ADVERTISEMENT

ന്യൂഡൽഹി ∙ ഇന്ത്യയുടെ ആണവായുധ നയത്തിൽ മാറ്റങ്ങൾ വരാമെന്ന സൂചന നൽകി പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്. ‘ആദ്യം പ്രയോഗിക്കില്ല’ എന്ന നയം തുടരുമ്പോഴും സാഹചര്യങ്ങൾക്ക് അനുസരിച്ച് ആണവായുധ ഉപയോഗ നയത്തിൽ മാറ്റം വരാമെന്നു രാജ്നാഥ് പറഞ്ഞു.

ഇന്ത്യ രണ്ടു തവണ ആണവ പരീക്ഷണം നടത്തിയ രാജസ്ഥാനിലെ പൊഖ്റാനിലായിരുന്നു പ്രതിരോധ മന്ത്രിയുടെ നിർണായക പ്രസ്താവന. കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞത് ഉൾപ്പെടെയുള്ള വിഷയങ്ങളിൽ പാക്കിസ്ഥാൻ പ്രകോപനം തുടരുന്ന സാഹചര്യത്തിൽ രാജ്നാഥിന്റെ പ്രസ്താവനയ്ക്കു മാനങ്ങളേറെയാണ്.

‘ഇന്ത്യ ആണവശക്തിയുള്ള രാജ്യമാണ്. ആദ്യം പ്രയോഗിക്കില്ല എന്ന പ്രമാണമാണു രാജ്യത്തിനുള്ളത്. ഇതുവരെയും ആ പ്രമാണം മുറുകെപ്പിടിച്ചിട്ടുണ്ട്. ഭാവിയിൽ ഇങ്ങനെത്തന്നെയാകുമോ എന്നു പറയാനാകില്ല. സാഹചര്യങ്ങൾക്ക് അനുസരിച്ച് ആണവനയത്തിൽ മാറ്റം വരാം’– രാജ്നാഥ് പറഞ്ഞു. പൊഖ്റാനിൽ സ്കൗട്ട് മാസ്റ്റർ മത്സരത്തിന്റെ സമാപനത്തിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു അദ്ദേഹം.

മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിയുടെ ഒന്നാം ചരമ വാർഷികത്തിൽ പൊഖ്റാനിൽ അദ്ദേഹത്തിന് ആദരാഞ്ജലി അർപ്പിച്ച ശേഷമായിരുന്നു രാജ്നാഥിന്റെ പ്രതികരണം. വാജ്പേയിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാരിന്റെ കാലത്താണ് (1998) രണ്ടാം പൊഖ്റാൻ ആണവ പരീക്ഷണം ഇന്ത്യ നടത്തിയത്. 

English Summary: "Future Of No First Use Policy Depends On Circumstances": Rajnath Singh

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com