sections
MORE

പ്രതീക്ഷയുടെ പുഞ്ചിരിച്ചരടുകളുമായി ഈ കുരുന്നു മുഖങ്ങൾ !

SHARE

പ്രതീക്ഷയുടെ പുഞ്ചിരിച്ചരടുകൾ നൽകുന്ന കുരുന്നു മുഖങ്ങൾ! കഴിഞ്ഞ പ്രളയകാലത്ത് ജനിച്ചവർ, ഇപ്പോൾ ഇവർക്ക് ഒരു വയസ്സ്. ഒരു പ്രളയത്തിനും നമ്മളെ ഒരിക്കലും തകർക്കാനാകില്ലെന്ന് ഉറപ്പിക്കുന്ന കുഞ്ഞുചിരികൾ!

ആമിയ ബാരിഷ (പേരിന്റെ അർഥം സന്തോഷത്തിന്റെ മഴ!): വയനാട് വൈത്തിരിയിലെ സജ്ന - മുർഷിദ് ദമ്പതികളുടെ മകൾ. പൂർണഗർഭിണിയായ സജ്നയെ അഗ്നിരക്ഷാസേന കുത്തിയൊഴുകുന്ന പ്രളയജലത്തിലൂടെ ബോട്ടിൽ കൽപറ്റയിലെ ആശുപത്രിയിലെത്തിച്ചു. ഓഗസ്റ്റ് 9 ന് ആമിയ ജനിച്ചു.

അവേദ്: തൃശൂർ തോളൂർ മുള്ളൂർ കാഞ്ഞങ്ങാടൻവീട്ടിൽ വെനീഷ് – സുചിത്ര ദമ്പതികളുടെ മകൻ. ദുരിതാശ്വാസ ക്യാംപിൽനിന്നു വെള്ളം നിറഞ്ഞ റോഡിലൂടെ തോണിയിലാണു സുചിത്രയെ പുറത്തെത്തിച്ചത്. ഓഗസ്റ്റ് 21ന് അവേദ് ജനിച്ചു.

മുഹമ്മദ് സ്വാലിഹ്: എറണാകുളം കരുമാലൂർ വെളിയത്തുനാട് ചെറുവട്ടപ്പറമ്പ് കുഞ്ഞുമുഹമ്മദിന്റെയും താഹിറയുടെയും മകൻ. ക്യാംപിൽനിന്നാണു താഹിറയെ ആശുപത്രിയിലെത്തിച്ചത്. ഓഗസ്റ്റ് 18നു സ്വാലിഹ് ജനിച്ചു.

ഋഷിനാഥ്: എറണാകുളം പറവൂർ മാഞ്ഞാലി തേലത്തുരുത്ത് പാനായിക്കുളം വീട്ടിൽ രാജേഷിന്റെയും ലിഡിയയുടെയും മകൻ. പ്രളയത്തിൽനിന്നു രക്ഷനേടി എത്തിയ ക്യാംപിലും പിന്നീടെത്തിയ ആശുപത്രിയിലും വെള്ളം കയറിയപ്പോൾ ആംബുലൻസിലാണ് മറ്റൊരാശുപത്രിയിലേക്കു ലിഡിയയെ മാറ്റിയത്. ഓഗസ്റ്റ് 16നു മകൻ ജനിച്ചു.

സിദ്ധാർഥ്: പാലക്കാട് സുന്ദരം കോളനി സന്തോഷിന്റെയും മഞ്ജുഷയുടെയും മകൻ. ദുരിതാശ്വാസ ക്യാംപിൽനിന്ന് ആശുപത്രിയിലെത്തി. ഓഗസ്റ്റ് 16നു സിദ്ധാർഥ് ജനിച്ചു.

അഭിൻ: റാന്നി മന്ദിരം പാറയ്ക്കൽ വീട്ടിൽ പി.കെ.അനീഷിന്റെയും രജനിയുടെയും മകൻ. കോട്ടയം ജില്ലയിൽ എയ്ഞ്ചൽവാലിയിലെ സ്വന്തം വീട്ടിലായിരുന്ന രജനിയെ ഹെലികോപ്റ്ററിലാണു പ്രളയജലം കടന്നു കൊണ്ടുവന്നത്. ഓഗസ്റ്റ് 24ന് അഭിൻ പിറന്നു.

ആയുഷ്: ആലപ്പുഴ വെളിയനാട് പുതുപ്പറമ്പിൽ രാജീവിന്റെയും കെ.ആശമോളുടെയും മകൻ. ദുരിതാശ്വാസ ക്യാംപിൽനിന്ന് ഓഗസ്റ്റ് 23നു രാവിലെ ഹരിപ്പാട് താലൂക്ക് ആശുപത്രിയിലെത്തിച്ച ആശമോൾ കുഞ്ഞിനു ജൻമം നൽ‍കി.

ജെന്ന: എറണാകുളം പറവൂർ തുരുത്തിപ്പുറം പരുവത്തുരുത്ത് മേയ്ക്കാംതുരുത്തിൽ ജെലീഷിന്റെയും രേഷ്മയുടെയും മകൾ. ചൊവ്വരയിലെ സ്വന്തം വീട്ടിലായിരുന്ന രേഷ്മയെ നാവികസേനാ ഹെലികോപ്റ്ററിലാണ് ആശുപത്രിയിലെത്തിച്ചത്. ഓഗസ്റ്റ് 22നു ജെന്ന പിറന്നു.

രോഹിത് കൃഷ്ണ: പറവൂർ പുത്തൻവേലിക്കര ഐവീട്ടിൽ ശ്രീനിവാസന്റെയും അമൃതയുടെയും മകൻ. അമൃതയെ കട്ടിലിൽ വീട്ടിൽനിന്നു രക്ഷിച്ചു കൊണ്ടുപോയി ആശുപത്രിയിലാക്കിയതു സൈന്യമാണ്. ഓഗസ്റ്റ് 16നു രോഹിത്തിന്റെ ജനനം.

പ്രണവ്: എറണാകുളം ചേരാനല്ലൂർ ആശാരിപ്പറമ്പിൽവീട്ടിൽ സുനീഷ് – പ്രസീത ദമ്പതികളുടെ മകൻ. വീട്ടിൽ വെള്ളം കയറിയതിനാൽ ക്യാംപിലെത്തിയ പ്രസീത ഓഗസ്റ്റ് 20ന് ആശുപത്രിയിൽ പ്രണവിനു ജന്മം നൽകി.

സുബ്ഹാൻ: എറണാകുളം പനയക്കടവിലെ ജബൽ കെ.ജലീലിന്റെയും സാജിതയുടെയും മകൻ. സ്വന്തം വീടിനു ചുറ്റും വെള്ളം കയറിയതിനാൽ കൊണ്ടോട്ടി ജുമാ മസ്ജിദിന്റെ മുകൾനിലയിലായിരുന്നു സാജിത. നാവികസേനാ ഹെലികോപ്റ്ററിൽ രക്ഷിച്ചു കൊച്ചിയിലെ നാവിക ആശുപത്രിയിലാക്കി. ഓഗസ്റ്റ് 21നു കുഞ്ഞ് പിറന്നു.

നോഹ: അങ്കമാലി അങ്ങാടിക്കടവ് പള്ളിക്കൽ മാർട്ടിന്റെയും നീതുവിന്റെയും മകൻ. പ്രളയജലം ചുറ്റിയ തുരുത്തിലായ കൊടുവഴങ്ങ നീറിക്കോടുള്ള സ്വന്തം വീട്ടിൽനിന്നു നീതുവിനെ പുറത്തെത്തിക്കാൻ കഴിയാത്ത സാഹചര്യമുണ്ടായതോടെ ഡോക്ടറും മെഡിക്കൽ സംഘവും വീട്ടിലേക്കു വരികയായിരുന്നു. ഓഗസ്റ്റ് 17 ന് അമ്മവീട്ടിൽ നോഹ പിറന്നു

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.