ADVERTISEMENT

ന്യൂഡൽഹി ∙ പാക്കിസ്ഥാന്‍റെ ഭാഗത്തുനിന്നുള്ള ഇന്ത്യാവിരുദ്ധ നീക്കങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപുമായി ചര്‍ച്ച ചെയ്തു. ഭീകരവാദവും ആക്രമണങ്ങളുമില്ലാത്ത പരിതസ്ഥിതി സൃഷ്ടിക്കേണ്ടത് പ്രധാനമാണെന്നും അതിർത്തി കടന്നുള്ള  ഭീകരവാദം അവസാനിച്ചാൽ മാത്രമേ സമാധാനം സാധ്യമാകുവെന്നും മോദി വ്യക്തമാക്കി.

ജമ്മുകശ്മീരിന്‍റെ പ്രത്യേക പദവി എടുത്തകളഞ്ഞ ശേഷം യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി നടത്തിയ ആദ്യ ടെലിഫോൺ സംഭാഷണത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി നിലപാട് വ്യക്തമാക്കിയത്. 30 മിനിറ്റ് ഇരുനേതാക്കളും ഫോണില്‍ സംസാരിച്ചു. 

ഇന്ത്യയ്ക്കെതിരായ ആക്രമങ്ങളെ പ്രോത്സാഹിപ്പിക്കുന്ന നിലയിൽ മേഖലയിലെ ചില നേതാക്കൾ നടത്തുന്ന പ്രസ്താവനകൾ സമാധാനം നിലനിർത്തുന്നതിനു യോജിച്ചതല്ലെന്നു പ്രധാനമന്ത്രി പറഞ്ഞു. പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ഉള്‍പ്പെടെ നടത്തുന്ന അത്യന്തം പ്രകോപനപരമായ പ്രസ്താവനകള്‍ മോദി ചൂണ്ടിക്കാട്ടി. പട്ടിണിയും നിരക്ഷരതയും രോഗങ്ങളും നേരിടാന്‍ ആരുമായും സഹകരിക്കാന്‍ തയ്യാറാണ്. എന്നാല്‍ ഭീകരതയോടു വിട്ടുവീഴ്ച്ചയുണ്ടാകില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

ജമ്മുകശ്മീരിന്‍റെ പ്രത്യേക പദവി എടുത്തകളഞ്ഞ ഇന്ത്യയുടെ നീക്കത്തിനെതിരെ െഎക്യരാഷ്ട്ര സംഘടന അടിയന്തരമായി ഇടപെടണമെന്ന് പാക്കിസ്ഥാന്‍ ആവശ്യപ്പെട്ടിരുന്നു. പിന്തുണതേടി പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ട്രംപിനെ ഫോണില്‍ വിളിക്കുകയും ചെയ്തിരുന്നു. എന്നാല്‍ അമേരിക്ക അനുകൂല നിലപാട് സ്വീകരിച്ചില്ല. ചൈനയൊഴികെയുള്ള രാജ്യങ്ങള്‍ ഇന്ത്യക്കൊപ്പം നിന്നു. ഈ സാഹചര്യത്തിലാണ് മോദി – ട്രംപ് സംഭാഷണം. 

ഇന്ത്യയെ വാണിജ്യപരിഗണനാപട്ടികയില്‍ നിന്ന് അമേരിക്ക നീക്കിയതിനു പിന്നാലെ ഇരുരാജ്യങ്ങള്‍ക്കും ഇടിയിലുണ്ടായ വാണിജ്യതര്‍ക്കങ്ങള്‍ ഉടന്‍ പരിഹരിക്കപ്പെടുമെന്നും മോദി പ്രത്യാശപ്രകടിപ്പിച്ചു.

English summary: Prime Minister Modi speaks to US President Donald Trump over phone

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com