ADVERTISEMENT

മുംബൈ∙ എടിഎം ഇടപാടു നടത്തുമ്പോൾ എന്തെങ്കിലും കാരണത്താൽ പണം ലഭിച്ചില്ലെങ്കിലും ബാങ്കുകൾ അത് ഉപഭോക്താവിന്റെ സൗജന്യ ഇടപാടുകളുടെ എണ്ണത്തിൽപെടുത്തുന്നുവെന്ന പരാതിയിൽ ഇടപെട്ട് റിസർവ് ബാങ്ക്. ഇത്തരം കാരണങ്ങൾ കൊണ്ടു പണം ലഭിക്കാതിരുന്നാല്‍ അതു സൗജന്യ ഇടപാടുകളുടെ എണ്ണത്തിൽ കൊണ്ടുവരാനാകില്ല.

സാങ്കേതിക പ്രശ്നങ്ങൾ, യന്ത്രത്തിൽ പണമില്ലാത്തത്, തെറ്റായ പിൻ അടിക്കുക തുടങ്ങിയ പ്രശ്നങ്ങൾ കാരണം പണം ലഭിക്കാതിരിക്കുന്നത് ഇടപാടുകളുടെ എണ്ണത്തിൽ പെടുത്താന്‍ കഴിയില്ല. ഇതിനായി പ്രത്യേക നിരക്കു ചുമത്താൻ സാധിക്കില്ലെന്നും റിസർവ് ബാങ്ക് രാജ്യത്തെ ബാങ്കുകൾക്കയച്ച നിർദേശത്തിൽ വ്യക്തമാക്കി.

atm-JPG
ബാങ്ക് നിർദേശത്തിന്റെ പകർപ്പ്

ഹാർഡ് വെയർ, സോഫ്റ്റ് വെയർ എന്നിവയിലെ സാങ്കേതിക പ്രശ്നങ്ങൾ, എടിഎമ്മിൽ നോട്ടുകളില്ലാത്തത് തുടങ്ങിയ കാരണങ്ങളിൽ പണം ലഭിക്കാതിരിക്കുമ്പോഴും അതു സൗജന്യ ഇടപാടുകളുടെ എണ്ണത്തിൽ പെടുത്തുന്നതു ശ്രദ്ധയിൽപെട്ടതു പരിഗണിച്ചാണ് ഈ നിർദേശമെന്ന് റിസർവ് ബാങ്ക് അറിയിച്ചു.

ബാലൻസ് പരിശോധന ഉൾപ്പെടെയുള്ള പണം പിൻവലിക്കൽ അല്ലാത്ത ഉപയോഗങ്ങളെയും ഈ ഗണത്തില്‍ പരിഗണിക്കരുതെന്നും ചീഫ് ജനറൽ മാനേജര്‍ പി. വാസുദേവൻ ബാങ്കുകൾക്ക് നൽകിയ നിർദേശക്കുറിപ്പിൽ അറിയിച്ചു. സൗജന്യ ഇടപാടുകളുടെ എണ്ണം കുറച്ചു തുടർന്നു വരുന്ന അധിക ഇടപാടുകൾക്കു പണം ഈടാക്കാനുള്ള ബാങ്കുകളുടെ തന്ത്രമാണ് ഇതെന്നു വ്യാപകമായി പരാതി ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് റിസർവ് ബാങ്ക് നിലപാടു വ്യക്തമാക്കിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com