ADVERTISEMENT

എന്നെങ്കിലും മനുഷ്യൻ ചന്ദ്രനിൽ ഒരു കോളനി സ്ഥാപിക്കുകയാണെങ്കിൽ ജീവിക്കാൻ ഏറെ ബുദ്ധിമുട്ടുമായിരുന്ന പ്രദേശം– ദക്ഷിണ ധ്രുവത്തെ നേരത്തേ ഗവേഷകർ വിശേഷിപ്പിച്ചിരുന്നത് അങ്ങനെയാണ്. എന്നാലിന്ന് വിവിധ രാജ്യങ്ങളും വമ്പൻ സ്പെയ്സ് കമ്പനികളും തങ്ങളുടെ പരീക്ഷണ പേടകങ്ങളെല്ലാം അയയ്ക്കുന്നത് ഇവിടേക്ക്. ഇന്ത്യയുടെ ചന്ദ്രയാൻ 2വിലെ ലാൻഡർ സെപ്റ്റംബർ ഏഴിന് വന്നിറങ്ങുന്നതും ദക്ഷിണ ധ്രുവത്തിലായിരിക്കും. എന്തുകൊണ്ടാണിത്?

ഇരുട്ടിൽ ഒളിച്ചിരിക്കുന്നത്...

ദക്ഷിണ ധ്രുവത്തിൽ ‘ഒളിച്ചിരിക്കുന്ന’ ധാതുക്കളും ജലത്തിന്റെ സാന്നിധ്യവുമാണ് ഇതിനു കാരണം. കോടിക്കണക്കിനു വർഷങ്ങളായി ഒരു തരി സൂര്യപ്രകാശം പോലുമേൽക്കാത്ത ഭാഗങ്ങളുണ്ട് ദക്ഷിണ ധ്രുവത്തിലെ പല വിള്ളലുകളിലും. സൗരയൂഥം രൂപീകരിക്കപ്പെട്ട കാലത്തുള്ള ഘടന അതേപടി നിലനിർത്തിയ ഇടങ്ങൾ പോലുമുണ്ട്. ഗവേഷകരെ സംബന്ധിച്ചിടത്തോളം ചന്ദ്രനിലെ യഥാർഥ ‘നിധി’ കാത്തിരിക്കുന്നത് ദക്ഷിണ ധ്രുവത്തിലാണെന്നു ചുരുക്കം. രാജ്യാന്തര ബഹിരാകാശ കരാറിനെ വരെ മാറ്റിമറിക്കാവുന്ന വിധം വിവിധ രാജ്യങ്ങൾ തമ്മിലുള്ള യുദ്ധം ഭാവിയിൽ ശക്തമാകാനും ദക്ഷിണധ്രുവം കാരണമായേക്കാവുന്ന വിധത്തിലാണ് കാര്യങ്ങളുടെ പോക്ക്.

Chandrayaan 2 Latest
ചന്ദ്രോപരിതലത്തിലെ കാഴ്ചകൾ.

ചന്ദ്രനിലെ ഏറ്റവും മോശം കാലാവസ്ഥയുള്ള മേഖലയാണ് ദക്ഷിണ ധ്രുവം. സൂര്യപ്രകാശമേൽക്കാത്തതിനാൽത്തന്നെ പലപ്പോഴും മൈനസ് 233 ഡിഗ്രി സെൽഷ്യസ് വരെയാണ് പലയിടത്തും താപനില. ഉൽക്കകളും മറ്റും വന്നു പതിച്ച് ഒട്ടേറെ വമ്പൻ വിള്ളലുകളും രൂപപ്പെട്ടിട്ടുണ്ട്. ചൂടേറിയ സൗരവാതത്തിന്റെ പ്രശ്നവുമുണ്ട്. ഭൂമിയേക്കാളും കനംകുറഞ്ഞ ചന്ദ്രന്റെ അന്തരീക്ഷത്തിൽ സഞ്ചാരവും വെല്ലുവിളിയാണ്. ദക്ഷിണ ധ്രുവത്തിലെ വിള്ളലുകളിൽ സൂര്യപ്രകാശം പതിക്കാത്തതിനാൽ അതിലും മഞ്ഞ് നിറഞ്ഞിരിക്കുകയാണെന്നതിന്റെ സൂചനകൾ നേരത്തേ ലഭിച്ചിട്ടുണ്ട്. ഇവ എളുപ്പത്തിൽ ഉപയോഗപ്പെടുത്താനാകുമെന്നും കണ്ടെത്തിയിട്ടുണ്ട്.

ചന്ദ്രയാനും ദക്ഷിണധ്രുവവും

ചന്ദ്രനിലേക്ക് മനുഷ്യനെത്തിയാൽ ഭാവിയിൽ വെള്ളം മാത്രമല്ല ‘ഇന്ധനവും’ ഒരുക്കാനാകുമെന്നാണ് ദക്ഷിണ ധ്രുവം നൽകുന്ന പ്രതീക്ഷ. ഉത്തരധ്രുവത്തിലും ഐസിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നു. പക്ഷേ അളവിൽ കൂടുതൽ ദക്ഷിണ ധ്രുവത്തിലാണ്. ഏകദേശം 10 കോടി ടണ്‍ ജലം വിള്ളലുകളിൽ മാത്രമുണ്ടെന്നാണു കരുതുന്നത്. ഇത്തരത്തിൽ. വായുവില്ലാതെ തരിശായി കിടക്കുന്ന പ്രദേശമെന്ന ദുഷ്പേര് മാറി ചന്ദ്രൻ വാസയോഗ്യമാണെന്നു തെളിഞ്ഞതിനു പിന്നിൽ ദക്ഷിണധ്രുവം നൽകുന്ന സംഭാവന ചെറുതല്ല. 

സൗരയൂഥം എങ്ങനെ രൂപപ്പെട്ടു എന്നതിന്റെ തെളിവുകൾ വരെ കോടിക്കണക്കിനു വർഷങ്ങളായി ‘അനക്കം തട്ടാതെ’ ഈ വിള്ളലുകളിൽ ഒളിച്ചിരിപ്പുണ്ട്. പക്ഷേ ദുർഘടമായ ഈ പ്രദേശത്തേക്ക് മനുഷ്യന് എത്തിപ്പെടുക നിലവിലെ സാഹചര്യത്തിൽ അസാധ്യം. അതിനാലാണ് റോബട്ടിക് റോവറുകൾ പരീക്ഷിക്കുന്നത്. ചന്ദ്രയാനിൽ നിന്നും പ്രഗ്യാൻ എന്ന റോവർ ദക്ഷിണധ്രുവത്തിലിറങ്ങുന്നുണ്ട്. അതീവ ദുഷ്കരമായ സാഹചര്യങ്ങളിൽ ഇത്തരം റോവറുകൾ എത്രകാലം പ്രവർത്തിക്കുമെന്നും മനസ്സിലാക്കേണ്ടതുണ്ട്.

ഓഗസ്റ്റ് 20നു രാവിലെ 8.34നും 9.02നും ഇടയിലായിരുന്നു ഭൂമിയുടെ ഭ്രമണപഥം വിട്ട് ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് ചന്ദ്രയാൻ 2 കടന്നത്. 28 മിനിറ്റു നേരം പേടകത്തിലെ എൻജിൻ ജ്വലിപ്പിച്ചായിരുന്നു ആ പ്രക്രിയ. ആ സമയത്ത് നെഞ്ചിടിപ്പു നിലച്ച അവസ്ഥയിലായിരുന്നെന്ന് ഇസ്രൊ ചെയർമാൻ ഡോ.കെ.ശിവൻ പറഞ്ഞതിനു പിന്നിലും കാരണമുണ്ട്. അടുത്തിടെ ദക്ഷിണ ധ്രുവം ലക്ഷ്യമിട്ടു പറന്ന ചാങ് ഇ 4ന് ഇറങ്ങാനായത് ചന്ദ്രന്റെ മധ്യരേഖയ്ക്കു സമീപമായിരുന്നു. ഇസ്രയേലിന്റെ പേടകം തകർന്നുവീഴുകയും ചെയ്തു.

ചന്ദ്രനു ചുറ്റും 90 ഡിഗ്രി ചെരിവോടെ ഭ്രമണപഥം സാധിച്ചെടുത്തില്ലായിരുന്നെങ്കിൽ ചന്ദ്രയാനും ദക്ഷിണ ധ്രുവത്തിൽ ഇറങ്ങാൻ സാധിക്കില്ലായിരുന്നു. ഭ്രമണപഥം മാറുന്ന പ്രക്രിയയ്ക്കിടെ 10 സെന്റിമീറ്ററിന്റെ വ്യത്യാസം വന്നിരുന്നെങ്കിൽ പോലും അതു ഭ്രമണപഥത്തെയും അതുവഴി ചന്ദ്രയാൻ 2 ലാൻഡർ ഇറങ്ങേണ്ടയിടത്തെയും ബാധിക്കുമായിരുന്നു. എന്നാൽ ഇതെല്ലാം കൃത്യമാക്കിയായിരുന്നു ഇസ്രൊയുടെ കൺട്രോൾ റൂമിൽ നിന്നുള്ള നീക്കങ്ങൾ. ഇനി എല്ലാം പ്രതീക്ഷിച്ചതു പോലെ നടന്നാൽ ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലിറങ്ങുന്ന ആദ്യത്തെ പേടകമായി സെപ്റ്റംബർ ഏഴിന് ഇന്ത്യയുടെ ചന്ദ്രയാൻ 2 മാറും.

നാസയ്ക്കും സഹായം

ചന്ദ്രയാൻ 2 വിക്ഷേപണം വിജയമായപ്പോൾ നാസ ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടനയായ ഇസ്രൊയെ അഭിനന്ദിച്ചതിനു പിന്നിലും ഒരു ദക്ഷിണധ്രുവ ‘ബന്ധ’മുണ്ട്. മനുഷ്യരെ വഹിച്ചുള്ള നാസയുടെ അടുത്ത ദൗത്യം ദക്ഷിണ ധ്രുവത്തിലേക്കാണ്. ആർട്ടിമിസ് 3 എന്ന ദൗത്യത്തിലൂടെ ചന്ദ്രനിൽ ആദ്യമായി ഒരു വനിതയെയും എത്തിക്കാനൊരുങ്ങുകയാണ് നാസ. ചന്ദ്രയാൻ 2, ചൈനയുടെ ചാങ് ഇ 4 തുടങ്ങിയ ദൗത്യങ്ങളിൽ നിന്നു ലഭിക്കുന്ന ദക്ഷിണ ധ്രുവത്തെപ്പറ്റിയുള്ള വിവരങ്ങൾ ഉൾപ്പെടെ നാസയുടെ 2024ലെ ദൗത്യത്തിന് ഏറെ ഉപകാരപ്രദമായിരിക്കും. 

2019 ജനുവരിയിലാണ് ചാങ് ഇ 4 ദൗത്യത്തിലൂടെ ചൈനയുടെ യുടു–2 റോവർ ചന്ദ്രനിലിറങ്ങിയത്. ചന്ദ്രനിൽ സ്വന്തമായി ഒരു താവളം സ്ഥാപിക്കാനാണു ചൈനയുടെ നീക്കം. അടുത്ത 10 വർഷത്തിനകം ഇതു സാധ്യമാക്കുമെന്നാണു പറയപ്പെടുന്നത്. അതിനു മുൻപേ ദക്ഷിണ ധ്രുവം ലക്ഷ്യമിട്ടു ചൈനയുടെ മറ്റ് റോവറുകളും എത്തും. സ്പെയ്സ് എക്സ് സ്ഥാപകൻ ഇലൻ മസ്കിന്റെ നേതൃത്വത്തിൽ രണ്ടു വർഷത്തിനകം ഒരു റോബട്ടിനെ ചന്ദ്രനിലിറക്കാനിരിക്കുകയാണ്. നാലു വർഷത്തിനകം ചന്ദ്രനിൽ മനുഷ്യനെയിറക്കുമെന്നും മസ്കിന്റെ വാക്കുകൾ. ശതകോടീശ്വരൻ ജെഫ് ബെസോസിന്റെ ബ്ലൂ ഒറിജിൻ കമ്പനിയും ലക്ഷ്യം വച്ചിരിക്കുന്നത് ദക്ഷിണ ധ്രുവത്തെയാണ്. ബ്ലൂ മൂൺ ലാൻഡറെന്ന പേരിൽ പേടകം വൈകാതെ ചന്ദ്രനിലെ ഷാക്ക്ൽടൻ വിള്ളലിനു സമീപമിറക്കുമെന്നാണ് ജെസോസിന്റെ ഉറപ്പ്. 

ചന്ദ്രനിലെ മണ്ണിൽ...

ഭൂമിയിലെ മണ്ണിനു സമാനമായി ചന്ദ്രനിലുള്ളത് റീഗൊലിത്ത് ആണ്. മണ്ണിൽ ചെടികളും മറ്റും വളരുന്നതിനാൽ അത് ജൈവമാണ്. എന്നാൽ റീഗൊലിത്ത് അജൈവികവും; ജീവൻ നിലനിർത്താൻ വേണ്ടതൊന്നും ഉണ്ടാകില്ല. ചന്ദ്രന്റെ ഉപരിതലത്തിനു താഴെയുള്ള പാറകൾ പല കാലങ്ങളിൽ പൊട്ടിയടർന്നു രൂപപ്പെട്ട തരികളാണ് റീഗൊലിത്തായി ചന്ദ്രന്റെ ഉപരിതലത്തിൽ കിടക്കുന്നത്. ചന്ദ്രന്റെ ഈ ‘മണ്ണിൽ’ ഉൾപ്പെട്ടിരിക്കുന്ന ധാതുക്കളുടെ വൈവിധ്യം ഗവേഷകരെ കൊതിപ്പിക്കുന്നതും. ഹൈഡ്രജൻ, അമോണിയ, മീഥെയ്ൻ, സോഡിയം, മെർക്കുറി, സിൽവർ തുടങ്ങി ഇന്നേവരെ ഉപയോഗപ്പെടുത്താത്ത ഒരു ‘ഭീമാകാരന്‍ ഖനി’യെന്നു തന്നെ ചന്ദ്രനെ, പ്രത്യേകിച്ചു ദക്ഷിണ ധ്രുവത്തെ വിശേഷിപ്പിക്കാം. 

ദക്ഷിണ ധ്രുവത്തിലെ റീഗൊലിത്തിനു താഴെ ഖര ഐസുണ്ടെന്നായിരുന്നു ആദ്യ കാലത്ത് ഗവേഷകർ കരുതിയത്. എന്നാൽ അവ കട്ടികൂടിയ രൂപത്തിലല്ലാതെ ചിതറിയ നേർത്ത മഞ്ഞുകട്ടകളുടെ രൂപത്തിലാണെന്നു പിന്നീട് തിരിച്ചറിഞ്ഞു. ഈ ഐസിലേക്കാണ് ഉൽക്കകളും സൂര്യപ്രകാശവും വന്നു വീഴുന്നത്. അതോടെ രാസമാറ്റങ്ങൾക്കു വിധേയമായി ദക്ഷിണ ധ്രുവത്തിലെ വിള്ളലുകൾ ചന്ദ്രന്റെ വമ്പൻ ‘ജലസംഭരണി’യായെന്നും ഗവേഷകർ വിലയിരുത്തുന്നു. 2009ൽ നാസയുടെ ലൂണാർ റക്കൊനസെൻസ് ഓർബിറ്ററാണ് ചന്ദ്രനിൽ ആദ്യമായി ഹൈഡ്രജന്റെയും അതുവഴി ഐസിന്റെയും സാന്നിധ്യം തിരിച്ചറിഞ്ഞത്. 

ഭാവിയിലേക്കു കണ്ണുനട്ട്...

പ്രദേശത്തിന്റെ മേഖലാപരവും ഘടനാപരവുമായ പ്രത്യേകതകളാൽ ഭാവി ബഹിരാകാശ പരീക്ഷണങ്ങൾക്കും ഏറ്റവും അനുയോജ്യമാണ് ദക്ഷിണ ധ്രുവം. ഓരോ ചാന്ദ്രദൗത്യത്തിലും ശാസ്ത്രലോകം ഏറ്റവും വെല്ലുവിളി നേരിടുന്നത് ‘ചുമന്നു’ കൊണ്ടു പോകേണ്ട വസ്തുക്കളുടെ ഭാരം പരമാവധി എത്രവരെ കുറയ്ക്കാനാകുമെന്നതാണ്. പേടകത്തിലെ ഇന്ധനവും ബഹിരാകാശ ഗവേഷകരുടെ ജീവൻ നിലനിർത്താനുള്ള ഉപകരണങ്ങളും ഉള്‍പ്പെടെയുള്ളവയുടെ ഭാരം പരമാവധി കുറക്കേണ്ടതുണ്ട്. എന്നാൽ ഉപയോഗിക്കാൻ തയാറായ വിധം ജലം ചന്ദ്രനിൽ സംഭരിക്കപ്പെട്ടിട്ടുണ്ടെങ്കിൽ കാര്യങ്ങൾ കൂടുതൽ എളുപ്പമാകും. ഇതില്‍ നിന്ന് ഓക്സിജനും ഇന്ധനവും ഉൽപാദിപ്പിക്കാനാകുമോയെന്നും പരീക്ഷിക്കാം. 

സൗരയൂഥത്തിലെ ഏറ്റവും വലിയ വിള്ളലുകളിലൊന്നായ എയ്ക്കെൻ തടം ദക്ഷിണ ധ്രുവത്തിലാണ്. 1600 മൈൽ വിസ്തൃതിയിൽ ഏകദേശം എട്ടു മൈൽ ആഴത്തിൽ സ്ഥിതി ചെയ്യുന്ന ഈ വിള്ളലിനകത്തും താരതമ്യേന ചെറു വിള്ളലുകളുണ്ട്– അപ്പോളോ, ഷ്റോഡിങ്ങർ, ഷാക്കൽടൻ, വോൺ കാർമൻ തുടങ്ങിയവയാണിത്. ദക്ഷിണ ധ്രുവം പൂർണമായും ഇരുട്ടിലാണെന്നും പറയാനാകില്ല. കൃത്യമായ ഇടവേളകളിൽ സൂര്യപ്രകാശം ലഭിക്കുന്ന ഇടങ്ങളുമുണ്ട്. ഇവിടങ്ങളിൽ ഭാവിയിൽ സൗരോർജ സ്റ്റേഷനുകളും സ്ഥാപിക്കാനാകും. ഇവയോടു തൊട്ടുചേർന്നു തന്നെയാണ് ഒരിക്കൽ പോലും സൂര്യപ്രകാശമെത്താത്ത ഷാക്ക്ൽടൻ പോലുള്ള വിള്ളലുകളും. സൗരോർജ സ്റ്റേഷനും ഖരരൂപത്തിൽ ഐസും ‘അടുത്തടുത്ത’ പ്രദേശങ്ങളില്‍ ലഭിക്കുന്നതോടെ ഗവേഷകർക്ക് അത് ഇരട്ടി മധുരവുമാകും. 

ബഹിരാകാശ ‘യുദ്ധം’

സാധ്യതകളേറെയുണ്ടായിട്ടും ഇതുവരെ ആഴത്തിലിറങ്ങി പരിശോധിക്കാനോ ഗവേഷണം നടത്താനോ ശാസ്ത്രത്തിനു സാധിച്ചിട്ടില്ല എന്നതാണ് ഇന്നും ദക്ഷിണ ധ്രുവത്തെ ഐഎസ്ആർഒയുടെയും നാസയുടെയും യൂറോപ്യൻ സ്പേസ് ഏജൻസിയുടെയുമെല്ലാം പ്രിയപ്പെട്ട ചാന്ദ്രപ്രദേശമാക്കുന്നത്. ഗവേഷണം ശക്തമാക്കിയാലും ചന്ദ്രനിൽ കണ്ടെത്തുന്ന വസ്തുക്കളുടെ ഉടമസ്ഥാവകാശം സംബന്ധിച്ചു തർക്കം നിലനിൽക്കുന്നുണ്ട്. സമാധാനപരമായ ആവശ്യങ്ങൾക്കാണെങ്കില്‍ ബഹിരാകാശത്ത് എന്തു ഗവേഷണവും നടത്താൻ ലോകരാജ്യങ്ങൾക്ക് അധികാരമുണ്ട്. 1967ൽ ‘ബഹിരാകാശ യുദ്ധ’ ഭീഷണി ശക്തമായതോടെയാണ് രാജ്യങ്ങൾ ചേർന്ന് ഇത്തരമൊരു ചട്ടമുണ്ടാക്കിയത്. എന്നാൽ ചന്ദ്രനിലും ചൊവ്വയിലുമെല്ലാം എന്തു ഗവേഷണം നടത്തിയാലും അവിടെ നിന്നു കണ്ടെത്തുന്ന വസ്തുക്കളിൽ ആർക്കും പരമാധികാരമുണ്ടാകില്ലെന്നു രാജ്യാന്തര ബഹിരാകാശ കരാറുണ്ട്. ചന്ദ്രയാൻ 2 കണ്ടെത്തുന്ന വസ്തുക്കളിൽ ഇന്ത്യയ്ക്ക് പരമാധികാരം ഉറപ്പിക്കാനാകില്ലെന്നർഥം.

എന്നാൽ കരാറിൽ വെള്ളം ചേർക്കാനുള്ള ശ്രമം യുഎസിന്റെ ഭാഗത്തു നിന്നു പലപ്പോഴായി നടന്നിരുന്നു. സ്വകാര്യ കമ്പനികൾ ബഹിരാകാശത്തു കണ്ടെത്തുന്ന ‘ജീവനില്ലാത്ത’ ഏതു വസ്തുവിലും ഉടമസ്ഥാവകാശം ഉറപ്പിക്കുന്ന നിയമം 2015ൽ യുഎസ് പാസാക്കിയിരുന്നു. എന്നാൽ ബഹിരാകാശ കരാറിനെ ഹനിക്കുന്ന ഇത്തരം നിയമങ്ങൾക്കെതിരെ വിവിധ രാജ്യങ്ങളും രംഗത്തെത്തിയിട്ടുണ്ട്. ചന്ദ്രനിലെ ദക്ഷിണ ധ്രുവത്തിൽ അമൂല്യ ധാതുക്കളുടെ സാന്നിധ്യം തിരിച്ചറിഞ്ഞാൽ ഇതുവരെയുള്ള കരാർ തന്നെ മാറിമറിഞ്ഞേക്കാമെന്നു ചുരുക്കം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com