ADVERTISEMENT

തിരുവനന്തപുരം∙ കശുവണ്ടി അഴിമതിക്കേസില്‍ സിബിഐ അന്വേഷണം നേരിടുന്ന ഡോ. കെ. എ രതീഷിനെ കണ്‍സ്യൂമര്‍ഫെഡ് എംഡിയാക്കാന്‍ നീക്കം. ബുധനാഴ്ച സഹകരണവകുപ്പ് സെക്രട്ടറി നടത്തിയ അഭിമുഖത്തിൽ പങ്കെടുത്ത രതീഷിനെ നിയമിക്കാന്‍  വിജിലന്‍സിന്റെ അനുമതി ചോദിച്ചിരിക്കുകയാണ് സര്‍ക്കാര്‍. കശുവണ്ടി വികസന കോര്‍പറേഷന്‍ എംഡിയായിരിക്കെ കോടികള്‍ നഷ്ടം വരുത്തിയെന്നായിരുന്നു രതീഷിനെതിരായ ആരോപണം. 

ആര്‍. സുകേശന്‍ സ്ഥാനമൊഴിയാന്‍ താല്‍പര്യം പ്രകടിപ്പിച്ചതോടെയാണ് കെ.എ. രതീഷിനെ എംഡിയാക്കാന്‍ നീക്കം തുടങ്ങിയത്. ജൂണ്‍ 18ന് മാധ്യമങ്ങളില്‍ പരസ്യം നല്‍കി. 14 പേര്‍ അപേക്ഷിച്ചതില്‍ രതീഷ് ഉള്‍പ്പടെ അഞ്ചുപേരെ അന്തിമപട്ടികയില്‍ ഉള്‍പ്പെടുത്തി. സഹകരണവകുപ്പ് സെക്രട്ടറി മിനി ആന്റണി അധ്യക്ഷയായ കമ്മിറ്റി ബുധനാഴ്ച നടത്തിയ അഭിമുഖത്തില്‍ രതീഷും പങ്കെടുത്തു. മറ്റുള്ള നാലുപേരില്‍ എസ്.രത്നാകരന്‍ കണ്‍സ്യൂമര്‍ഫെഡ് മുന്‍ എംഡിയും കെ.തുളസീധരൻ നായര്‍ ജനറല്‍ മാനേജരും കെ. വേണുഗോപാല്‍ സപ്ലൈകോയുടെ മുന്‍ ജനറല്‍ മാനേജരുമാണ്. പരിചയസമ്പന്നരായ ഇവരെ ഒഴിവാക്കിയാണ് കെ.എ രതീഷിനെ തിരഞ്ഞെടുക്കാനൊരുങ്ങുന്നത്. വിജിലന്‍സിന്റ അനുമതി കൂടി കിട്ടിയാല്‍ രതീഷ് കണ്‍സ്യൂമര്‍ഫെഡ് എംഡിയാകും.

കശുവണ്ടി അഴിമതിക്കേസില്‍ രതീഷിനെ കുറ്റവിമുക്തനാക്കി വിജിലന്‍സ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഇതിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി നിലവിലുണ്ട്. മാത്രമല്ല, സിബിഐ അന്വേഷണം തുടരുകയുമാണ്. അങ്ങനെയുള്ള ഒരാള്‍ കണ്‍സ്യൂമര്‍ഫെ‍ഡിന്റ എംഡി തസ്തികയിലേക്കുള്ള അഭിമുഖത്തില്‍ പങ്കെടുത്തത് ഉന്നതരാഷ്ട്രീയ സ്വാധീനം കൊണ്ടാണെന്നത് വ്യക്തം. വ്യവസായ വകുപ്പിന് കീഴിലെ വ്യവസായ സംരംഭക വികസന സ്ഥാപനത്തിലെ എക്സിക്യൂട്ടീവ് ഡയറക്ടറാണ് രതീഷിപ്പോള്‍. ജില്ലാ സഹകരണബാങ്കിന്റെ ജനറല്‍ മാനേജര്‍ക്ക് പോലും എംഡിയാകാന്‍ കഴിയുന്ന തരത്തില്‍ നിയമന മാനദണ്ഡങ്ങളിലും കണ്‍സ്യൂമര്‍ഫെഡ് കഴിഞ്ഞിടെ ഇളവ് വരുത്തിയിരുന്നു. 

വര്‍ഷം മൂവായിരം കോടി രൂപയുടെ വിറ്റുവരവുള്ള സ്ഥാപനം. ആയിരം കോടി രൂപയുടെ അഴിമതിയില്‍ അന്വേഷണം നടക്കുന്നയിടം. അങ്ങനെയുള്ള കണ്‍സ്യൂമര്‍ഫെഡിന്റ തലപ്പത്തേക്കാണ് കോടികളുടെ അഴിമതി ആരോപണം നേരിടുന്ന ഒരാളെ നിയമിക്കാന്‍ ഒരുങ്ങുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com