ADVERTISEMENT

ന്യൂഡൽഹി∙ ഹിമാചൽ പ്രദേശിൽ പ്രളയത്തിൽ കുടുങ്ങിയ നടി മഞ്ജു വാരിയരും സംഘവും സുരക്ഷിതരെന്ന് ഹിമാചൽ പൊലീസ് കമ്മിഷണർ അറിയിച്ചു. ഡല്‍ഹിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധി എ. സമ്പത്തും ഇക്കാര്യം സ്ഥിരീകരിച്ചു. മഞ്ജുവിനെയും സംഘത്തെയും മണാലിയിൽ എത്തിക്കുമെന്ന് കേന്ദ്ര സഹമന്ത്രി വി.മുരളീധരൻ അറിയിച്ചു. മഞ്ജുവിനെയും സംഘത്തെയും കോക്ചാർ ബേസ് ക്യാംപിൽ എത്തിക്കും. ഇതിനായി 22 കിലോമീറ്റർ നടക്കേണ്ടതുണ്ട്. 

ഇവർക്ക് ഭക്ഷണവും വെള്ളം എത്തിച്ചു നല്‍കി. ഹിമാചല്‍ മുഖ്യമന്ത്രിയുമായും പൊലീസ് കമ്മിഷണറുമായും വിഷയം സംസാരിച്ചുവെന്നും എ.സമ്പത്ത് പറഞ്ഞു. കുടുങ്ങിയവരെ രക്ഷിക്കാൻ രക്ഷാപ്രവർത്തകർ യാത്ര തിരിച്ചു. ഏകദേശം. 20 കിലോമീറ്റർ നടന്നു വേണം അവിടെ എത്താൻ. ഡോക്ടർമാരും രക്ഷാസംഘത്തിൽ ഉണ്ട്. വൈകിട്ടോടെ ഇവരെ സുരക്ഷിത കേന്ദ്രത്തിൽ എത്തിക്കും.

കനത്ത മഴയും മണ്ണിടിച്ചിലും മൂലമാണ്‌ നടി മഞ്ജു വാരിയരും സംവിധായകൻ സനൽകുമാർ ശശിധരനും അടങ്ങുന്ന സിനിമാ ചിത്രീകരണസംഘ ഹിമാചലിൽ പ്രളയത്തിൽ കുടുങ്ങിയത്. ഭക്ഷണമടക്കം കിട്ടാത്ത സാഹചര്യമാണ് നിലവിലുണ്ടായിരുന്നത്. മഞ്ജു വാരിയർ സഹോദരൻ മധു വാരിയരെ ഫോണിൽ അറിയിച്ചതാണിത്. സനൽകുമാർ ശശിധരന്റെ ‘കയറ്റ’മെന്ന സിനിമയുടെ ചിത്രീകരണത്തിനായി മൂന്നാഴ്ച മുൻപാണ് ഇവർ ഹിമാചലിലെത്തിയത്. ഛത്രു എന്ന സ്ഥലത്താണ് ചിത്രീകരണം.

ഇവർ താമസിക്കുന്ന സ്ഥലത്ത് വിനോദസഞ്ചാരികൾ അടക്കം 200 പേർ കുടുങ്ങിയിട്ടുണ്ടെന്ന് മധു വാരിയർ മനോരമ ഓൺലൈനിനോട് പറഞ്ഞു. രണ്ടു ദിവസത്തേക്കുള്ള ഭക്ഷണം മാത്രമേ അവശേഷിക്കുന്നുള്ളൂ. ഇന്റർനെറ്റ്, ഫോൺ സൗകര്യങ്ങളൊന്നും ലഭിക്കുന്നില്ല. കേന്ദ്രമന്ത്രി വി.മുരളീധരനെ വിവരമറിയിച്ചിട്ടുണ്ടെന്നും മധു പറഞ്ഞു.

ദിവസങ്ങളായി ഹിമാചൽപ്രദേശിൽ കനത്ത മഴ തുടരുകയാണ്. അതുവരെ 25 പേരാണ് മരിച്ചത്. അഞ്ഞൂറോളം പേർ പ്രളയ ബാധിത മേഖലകളിൽ കുടുങ്ങിക്കിടക്കുകയാണ്. 574 കോടി രൂപയുടെ നഷ്ടമുണ്ടായതായി സർക്കാർ വക്താവ് പറഞ്ഞു. 24 മണിക്കൂർ കൂടി മഴ തുടരുമെന്നാണു കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം.

മഞ്ജു വാര്യരെ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ടത് നടൻ ദിലീപ്: ഹൈബി ഈഡൻ എംപി

ഹിമാചൽ പ്രദേശിലെ ചത്രുവിൽ പ്രളയത്തിൽ കുടുങ്ങിയ നടി മ‍ഞ്ജു വാരിയരെയും സംഘത്തെയും രക്ഷിക്കണമെന്ന് നടൻ ദിലീപാണ് തന്നെ വിളിച്ച് ആവശ്യപ്പെട്ടതെന്ന് ഹൈബി ഈഡൻ എംപി. ഇതേത്തുടർന്ന് കേന്ദ്ര ധനകാര്യ സഹമന്ത്രിയും ഹിമാചലിലെ എംപിയുമായ അനുരാഗ് താക്കൂറുമായി ബന്ധപ്പെട്ട് രക്ഷാപ്രവർത്തനത്തിന് അഭ്യർഥിക്കുകയായിരുന്നെന്ന് ഹൈബി മനോരമ ഓൺലൈനോട് പറഞ്ഞു. ഇതേക്കുറിച്ച് സമൂഹമാധ്യമത്തിലും ഹൈബി പോസ്റ്റിട്ടു.

സമൂഹമാധ്യമത്തിൽ ഹൈബി നൽകിയ പോസ്റ്റിൽ നിന്ന്:

മഞ്ജു വാര്യരും സംഘവും ഹിമാചലിലെ ചത്രു എന്ന സ്ഥലത്ത് പ്രളയത്തിൽ കുടുങ്ങി കിടക്കുകയാണ്. ഇരുന്നൂറോളം വരുന്ന സംഘത്തോടൊപ്പമാണ് മഞ്ജു വാര്യരുമുള്ളത്. മഞ്ജുവിനോടൊപ്പമുള്ള സംഘത്തിൽ 30 ഓളം പേരാണുള്ളത്. അവരുടെ സഹോദരൻ മധു വാര്യരുമായി സാറ്റലൈറ്റ് ഫോൺ വഴി ബന്ധപ്പെട്ടു എന്നാണ് അറിയാൻ സാധിക്കുന്നത്. രണ്ട് ദിവസത്തേക്കുള്ള ഭക്ഷണം മാത്രമാണ് അവരുടെ പക്കലുള്ളത്.

നടൻ ദിലീപാണ് തന്നെ വിളിച്ച് ഇക്കാര്യം അറിയിച്ചത്. രക്ഷപ്പെടുത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കേന്ദ്ര ധനകാര്യ സഹ മന്ത്രിയും ഹിമാചലിൽ നിന്നുള്ള എം. പി യുമായ അനുരാഗ് താക്കൂറുമായി ബന്ധപ്പെട്ടു. രക്ഷാ പ്രവർത്തനത്തിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാമെന്ന് അദ്ദേഹം ഉറപ്പ് നൽകിയിട്ടുണ്ട്. മഞ്ജു വാര്യരുടെയും സംഘത്തിന്റെയും തിരിച്ചു വരവിനായി നമുക്ക് പ്രാർത്ഥിക്കാം.
 

English Summary: Malayalam Actress Manju Warrier and team trapped in Himachal Pradesh after flood hits

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com