ADVERTISEMENT

പത്തനംതിട്ട ∙ മണ്ണിടിച്ചിലിനു പുറമെ, ഭൂമിയുടെ അർബുദം എന്നു വിശേഷിപ്പിക്കാവുന്ന, ഭൂഗർഭജലതുരങ്കങ്ങളും കേരളത്തിൽ വർധിക്കുന്നതായി നിഗമനം. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ഒഴികെയുള്ള ജില്ലകളിൽ സോയിൽ പൈപ്പിങ് എന്ന പ്രതിഭാസം ഭൂമിയുടെ സുസ്‌ഥിരതയ്‌ക്കു ഭീഷണി സൃഷ്‌ടിക്കുന്നതായി തിരുവനന്തപുരം ദേശീയ ഭൗമശാസ്‌ത്ര കേന്ദ്രം (എൻ സെസ്) മുൻ ശാസ്‌ത്രജ്‌ഞൻ ജി. ശങ്കറിന്റെ നേതൃത്വത്തിൽ നടത്തിയ പുതിയ പഠനത്തിൽ കണ്ടെത്തി. റിപ്പോർട്ട് രണ്ടാഴ്‌ചയ്‌ക്കുള്ളിൽ സർക്കാരിനു സമർപ്പിക്കും. പുത്തുമല വൈകാതെ സന്ദർശിക്കുമെന്നു ശങ്കർ പറഞ്ഞു.

സോയിൽ പൈപ്പിങിലൂടെ വെള്ളം ഭൂഗർഭത്തിലേക്ക് സംഭരിക്കപ്പെട്ടതിന്റെ ഫലമായുണ്ടാകുന്ന ആദ്യത്തെ വൻദുരന്തമാണു വയനാട് പുത്തുമലയിലേതെന്നു മണ്ണുസംരക്ഷണ വിഭാഗം തയാറാക്കിയ റിപ്പോർട്ടിൽ സൂചനയുണ്ട്. പ്രളയവും ഉരുളും കഴിഞ്ഞാൽ കേരളം ചർച്ച ചെയ്യേണ്ട പുതിയ ഭീഷണിയായി പൈപ്പിങ് മാറുന്നു എന്നാണ് സൂചന. മണ്ണുവീഴ്‌ചയ്‌ക്കു പിന്നിൽ സോയിൽ പൈപ്പിങിന്റെ കാണാക്കൈകളുണ്ടെന്നു ഗവേഷകർ നേരത്തെ തന്നെ കണ്ടെത്തിയിരുന്നു.

∙ മരക്കുറ്റികൾ ജീർണിച്ചാൽ

15– 20 ഡിഗ്രി ചരിവുള്ള മലയോരങ്ങളിൽ റബറും മരങ്ങളും വെട്ടിമാറ്റുമ്പോൾ മണ്ണിൽ ശേഷിക്കുന്ന കുറ്റികൾ പിൽക്കാലത്ത് ജീർണിച്ചുണ്ടാകുന്ന കുഴികൾ വലിപ്പം കൂടിയാണ് വൻതോതിൽ മഴവെള്ളം ഭൂഗർഭത്തിലേക്ക് ഇറങ്ങുന്നത്. എലി–മുയൽ മാളങ്ങളും മനുഷ്യനിർമിത പൊത്തുകളും അപകടമാണ്. ഭൂമി പച്ചപ്പില്ലാതെ വെട്ടിവെളുപ്പിക്കുന്നതും ദുരന്തം ക്ഷണിച്ചു വരുത്തും.

വർഷങ്ങളോളം വെള്ളം ഇറങ്ങുമ്പോഴാണു ഭൂഗർഭം വലിയ തുരങ്കമായി മാറുന്നത്. കനത്ത മഴയിൽ ദുർബലമായി മണ്ണ് ഇടിഞ്ഞ് ഭൂമി വിണ്ടുകീറുമ്പോഴാണ് കാര്യം പുറത്തറിയുക. പരിഹരിക്കാനാവാത്ത വിധം പൈപ്പിങ് പലയിടത്തും ഭീഷണിയായതായി ഗവേഷകർ പറഞ്ഞു. ചില പ്രധാന റോഡുകളും മറ്റും ഇതിൽ ഉൾപ്പെടും. ഭാവി ആസൂത്രണത്തിൽ സോയിൽ പൈപ്പിങ് മേഖലകളും അടയാളപ്പെടുത്തേണ്ടി വരും.

∙ മണ്ണിന് രാസമാറ്റവും

വൈദ്യുതി പ്രവഹിപ്പിച്ച് പ്രതിരോധം പരിശോധിച്ചാണ് ഭൂഗർഭ ചാലുകളുടെ വ്യാപ്‌തി കണക്കാക്കിയത്. മനുഷ്യന് ഇറങ്ങിച്ചെല്ലാവുന്നത്ര വലിപ്പമുള്ള തുരങ്കങ്ങളും കണ്ടെത്തി. സോഡിയം പോലെയുള്ള മൂലകങ്ങൾ മൂലം മണ്ണിനുണ്ടാകുന്ന ശോഷണവും ഇതിനു കാരണമാണ്. ജിപ്‌സവും കുമ്മായവും പോലെ മറുസംയുക്‌തങ്ങൾ ഇട്ട് മണ്ണിന്റെ ഉറപ്പു കൂട്ടാനും പഠനം ശുപാർശ ചെയ്യുന്നു. ചരിവുള്ളയിടത്ത് മഴവെള്ളത്തെ ഒഴിച്ചുവിടാൻ ചാലുണ്ടാക്കണം.

∙ കൂടുതൽ മലയോര ജില്ലകളിൽ

വടക്കൻ ജില്ലകളിലും ഇടുക്കിയിലും പത്തനംതിട്ടയിലും സോയിൽ പൈപ്പിങ് സംബന്ധിച്ച് എൻ സെസ് പഠനം നടത്തി. സംസ്‌ഥാനത്തെ എത്ര ശതമാനം മലയോര പ്രദേശം ഭീഷണി നേരിടുന്നു എന്നതു സംബന്ധിച്ച വ്യക്‌തമായ കണക്കുകളടങ്ങിയ റിപ്പോർട്ടാണ് വൈകാതെ പുറത്തുവരുക. 2016 ൽ ദുരന്ത നിവാരണ അതോറിറ്റിക്കുവേണ്ടിയും റിപ്പോർട്ട് തയാറാക്കിയിരുന്നു. ഇതിനുശേഷം സോയിൽ പൈപ്പിങിനെ സംസ്‌ഥാന ദുരന്തങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തി.

മഴക്കാലത്ത് മലയടിവാരങ്ങളിലെ നനഞ്ഞു കുതിർന്ന മണ്ണിലൂടെ പോകുമ്പോൾ കാലു പതിവിലും ഏറെ താണുപോകുന്നുണ്ടെങ്കിൽ അവിടെ സോയിൽ പൈപ്പിങ് ഉണ്ടോ എന്നു നിരീക്ഷിക്കണം. മഴക്കാലത്തെ കിണറിടിച്ചിലിന് ഇതുമായി ബന്ധമില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com