ADVERTISEMENT

കണ്ണൂർ∙ കാലാവധി ശേഷിക്കാൻ ഒരു വർഷം മാത്രം ശേഷിക്കേ കണ്ണൂർ കോർപറേഷൻ പിടിച്ചെടുക്കാൻ മേയർക്കെതിരെ യുഡിഎഫിന്റെ അവിശ്വാസ പ്രമേയം നാളെ. നിലവിൽ 27, 27 എന്നതാണ് എൽഡിഎഫ്, യുഡിഎഫ് കക്ഷിനില. കോൺഗ്രസ് വിമതനായ ഡെപ്യൂട്ടി മേയർ പി.കെ.രാഗേഷിന്റെ പിന്തുണയിലാണു കോർപറേഷൻ എൽഡിഎഫ് ഭരിക്കുന്നത്. രാഗേഷിന്റെ പിന്തുണ ഉറപ്പാക്കിയാണ് യുഡിഎഫ് അവിശ്വാസ പ്രമേയത്തിലേക്കു നീങ്ങുന്നത്.

കഴിഞ്ഞ തിരഞ്ഞെടുപ്പുകാലത്ത് പുതിയതായി രൂപീകരിച്ച കണ്ണൂർ കോർപറേഷൻ കഴിഞ്ഞ നാലു വർഷത്തിനിടെ പല രാഷ്ട്രീയ നാടകങ്ങൾ കണ്ട ശേഷമാണ് അവിശ്വാസ പ്രമേയത്തിലെത്തി നിൽക്കുന്നത്. മുനിസിപ്പാലിറ്റിയായിരുന്ന കാലത്ത് യുഡിഎഫിനു വൻ ഭൂരിപക്ഷമുണ്ടായിരുന്ന കണ്ണൂരിൽ കഴിഞ്ഞ തവണയും വിജയം പ്രതീക്ഷിച്ചതു യുഡിഎഫ് തന്നെയാണ്. എന്നാൽ അമിത ആത്മവിശ്വാസവും, കെ.സുധാകരനോട് ഇടഞ്ഞു പി.കെ.രാഗേഷ് സ്വന്തം മുന്നണിയുണ്ടാക്കി സ്വതന്ത്രനായി മൽസരിച്ചതും പ്രതീക്ഷകൾ കീഴ്മേൽ മറിച്ചു. രാഗേഷിന്റെ ഒറ്റ സീറ്റിന്റെ വ്യത്യാസത്തിൽ ഭരണം തുലാസിലായി.

മേയർ തിരഞ്ഞെടുപ്പിൽ രാഗേഷിന്റെ വോട്ട് കിട്ടിയതോടെ എൽഡിഎഫിന്റെ ഇ.പി.ലത മേയറായി. എന്നാൽ ഉച്ചതിരിഞ്ഞുള്ള ഡെപ്യൂട്ടി മേയർ തിരഞ്ഞെടുപ്പിൽ വോട്ടെടുപ്പിൽനിന്നു രാഗേഷ് വിട്ടുനിന്നതോടെ നറുക്കെടുപ്പ് വേണ്ടിവന്നു. നറുക്കിന്റെ ഭാഗ്യത്തിൽ ലീഗിലെ സി.സമീർ ഡെപ്യൂട്ടി മേയറായി. സ്ഥിരംസമിതികളിലെ തിരഞ്ഞെടുപ്പിനു പിന്തുണയഭ്യർഥിച്ച യുഡിഎഫിനു മുൻപിൽ രാഗേഷ് വച്ചത് ഒട്ടേറെ ആവശ്യങ്ങൾ. പരിഗണിക്കാം എന്ന ഉറപ്പു ലഭിച്ചതിന്റെ പേരിൽ സ്ഥിരംസമിതി തിരഞ്ഞെടുപ്പിൽ രാഗേഷ് യുഡിഎഫിന് അനുകൂലമായി വോട്ട് ചെയ്തു. അങ്ങനെ എട്ടിൽ ഏഴു സ്ഥിരം സമിതികളും യുഡിഎഫിനു കിട്ടി. ലീഗ് കൗൺസിലറുടെ വോട്ട് അസാധുവായതിനാലാണു ക്ഷേമകാര്യ സ്ഥിരംസമിതി നഷ്ടപ്പെട്ടത്.

ഇങ്ങനെ കാര്യങ്ങൾ നീങ്ങുമ്പോഴാണ് തനിക്കു കിട്ടിയ ഉറപ്പിൽ പലതും നടപ്പാക്കുന്നില്ലെന്ന വികാരം രാഗേഷിനുണ്ടായത്. ഈ വികാരം മുതലെടുക്കാൻ എൽഡിഎഫിനു കഴിഞ്ഞതോടെ ആറു മാസത്തിനുശേഷം ഡെപ്യൂട്ടി മേയർക്കെതിരെ എൽഡിഎഫ് അവിശ്വാസ പ്രമേയം കൊണ്ടുവന്നു. രാഗേഷിന്റെ പിന്തുണ എൽഡിഎഫിനാണെന്നു തിരിച്ചറിഞ്ഞതോടെ, പ്രമേയം ചർച്ചക്കെടുത്ത ദിവസം രാവിലെ തന്നെ സമീർ രാജിവച്ചു. പിന്നീട് എൽഡിഎഫ് പിന്തുണയോടെയാണു രാഗേഷ് ഡെപ്യൂട്ടി മേയറായത്.

എന്നാൽ ഡെപ്യൂട്ടി മേയറും സിപിഎമ്മും തമ്മിൽ പല വിഷയങ്ങളിലും ഉരസലുകളുണ്ടായി. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പു സമയത്ത് രാഗേഷിന്റെ ജനാധിപത്യ സംരക്ഷണ മുന്നണി യുഡിഎഫിനു പരസ്യപിന്തുണ പ്രഖ്യാപിച്ചതോടെയാണു കോർപറേഷനിൽ ഭരണമാറ്റ ചർച്ചകൾ തുടങ്ങിയത്. കെ.സുധാകരൻ നേരിൽ കണ്ടു ചർച്ച നടത്തിയതോടെ ഒപ്പം നിൽക്കാൻ രാഗേഷ് തയാറാവുകയായിരുന്നു.
ഡെപ്യൂട്ടി മേയറായി രാഗേഷ് തുടരാനും മേയർ സ്ഥാനം കോൺഗ്രസും ലീഗും പങ്കിടാനുമാണു നിലവിലെ ധാരണ. ആദ്യ ടേമിൽ കോൺഗ്രസിന്റെ സുമ ബാലകൃഷ്ണനും അവസാന ടേമിൽ ലീഗിന്റെ സി.സീനത്തും മേയറാകും.

എന്നാൽ നാളെ പ്രമേയം അവതരിപ്പിക്കാനിരിക്കേ കോൺഗ്രസിന്റെ വനിതാ കൗൺസിലറെ അയോഗ്യയാക്കണമെന്നാവശ്യപ്പെട്ട് എൽഡിഎഫ് പരാതി നൽകിയിട്ടുണ്ട്. കൗൺസിലർ ഭാരതി തുടർച്ചയായി മൂന്നു കൗൺസിൽ യോഗത്തിൽ പങ്കെടുത്തില്ലെന്നു ചൂണ്ടിക്കാട്ടിയാണു പരാതി. എന്നാൽ ഇതിലൊന്ന് അടിയന്തര കൗൺസിൽ യോഗമായതിനാൽ പരാതി നിലനിൽക്കില്ലെന്നു യുഡിഎഫ് വാദിക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com