ADVERTISEMENT

വാഷിങ്ടന്‍/ന്യൂഡല്‍ഹി∙ ജമ്മു കശ്മീര്‍ വിഷയം യുഎന്‍ രക്ഷാസമിതിയില്‍ ചര്‍ച്ചയാക്കി രാജ്യാന്തര തലത്തില്‍ വിവാദവിഷയമാക്കാന്‍ ചൈനയും പാക്കിസ്ഥാനും നടത്തിയ ശ്രമങ്ങള്‍ക്ക് ഇന്ത്യ തടയിട്ടത് മികച്ച നയതന്ത്രവൈദഗ്ധ്യത്തോടെ. രക്ഷാസമിതിയിലെ സ്ഥിരാംഗങ്ങള്‍ ഉള്‍പ്പെടെ ഭൂരിപക്ഷം അംഗരാജ്യങ്ങളുടെയും പിന്തുണ ഉറപ്പാക്കാന്‍ ഇന്ത്യയ്ക്കു കഴിഞ്ഞു. അവസാന നിമിഷം അമേരിക്കയുടെ പിന്തുണ നേടാന്‍ പാക്കിസ്ഥാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.

ഭരണഘടനയിലെ 370 അനുഛേദത്തിന്റെ ഭേദഗതി തികച്ചും ഇന്ത്യയുടെ ആഭ്യന്തരവിഷമാണെന്ന ഇന്ത്യന്‍ നിലപാടിനോടു ചേര്‍ന്നു നില്‍ക്കുകയാണ് രക്ഷാസമിതിയിലെ ഭൂരിപക്ഷം അംഗങ്ങളും ചെയ്തത്. ഇന്ത്യയെ പിന്തുണച്ച് ശക്തമായ നിലപാടുമായി റഷ്യ രംഗത്തെത്തിയതാണ് മറുനീക്കങ്ങള്‍ക്കു തിരിച്ചടിയായത്. കശ്മീരിലെ നിയന്ത്രണങ്ങള്‍ പിന്‍വലിക്കാന്‍ ഇന്ത്യ സ്വീകരിക്കുന്ന നടപടികളെ രക്ഷാസമിതി അഭിനന്ദിക്കുകയും ചെയ്തു. ഇന്ത്യയുടെ നീക്കങ്ങള്‍ ശരിയായ ദിശയിലാണെന്നും യുഎന്‍ വിലയിരുത്തി.

വിഷയം ചര്‍ച്ച ചെയ്യാന്‍ ഔപചാരിക യോഗം വിളിക്കണമെന്ന് ആവശ്യം തള്ളിയ അംഗങ്ങള്‍ ഇക്കാര്യത്തില്‍ വോട്ടെടുപ്പ് നടത്താനോ, പ്രസ്താവന പുറത്തിറക്കാനോ തയാറായില്ല. സമിതിയിലെ അഞ്ച് സ്ഥിരാംഗങ്ങളില്‍ ചൈന മാത്രമാണ് പാക്ക് നിലപാടിനെ അനുകൂലിച്ചത് യുഎസ്, ബ്രിട്ടന്‍, ഫ്രാന്‍സ്, റഷ്യ തുടങ്ങിയ രാജ്യങ്ങള്‍ ഇന്ത്യയ്ക്കൊപ്പം നിന്നു. രക്ഷാസമിതിയിലെ അഞ്ച് സ്ഥിരാംഗങ്ങളും സ്ഥിരാംഗത്വമില്ലാത്ത പത്ത് രാജ്യങ്ങളും മാത്രമാണു യോഗത്തില്‍ പങ്കെടുക്കുക.

പ്രത്യേക യോഗത്തില്‍ നടന്ന ചര്‍ച്ചയുടെ വിവരങ്ങള്‍ രക്ഷാസമിതി പ്രസിഡന്റ് ജൊവന്ന റൊനേക്ക പുറത്തുവിടണമെന്നാണ് ചൈന നിര്‍ദേശിച്ചത്. എന്നാല്‍ ആരുടെയും പിന്തുണ ലഭിക്കാതിരുന്ന സാഹചര്യത്തില്‍ യുഎന്നിലെ ചൈനീസ് അംബാസഡര്‍ തന്നെ മാധ്യമങ്ങളെ കണ്ട് മറ്റ് അംഗങ്ങള്‍ കശ്മീരിലെ സ്ഥിതിഗതികളില്‍ കടുത്ത ആശങ്ക പ്രകടിപ്പിച്ചുവെന്ന് അവകാശപ്പെടുകയായിരുന്നു. ഇന്ത്യയും പാക്കിസ്ഥാനും ഏകപക്ഷീയമായി തീരുമാനമെടുക്കുന്നതില്‍നിന്നു വിട്ടുനില്‍ക്കണമെന്ന നിലപാടാണ് രക്ഷാസമിതിയില്‍ ഉണ്ടായതെന്നും ചൈന വ്യക്തമാക്കിയിരുന്നു.

ഇതോടെ ശക്തമായ മറുപടിയുമായി ഇന്ത്യ രംഗത്തെത്തി. രണ്ടു രാജ്യങ്ങള്‍ അവരുടെ പ്രസ്താവനകള്‍ രക്ഷാസമിതി തീരുമാനമായി അവതരിപ്പിക്കുന്നത് ശരിയല്ലെന്ന് ഇന്ത്യയുടെ യുഎന്നിലെ സ്ഥിരം പ്രതിനിധി സയിദ് അക്ബറുദീന്‍ പറഞ്ഞു. പാക്കിസ്ഥാന്‍ ഭീകരവാദം നിര്‍ത്തിയാല്‍ ചര്‍ച്ചയാകാമെന്ന നിലപാട് ഇന്ത്യ ആവര്‍ത്തിച്ചു. ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 370-യുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പൂര്‍ണമായും ഇന്ത്യയുടെ ആഭ്യന്തര കാര്യമാണെന്നും പുറത്തുനിന്നുള്ള ഇടപെടല്‍ ആവശ്യമില്ലെന്നും സയിദ് അക്ബറുദീന്‍ പറഞ്ഞു. ഒരു രാജ്യം 'വിശുദ്ധയുദ്ധം' എന്ന പേരില്‍ ഇന്ത്യയില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിക്കുകയാണെന്ന് പാക്കിസ്ഥാനെ പേരെടുത്തു പരാമര്‍ശിക്കാതെ അദ്ദേഹം കുറ്റപ്പെടുത്തി.

ജമ്മുവിലും ലഡാക്കിലും സാമ്പത്തിക, സാമൂഹിക വികസനം എത്തിക്കുകയാണ് ഇന്ത്യയുടെ ലക്ഷ്യം. ഇന്ത്യയുടെ നടപടികള്‍ക്ക് യുഎന്‍ രക്ഷാസമിതി നല്‍കിയ അംഗീകാരത്തിന് നന്ദിയുണ്ടെന്നും അക്ബറുദീന്‍ പറഞ്ഞു. പാക്ക്, ചൈനീസ് നയതന്ത്രപ്രതിനിധികൾ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിനു മറുപടി നല്‍കാന്‍ കൂട്ടാക്കിയില്ല. എന്നാല്‍ പാക്കിസ്ഥാനില്‍നിന്നുള്ളവര്‍ക്ക് ഉള്‍പ്പെടെ രാജ്യാന്തര മാധ്യമ പ്രതിനിധികളുടെ ചോദ്യത്തിനു കൃത്യമായി മറുപടി നല്‍കാൻ അക്ബറുദീന്‍ മടികാട്ടിയില്ല.

പ്രത്യേക ചര്‍ച്ചയില്‍ കൃത്യമായ തീരുമാനമൊന്നും ഉണ്ടാകാന്‍ ഇടയില്ലെങ്കിലും കശ്മീര്‍ വിഷയത്തില്‍ ഇന്ത്യന്‍ നിലപാടുകള്‍ക്കെതിരെ പ്രസ്താവന നടത്താന്‍ രക്ഷാസമിതി പ്രസിഡന്റിനു മേല്‍ ചൈന വന്‍ സമ്മര്‍ദം ചെലുത്തുമെന്ന ആശങ്കയാണ് ഇന്ത്യക്കുണ്ടായിരുന്നത്. എന്നാല്‍ ചൈനയുടെ ഈ നീക്കത്തെ ഒരു രാജ്യവും പിന്തുണ നല്‍കിയില്ലെന്ന റിപ്പോര്‍ട്ടാണു പുറത്തുവരുന്നത്. ഔപചാരിക യോഗം വിളിച്ചു ചേര്‍ക്കാന്‍ ഒമ്പത് അംഗങ്ങളുടെ പിന്തുണയാണ് ചൈനയ്ക്കു വേണ്ടത്. കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ നടപടിയെക്കുറിച്ച് പാക്ക് പ്രതിനിധിയെ ഉള്‍പ്പെടുത്തി ഔപചാരിക ചര്‍ച്ച നടത്തണമെന്ന് ആവശ്യപ്പെട്ട് പാക്ക് വിദേശകാര്യ മന്ത്രി ഷാ മഹ്മൂദ് ഖുറേഷി നല്‍കിയ കത്തായിരുന്നു പ്രത്യേക യോഗത്തിലെ ചര്‍ച്ചയ്ക്ക് അടിസ്ഥാനം. എന്നാല്‍ റഷ്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ഇതിനെ എതിര്‍ത്തതോടെ നീക്കം പാളി. കശ്മീര്‍ ഇന്ത്യയുടെ ആഭ്യന്തരവിഷയമാണെന്ന നിലപാടാണ് റഷ്യ സ്വീകരിച്ചത്.

1972-ല്‍ ഒപ്പിട്ട അവസാന കരാറും പാലിക്കാന്‍ തയാറാണെന്ന് ഇന്ത്യ വ്യക്തമാക്കി. എന്നാല്‍ പാക്കിസ്ഥാനും അതിനു തയാറാകണം. കശ്മീരിലെ സാഹചര്യത്തില്‍ അനാവശ്യമായി പരിഭ്രമമുണ്ടാക്കുന്ന ചിലരുണ്ട്. ഇതു യാഥാര്‍ഥ്യത്തില്‍നിന്ന് ഏറെ വിദൂരമാണ്. ഭീകരത അവസാനിപ്പിക്കൂ, സംസാരിക്കാം. കശ്മീരിലെ നിയന്ത്രണങ്ങളെല്ലാം പടിപടിയായി നീക്കാന്‍ ഇന്ത്യ തയാറാണ്. കശ്മീരിന്റെ സമാധാനത്തിന് ഇന്ത്യ പ്രതിജ്ഞാബദ്ധമാണ്. ഈ വിഷയത്തില്‍ ഒപ്പുവച്ചിട്ടുള്ള എല്ലാ കരാറുകളും അംഗീകരിക്കാന്‍ തയാറാണെന്നും അക്ബറുദീന്‍ പറഞ്ഞു. യുഎന്‍ രക്ഷാസമിതി യോഗത്തിനിടെ പാക്ക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ ഫോണില്‍ വിളിച്ചു പിന്തുണ ആവശ്യപ്പെട്ടിരുന്നു. പാക്കിസ്ഥാന്‍ വിദേശകാര്യ മന്ത്രി ഷാ മഹമൂദ് ഖുറേഷിയും ഇക്കാര്യം സ്ഥിരീകരിച്ചു. ഫ്രഞ്ച് പ്രസിഡന്റ് ഉള്‍പ്പെടെ രക്ഷാസമിതിയിലെ നാലു രാഷ്ട്രങ്ങളുടെ തലവന്മാരെ ബന്ധപ്പെടാന്‍ ശ്രമിച്ചതായും ഖുറേഷി പറഞ്ഞു. 1964-65-ലാണ് യുഎന്‍ രക്ഷാസമിതി അവസാനമായി കശ്മീര്‍ വിഷയം ചര്‍ച്ച ചെയ്തത്.

English Summary: "Entirely Internal Matter," Says India After UNSC Closed-Door Meet On J&K

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com