ADVERTISEMENT

തിരുവനന്തപുരം ∙ കെപിസിസി പുനഃസംഘടനയില്‍ വിമര്‍ശനവുമായി കെ.മുരളീധരന്‍ എംപി. ഭാരവാഹികളെ നിശ്ചയിക്കാന്‍ കൂടിയാലോചന നടത്തിയില്ലെന്നും ചിലര്‍ ഏകപക്ഷീയമായി തീരുമാനമെടുക്കുകയാണെന്നും കെ. മുരളീധരന്‍ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനു നല്‍കിയ കത്തില്‍ പറഞ്ഞു. രാഷ്ട്രീയ കാര്യസമിതിയില്‍ പറഞ്ഞ കാര്യങ്ങള്‍ പോലും മുഖവിലയ്ക്കെടുത്തില്ലെന്നും മുരളീധരന്‍ വ്യക്തമാക്കി. ഒരാള്‍ക്ക് ഒരു പദവിയെന്ന വാദം തള്ളി ജനപ്രതിനിധികളെ പാര്‍ട്ടി ഭാരവാഹികളാക്കാനുള്ള നീക്കമാണ് മുരളീധരനെ ചൊടിപ്പിച്ചത്.

മുന്‍ കെപിസിസി പ്രസി‍ഡന്റായിട്ട് പോലും പുനഃസംഘടന സംബന്ധിച്ച് ഒരു കാര്യവും തന്നോട് ആലോചിച്ചിട്ടില്ല. രണ്ടോ മൂന്നോ പേര്‍ ചേര്‍ന്നാണ് എല്ലാം തീരുമാനിക്കുന്നത്. ഭാരവാഹികളായി ഒരാളുടേയും പേരു നിര്‍ദേശിക്കാന്‍ ഇനിയില്ല. നിങ്ങള്‍ക്ക് ഇഷ്ടമുള്ളതുപോലെ ചെയ്യാം. ഇക്കാര്യത്തില്‍ തന്റെ അഭിപ്രായം ഇനി ആരും ചോദിക്കേണ്ടതില്ലെന്നുമാണ് മുരളീധരന്‍ പാര്‍ട്ടി നേതൃത്വത്തിന് നല്‍കിയ കത്തിലെ ഉള്ളടക്കം. മുരളീധരന്‍ നിര്‍ദേശിച്ച പേരുകള്‍ക്കു പകരം മറ്റു ചിലരെ  ഭാരവാഹികളാക്കിയതാണ് പ്രകോപനത്തിന് കാരണം.  

പ്രധാന നേതാക്കളെ ഒഴിവാക്കി അടൂര്‍ പ്രകാശ്, വി.എസ്.ശിവകുമാര്‍, എ.പി.അനില്‍ കുമാര്‍ തുടങ്ങിയ ജനപ്രതിനിധികളെ ഭാരവാഹികളാക്കുന്നതില്‍ െഎ ഗ്രൂപ്പില്‍തന്നെ എതിര്‍പ്പുണ്ട്. ഇതിന്റെ പ്രതിഫലനം കൂടിയാണ് കെ.മുരളീധരന്റ കത്ത്. ജനപ്രതിനിധികളാകാനും ഭാരവാഹികളാകാനും ഒരേ നേതാക്കള്‍ത്തന്നെ മതിയെങ്കില്‍ മറ്റു നേതാക്കള്‍ എന്തിനെന്നാണ് മുരളീധരന്റ ചോദ്യം. ഇരട്ടപ്പദവി നല്‍കുന്നതിലുള്ള എതിര്‍പ്പ് ചിലര്‍ എ.കെ. ആന്റണിയെ അറിയിച്ചിട്ടുണ്ട്.

അതേസമയം, എ ഗ്രൂപ്പ് ഭാരവാഹികളാക്കേണ്ടവരുടെ പട്ടിക നേതൃത്വത്തിനു നല്‍കികഴിഞ്ഞു. രാജീവ് ഗാന്ധി ജന്മദിനാഘോഷത്തിന്റ ഭാഗമായി ആന്റണി അടക്കമുള്ള നേതാക്കള്‍ അടുത്തദിവസം കെപിസിസി ആസ്ഥാനത്തുണ്ടെന്നിരിക്കെ തര്‍ക്കങ്ങള്‍ വൈകാതെ പരിഹരിക്കാനാവുമെന്നാണ് പ്രതീക്ഷ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com