ADVERTISEMENT

ലോസ് ഏഞ്ചൽസ്∙  യുഎസ് ചരിത്രത്തിലെ തന്നെ ഏറ്റവും രക്തദാഹിയായ കൊലയാളിയെന്നാണു രാജ്യാന്തര മാധ്യമങ്ങൾ മൈക്കിൾ ഗർജിലോ എന്ന 43 കാരനു നൽകിയ വിശേഷണം. രണ്ട് െകാലപാതകത്തിലും വധശ്രമത്തിലും ഗർജിലോ കുറ്റക്കാരനാണെന്ന് കോടതി വിധിച്ചു. ശിക്ഷ പിന്നീട് പ്രഖ്യാപിക്കും. ഹോളിവുഡ് റിപ്പർ എന്ന പേരിൽ അറിയപ്പെട്ടിരുന്ന ഗർജിലോ കൊലപ്പെടുത്തിയവരിൽ ഹോളിവുഡ് സൂപ്പർതാരം ആഷ്ടൻ കുച്ചറിന്റെ മുൻകാമുകിയും ഉൾപ്പെട്ടതോടെയാണ് രാജ്യാന്തര മാധ്യമങ്ങളുടെ തലക്കെട്ടാകാൻ തുടങ്ങിയത്.

അമേരിക്കയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ സീരിയൽ കില്ലർ  ടെഡ് ബുണ്ടിയുടെ കടുത്ത ആരാധകനായിരുന്നു ഗർജിലോ. മുപ്പതിലധികം സ്ത്രീകളെ ലൈംഗികമായി ഉപയോഗിച്ചതിനു ശേഷം അതിദാരുണമായി കൊലപ്പെടുത്തിയ ടെഡ് ബുണ്ടിയുടെ രീതികളാണ് ഗർജിലോയും പിന്തുടർന്നിരുന്നത്. അതിസുന്ദരികളായ രണ്ട് സ്ത്രീകളെയാണ് ഗർജിലോ കൊന്നുതള്ളിയത്. മറ്റൊരു പെൺകുട്ടി കൊലപാതക ശ്രമത്തിനിടെ അത്ഭുതകരമായി രക്ഷപ്പെട്ടു. വർഷങ്ങൾക്കു മുൻപ് നടന്ന സമാന രീതിയിലുള്ള കൊലപാതകത്തിലും ഗർജിലോയുടെ പങ്ക് െപാലീസ് സംശയിച്ചിരുന്നു. ഈ കേസിലും വിചാരണ ഉടൻ ആരംഭിക്കും. 

മാന്യനും നിഷ്കളങ്കനും സുമുഖനുമായ  ടെഡ് ബുണ്ടിയെ പോലെ തന്നെയായിരുന്നു ഗർജിലോയുടെയും ഇടപെടൽ. മൃതദേഹങ്ങളെ  സുന്ദരമായി അണിയൊച്ചൊരുക്കി ശവഭോഗം നടത്തിയിരുന്ന ടെഡ് ബുണ്ടിയെ റോൾ മോഡലായി സ്വീകരിച്ച ഗർജിലോയ്ക്കു മൾട്ടിപ്പൾ പഴ്സനാലിറ്റി ഡിസ്ഓർഡർ ഉണ്ടായിരുന്നതായും വാദം ഉയർന്നിരുന്നു. ഒരു സ്ത്രീയെ കൊലപ്പെടുത്താനായി തട്ടിക്കൊണ്ടു പോകുമ്പോൾ ആ സ്ത്രീ രക്ഷപ്പെട്ടതോടെയാണ് ടെഡ് ബുണ്ടി എന്ന യുഎസിലെ എക്കാലത്തെയും വലിയ സീരിയൽ കില്ലർ പിടിയിലായതെങ്കിൽ അതെ രീതിയിൽ തന്നെയാണ് ഹോളിവുഡ് റിപ്പറും വലയിലാകുന്നത്.

മൂന്നാമത്തെ കൊലപാതക ശ്രമം പാടെ പാളി. ഇരയായ 26–കാരിയുടെ അതിശക്തമായ ചെറുത്തുനിൽപ്പിൽ ഗർജിലോ വീണു. സ്ത്രീ സൗന്ദര്യം ദൗർബല്യമായ ഗർജിലോ ഇരകളുമായി പരിചയം സ്ഥാപിച്ചതിനു ശേഷമാണ് കൊല നടത്തുക. തീയതിയും രീതിയുമെല്ലാം ഗർജിലോ തന്നെ കുറിക്കും. കൃത്യമായി ആസൂത്രണം ചെയ്ത് നടപ്പാക്കും. ഇരകളിൽ അസാധാരണമായി മുറിവുണ്ടാക്കി ചോരവാർന്നു മരിക്കുന്നത് നോക്കിനിൽക്കുന്നതാണ് ഗർജിലോയുടെ രീതി. 

2001 ഫെബ്രുവരി 21–നാണ് ആദ്യത്തെ കൊലപാതകം നടന്നത്. കൊല്ലപ്പെട്ടത് യുഎസ് സൂപ്പർതാരം ആഷ്ടൻ കുച്ചറിന്റെ കാമുകി ആഷ്‌ലിൻ എല്ലെറിൻ. 22 കാരിയായ ആഷ്‌ലിൻ ഫാഷൻ ഡിസൈനറായിരുന്നു. കാമുകിയുമായി പുറത്തു പോകാനായി എറെ നേരം കാത്തിരുന്നിട്ടും കാണാതായതോടെയാണ് ആഷ്ടൻ കുച്ചർ രാത്രി 10. 45 ന് ആഷ്‌ലിയുടെ താമസ സ്ഥലത്ത് എത്തിയത്. ഏറെ നേരം വാതിലിൽ  മുട്ടിയെങ്കിലും പ്രതികരണം ഉണ്ടായില്ല. ജനലിലൂടെ നോക്കിയപ്പോൾ തറയുടെ ഒരു ഭാഗത്ത് പറ്റിപ്പിടിച്ച ചോരക്കറകൾ കണ്ടുവെങ്കിലും വൈൻ വീണതാണെന്നു തെറ്റിദ്ധരിച്ച് അപ്പോൾ തന്നെ മടങ്ങിയെന്നാണ് കുച്ചറിന്റെ മൊഴി. വാതിലിൽ കുച്ചറിന്റെ വിരലടയാളം കണ്ടതോടെ സംശയമുന കുച്ചറിലേക്കും നീണ്ടിരുന്നു. പിറ്റെ ദിവസം ആഷ്‌ലിന്റെ മൃതദേഹം  കണ്ടെത്തി. 47 തവണ ശരീരത്തിൽ ആഴത്തിൽ കത്തികൊണ്ട് കുത്തിയിരുന്നു. രക്തം വാർന്നായിരുന്നു മരണം.

Ashton Kutcher
സൂപ്പർതാരം ആഷ്ടൻ കുച്ചർ കോടതിയിൽ എത്തിയപ്പോൾ

2005 ലാണ് രണ്ടാമത്തെ കൊലപാതകം നടന്നത്.  മരിയ ബ്രുണോ എന്ന 32 കാരിയാണ് െകാല്ലപ്പെട്ടത്. ഉറങ്ങിക്കിടക്കുമ്പോൾ കത്തിക്കൊണ്ടു കുത്തി അതിദാരുണമായി കൊലപ്പെടുത്തുകയായിരുന്നു. ഗർജിലോ താമസിച്ചിരുന്ന അതെ അപ്പാർട്ട്മെന്റിലാണ് മരിയ ബ്രൂണോയും താമസിച്ചിരുന്നത്. ബ്രുണോയെ അടുത്തറിയാമായിരുന്ന ആരോ ആണ് കൊലയ്ക്കു പിന്നിലെന്ന് സംഭവം നടന്നു മണിക്കൂറുകൾക്കകം തന്നെ െപാലീസ് സ്ഥിരീകരിച്ചിരുന്നുവെങ്കിലും ഗർജിലോയിലേക്കു എത്താൻ സമയമെടുത്തു.

2008 ൽ മൈക്കിലെ മുർഫി എന്ന 26 കാരിയെ കൊലചെയ്യാനുള്ള ശ്രമം പരാജയപ്പെട്ടതാണ് ഗർജിലോയെ അഴിക്കുള്ളിലാക്കിയത്. വിചാരണ വേളയിൽ യാതൊരു ഭാവവ്യത്യാസങ്ങളും പ്രകടിപ്പിക്കാതിരുന്ന ഗർജിലോ കോടതിയിൽ ഉണ്ടായിരുന്നവരെ ആശ്ചര്യപ്പെടുത്തിയിരുന്നു. മുർഫിയെ കായികമായി കീഴ്പ്പെടുത്താൻ ഗർജിലോയ്ക്ക് കഴിയാതെ വന്നതോടെയാണ് ഹോളിവുഡ് റിപ്പർ അഴിയ്ക്കുള്ളിലായത്.

മുർഫിയുടെ മൊഴി ഗർജിലോയെ കുടുക്കി.1993 ൽ 18 കാരിയായ ട്രിസിയ പക്കാസിയോ എന്ന കൗമാരക്കാരിയെ കൊലപ്പെടുത്തിയ കേസിലും പ്രതിസ്ഥാനത്ത് ഗർജിലോയാണ്. ഈ കേസിൽ വിചാരണ ആരംഭിക്കാനിരിക്കുന്നതെയുള്ളു. ഫോറൻസിക് സയൻസ് സംബന്ധിച്ച് കൃത്യമായ അറിവുണ്ടായിരുന്ന ഗർജിലോ കുറ്റകൃത്യം നടക്കുന്ന സ്ഥലങ്ങളിൽ വിരലടയാളം പതിയാതിരിക്കാൻ ശ്രദ്ധിച്ചിരുന്നതായി പൊലീസ് ചൂണ്ടിക്കാട്ടി. ടെഡ് ബുണ്ടിയെ പോലെയുള്ള നിരവധി പരമ്പര െകാലയാളികളെ കുറിച്ച് ഇയാൾ ഗവേഷണം നടത്തിയതായും കോടതിയിൽ തെളിഞ്ഞു.

English Summary: Hollywood Ripper Michael Gargiulo guilty of butchering Ashton Kutcher’s girlfriend 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com