ADVERTISEMENT

മംഗളൂരു ∙ കേന്ദ്ര സർക്കാർ അന്വേഷണ ഉദ്യോഗസ്ഥർ ചമഞ്ഞ് പണം തട്ടാനുള്ള ശ്രമത്തിനിടെ മലയാളി അടക്കമുള്ള തട്ടിപ്പ്–പിടിച്ചുപറി സംഘം മംഗളൂരുവിൽ അറസ്റ്റിൽ. മണിപ്പാൽ എൻഡ് പോയിന്റ് മാണ്ഡോവി റസിഡൻസിയിൽ താമസിക്കുന്ന കൊല്ലം ശക്തികുളങ്ങര കാവനാട് കൂയിലാട് അലബി റോഡിലെ മറിയ കോട്ടജിൽ സാം പീറ്റർ (53), മംഗളൂരു ഫൾനീറിലെ ഹോട്ടൽ വ്യവസായി എസ്.എ.കെ.അബ്ദുൾ ലത്തീഫ് (59), മംഗളൂരു കൂളൂരിലെ ജി.മൊയ്തീൻ (70), കുടക് വീരാജ്പേട്ട കാക്കൂട്ടപുരം നാൽകേരി സ്വദേശി ബെംഗളൂരു സൗത്ത് കെ.സി.പുണബ്ബ തൂതഗുണിയിൽ താമസിക്കുന്ന ചിന്നപ്പ (38), ബെംഗളൂരു യലഹങ്ക നെഹ്റു നഗർ സുരഭി ലേ ഔട്ടിൽ താമസിക്കുന്ന മടിക്കേരി സിദ്ദാപുര അരേക്കള സ്വദേശി ടി.കെ.ബോപ്പണ്ണ (33), ബെംഗളൂരു സൗത്ത് നീലസാന്ദ്ര നട്സ്ട്രീറ്റിലെ മദൻ (41), ബെംഗളൂരു കനകപുര വെള്ളികാമ്മ ദേവസ്ഥാനത്തിനു സമീപത്തെ സുനിൽ രാജു (35), ബെംഗളൂരു ഉത്തരഹള്ളി ഗൗഡനപാള്യയിലെ കോതണ്ഡരാമ (35) എന്നിവരാണ് അറസ്റ്റിലായത്.

Mangalore Fraud
പൊലീസിന്റെ പിടിയിലായവർ

കേന്ദ്ര സർക്കാരിന്റെ ദേശീയ കുറ്റാന്വേഷണ ബ്യൂറോ (എൻസിഐബി) എന്ന ബോർഡ് പതിച്ച വാഹനം, വ്യാജ തിരിച്ചറിയൽ കാർഡുകൾ, വിസിറ്റിങ് കാർഡുകൾ, ലാപ്ടോപ്, മൊബൈൽ ഫോണുകൾ, ഒരു റിവോൾവർ, 8 വെടിയുണ്ടകൾ, വോയ്സ് റെക്കോഡർ എന്നിവ ഇവരിൽ നിന്നു പിടിച്ചെടുത്തതായും കമ്മിഷണർ അറിയിച്ചു. സാം പീറ്ററാണ് സംഘത്തിനു നേതൃത്വം നൽകുന്നത്. ഇയാൾക്കു കൊൽക്കത്തയിലും ഒഡീഷ ഭുവനേശ്വറിലും ഉൾപ്പെടെ ബന്ധങ്ങൾ ഉള്ളതായി പൊലീസ് വ്യക്തമാക്കി. അബ്ദുൾ ലത്തീഫും മൊയ്തീനുമാണ് സംഘത്തിന് മംഗളൂരുവിൽ ഒത്താശ ചെയ്യുന്നത്. മറ്റുള്ളവർ ബെംഗളൂരു കേന്ദ്രീകരിച്ചുള്ള തട്ടിപ്പുകൾക്ക് വഴിയൊരുക്കുന്നവരാണ്.

ദേശീയ കുറ്റാന്വേഷണ ബ്യൂറോ (എൻസിഐബി) എന്നത് ഉത്തർപ്രദേശിലെ ഗോണ്ട ആസ്ഥാനമായി പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനയാണ്. കേന്ദ്ര സർക്കാർ സ്ഥാപനം എന്ന ബോർഡ് ഉപയോഗിക്കാൻ ഇവർക്ക് സാധിക്കില്ല. എന്നിരിക്കെയാണ് അറസ്റ്റിലായവർ വാഹനത്തിൽ ഈ ബോർഡ് സ്ഥാപിച്ചത്. ഇവർക്ക് ഈ സംഘടനയുമായി ബന്ധമുണ്ടോ എന്നത് അന്വേഷിച്ചു വരികയാണ്.

ദേശീയപാത–66ൽ മംഗളൂരു പമ്പുവെല്ലിലെ ഹോട്ടലിൽ നിന്നാണ് ഇവരെ അറസ്റ്റു ചെയ്തത്. 2 ദിവസമായി ഇവിടെ താമസിക്കുന്നതായി ഇവർ മൊഴി നൽകി. എന്നാൽ ഹോട്ടലിൽ റജിസ്റ്റർ ചെയ്യുകയോ താമസിച്ചതിനു മറ്റു രേഖകളോ ഇല്ല. ഈ സാഹചര്യത്തിൽ സിസിടിവി ദൃശ്യങ്ങൾ അടക്കം പരിശോധിച്ചു വരികയാണ്. ശാസ്ത്രീയ പരിശോധനകളും വിശദമായ അന്വേഷണവും പൂർത്തിയായാൽ മാത്രമേ കൂടുതൽ വിവരങ്ങൾ വ്യക്തമാകൂവെന്ന് പൊലീസ് കമ്മിഷണർ വ്യക്തമാക്കി. സംഘവുമായി ബന്ധമുള്ള ലത്തീഫ്, ചെറിയാൻ എന്നിവരെ കുറിച്ചും അന്വേഷണം നടത്തി വരികയാണ്. മംഗളൂരു ഈസ്റ്റ് പൊലീസാണു കേസ് റജിസ്റ്റർ ചെയ്ത് അന്വേഷിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com