ADVERTISEMENT

ശ്രീനഗർ∙ കശ്മീരിൽ നിയന്ത്രണങ്ങൾ പന്ത്രണ്ടാം ദിവസവും തുടരുന്നതിനിടെ തങ്ങളുടെ സ്ഥിതി ചൂണ്ടിക്കാട്ടി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് മുൻ മുഖ്യമന്ത്രി മെഹബൂബ മുഫ്തിയുടെ മകൾ ഇൽറ്റിജ ജാവേദിന്റെ കത്ത്. രാജ്യമെമ്പാടുമുള്ള ജനങ്ങൾ ഇന്ത്യയുടെ സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന ഈ വേളയിൽ കശ്മീരികൾ കൂട്ടിലടയ്ക്കപ്പെട്ട മൃഗങ്ങളുടെ അവസ്ഥയിലാണ്. മനുഷ്യനെന്ന നിലയിലുള്ള അടിസ്ഥാന അവകാശങ്ങൾ പോലും ഇല്ലായ്മ ചെയ്യപ്പെട്ടുവെന്നും ജാവേദ് കത്തിൽ പറയുന്നു.

തന്നെയും വീട്ടുതടങ്കലിൽ ആക്കിയിരിക്കുകയാണെന്നും മാധ്യമങ്ങളോട് ഇനിയും സംസാരിച്ചാൽ അനന്തരഫലങ്ങൾ അനുഭവിക്കേണ്ടിവരുമെന്ന് ഭീഷണിപ്പെടുത്തിയതായും ജാവേദ് പുറത്തുവിട്ട ശബ്ദസന്ദേശത്തിൽ പറയുന്നു. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതിനു പിന്നാലെ കശ്മീരിലെ എല്ലാ വാർത്താവിനിമയ സംവിധാനങ്ങളും കേന്ദ്രം തടഞ്ഞിരുന്നു. എന്നിട്ടും ജാവേദിന്റെ ആശങ്ക പങ്കുവച്ചുള്ള ശബ്ദസന്ദേശം പുറത്തുവരികയായിരുന്നു.

കർഫ്യു പ്രഖ്യാപിച്ചതിനുപിന്നാലെ കശ്മീരിൽ നടക്കുന്ന സംഭവങ്ങളെക്കുറിച്ച് വെളിപ്പെടുത്തിയതിനാലാണ് തന്നെയും വീട്ടുതടങ്കലിലാക്കിയിരിക്കുന്നത്. ഒരു ക്രിമിനലിനെ പോലെയാണ് തന്നോട് ഇവർ പെരുമാറുന്നത്. അവരുടെ ശ്രദ്ധയിലും നിയന്ത്രണത്തിലുമാണ് താൻ. കശ്മീരികൾക്കൊപ്പം സ്വന്തം ജീവനെക്കുറിച്ച് ഓർത്ത് തനിക്കു ഭയമുണ്ടെന്നും ജാവേദ് പറഞ്ഞു. കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞ ഓഗസ്റ്റ് 5 മുതൽ വാർത്താവിനിമയ സംവിധാനങ്ങൾ പരിമിതപ്പെടുത്തിയിരുന്നു. കേബിൾ നെറ്റ്‍വർക്കിൽ വാർത്താ ചാനലുകളും ഇല്ലാതായി.

English Summary: "Caged Like Animals": Mehbooba Mufti's Daughter Writes To Amit Shah

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com