ADVERTISEMENT

ലക്നൗ∙ മുത്തലാഖ് ചൊല്ലിയതിനു ശേഷം ഭർത്താവിന്റെ വീട്ടിൽ തുടർന്ന യുവതിയെ അഞ്ചുവയസുകാരി മകൾ നോക്കിനിൽക്കേ ഭർത്താവും ബന്ധുക്കളും ചേർന്ന് ചുട്ടുകൊന്നു. ഉത്തർപ്രദേശിലെ ശ്രാവസ്തി ജില്ലയിലാണ് നടുക്കുന്ന സംഭവം. പൊലീസ് നിർദേശമനുസരിച്ച് ഭർത്താവിന്റെ വീട്ടിൽ തന്നെ തുടർന്ന സയീദ(22) എന്ന യുവതിക്കാണ് ദാരുണാന്ത്യം. ഭർത്താവ് ബന്ധുക്കളുടെ സഹായത്തോടെയാണ് യുവതിയെ തീകൊളുത്തി െകാന്നതെന്നു പൊലീസ് അറിയിച്ചു. 

വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. ഭർത്താവ് മുത്തലാഖ് ചൊല്ലിയെന്നും നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് യുവതി പൊലീസിനെ സമീപിച്ചിരുന്നുവെങ്കിലും പരാതി സ്വീകരിക്കാനോ കേസെടുക്കാനോ പൊലീസ് തയാറായില്ല. യുവതിയോട് ഭർതൃവീട്ടിൽ തന്നെ തുടരാൻ പൊലീസ് ആവശ്യപ്പെടുകയായിരുന്നുവെന്നു ബന്ധുക്കൾ പറയുന്നു. മുംബൈയിൽ ജോലി ചെയ്തിരുന്ന സയീദയുടെ ഭർത്താവ് നഫീസ് ഫോൺ വഴിയാണ് സയീദയെ തലാക്ക് ചൊല്ലിയത്. ഓഗസ്റ്റ് 15 ന് ഭർത്താവിനെയും കൂട്ടി പൊലീസ് സ്റ്റേഷനിലെത്താൻ നിർദേശിച്ചതിനെ തുടർന്ന് ഇരുവിഭാഗവും സ്റ്റേഷനിൽ ഹാജരായി. 

യുവതിയോട് വീട്ടിൽ തന്നെ തുടരാൻ നിർദേശിച്ച് പൊലീസ് മടക്കി അയക്കുകയായിരുന്നു. തുടർന്നു വീട്ടിൽ തർക്കമുണ്ടാകുകയും  കൊലപാതകത്തിൽ കലാശിക്കുകയും ചെയ്തു. സയീദയുടെ തലമുടിയിൽ ഭർത്താവ് പിടിച്ചുവയ്ക്കുകയും ഭർത്താവിന്റെ സഹോദരിമാർ മണ്ണെണ്ണ ഒഴിച്ചു കത്തിക്കുകയുമായിരുന്നു. സയീദയുടെ അഞ്ചുവയസുകാരിയായ മകളിൽ നിന്നും െപാലീസ് മൊഴിയെടുത്തു. യുവതി കൊല്ലപ്പെട്ടതിനു പിന്നാലെ ഭർത്താവിനും കുടുംബത്തിനുമെതിരെ പൊലീസ് കേസ് രജിസ്‌റ്റര്‍ ചെയ്‌തു. സ്ത്രീധന പീഡനം, കൊലപാതകം എന്നീ വകുപ്പുകൾ ചേര്‍ത്താണ് കേസെടുത്തിരിക്കുന്നത്.

കഴിഞ്ഞ പാർലമെന്റ് സമ്മേളനത്തിൽ മുസ്‌ലിം വനിതാ വിവാഹാവകാശ സംരക്ഷണ ബിൽ (മുത്തലാഖ് ബിൽ) പാസാക്കിയതിനു െതാട്ടുപിന്നാലെയാണ് സയീദയെ നഫീസ് മൊബൈൽ ഫോണിലൂടെ മുത്തലാഖ് ചൊല്ലിയതെന്ന് സയീദയുടെ പിതാവ് ആരോപിച്ചു. 2018 സെപ്റ്റംബര്‍ 19 മുതല്‍ മുന്‍കാല പ്രാബല്യത്തോടെയാണു നിയമം നിലവിൽ വന്നത്. ഇതോടെ മൂന്നു തലാഖും ഒന്നിച്ചുചൊല്ലി ബന്ധം വേര്‍പെടുത്തുന്നത് രാജ്യത്ത് മൂന്നു വര്‍ഷംവരെ തടവുലഭിക്കാവുന്ന ക്രിമിനല്‍ കുറ്റമായി മാറിയിരുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com