ADVERTISEMENT

തിരുവനന്തപുരം∙  കേരളത്തിന്റെ പുനർനിർമാണത്തിനായി സാലറി ചാലഞ്ച് വഴി കെഎസ്ഇബി ജീവനക്കാരിൽ നിന്ന് പിരിച്ച 136 കോടി രൂപ ഒരു വർഷം കഴിഞ്ഞിട്ടും കേരള ഇലക്ട്രിസിറ്റി ബോർഡ് ദുരിതാശ്വാസ നിധിയിലേക്ക് നൽകിയില്ല. കഴിഞ്ഞ പ്രളയകാലത്ത് ജീവനക്കാർ കാട്ടിയ ആത്മാർഥത ബോർഡിന് ഇല്ലാതെ പോയതിന്റെ വാർത്ത മനോരമ ന്യൂസ് പുറത്തു വിട്ടു. അതേസമയം ദുരിതാശ്വാസ ഫണ്ട് വകമാറ്റിയെന്ന് കെഎസ്ഇബി ചെയര്‍മാന്‍ എന്‍.എസ്.പിള്ള സമ്മതിച്ചു. 

2019 മാർച്ച് 31 വരെ മാത്രം സാലറി ചാലഞ്ച് വഴി ജീവനക്കാരുടെ ശമ്പളത്തിൽ നിന്ന് ബോർഡ് 102.61 കോടി രൂപ പിടിച്ചിട്ടുണ്ട്. അതിനു ശേഷമുള്ള മൂന്നു മാസവും ശരാശരി 14.65 കോടി രൂപ വീതം ബോർഡ് കൈക്കലാക്കി. സാലറി ചാലഞ്ച് വഴി ലഭിച്ച തുകയിൽ 10.23 കോടി രൂപ മാത്രമാണ് കഴിഞ്ഞ ജൂൺ 30 വരെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയതെന്നാണ് ഔദ്യോഗിക രേഖ. അതായത് 2018ലെ പ്രളയത്തിൽ തകർന്നടിഞ്ഞ കേരളത്തിന് ജീവനക്കാർ സ്വന്തം ശമ്പളത്തിൽ നിന്ന് പകുത്തു നൽകിയ തുകയുടെ 95 ശതമാനവും ദുരിതാശ്വാസ നിധിയിലേക്ക് എത്തിയില്ല.  

2018 സെപ്റ്റംബർ മുതലാണ് സാലറി ചാലഞ്ചിലൂടെ ജീവനക്കാർ ഒരു മാസം മൂന്നു ദിവസത്തെ ശമ്പളം വീതം10 മാസതവണകളായി നൽകിയത്. ഇടതു യൂണിയൻ അംഗങ്ങളിൽ 99 ശതമാനവും ചാലഞ്ചിൽ പങ്കാളികളായി. ഡാമുകൾ തുറന്നു വിടാൻ അവസാന നിമിഷം വരെ കാത്തിരുന്നുവെന്ന ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്ത് കെഎസ്ഇബി വക 36 കോടിയും ജീവനക്കാർ നൽകിയ ഒരു ദിവസത്തെ ശമ്പളവും സഹിതം 49.5 കോടി രൂപ 2018 സെ‌പ്റ്റംബറിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ബോർഡ് നേരത്തെ കൈമാറിയിട്ടുണ്ട്. അതിന് പുറമേയാണ് സാലറി ചാലഞ്ച് വഴി സമാഹരിച്ച ഇത്രയും വലിയ തുക കൈമാറാതിരുന്നത്. സർക്കാർ നൽകുന്ന ഔദ്യോഗിക ധനസഹായക്കണക്കു പ്രകാരം മൂവായിരത്തിൽ അധികം വീടുകൾ നിർമിക്കുന്നതിന് ഉപകാരപ്പെടുന്ന തുകയാണ് കെഎസ്ഇബി കൈമാറാതിരിക്കുന്നത്.

അതേസമയം, ദുരിതാശ്വാസം കൈമാറാത്തതിന് വിചിത്ര ന്യായീകരണമാണ് കെഎസ്ഇബി ചെയര്‍മാന്‍ നൽകിയത്. ബോര്‍ഡിന്‍റെ സാമ്പത്തിക പ്രതിസന്ധിമൂലമാണ് തുക കൈമാറാത്തതെന്നാണ് വിശദീകരണം. ജല അതോറിറ്റിയില്‍നിന്ന് കുടിശിക കിട്ടാത്തതും തടസമായി. കടമെടുത്ത് തുക ഉടന്‍ കൈമാറും. യൂണിയന്‍ നേതാക്കളുടെ യോഗം ഇന്ന് വിളിച്ചിട്ടുണ്ടെന്നും ചെയർമാൻ മനോരമ ന്യൂസിനോടു പറഞ്ഞു.

* ഈ വാർത്ത വന്നതിനു പിന്നാലെ കെഎസ്‌ഇബി അടിയന്തര യോഗം ചേർന്ന് തുക കൈമാറാൻ തീരുമാനമെടുക്കുകയും തൊട്ടടുത്ത ദിവസം തുകയ്ക്കുള്ള ചെക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് കൈമാറുകയും ചെയ്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT