sections
MORE

15 വർഷത്തിനിടയിൽ 5–ാമത്തെ ധീരതാപുരസ്കാരം; ഹർഷപാലിന് ഇത്തവണ കീർത്തിചക്ര

Harshpal-Singh
ഹർഷപാൽ സിങ്
SHARE

ന്യൂഡൽഹി ∙ 38 വയസ്, 15 വർഷത്തെ സൈനിക സേവനം, 5 ധീരതാ പുരസ്കാരങ്ങൾ. രാജ്യം 73–ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോൾ അപൂർവ നേട്ടത്തിന്റെ സന്തോഷത്തിലാണ് സിആർപിഎഫ് ജവാൻ ഹർഷപാൽ സിങ്. നിലവില്‍ ഛത്തിസ്ഗഡിലെ ദന്തേവാഡയിൽ ഡപ്യൂട്ടി കമാന്‍ഡന്റ് ആയ ഹർഷപാൽ, 2004ലാണ് സിആര്‍പിഎഫില്‍ ചേര്‍ന്നത്. രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ ധീരതാ പുരസ്കാരമായ കീർത്തിചക്രയാണ് ഇത്തവണ ഈ മുപ്പത്തിയെട്ടുകാരനെ തേടിയെത്തിയിരിക്കുന്നത്.

കഴിഞ്ഞ വർഷം സെപ്റ്റംബറിൽ ജമ്മുകശ്മീരിലെ ഝജ്ജാര്‍-കോട്‌ലി മേഖലയില്‍ നടന്ന ഏറ്റുമുട്ടലില്‍ മൂന്നു ഭീകരരെ വകവരുത്തിയതിനാണ് ഹര്‍ഷപാല്‍ സിങ്ങിനും സംഘത്തിനും അവാർഡ്. ഏറ്റുമുട്ടലിനിടെ ഹര്‍ഷപാലിനും വെടിയേറ്റിരുന്നു. സൈന്യത്തിന്റെ നോര്‍ത്തേണ്‍ കമാന്‍ഡ് ആസ്ഥാനത്ത് ആക്രമണം നടത്താന്‍ പദ്ധതിയിട്ട ജയ്‌ഷെ മുഹമ്മദ് ഭീകരരെയാണ് ഹര്‍ഷപാല്‍ സിങ്ങും സംഘവും വധിച്ചത്.

ധീരതയ്ക്കുള്ള മൂന്നു പൊലീസ് മെഡലുകളും ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയുടെ ധീരതയ്ക്കുള്ള പൊലീസ് മെഡലുമാണ് ഹര്‍ഷപാലിന് ഇതിനു മുൻപു ലഭിച്ചിട്ടുള്ളത്‍. ‘വളരെ അപൂര്‍വമായ നേട്ടമാണ് ഇത്. ഞങ്ങള്‍ ഏറെ അഭിമാനിക്കുന്നു. അദ്ദേഹം അര്‍ഹിക്കുന്ന പുരസ്‌കാരങ്ങളാണിവ. ഹര്‍ഷപാല്‍ സിങ്ങിന്റെ നേട്ടത്തെക്കുറിച്ച്‌ സിആര്‍പിഎഫ് ഡയക്ടര്‍ ജനറല്‍ ആര്‍.ആര്‍. ഭട്‌നഗറിന്റെ പ്രതികരണം ഇങ്ങനെ.

2008 മേയ് 31നായിരുന്നു ഹർഷപാൽ സിങ്ങിന്റെ ആദ്യ പുരസ്കാര നേട്ടം. ജാര്‍ഖണ്ഡിലെ കുന്തി ജില്ലയിലെ ചന്ദാര്‍മുണ്ഡില്‍ മാവോയിസ്റ്റുകളെ ധീരമായി നേരിട്ടു വകവരുത്തിയതിനായിരുന്നു പുരസ്‌കാരം. മണിക്കൂറുകള്‍ നീണ്ടുനിന്ന ഏറ്റുമുട്ടലില്‍ അഞ്ച് മാവോയിസ്റ്റ് നേതാക്കളെയാണു വധിച്ചത്. 2014 ജൂലൈ 7നാണ് രണ്ടാമത്തെ സംഭവം. അന്നു ജാർഖണ്ഡ് പൊലീസിൽ ഓപ്പറേഷന്‍സ് വിഭാഗം എഎസ്പിയായിരുന്നു ഹർഷപാൽ. ഖുന്ദിയിലെ ലെംബയില്‍ മാവോയിസ്റ്റ് കമാന്‍ഡര്‍മാര്‍ ഗ്രാമത്തിലെ ആളുകളെ റിക്രൂട്ട് ചെയ്യുന്നതായി വിവരം ലഭിച്ച ഹര്‍ഷപാല്‍ സിങ്ങും സംഘവും രാത്രി കൊടുങ്കാട്ടിലൂടെ സഞ്ചരിച്ച്‌ അവിടെയെത്തി. നീണ്ട ഏറ്റുമുട്ടലിനൊടുവിൽ തലയ്ക്ക് രണ്ടു ലക്ഷം രൂപ വിലയിട്ടിരുന്ന കമാന്‍ഡറെ വധിച്ചു.

ഒരു വർഷത്തിനു ശേഷം, 2015 ഓഗസ്റ്റ് 18ന് ഹർഷപാലും സംഘവും വീണ്ടും കാടുകയറി. ഇത്തവണ ഖുന്ദിയിലെ മാവോയിസ്റ്റ് നേതാവിനെ വകവരുത്തുകയും ഉപമേധാവിയെ അറസ്റ്റുചെയ്യുകയും ചെയ്തു. ഇതാണ് മൂന്നാമത്തെ പുരസ്കാരത്തിലേക്കു വഴിതെളിച്ചത്. ആ വർഷം തന്നെ മുഖ്യമന്ത്രിയുടെ ധീരതാ പുരസ്‌കാരവും ഹർഷപാലിനെ തേടിയെത്തി. തുടർച്ചയായ ഏറ്റുമുട്ടലുകളിലൂടെ സംസ്ഥാനത്തെ മാവോയിസ്റ്റ് ഭീഷണി ഒഴിവാക്കിയതിനുള്ള ബഹുമതിയായിരുന്നു അത്.

മാവോയിസ്റ്റുകളുടെ ഭീഷണി കുറയ്ക്കാന്‍ സാധിച്ചതു തന്നെയാണു സന്തോഷം നൽകുന്നതെന്നു ഹർഷപാൽ പറഞ്ഞു. എന്നാല്‍ അവര്‍ ദൃഢനിശ്ചയമുള്ളവരാണ്. ഓരോ നീക്കവും വളരെ ആസൂത്രിതമാണ്. നേരേമറിച്ച് ജമ്മുകശ്മീരിലെ ഭീകരര്‍ ഇതിനു വിപരീതമായാണു പ്രവർത്തിക്കുന്നത്. ഓരോ ആക്രമണവും വളരെ വൈകാരിതയോടെയാണ് അവർ നടത്തുന്നത്– ഹർഷപാൽ പറഞ്ഞു.

English Summary: Kirti Chakra for CRPF officer, his 5th gallantry medal in 15 years

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA