ADVERTISEMENT

ഇസ്‍ലാമാബാദ് ∙ കശ്മീർ വിഷയത്തിൽ യുഎസിന്റെ പിന്തുണ തേടി പാക്കിസ്ഥാൻ. യുഎൻ രക്ഷാസമിതി യോഗത്തിനിടെയാണ് പാക്ക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ യുഎസ് പ്രസിഡന്റ് ‍ഡോണൾഡ് ട്രംപിനെ ഫോണിൽ‌ വിളിച്ചു പിന്തുണ ആവശ്യപ്പെട്ടത്. പാക്കിസ്ഥാൻ വിദേശകാര്യ മന്ത്രി ഷാ മഹമൂദ് ഖുറേഷിയും ഇക്കാര്യം സ്ഥിരീകരിച്ചു. ഫ്രഞ്ച് പ്രസിഡന്റ് ഉൾപ്പെടെ രക്ഷാസമിതിയിലെ നാലു രാഷ്ട്രങ്ങളുടെ തലവന്മാരെ ബന്ധപ്പെടാൻ ശ്രമിച്ചതായും ഖുറേഷി പറഞ്ഞു. പക്ഷേ കശ്മീർ ഉഭയകക്ഷി വിഷയമാണെന്നു റഷ്യ നിലപാടെടുത്തു. എന്നാൽ ഭരണഘടനയിലെ ആർട്ടിക്കിൾ 370–മായി ബന്ധപ്പെട്ട വിഷയം ആഭ്യന്തര കാര്യമാണെന്ന് ഇന്ത്യ മറുപടി നൽകി.

യുഎൻ രക്ഷാസമിതിയുടെ യോഗം അതിനിടെ അവസാനിച്ചു. യോഗത്തിൽ യുഎസ്, ബ്രിട്ടൻ, ഫ്രാൻസ്, റഷ്യ തുടങ്ങിയ രാഷ്ട്രങ്ങളുടെ പിന്തുണ ഇന്ത്യയ്ക്കാണെന്നാണു പ്രാഥമിക റിപ്പോർട്ടുകൾ; ചൈന പാക്കിസ്ഥാനൊപ്പവും. ബംഗ്ലദേശ് യുദ്ധത്തിനുശേഷം ആദ്യമായാണ് കശ്മീർ വിഷയം യുഎൻ രക്ഷാസമിതിയിൽ ചർച്ചയാകുന്നത്. ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ചർച്ചകളിലൂടെ വിഷയത്തിൽ നയതന്ത്ര പരിഹാരം കാണണമെന്ന നിലപാടിലാണു റഷ്യ.

ചൈനയ്ക്കു പുറമേ മറ്റൊരു രാജ്യത്തിന്റെ പിന്തുണ കൂടി ഉറപ്പിക്കുകയെന്ന ലക്ഷ്യവുമായാണ് ഇമ്രാൻ ഖാൻ യുഎസിനെ സമീപിച്ചിരിക്കുന്നത്. 20 മിനിറ്റോളമാണ് ഇമ്രാൻ‌– ട്രംപ് ചർച്ച നീണ്ടത്. അതേസമയം കശ്മീരിലെ സാഹചര്യങ്ങൾ അപകടകരമാണെന്നു ചൈന വ്യക്തമാക്കിയിട്ടുണ്ട്. കശ്മീർ വിഷയം യുഎൻ രക്ഷാസമിതി അടച്ചിട്ട മുറിയിൽ ചർച്ച ചെയ്യണമെന്ന് ചൈനയാണ് ആവശ്യമുന്നയിച്ചത്. അനൗദ്യോഗിക സ്വഭാവമുള്ള ചർച്ചയായതുകൊണ്ടുതന്നെ ഇതു സംബന്ധിച്ച വിവരങ്ങൾ ഔദ്യോഗികമായി പ്രഖ്യാപിക്കണമെന്നില്ല.

രക്ഷാസമിതിയിലെ അഞ്ച് സ്ഥിരാംഗങ്ങൾക്കും സ്ഥിരാംഗത്വമില്ലാത്ത പത്ത് അംഗങ്ങൾക്കും മാത്രമാണു യോഗത്തില്‍ പ്രവേശം ലഭിക്കുക. ഇന്ത്യയുടെയും പാക്കിസ്ഥാന്റെയും പ്രതിനിധികൾ യോഗത്തിൽ പങ്കെടുക്കുന്നില്ല. ഓഗസ്റ്റ് അഞ്ചിനാണ് ഭരണഘടനയിലെ ‘ആർട്ടിക്കിൾ 370’ ഇന്ത്യ അസാധുവാക്കിയത്. ഇതോടെ ജമ്മു കശ്മീരിന് പ്രത്യേക പദവി നഷ്ടമായി. കശ്മീരിനെ ജമ്മു കശ്മീർ എന്നും ലഡാക്ക് എന്നും രണ്ടു കേന്ദ്രഭരണ പ്രദേശങ്ങളാക്കി മാറ്റുകയാണ് ഇന്ത്യ ചെയ്തത്.

English Summary: Imran Khan dials Donald Trump as UN Security Council meet on J&K

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com