sections
MORE

ഇന്ത്യൻ വിസ്മയം, വാനോളം അഭിമാനം; ഇസ്രൊയ്ക്ക് ഇന്ന് അന്‍പതാം പിറന്നാൾ

SHARE

നീൽ ആംസ്ട്രോങ് ചന്ദ്രനിലിറങ്ങിയതിന്റെ 26–ാം ദിവസമാണ് ഇന്ത്യ ബഹിരാകാശഗവേഷണകേന്ദ്രത്തിനു (ഇസ്രൊ) തുടക്കമിട്ടത്. 1969 ഓഗസ്റ്റ് 15ന്. 50 വർഷങ്ങൾക്കിപ്പുറം ഇന്ത്യയുടെ രണ്ടാം ചാന്ദ്രപര്യവേക്ഷണദൗത്യമായ ചന്ദ്രയാൻ 2 ചന്ദ്രനിലേയ്ക്കുള്ള യാത്രയിലാണ്. അരനൂറ്റാണ്ടിനിടെ ലോകം മാറിമറിഞ്ഞു. ബഹിരാകാശഗവേഷണരംഗം ആകാശത്തോളം വലുതായി. രാജ്യാന്തരബഹിരാകാശനിലയവും സ്വകാര്യ റോക്കറ്റ് വിക്ഷേപണ കമ്പനിയുമൊക്ക തുടങ്ങി. ബഹിരാകാശത്തേയ്ക്ക് വിനോദസഞ്ചാരത്തിനുള്ള പാക്കേജുകൾ വരെ വന്നു. എന്നിട്ടും യുഎസ് ഉൾപ്പെടെ ബഹിരാകാശമേഖലയിലെ ലോകശക്തികൾ ഇന്ത്യൻ ചാന്ദ്രദൗത്യത്തെ വിശേഷിപ്പിക്കുന്നത് വിസ്മയം എന്നാണ്. അത് എന്തുകൊണ്ടാണ് എന്ന ചോദ്യത്തിനുള്ള ഉത്തരമാണ് ഇസ്രോയുടെ പ്രസക്തിയും പെരുമയും. ലോകത്ത് ഏറ്റവും കുറഞ്ഞ ചെലവിൽ ബഹിരാകാശദൗത്യം നടത്തുന്നത് ഇസ്രൊയാണ്. മറ്റു രാജ്യങ്ങൾക്കൊന്നും സങ്കൽപ്പിക്കാൻ പോലും കഴിയാത്ത ഇന്ത്യൻ വെല്ലുവിളി. 

തുടക്കം ഇൻകോസ്പാർ 

ഇന്ത്യയുടെ ബഹിരാകാശഗവേഷണചർച്ചകൾ 1920കളിൽ തന്നെ തുടങ്ങിയിരുന്നു. സി.വി.രാമനും എസ്.കെ.മിത്രയും മേഘനാഥ് സാഹയുമൊക്കെയായിരുന്നു അതിനു നേതൃത്വം നൽകിയത്. 1945നുശേഷമാണ് ഈ മേഖലയിൽ വലിയ കുതിപ്പുണ്ടായത്. ഇന്ത്യൻ ബഹിരാകാശശാസ്ത്രത്തിന്റെ പിതാവ് എന്നു പിന്നീട് അറിയപ്പെട്ട വിക്രം സാരാഭായിയും ഹോമി ഭാഭയുമായിരുന്നു ഗവേഷണങ്ങൾ നയിച്ചത്. ഇന്ത്യയ്ക്കു സ്വാതന്ത്ര്യം കിട്ടിയ ശേഷം പ്രധാനമന്ത്രി ജവഹർ ലാൽ നെഹ്റുവാണ് ബഹിരാകാശരംഗത്തെ ഗവേഷണങ്ങളെ പ്രോൽസാഹിപ്പിച്ചത്. 1957ൽ റഷ്യ സ്പുട്നിക് 1 വിക്ഷേപിച്ചതോടെ ഈ മേഖലയിലെ ഭാവി നെഹ്റു തിരിച്ചറിഞ്ഞു. ഇതിന്റെ ഫലമായിരുന്നു 1962ൽ രൂപം നൽകിയ ഇന്ത്യൻ നാഷനൽ കമ്മിറ്റി ഫോർ സ്പേസ് റിസർച്ച് (ഇൻകോസ്പാർ). ആണവോർജ വകുപ്പിനു കീഴിലായിരുന്നു ഇത്. വിക്രം സാരാഭായ് ആയിരുന്നു ഇൻകോസ്പാറിന്റെ ആദ്യ ചെയർമാൻ. മലയാളികളായ വൈനു ബാപ്പുവും എം.ജി.കെ.മേനോനും പി.ആർ.പിഷാരടിയും കമ്മിറ്റിയിൽ അംഗങ്ങളായിരുന്നു. അതേവർഷം തന്നെ യുഎസ് ബഹിരാകാശ ഏജൻസിയായ നാസയുമായി സഹകരണകരാർ ഒപ്പിട്ടു. നാസ 4 നൈക് കാജൂൻ റോക്കറ്റുകളും വിക്ഷേപണ ഉപകരണങ്ങളും പരിശീലനവും നല്കും. വിക്ഷേപണത്തിനുള്ള സ്ഥലവും വിദഗ്ധരെയും റോക്കറ്റിൽ ഘടിപ്പിക്കാനുള്ള പേലോഡും ഇന്ത്യ നൽകണമെന്നായിരുന്നു വ്യവസ്ഥ. 

വിസ്മയത്തുമ്പ

കായികഭൂമധ്യരേഖയ്ക്കടുത്തുള്ള തെക്കൻതീരമാണ് റോക്കറ്റ് വിക്ഷേപണകേന്ദ്രത്തിന് ഏറ്റവും അനുയോജ്യമെന്ന് വിക്രം സാരാഭായ് തിരിച്ചറിഞ്ഞിടത്താണ് ഇന്ത്യൻ ബഹിരാകാശഗവേഷണരംഗത്ത് കേരളത്തിന്റെ ചരിത്രം തുടങ്ങുന്നത്. തിരുവനന്തപുരം, എറണാകുളം, കൊല്ലം, ആലപ്പുഴ ജില്ലകളിലെ തീരദേശത്ത് വിക്ഷേപണകേന്ദ്രത്തിനുള്ള സ്ഥലം പരിശോധിക്കാൻ തീരുമാനിച്ചു. ഇൻകോസ്പാർ സെക്രട്ടറിയായിരുന്ന ഇ.വി.ചിട്നിസ് ആണ് സ്ഥലപരിശോധനയ്ക്കെത്തിയത്. തുമ്പയിലെ പള്ളിത്തുറ, ആളില്ലാത്തുറ, പെരുമാതുറ എന്നിവിടങ്ങളിലായിരുന്നു ആദ്യപരിശോധന. ഒടുവിൽ, കരുനാഗപ്പള്ളിയ്ക്കടുത്തുള്ള വെള്ളനാതുരുത്തും തുമ്പയിലെ പള്ളിത്തുറയുമാണ് നാസയിലെ ശാസ്ത്രഞ്ജർക്കു മുന്നിൽ അവതരിപ്പിക്കപ്പെട്ടത്. കൃത്യം കാന്തികഭൂമധ്യരേഖയിൽ തന്നെയുള്ള വെള്ളനാതുരുത്താണ് അവർ നിർദേശിച്ചതെങ്കിലും ഒടുവിൽ തുമ്പ തിരഞ്ഞെടുക്കപ്പെട്ടു. സാരാഭായിയും ഹോമി ഭാഭയും വിമാനത്തിൽ തുമ്പയ്ക്കു മുകളിൽ താഴ്ന്നുപറന്ന് പരിശോധന നടത്തിയാണ് അന്തിമതീരുമാനമെടുത്തത്. 

ISRO

അന്നത്തെ മുഖ്യമന്ത്രി ആർ. ശങ്കറും റവന്യു മന്ത്രി പി.ടി.ചാക്കോയും മുന്നിട്ടിറങ്ങിയാണ് അവിടുത്തെ 350ഓളം കുടുംബങ്ങളിൽ നിന്ന് സ്ഥലമേറ്റെടുത്തത്. വീടുകളും സ്കൂളുകളും വിട്ടുകൊടുക്കാൻ അവർ തയാറായെങ്കിലും മേരി മഗ്ദലിൻ പള്ളിയിൽ പ്രാർഥിക്കാനുള്ള അവകാശം അവർ ആവശ്യപ്പെട്ടു. ഒടുവിൽ ഒരു പ്രാർഥനായോഗത്തിനിടെ സാരാഭായ് തന്നെ നേരിട്ട് അവരോട് സ്ഥലം ശാസ്ത്രത്തിനു സമർപ്പിക്കാൻ അവരോട് അഭ്യർഥിക്കുകയായിരുന്നു. അവരുടെ സമർപ്പണത്തിന്റെ കൂടി ഫലമാണ് ഇന്ത്യയുടെ ബഹിരാകാശക്കുതിപ്പ്. 

1963 നവംബർ 21ന് വൈകിട്ട് 6.25ന് തുമ്പ ഇക്വിറ്റോറിയൽ റോക്കറ്റ് ലോഞ്ചിങ് സ്റ്റേഷനിൽ (ടേൾസ്) നിന്ന് നൈക്ക് അപ്പാച്ചെ റോക്കറ്റ് കുതിച്ചുയർന്നു. ഇന്ത്യയുടെ ബഹിരാകാശപര്യവക്ഷേണത്തിന്റെ തുടക്കം. 180 കിലോമീറ്റർ ഉയരത്തിൽ ഫ്രഞ്ച് നിർമിത സോഡിയം പേലോഡ് വിന്യസിച്ചു. കാറ്റിന്റെ ദിശ, വേഗത, വ്യാപനം, മർദം എന്നിവ കണ്ടുപിടിക്കാനായിരുന്നു ആ ദൗത്യം. നേവിയുടെ കപ്പൽ കടലിലും ഹെലികോപ്റ്റർ ആകാശത്തും വിക്ഷേപണത്തിനു സുരക്ഷയൊരുക്കി. 

പിന്നീട് ഇന്ത്യൻ രാഷ്ട്രപതിയായ എ.പി.ജെ.അബ്ദുൽ കലാം ഉൾപ്പെടെയുള്ളവരാണ് ആദ്യവിക്ഷേപണത്തിനു പിന്നിൽ പ്രവർത്തിച്ചത്. ആദ്യ വിക്ഷേപണത്തിനു പേലോഡ് ഉറപ്പിക്കാൻ ശ്രമിച്ചപ്പോൾ അളവിൽ ചെറിയ മാറ്റം. അവസാനനിമിഷം കലാമും സഹപ്രവർത്തകരും ചേർന്നു രാകിമിനുക്കിയാണ് പേലോഡ് ഉറപ്പിച്ചത്. കൈകൊണ്ടു പ്രവർത്തിപ്പിക്കുന്ന ക്രെയിൻ കൊണ്ടാണ് റോക്കറ്റ് പൊക്കിയെടുത്തത്. അതിനിടെ ഇന്ധനം ചോർന്നപ്പോൾ ശാസ്ത്രജ്ഞർ ചുമലിൽ റോക്കറ്റ് താങ്ങിനിർത്തുകയായിരുന്നു. 

പിന്നീട് ഒട്ടേറെ വിജയകരമായ വിക്ഷേപണങ്ങൾ തുമ്പയിൽ നിന്നു നടന്നു. 1965ൽ ഐക്യരാഷ്ട്രസംഘടന ടേൾസിന് അംഗീകാരം നല‍്കി. 1968 ഫെബ്രുവരി 2ന് പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ടേൾസിനെ ഐക്യരാഷ്ട്രസംഘടനയ്ക്കു സമർപ്പിച്ചു. പിന്നീട് ഇതുവരെ 3000ലേറെ റോക്കറ്റുകൾ തുമ്പയിൽ നിന്ന് വിക്ഷേപിച്ചു. 

isro-pslv

ഇസ്രൊയുടെ പിറവി

ടേൾസ് ലോകത്തിനു സമർപ്പിച്ച ചടങ്ങിൽ വിക്രം സാരാഭായ് പ്രസംഗിച്ചുഃ ‘‘ബഹിരാകാശരംഗത്ത് വികസിതരാജ്യങ്ങളുമായി മൽസരത്തിനോ ചന്ദ്രനിലേയ്ക്കോ മറ്റു ഗ്രഹങ്ങളിലേയ്ക്കോ പര്യടനത്തിനോ ഇന്ത്യ ഉദ്ദേശിക്കുന്നില്ല. ആധുനികസാങ്കേതികവിദ്യ സാധാരണക്കാരന്റെ ഉന്നമനത്തിന് ഉപയോഗിക്കുന്നതിൽ നമ്മൾ ആർക്കും പിന്നിലായിക്കൂടാ’’. 

ഇതാണ് അന്നും ഇന്നും ഇന്ത്യൻ ബഹിരാകാശഗവേഷണത്തിന്റെ അടിസ്ഥാനപ്രമാണം. 

സ്വന്തമായി ചെറിയ റോക്കറ്റും ഇന്ധനവും നിർമിക്കാനുള്ള ശേഷി കൈവരിച്ചുകഴിഞ്ഞതോടെ മറ്റു രാജ്യങ്ങളെ ആശ്രയിക്കാതെ സ്വന്തമായി വിക്ഷേപണം നടത്താനുള്ള ഒരുക്കങ്ങൾ ഇന്ത്യ തുടങ്ങി. അനുദിനം വളരുന്ന ബഹിരാകാശസാങ്കേതികവിദ്യ പ്രയോജനപ്പെടുത്താൻ ഇൻകോസ്പാർ മതിയാകുന്നില്ലെന്നു കണ്ടതോടെയാണ് 1969ൽ അണുശക്തിവകുപ്പിനു കീഴിൽ ഇന്ത്യൻ ബഹിരാകാശസംഘടനയ്ക്ക് രൂപം നൽകിയത്. സാരാഭായ് തന്നെയായിരുന്നു ആദ്യ ചെയർമാൻ. 

തുമ്പയിൽ തന്നെ റോക്കറ്റ് പ്രൊപ്പലന്റ് പ്ലാന്റ്, റോക്കറ്റ് ഫ്രാബ്രിക്കേഷൻ ഫെസിലിറ്റി, വേളിയിൽ സ്പേസ് സയൻസ് ആൻഡ് ടെക്നോളജി സെന്റർ, അഹമ്മദാബാദിൽ എക്സ്പെരിമെന്റൽ സാറ്റലൈറ്റ് കമ്യൂണിക്കേഷൻ എർത്ത് സ്റ്റേഷൻ, വലിയ റോക്കറ്റുകൾക്കായി ശ്രീഹരിക്കോട്ടയിൽ പുതിയ വിക്ഷേപണകേന്ദ്രം തുടങ്ങിയവ സ്ഥാപിക്കാനും അദ്ദേഹം മുൻകയ്യെടുത്തു. 

isro-hysys

ശ്രീഹരിക്കോട്ടയിൽ ഉപഗ്രഹ ടെലിമെട്രി സ്റ്റേഷൻ സ്ഥാപിക്കാനായി ശ്രമിച്ചപ്പോൾ ആവശ്യത്തിനു പണമില്ല. അതിനിടെ ഓസ്ട്രേലിയയിൽ പഴയ ടെലിമെട്രി സ്റ്റേഷൻ പൊളിച്ചുവിൽക്കാൻ പോകുന്നുവെന്നു സാരാഭായ് അറിഞ്ഞു. 90 ശതമാനം വില കുറച്ച് അതുവാങ്ങിയാണ് ശ്രീഹരിക്കോട്ടയിൽ സ്ഥാപിച്ചത്. ആദ്യറഡാറും ഇങ്ങനെയാണു വാങ്ങിയത്. ഇന്ന്, റഡാർ ഉൾപ്പെടെയുള്ള ബഹിരാകാശസാങ്കേതികവിദ്യയിൽ ലോകത്തിന്റെ മുൻനിരയിലാണ് ഇസ്രൊയുടെ സ്ഥാനം. 

കുതിപ്പിന്റെ കാലം

വളർച്ചയിലേയ്ക്കു കുതിക്കാനുള്ള സൗകര്യങ്ങളെല്ലാം ഒരുക്കിയാണ് സാരാഭായ് അപ്രതീക്ഷിതമായി മരണത്തിനു കീഴടങ്ങിയത്. 1971ൽ തുമ്പ സന്ദർശനത്തിനിടെ കോവളത്തു വച്ചായിരുന്നു ഹൃദയാഘാതം മൂലമുള്ള മരണം. പിന്നീട് മലയാളിയായ ഡോ.എം.ജി.കെ.മേനോനായിരുന്നു ഇസ്രൊയുടെ ചുമതല. 1972ൽ ബഹിരാകാശവകുപ്പും സ്പേസ് കമ്മീഷനും രൂപവൽക്കരിക്കാൻ ഇന്ദിരാഗാന്ധി തീരുമാനിച്ചത് ഇസ്രൊയുടെ വളർച്ചയിൽ നിർണായകഘടകമായി. പിന്നാലെ പ്രഫ. സതീഷ് ധവാനെ ഇസ്രൊ ചെയർമാൻ ആയി നിയമിച്ചു. റോക്കറ്റ് നിർമാണത്തിന്റെ മേധാവിയായി അബ്ദുൽ കലാമിനെ തിരഞ്ഞെടുത്തത് സതീഷ് ധവാനും എസ്എസ്ടിസി ഡയറ്ക്ടറായിരുന്ന ഡോ. ബ്രഹ്മപ്രകാശും ചേർന്നാണ്. എസ്എൽവി റോക്കറ്റും ആര്യഭട്ട ഉപഗ്രഹവും ഉൾപ്പെടെ യാഥാർഥ്യമായതോടെ ഐഎസ്ആർഒ ലോകശ്രദ്ധയിലേയ്ക്കു വന്നു. 1979ൽ എസ്എൽവി 3 റോക്കറ്റിന്റെ ആദ്യവിക്ഷേപണപരാജയം ഉൾപ്പെടെ തിരിച്ചടികൾ ഒട്ടേറെയുണ്ടായെങ്കിലും ഇസ്രൊയിലെ ശാസ്ത്രജ്ഞർ തളർന്നില്ല. പരാജയങ്ങളുടെ പാഠം അവരെ കൂടുതൽ പ്രയത്നിക്കാൻ പ്രേരിപ്പിച്ചു. ഒരു വർഷത്തിനകം എസ്എൽവി 3 വിജയകരമായി വിക്ഷേപിച്ചു. പിന്നീട് എഎസ്എൽവിയും പിഎസ്എൽവിയും ജിഎസ്എൽവിയും ഇന്ത്യൻ ബഹിരാകാശക്കുതിപ്പിന്റെ അഭിമാനചിഹ്നങ്ങളായി. ആര്യഭട്ടയിൽ തുടങ്ങി ചന്ദ്രയാൻ 2 വരെയുള്ള ഉപഗ്രഹങ്ങളും പേടകങ്ങളും ഇന്ത്യയ്ക്കു മാത്രമല്ല, ലോകത്തിനു തന്നെ പുതിയ അറിവിന്റെ ഉറവിടങ്ങളായി. വാർത്താവിനിമയത്തിലും കാലാവസ്ഥാനിർണയത്തിലും തുടങ്ങിയ ഉപഗ്രഹസേവനങ്ങൾ ഇപ്പോൾ പ്രതിരോധമേഖലയിലും നമ്മുടെ വലിയ കരുത്താണ്. അടുത്തിടെ ബാലാകോട്ടിൽ ഇന്ത്യൻ വ്യോമസേന മിന്നലാക്രമണം നടത്തിയത് കാർട്ടോസാറ്റ് ഉപഗ്രഹവിവരങ്ങളുടെ സഹായത്തോടെയായിരുന്നു. 

വിജയങ്ങളുടെ മാത്രം ചരിത്രമല്ല, ഇസ്രോയ്ക്കുള്ളത്. വിക്ഷേപണപരാജയങ്ങളും ചാരക്കേസും ആൻട്രിക്സ് അഴിമതിക്കേസുമൊക്കെ ഉണ്ടായെങ്കിലും ഇസ്രൊയുടെ പ്രയാണത്തെ ഒരു തരത്തിലും ബാധിച്ചില്ല. ആരോപണങ്ങളിൽ പൊലിയാത്ത ലക്ഷ്യബോധമാണ് ശാസ്ത്രജ്ഞരെ നയിച്ചത്. 

ചന്ദ്രനിൽ വെള്ളത്തിന്റെ സാന്നിധ്യം തെളിയിച്ച ചന്ദ്രയാൻ 1 ദൗത്യത്തിന് ആകെ ചെലവ് 386 കോടി രൂപയായിരുന്നു. വൻ വിജയമായ മംഗൾയാൻ ദൗത്യത്തിന്റെ ചെലവ് 450 കോടി രൂപ. ഇന്ത്യ ഇതുവരെ നടത്തിയതിൽ ഏറ്റവും സങ്കീർണമായ ചന്ദ്രയാൻ 2 ദൗത്യത്തിന്റെ ചെലവ് 978 കോടി രൂപ. ഹോളിവുഡിൽ നിർമിക്കുന്ന പല സിനിമകളുടേതിലും കുറഞ്ഞ ചെലവിലാണ് ഇന്ത്യ ബഹിരാകാശദൗത്യങ്ങൾ വിജയിപ്പിക്കുന്നത്. വിദേശ ഉപഗ്രഹങ്ങൾ വിക്ഷേപിക്കാൻ വിദേശരാജ്യങ്ങൾ ഇന്ത്യയെ സമീപിക്കുന്നതിന്റെ പ്രധാന കാരണവും ഇതുതന്നെ. 33 വിദേശരാജ്യങ്ങളിൽ നിന്നുള്ള 269 ഉപഗ്രഹങ്ങൾ ഇതുവരെ ഇസ്രൊ വിക്ഷേപിച്ചുകഴിഞ്ഞു. ആയിരക്കണക്കിനു കോടി രൂപയാണ് ഇതുവഴിയുള്ള വരുമാനം. ഐഎസ്ആർഒയുടെ ആൻട്രിക്സ് കോർപറേഷനാണ് വാണിജ്യാടിസ്ഥാനത്തിലുള്ള വിക്ഷേപണങ്ങൾക്കു നേതൃത്വം നൽകുന്നത്. 

chandrayaan-2-rocket

കാത്തുനിൽക്കുന്നു, സൂര്യനും ശുക്രനും വ്യാഴവും 

ഭൂമിയുടെ ഭ്രമണപഥത്തിലെത്തിക്കാവുന്ന ഉപഗ്രങ്ങളെക്കുറിച്ചായിരുന്നു ഇസ്രൊയുടെ ആദ്യ കാൽ നൂറ്റാണ്ടുകാലത്തെ ചിന്ത. ജിഎസ്എൽവി റോക്കറ്റ് പൂർണസജ്ജമായതോടെ ഇനി വേണമെങ്കിൽ ചന്ദ്രനിലും പോകാം എന്ന ചിന്ത ആയിടെയാണ് രൂപം കൊണ്ടത്. 1999ൽ ഐഎസ്ആർഒ ചെയർമാൻ ആയിരുന്ന ഡോ. കസ്തൂരിരംഗനാണ് ഈ സാധ്യത ആദ്യം അവതരിപ്പിച്ചത്. 2003ൽ ഇന്ത്യ ചാന്ദ്രദൗത്യം പ്രഖ്യാപിച്ചു. സോമയാൻ എന്നായിരുന്നു ആദ്യപേര്. 2008 ഒക്ടോബർ 22 ന് പിഎസ്എൽവി സി 2 റോക്കറ്റ് ഉപയോഗിച്ച് ചന്ദ്രയാൻ 1 വിക്ഷേപിച്ചു. നവംബർ 14ന് ചന്ദ്രയാനിലെ മൂൺ ഇംപാക്ട് പ്രോബ് ചന്ദ്രനിൽ ഇടിച്ചിറക്കി. ലോകം കയ്യടിച്ചു. 

2000 രൂപയുടെ നോട്ടിൽ അച്ചടിച്ച ഇന്ത്യൻ അഭിമാനത്തിന്റെ പ്രതീകമാണ് മംഗൾയാൻ. 2012ൽ കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകി. 2013 നവംബർ 5നു വിക്ഷേപിച്ചു. 2014 സെപ്റ്റംബർ 24ന് ചൊവ്വയുടെ ഭ്രമണപഥത്തിലെത്തി. ഇപ്പോഴും വിവരങ്ങൾ കൈമാറി അവിടെത്തന്നെ തുടരുന്നു. പേടകം തിരിച്ചിറക്കുന്ന സാങ്കേതികവിദ്യയുടെ പരീക്ഷണവും അന്തരീക്ഷവായു ഇന്ധനമാക്കുന്ന റോക്കറ്റിന്റെ ചെറുപതിപ്പിന്റെ പരീക്ഷണവും പൂർത്തിയായി. മനുഷ്യനെ ബഹിരാകാശത്തെത്തിക്കാനുള്ള ഗഗൻയാൻ ദൗത്യവും സൂര്യപര്യവേക്ഷണത്തിനുള്ള ആദിത്യയും ശുക്രപര്യവേക്ഷണത്തിനുള്ള വീനസും അണിയറയിൽ ഒരുങ്ങുന്നു. മംഗൾയാൻ–2, ചന്ദ്രയാൻ–3 ചർച്ചകളുടെ പ്രാഥമികഘട്ടം പിന്നിട്ടുകഴിഞ്ഞു. 

ബഹിരാകാശഗവേഷണത്തിന് അതിരുകളില്ല. ഇന്ത്യയുടെ കുതിപ്പും കരുത്തും ലോകം കാണാനിരിക്കുന്നതേയുള്ളൂ. 

ഇസ്രൊ നാഴികക്കല്ലുകൾ

1969 ഓഗസ്റ്റ് 15 ഇസ്രോ രൂപവൽക്കരണം

1971 ഒക്ടോബർ ശ്രീഹരിക്കോട്ടയിലെ വിക്ഷേപണകേന്ദ്രം തുടങ്ങി 

1972 ബഹിരാകാശവകുപ്പ് രൂപവൽക്കരിച്ചു. ഇസ്രൊ ഈ വകുപ്പിനു കീഴിൽ. 

1975 ഏപ്രിൽ 19 ആദ്യ ഇന്ത്യൻ ഉപഗ്രഹം ആര്യഭട്ടയുടെ വിക്ഷേപണം

1979 ജൂൺ 7 ഭൗമനിരീക്ഷണത്തിനുള്ള ഭാസ്കര 1 വിക്ഷേപിച്ചു 

1979 ഓഗസ്റ്റ് 10– ഇന്ത്യയുടെ ആദ്യ വിക്ഷേപണവാഹനം എസ്എൽവി 3 പരീക്ഷണവിക്ഷേപണം പരാജയം

1980 ജൂലൈ 18–എസ്എൽവി 3 രണ്ടാം പരീക്ഷണവിക്ഷേപണം വിജയം–രോഹിണി ആർഎസ് 1 ഉപഗ്രഹം ഭ്രമണപഥത്തിൽ

1981 ആർഎസ്ഡി 1, ആപ്പിൾ, ഭാസ്കര 2 ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിലെത്തിച്ച് ഇസ്രോ കരുത്തു തെളിയിക്കുന്നു. 

1982 ഏപ്രിൽ 10 ഇൻസാറ്റ് ഉപഗ്രഹവിപ്ലവത്തിനു തുടക്കമിട്ട് 1 എ ഭ്രമണപഥത്തിൽ. 

1987 എഎസ്എൽവി റോക്കറ്റിന്റെ ആദ്യ വിക്ഷേപണം പരാജയപ്പെടുന്നു. 

1988 എഎസ്എൽവി രണ്ടാം വിക്ഷേപണവും പരാജയം. 

1992 എഎസ്എൽവി മൂന്നാം വിക്ഷേപണം വിജയം, എസ്ആർഒഎസ്എസ് –സി ഉപഗ്രഹം ഭ്രമണപഥത്തിൽ

1993 പിഎസ്എൽവി ആദ്യ വിക്ഷേപണം പരാജയം

1996 പിഎസ്എൽവി മൂന്നാം വിക്ഷേപണം വിജയം, ഇന്ത്യൻ റിമോട്ട് സെൻസിങ് സാറ്റലൈറ്റ് പി3 ഭ്രമണപഥത്തിൽ

1999 പിഎസ്എൽവി സി 2 ഉപയോഗിച്ച് ജർമനി, കൊറിയ ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിലെത്തിക്കുന്നു

2001 ജിഎസ്എൽവി ആദ്യപരീക്ഷണം വിജയം, ജിസാറ്റ് 1 ഭ്രമണപഥത്തിൽ 

2008 ഒക്ടോബർ 22 പിഎസ്എൽവി സി 2 റോക്കറ്റ് ഉപയോഗിച്ച് ചന്ദ്രയാൻ 1 വിക്ഷേപിക്കുന്നു. 

2010 ജിഎസ്എൽവി മാർക്ക് 3 റോക്കറ്റ് പരീക്ഷണം തുടങ്ങുന്നു

2013 നവംബർ 3 മംഗൾയാൻ വിക്ഷേപണം വിജയം

2014 സെപ്റ്റംബർ 24 മാർസ് ഓർബിറ്റർ ചൊവ്വയുടെ ഭ്രമണപഥത്തിൽ

2014 ഡിസംബർ 18 എൽവിഎം 3 ദൗത്യം ബഹിരാകാശത്തേയ്ക്കു വിക്ഷേപിച്ച പേടകത്തെ സുരക്ഷിതമായി ബംഗാൾ ഉൾക്കടലിൽ തിരിച്ചിറക്കി

2016 മേയ് 23 പുനരുപയോഗിക്കാവുന്ന വിക്ഷേപണവാഹനം ആർഎൽവി ടിഡിയുടെ പരീക്ഷണം വിജയം

2017 ഫെബ്രുവരി 15 പിഎസ്എൽവി സി 37 റോക്കറ്റിൽ 104 ഉപഗ്രഹങ്ങൾ വിജയകരമായി വിക്ഷേപിക്കുന്നു

2017 ജൂൺ 05 ജിഎസ്എൽവി മാർക്ക് 3 ഡി1 റോക്കറ്റിന്റെ ആദ്യവിക്ഷേപണം വിജയം–3136 കിലോ ഭാരമുള്ള ജിസാറ്റ് 19 ഭ്രമണപഥത്തിൽ

2018 ജൂലൈ 5 ജിഎസ്എൽവി മാർക്ക് 3 രണ്ടാം വിക്ഷേപണം വിജയം 

2019 ജൂലൈ 15 ചന്ദ്രയാൻ 2 ആദ്യവിക്ഷേപണം അവസാനമണിക്കൂറിൽ മാറ്റി

2019 ജൂലൈ 22 ചന്ദ്രയാൻ 2 വിക്ഷേപണം വിജയം

ഉപഗ്രഹങ്ങൾ

ഇൻസാറ്റ്, ജി സാറ്റ്, റിസാറ്റ്, കാർട്ടോസാറ്റ്, ഐആർഎൻഎസ്എസ് പരമ്പരകളിലായി 50 ഉപഗ്രഹങ്ങളാണ് ഇപ്പോൾ ഇന്ത്യയ്ക്കുള്ളത്. ആശയവിനിമയം, കാലാവസ്ഥ, ദുരന്തനിവാരണം, നാവിഗേഷൻ, പ്രതിരോധം, വിദ്യാഭ്യാസം, ടെലിമെഡിസിൻ തുടങ്ങിയ മേഖലകളിലാണ് പ്രധാന സേവനം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.