ADVERTISEMENT

തിമ്പു∙ ഭൂട്ടാന്‍ ജനതയ്ക്കു വമ്പൻ പ്രഖ്യാപനങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. എൽപിജി മുതൽ ബഹിരാകാശ രംഗത്തുവരെ ഭൂട്ടാനുള്ള സഹായങ്ങൾ രണ്ടു ദിവസത്തെ സന്ദർശനത്തിനിടെ പ്രധാനമന്ത്രി പ്രഖ്യാപിച്ചു. ജല വൈദ്യുതി പദ്ധതിയിലെ സഹകരണത്തിനപ്പുറത്തേക്ക് ഭൂട്ടാനുമായുള്ള ബന്ധം വർധിപ്പിക്കുകയാണു സന്ദർശനത്തിന്റെ ലക്ഷ്യം.

പ്രകൃതി വാതകം, റുപേ കാർഡിന്റെ പ്രഖ്യാപനം, വിദേശ കറന്‍സി വിനിമയം, ശാസ്ത്ര, വിദ്യാഭ്യാസ മേഖല തുടങ്ങിയ വിഷയങ്ങളിലെ സഹകരണമാണു പ്രധാനമന്ത്രി നരേന്ദ്ര മോദി ഭൂട്ടാനു വാഗ്ദാനം ചെയ്തത്. ഭൂട്ടാൻ തലസ്ഥാനമായ തിമ്പുവില്‍ പ്രധാനമന്ത്രി ഷെറിങ് തോബെയോടൊപ്പം നടത്തിയ സംയുക്ത വാർത്താ സമ്മേളനത്തിലാണ് മോദി ഇക്കാര്യം അറിയിച്ചത്. വാർത്താ സമ്മേളനത്തിനു മുൻപ് ഇരു നേതാക്കളും ചർച്ച നടത്തുകയും ചെയ്തു.

ജലവൈദ്യുത പദ്ധതികളിലെ സഹകരണം തുടരേണ്ടതുണ്ടെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഭൂട്ടാനിലെ നദികളിലെ ജലത്തിൽനിന്നു കഴിഞ്ഞ വർഷങ്ങളിൽ ഇരു രാഷ്ട്രങ്ങളും വൈദ്യുതി മാത്രമല്ല ഉൽപാദിപ്പിച്ചത്, സമൃദ്ധിയും കൂടിയാണ് –5,012 കോടിയുടെ മാങ്ദേചു ജലവൈദ്യുത പദ്ധതി ഉദ്ഘാടനത്തിനുശേഷം പ്രധാനമന്ത്രി പറഞ്ഞു. എൽപിജിയുടെ വിതരണം പ്രതിമാസം 700 മെട്രിക് ടണ്ണിൽനിന്ന് 1000 മെട്രിക് ടണ്ണായി ഉയർത്തും. ഭൂട്ടാനിലെ സാധാരണ ജനങ്ങളുടെ ആവശ്യത്തിനാണിത്– പ്രധാനമന്ത്രി പറഞ്ഞു.

ഭൂട്ടാന് പഞ്ചവൽസര പദ്ധതികളിലൂടെ ഇന്ത്യ നൽകുന്ന സഹായം തുടരും. ഇതിൽ ഭൂട്ടാനിലെ ജനങ്ങളുടെ താൽപര്യങ്ങൾ‌ക്കായിരിക്കും മുൻഗണന നൽകുക. ചെറു ഉപഗ്രങ്ങൾ നിർമിക്കുന്നതിനും ബഹിരാകാശ സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിലും ഇരു രാജ്യങ്ങളും സഹകരിക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ഭൂട്ടാനിൽ ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന നിർമിച്ച ഏഴ് കോടിയുടെ ഗ്രൗണ്ട് സ്റ്റേഷനും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു.

English Summary: PM Narendra Modi seeks to expand India-Bhutan ties beyond hydro-power

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com