ADVERTISEMENT

മലപ്പുറം ∙ ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് വന്‍ ദുരന്തമുണ്ടായ മലപ്പുറം കവളപ്പാറയില്‍ ഒരു മൃതദേഹംകൂടി കണ്ടെടുത്തു. 31 മൃതദേഹങ്ങളാണ് ഇതുവരെ കണ്ടെടുത്തത്. 28 പേരെ ഇനി കണ്ടെത്താനുണ്ട്. ഇന്നു ഡ്രോണ്‍ ഉപയോഗിച്ചു തിരച്ചില്‍ നടത്തും. തിരച്ചിലിൽ സജീവമായുണ്ടായിരുന്ന സൈന്യം ജോലി നിർത്തി മറ്റു സ്ഥലങ്ങളില്‍ സേവനത്തിനു പോയത് കവളപ്പാറയിലെ തിരച്ചിലിനെ അൽപം ബാധിച്ചിട്ടുണ്ട്.

സംസ്ഥാനത്തു മഴയുടെ തീവ്രത കുറഞ്ഞു. ഇന്ന് ഒരു ജില്ലയിലും റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടില്ല. മൂന്നു ജില്ലകളിൽ ഓറഞ്ച് അലർട്ട് ഉണ്ട്. മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിലാണ് ജാഗ്രതാ നിർദേശം. 24 മണിക്കൂറിൽ ഏറ്റവും ഉയർന്ന മഴ രേഖപ്പെടുത്തിയത് ചാലക്കുടിയിലാണ്, 16 സെന്റിമീറ്റർ. പീരുമേട്ടില്‍ 15, കൊച്ചിയില്‍ 10 സെന്റിമീറ്റർ മഴ രേഖപ്പെടുത്തി.

മധ്യകേരളത്തിലും വടക്കൻ ജില്ലകളിലും പരക്കെ മഴ കിട്ടും. ഒറ്റപ്പെട്ട കനത്ത മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. 20 സെന്റിമീറ്ററിന് മുകളിലുള്ള അതിതീവ്ര മഴ ഉണ്ടാകാനിടയില്ല. കണ്ണൂരില്‍ നേരിയ മഴയും കാസര്‍കോട് ചാറ്റല്‍ മഴയും പെയ്യുന്നുണ്ട്. ഇടുക്കിയില്‍ മഴ കുറഞ്ഞു.

വയനാട് പുത്തുമലയിൽ മലയിടിഞ്ഞു കാണാതായ ഏഴു പേർക്കു വേണ്ടിയുള്ള തിരച്ചിൽ പുനഃരാരംഭിച്ചു. പൊലീസ് നായകളുടെ സേവനവും ഉപയോഗപ്പെടുത്തുന്നുണ്ട്. കൂടുതൽ മണ്ണുമാന്തി യന്ത്രങ്ങളും ഇന്നെത്തും. ആരോഗ്യമന്ത്രി കെ.കെ.ശൈലജ സ്ഥലം സന്ദർശിക്കും

കുട്ടനാട്ടിലെ ജലനിരപ്പ് മാറ്റമില്ലാതെ തുടരുകയാണ്. ജില്ലയിൽ ദുരിതാശ്വാസ ക്യാംപുകളുടെ എണ്ണം 120 ആയി. 7612 കുടുംബങ്ങളിൽ നിന്നായി 24,534 പേരാണുള്ളത്. വെള്ളക്കെട്ട് കാരണം ആലപ്പുഴ-ചങ്ങനാശ്ശേരി റോഡിൽ ഗതാഗത തടസ്സമാണ്. സമീപ ജില്ലകളിൽ ഇടവിട്ട് കനത്ത മഴ ലഭ്യമാകുന്ന സാഹചര്യത്തിൽ, ആലപ്പുഴയിൽ കനത്ത ജാഗ്രതാ നിർദേശം ഉണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com