ADVERTISEMENT

ന്യൂഡല്‍ഹി∙ വിവാദ മതപ്രഭാഷകന്‍ സാക്കിര്‍ നായിക്കിന് ഇനി മലേഷ്യയില്‍ പ്രസംഗിക്കാനാവില്ല. സക്കീര്‍ നായിക്കിന്റെ പ്രഭാഷണങ്ങള്‍ക്കു മലേഷ്യ വിലക്കേര്‍പ്പെടുത്തി. ഹിന്ദുക്കള്‍ക്കും ചൈനീസ് വംശജര്‍ക്കുമെതിരെ വംശീയ പരാമര്‍ശം നടത്തിയ സാക്കിര്‍ നായിക്കിനെ തിങ്കളാഴ്ച പൊലീസ് ചോദ്യം ചെയ്തിരുന്നു. മലേഷ്യയിലെ ചൈനീസ് വംശജര്‍ രാജ്യം വിടണമെന്നും ഇന്ത്യയില്‍ മുസ്‌ലിംകള്‍ക്കുള്ളതിനേക്കാള്‍ നൂറിരട്ടി അവകാശങ്ങള്‍ മലേഷ്യയിലെ ഹിന്ദുക്കള്‍ക്കുണ്ടെന്നുമായിരുന്നു നായിക്കിന്റെ പരാമര്‍ശം.

ഇതിനെതിരെ അതിശക്തമായ പ്രതിഷേധമാണ് മലേഷ്യയില്‍ ഉയര്‍ന്നുവന്നത്. പ്രധാനമന്ത്രി മഹാതിര്‍ മുഹമ്മദ് ശക്തമായ ഭാഷയില്‍ ഇതിനെ അപലപിച്ചു. വംശീയരാഷ്ട്രീയം കളിക്കാനാണ് നായിക്ക് ശ്രമിക്കുന്നതെന്നു വ്യക്തമാക്കുന്ന പരാമര്‍ശമാണിതെന്നു പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്ത് രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ ഇടപെടാന്‍ നായിക്കിന് അവകാശമില്ലെന്നും അദ്ദേഹം പറഞ്ഞു.

കള്ളപ്പണം വെളുപ്പിക്കല്‍, വംശീയ വിദ്വേഷം പടര്‍ത്തുന്ന പ്രസംഗം നടത്തി തുടങ്ങിയ കേസുകള്‍ ഇന്ത്യയില്‍ ചുമത്തിയതോടെയാണ് നായിക്ക് മലേഷ്യയിലേക്കു കടന്നത്. മുന്‍ സര്‍ക്കാര്‍ നായിക്കിന് സ്ഥിരതാമസത്തിനുള്ള അവകാശം നല്‍കുകയും ചെയ്തു. നായിക്കിനെ വിട്ടുനല്‍കണമെന്നു കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ ഇന്ത്യ മലേഷ്യയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പ്രശ്‌നങ്ങള്‍ ഒന്നും ഉണ്ടാക്കാത്ത സാഹചര്യത്തില്‍ നാടുകടത്താനാവില്ലെന്ന നിലപാടാണ് പ്രധാനമന്ത്രി മഹാതിര്‍ മുഹമ്മദ് അന്നു സ്വീകരിച്ചത്.

നായിക്കിന്റെ നടപടികള്‍ രാജ്യതാല്‍പര്യത്തിനു വിരുദ്ധമാണെങ്കില്‍ മാറിചിന്തിക്കേണ്ടിവരുമെന്ന് പ്രധാനമന്ത്രി കഴിഞ്ഞയാഴ്ച പറഞ്ഞു. നായിക്കിനെതിരെ നടപടിയെടുത്താല്‍ പ്രതിപക്ഷം രാഷ്ട്രീയ ആയുധമാക്കുമെന്ന ആശങ്കയിലാണു മലേഷ്യന്‍ സര്‍ക്കാര്‍. പീസ് ടിവി എന്ന ചാനല്‍ സ്വന്തമായുള്ള നായിക്ക് ബ്രിട്ടനില്‍ പ്രവേശിക്കുന്നത് 2010-ല്‍ വിലക്കിയിരുന്നു.

English Summary: Zakir Naik, Wanted In India, Banned From Making Speeches In Malaysia

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com