ADVERTISEMENT

മുംബൈ ∙ ഹിന്ദുസ്ഥാനി ക്ലാസിക്കൽ ഈണങ്ങളിലൂടെ ഹിന്ദി ചലച്ചിത്രശാഖയ്ക്ക് അനുപമശ്രവ്യഭംഗി പകർന്ന സംഗീത സംവിധായകൻ മുഹമ്മദ് സഹുർ ഖയാം(92) അന്തരിച്ചു. മുംബൈയിലെ ജുഹുവിലെ സുജോയ് ആശുപത്രിയിൽ രാത്രി 9.30 ന് ഹൃദയാഘാതത്തെത്തുടർന്നായിരുന്നു അന്ത്യം. ശ്വാസകോശത്തിലെ അണുബാധയെത്തുടർന്ന് ജൂലൈ 28 നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ഉമ്രാവോ ജാൻ, കഭി കഭി തുടങ്ങി നിരവധി ചലച്ചിത്രങ്ങളിൽ നിരവധി ജനപ്രിയ ഗാനങ്ങൾക്ക് സംഗീതം നൽകി. ബസാറിലെ ‘‘ദിഖായി ദിയേ ...’’, നൂറിയിലെ ‘‘ആജാ രേ ഓ മേരെ ദിൽബർ..’’, കഭി കഭിയിലെ ‘‘തേരെ ചെഹ്‌രേ സേ...’’, ഉമ്രാവോ ജാനിലെ ‘‘ഇന് ആഖോം കി...’’, ഷോലാ ഔർ ശബ്‌നത്തിലെ ‘‘ജാനെ ക്യാ ഡൂണ്ട്‌ത്തി രഹ്‌ത്തി ഹെ യെ ആഖേം മുത്‌ധമേ...’’, ആഖ്രീഖത്തിലെ ‘‘ബഹാരോം മേരാ ജീവൻ ഹി സംവാരോ...’’, റസിയ സുൽത്താനയിലെ ‘‘ആയെ ദിൽ ഇനാദാൻ.. ’’ തുടങ്ങിയ ജനപ്രിയ ഗാനങ്ങളിലൂടെ ആസ്വാദക ഹൃദയങ്ങളിൽ ഇടം നേടിയ സംഗീത സംവിധായകൻ കൂടിയാണ് ഖയ്യാം.

1961 ൽ ഷോലാ ഔർ ഖബ്നം എന്ന ചിത്രത്തിലെ സംഗീതസംവിധാനത്തിലൂടെയാണ് ശ്രദ്ധ നേടുന്നത്. ഉമ്രാവോ ജാനിലൂടെ ദേശീയ ചലച്ചിത്ര പുരസ്കാരത്തിന് അർഹനായി. ഉമ്രാവോ ജാൻ, കഭി കഭി തുടങ്ങിയ ചിത്രങ്ങൾക്ക് മികച്ച സംഗീതസംവിധാനത്തിനുള്ള ഫിലിം ഫെയർ പുരസ്കാരം ലഭിച്ചു. 2007 ൽ സംഗീത നാടക അക്കാദമി പുരസ്കാരം നേടിയ അദ്ദേഹത്തെ 2011 ൽ രാജ്യം പത്മഭൂഷൺ ബഹുമതി നൽകി ആദരിച്ചു.

ഖയ്യാമിന്റെ ഗാനങ്ങളാണ് ആശാ ഭോസ്ലെ എന്ന ഗായികയെ ഹിന്ദി സിനിമയിൽ ശ്രദ്ധേയയാക്കിയതെന്നു പറയാം. 1981-ൽ പുറത്തിറങ്ങിയ മുസഫർ അലിയുടെ ‘ഉമ്രാവോ ജാന്‍’ എന്ന ചിത്രത്തിൽ ഖയ്യാം ചിട്ടപ്പെടുത്തിയ ഗാനങ്ങൾ ആശാ ഭോസ്ലെ എന്ന ഗായികയെ കൂടി ഹിന്ദി സിനിമയിൽ ശ്രദ്ധേയയാക്കി. ആ ചിത്രത്തിലെ ഗാനങ്ങൾക്ക് ആശയ്ക്ക് ദേശീയ പുരസ്കാരവും ലഭിച്ചു.

പഹാഠി, ദർഭാർ രാഗങ്ങളോടാണ് ഖയ്യാം സംഗീത സംവിധാനത്തിൽ കൂടുതൽ താൽപര്യം കാട്ടിയത്. അതിൽ ഏറെയും ഗാനങ്ങൾക്ക് ഈണം നൽകിയത് പഹാഠിയിലും. നാലു പതിറ്റാണ്ട് നീണ്ട ചലച്ചിത്ര ഗാനസപര്യയിൽ അൻപതിൽ താഴെ ചിത്രങ്ങൾക്ക് മാത്രമാണ് ഖയ്യാം സംഗീതം നൽകിയത്. എന്നാൽ ആ പ്രതിഭയുടെ തിളക്കം ആ ഗാനങ്ങളെ അവിസ്‌മരണീയങ്ങളാക്കി. ചലച്ചിത്ര ഗാനരംഗത്ത് നിന്ന് പിൽക്കാലത്ത് മാറി നിന്ന ഖയ്യാം ഇരുന്നൂറോളം ആൽബങ്ങൾക്ക് സംഗീത സംവിധാനം നിർവഹിച്ചു.

1927 ഫെബ്രുവരി 18-ന് അവിഭക്‌ത പഞ്ചാബിലെ ജലന്ധർ ജില്ലയിൽ ജനിച്ച മുഹമ്മദ് സുഹുർ ഖയ്യാംഹഷ്‌മിയാണ് പിന്നീട് ‘ഖയ്യാം’ എന്ന പേരിൽ പ്രശസ്‌തനായത്. സംഗീതം പഠിക്കാനാഗ്രഹിച്ച് ആദ്യം ഡൽഹിയിലെത്തി. പണ്ഡിറ്റ് അമർനാഥടക്കമുള്ള പലർക്കും കീഴിൽ ഹിന്ദുസ്ഥാനി അഭ്യസിച്ചു. അവിഭക്ത ഇന്ത്യയിലെ ലഹോറിലെ പ്രശസ്‌ത സംഗീതജ്‌ഞനായ ‘ചിസ്‌തി ബാബ’യുടെ(ഗുലാം അഹമ്മദ് ചിസ്തി) കീഴിൽ സംഗീത സംവിധാനത്തിന്റെ ബാലപാഠങ്ങൾ അഭ്യസിക്കാനും ഖയ്യാമിന് അവസരം ലഭിച്ചു. രണ്ടാംലോക മഹായുദ്ധകാലത്ത് സൈനികസേവനം നടത്തിയ അദ്ദേഹം പിന്നീട് ഇന്നത്തെ മുംബൈയിൽ പണ്ഡിറ്റ് അമർനാഥിന്റെയും പിന്നീട് ഹുസൻലാൽ ഭഗത്‌റാം ജോഡികളുടെയും സഹസംവിധായകനായാണ് ചലച്ചിത്രരംഗത്തെത്തുന്നത്.

1948-ൽ പുറത്ത് വന്ന ‘ഹീർരാഞ്ച’യുടെ സംഗീതസംവിധായകരുടെ പേര് സ്‌ക്രീനിൽ പ്രത്യക്ഷപ്പെട്ടത് ശർമാജി-വർമാജി എന്നായിരുന്നു. അതിലെ ശർമാജി, ഖയ്യാം ആണെന്ന് ആസ്വാദകലോകം വളരെ വൈകിയാണ് തിരിച്ചറിഞ്ഞത്. വിഭജനത്തിനു പിന്നാലെ ഖയ്യാമിന്റെ മറുപാതി ‘വർമാജി’ (അബ്‌ദുൽറഹ്‌മാൻ) പാക്കിസ്ഥാനിലേക്കു കുടിയേറി. അതോടെ ഒറ്റപ്പെട്ട അദ്ദേഹം ‘ബീവി’ എന്ന പടത്തിലൂടെ സ്വതന്ത്രസംഗീതസംവിധായകനായി, ഖയ്യാം എന്ന പേരിൽ പ്രശസ്തിയുടെ പടവുകൾ കയറാൻ തുടങ്ങി.

ഖയ്യാമിന്റെ ഭാര്യ ജഗ്‌ജിത് കൗർ, മുൻപ്രധാനമന്ത്രി മൻമോഹൻ സിങ്ങിന്റെ സഹപാഠി കൂടിയാണ്. 1961 -ൽ ഒരു സംഗീത പരിപാടിയിൽ വെച്ചാണ് ഖയ്യാം ഭാവി വധുവും ഗായികയുമായ ജഗ്‌ജിത് കൗറിനെ കണ്ടുമുട്ടുന്നത്. അന്ന് അവരുടെ സ്വരമാധുരിയിൽ അനുരക്തനായ ഖയ്യാം അവരെ ആദ്യം തന്റെ ‘ഷോലാ ഔർ ശബ്നം’ എന്ന ചിത്രത്തിലേക്കും പിന്നീട് ജീവിതത്തിലേക്കും ക്ഷണിച്ചു. ആ സിനിമയിൽ അവർ പാടിയ 'തും അപ്നാ രൻജോ ഗം.. ' എന്നുതുടങ്ങുന്ന ഗാനം ഹിന്ദി ചലച്ചിത്രഗാനപ്രേമികൾക്കിടയിൽ അനശ്വരമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com