയും കാര്യത്തിൽ കേന്ദ്രം എടുത്ത തീരുമാനങ്ങളെ പിന്തുണയ്ക്കുന്നവരാണ്. ജമ്മുകശ്മീരിലെ വിപ്ലവകരമായ തീരുമാനം രാഷ്ട്രീയമല്ല, രാജ്യസുരക്ഷയുടെയും ദേശീയതയുടെയും കാര്യമാണെന്നും നരേന്ദ്ര മോദി അഭിമുഖത്തിൽ പറഞ്ഞു. 

Narendra Modi, Amit Shah
നരേന്ദ്ര മോദി, അമിത് ഷാ

ഇനിമുതൽ ഇവിടെ വികസനം വരും. 70 വർഷം ഇവിടത്തെ ജനങ്ങൾ തീരാദുരിതം അനുഭവിച്ചു, അനാവശ്യ നിയന്ത്രണങ്ങൾ ഇവർക്കുമേൽ അടിച്ചേൽപ്പിക്കപ്പെട്ടു. വികസനം ഇവരിൽ നിന്ന് ഏറെ അകലെയായിരുന്നു. ഇനി കാര്യങ്ങൾ മാറുകയാണ്. വികസനം സാധ്യമാക്കാൻ ഞങ്ങൾക്ക് ഒരു അവസരം നൽകൂ" - പ്രധാനമന്ത്രി പറഞ്ഞു. നിയന്ത്രണങ്ങള്‍ പിന്‍വലിച്ച്‌ ജമ്മു കശ്‌മീരില്‍ സാധാരണനില പുനഃസ്‌ഥാപിക്കാന്‍ കേന്ദ്ര സര്‍ക്കാരിനു ന്യായമായ സാവകാശം നല്‍കുകയാണ്‌ ഉചിതമെന്നു സുപ്രീം കോടതിയും അഭിപ്രായപ്പെട്ടിരുന്നു.

അപ്രഖ്യാപിത കര്‍ഫ്യൂ പിന്‍വലിക്കുക, സാമൂഹിക മാധ്യമങ്ങള്‍ക്കും ടിവി ചാനലുകള്‍ക്കും മറ്റും ഏര്‍പ്പെടുത്തിയ നിയന്ത്രണം നീക്കുക, കരുതല്‍ തടങ്കലിലുള്ള നേതാക്കളെ മോചിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച്‌ തെഹ്‌സിന്‍ പൂനാവാല സമര്‍പ്പിച്ച ഹര്‍ജിയിലെ വാദത്തിനിടെയായിരുന്നു ജസ്‌റ്റിസ്‌ അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ചിന്റെ നിരീക്ഷണം.

ഓഗസ്റ്റ് 15 നുശേഷം  ജമ്മുകശ്മീരില്‍ സാഹചര്യങ്ങള്‍ക്കനുസരിച്ച്  നിരോധനാജ്ഞയും കടുത്ത നിയന്ത്രണങ്ങളും ഘട്ടംഘട്ടമായി ഇളവ് ചെയ്യുമെന്ന് ജമ്മുകശ്മീര്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി രോഹിത് കൻസാൽ പറഞ്ഞു.  നിരോധനാജ്ഞ നിലനില്‍ക്കെ തന്നെ ജമ്മുകശ്മീരില്‍ എല്ലാ ജില്ലകളിലും സ്വാതന്ത്ര്യ ദിനാഘോഷം വിപുലമായി നടത്താനാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. 

English Summary: J&K Restrictions To Prevent Deaths, Removal In Phases, Says Government

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com