ADVERTISEMENT

ലോകത്തിലെ ഏറ്റവും ഭയാനക ആയുധങ്ങളിലൊന്ന്; ലോകാവസാനത്തിനു കാരണമായേക്കാവുന്ന ‘ഡൂംസ്ഡേ’ ആയുധങ്ങളുടെ പട്ടികയിൽ മുൻനിരയിലാണ് റഷ്യയുടെ 9എം730 ബുറിവീസ്നിക് മിസൈലിന്റെ സ്ഥാനം. ആണവോർജം ഉപയോഗിച്ചു പ്രവർത്തിക്കുന്നു എന്നതാണ് ഇതിന്റെ നശീകരണ ശേഷി ലോകത്തെ ഇത്രയേറെ ഭീതിപ്പെടുത്താനുള്ള പ്രധാന കാരണവും. എന്നാൽ ഇന്നും രഹസ്യങ്ങളുടെ കാരിരുമ്പു മറയിൽ സൂക്ഷിച്ചിരിക്കുകയാണ് റഷ്യ ഈ ‘രാക്ഷസ’ മിസൈലിനെപ്പറ്റിയുള്ള വിവരങ്ങൾ. കഴിഞ്ഞ വർഷം റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിൻ ലോകത്തിനു പരിചയപ്പെടുത്തിയ ഈ ആയുധം അടുത്തിടെ വീണ്ടും ചർച്ചകളിൽ ഇടംപിടിച്ചു.

റഷ്യയിലെ ഒരു ജനവാസ മേഖലയ്ക്കു സമീപം നടത്തിയ മിസൈൽ പരീക്ഷണം പരാജയപ്പെട്ടുണ്ടായ സ്ഫോടനമാണു കാരണം. സംഭവത്തിൽ അഞ്ച് ആണവ വിദഗ്ധരും മരിച്ചു. പരാജയപ്പെട്ട ആ ആയുധം ബുറിവീസ്നിക് മിസൈലാണെന്ന് രാജ്യാന്തര നിരീക്ഷകർ ഉറപ്പിച്ചു പറയുമ്പോഴും, പരീക്ഷണം നടന്ന കടൽഭാഗത്തേക്ക് അടുത്ത ഒരു മാസം കപ്പലുകളെപ്പോലും അടുപ്പിക്കാൻ അനുവദിക്കാതെ നിരോധനാജ്ഞ തീർത്തിരിക്കുകയാണ് റഷ്യ. ഓഗസ്റ്റ് എട്ടിന് രാവിലെ ഒൻപതു മണിക്ക് വടക്കു പടിഞ്ഞാറൻ റഷ്യയിലെ വൈറ്റ് സീ തീരത്തോടു ചേർന്നുള്ള അർഹാൻഗിൽസ്ക് മേഖലയിൽ എന്താണു സംഭവിച്ചത്?

മരണത്തിലേക്ക് ആ അഞ്ചു പേർ...

സ്ഫോടനത്തെപ്പറ്റി ആദ്യം ലോകത്തെ അറിയിച്ചത് റഷ്യൻ പ്രതിരോധ വകുപ്പാണ്. റോക്കറ്റിന്റെ ലിക്വിഡ് പ്രൊപ്പലന്റ് എൻജിൻ പൊട്ടിത്തെറിച്ച് രണ്ടു പേർ മരിച്ചെന്നും ആറു പേർക്കു പരുക്കേറ്റെന്നുമായിരുന്നു പ്രസ്താവന. സംഭവത്തെത്തുടർന്ന് ആണവവികിരണ ചോർച്ചയുണ്ടായില്ലെന്നും റഷ്യ വ്യക്തമാക്കി. എന്നാൽ സിവിറൊദ്വിൻസ്ക് നഗരത്തിൽ നിന്നുള്ള റിപ്പോർട്ട് നേരെ മറിച്ചായിരുന്നു–അവിടെ റേഡിയേഷന്റെ തോത് കൂടിയിരിക്കുന്നു!

Chernobyl
ചെർണോബിൽ ദുരന്തബാധിത പ്രദേശം.

ചെർണോബിൽ ആണവനിലയത്തിൽ സ്ഫോടനമുണ്ടായപ്പോഴും ഇതേ നിലപാട് തന്നെയായിരുന്നു സോവിയറ്റ് യൂണിയൻ ആദ്യം സ്വീകരിച്ചതെന്നു പറഞ്ഞ് പ്രതിപക്ഷ കക്ഷികളും രംഗത്തെത്തി. തുടക്കത്തിൽ പ്രശ്നങ്ങളൊന്നുമില്ലെന്നു പറഞ്ഞ് ജനങ്ങളെ ആണവവികിരണമേൽക്കാൻ ‘വിട്ടുകൊടുക്കുകയും’ ഒടുവിൽ തെറ്റുപറ്റിയെന്നു സമ്മതിക്കുകയും ചെയ്തതാണ് ചെർണോബിലിലെ ചതിയായി ലോകം ഇന്നും ഏറ്റുപറയുന്നത്. സമാനമായ വിധം ജനങ്ങളെ ആണവവികിരണമേൽപ്പിച്ച് പിന്നീടെല്ലാം മൂടിവയ്ക്കാനുള്ള ശ്രമമാണു റഷ്യ നടത്തിയതെന്നാണ് നിലവിലെ ആരോപണം.

വിമർശനം ശക്തമായതോടെ രണ്ടു ദിവസത്തിനപ്പുറം റഷ്യൻ ആണവ ഏജൻസി റസാറ്റത്തിന്റെ വിശദീകരണമെത്തി. സമുദ്രതീരത്തു നിന്ന് അൽപം മാറി ‘ന്യൂക്ലിയാർ ഐസോടോപ് വഴി ഊർജം ഉൽപാദിപ്പിച്ചുള്ള ഒരു പരീക്ഷണം’ നടത്തുന്നതിനിടെയായിരുന്നു സ്ഫോടനം എന്നായിരുന്നു അത്. സംഭവത്തിൽ അഞ്ച് ആണവ എൻജിനീയർമാർക്കു ജീവാപായമുണ്ടായി, മൂന്നു പേർക്കു പരുക്കേറ്റു. റഷ്യൻ പ്രതിരോധ വകുപ്പും റസാറ്റവും പുറത്തുവിട്ട മരണസംഖ്യയിലെ വ്യത്യാസവും പല കോണുകളിൽ നിന്നു സംശയമുയരാൻ കാരണമായി.

അതിനിടെ റഷ്യയുടെ വടക്കുപടിഞ്ഞാറൻ തീരത്തെ ഡ്വിന ഉൾക്കടൽ വഴിയുള്ള ഗതാഗതം ഒരു മാസത്തേക്കു റഷ്യ നിരോധിച്ചു. മിസൈൽ പരീക്ഷണം പരാജയപ്പെട്ടതിനെത്തുടർന്നു പ്രദേശത്തു നിറഞ്ഞ അവശിഷ്ടങ്ങളെക്കുറിച്ചു പോലും പുറംലോകമറിയരുതെന്ന ലക്ഷ്യത്തോടെയായിരുന്നു അതെന്നാണ് നിരീക്ഷകർ പറയുന്നത്. മരിച്ച അഞ്ചു പേർക്കും വിശിഷ്ട സേവനത്തിനുള്ള മരണാനന്തര ബഹുമതിയും പ്രഖ്യാപിച്ചു. റഷ്യയുടെ പ്രധാനപ്പെട്ട ആണവായുധ നിർമാണ കേന്ദ്രം സ്ഥിതി ചെയ്യുന്ന സരോവ് നഗരത്തിലായിരുന്നു അഞ്ച് പേർക്കും അന്ത്യവിശ്രമം.

ഭയത്തിന്റെ നിഴലിലൊരു ജനത

മോസ്കോയില്‍ നിന്ന് ഏകദേശം 1000 കിലോമീറ്റർ ദൂരെയാണ് ന്യോനോക്‌സ എന്ന കടലോര ഗ്രാമം. അവിടെ വൈറ്റ് സീയില്‍ 1954ലാണ് സോവിയറ്റ് യൂണിയന്റെ നേതൃത്വത്തിൽ മിസൈൽ പരീക്ഷണ കേന്ദ്രം സ്ഥാപിക്കുന്നത്. സോവിയറ്റ് മിസൈൽ പരീക്ഷണങ്ങൾ പച്ചപിടിച്ചു വരുന്ന കാലമായിരുന്നു അത്. പിന്നീട് സോവിയറ്റ് യൂണിയന്റെയും റഷ്യയുടെയും നാവികസേനയുടെ ഏറ്റവും പ്രധാനപ്പെട്ട മിസൈൽ പരീക്ഷണങ്ങളിലേറെയും നടന്നത് ഈ കേന്ദ്രത്തിലായിരുന്നു. അവയിൽ കപ്പൽവേധ, വിമാനവേധ മിസൈലുകളും ആണവ അന്തർവാഹിനികളിൽ ഉപയോഗിക്കുന്ന ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുകളുമെല്ലാം ഉള്‍പ്പെട്ടു. 

russia-cruise-missile
റഷ്യ നടത്തിയ ക്രൂസ് മിസൈൽ പരീക്ഷണം (ഫയൽ ചിത്രം)

ഉപഗ്രഹ ചാരക്കണ്ണുകളെ മറയ്ക്കാനുള്ള എല്ലാ സംവിധാനങ്ങളും ഒരുക്കിയായിരുന്നു ഇക്കാലമത്രയും റഷ്യയുടെ പരീക്ഷണങ്ങൾ. മാത്രവുമല്ല  ന്യോനോക്‌സയിലെ ഏകദേശം അഞ്ഞൂറോളം വരുന്ന പ്രദേശവാസികളോടു പരീക്ഷണ സമയത്തു മാറിത്താമസിക്കാനും അധികൃതർ ആവശ്യപ്പെടും. ഏതാനും മണിക്കൂർ നേരത്തേക്കാണ് ഈ മാറിനിൽക്കൽ. എന്നാൽ ജനത്തെ ഭയപ്പെടുത്തി കൃത്യമായ ഇടവേളകളിൽ ഇതു സംഭവിക്കാറുണ്ടെന്നു ഗ്രാമവാസികൾ സാക്ഷ്യപ്പെടുത്തുന്നു.

സമീപത്തെ സരോവ് നഗരവും പ്രസിദ്ധമാണ്. ആണവായുധ പരീക്ഷണങ്ങൾക്കു കുപ്രസിദ്ധമായ യുഎസിന്റെ ലോസ് അലാമോസ് പോലെയാണ് റഷ്യയ്ക്ക് സരോവ്. അത്രയേറെ രഹസ്യാത്മകമായാണു പ്രവർത്തനം. ശീതയുദ്ധ കാലത്ത് അർസമസ് –16 എന്നായിരുന്നു ഈ രഹസ്യനഗരത്തിന്റെ വിളിപ്പേര്. പുറമെ നിന്നുള്ളവർക്ക് പ്രത്യേക അനുമതിയില്ലാതെ പ്രദേശത്തേക്കു കടക്കാൻ പോലുമാകില്ല. എന്നാൽ പ്രദേശത്തുള്ള 18–ാം നൂറ്റാണ്ടിലെ പള്ളി കാണാനെത്തുന്ന വിനോദസഞ്ചാരികൾക്ക് ഉപാധികളോടെ സന്ദർശനാനുമതി നൽകുന്ന പതിവുണ്ട്. സിവിറൊദ്വിൻസ്ക് ആണ് മേഖലയിലെ മറ്റൊരു പ്രധാന നഗരം. ഏകദേശം 1.83 ലക്ഷമാണ് അവിടത്തെ ജനസംഖ്യ.

റേഡിയേഷനിലുണ്ടായ ആ മാറ്റം!

ആണവ അന്തർവാഹിനികൾ നിർമിക്കുന്ന ഒരു വമ്പൻ ഷിപ്‌യാർഡുണ്ട് സിവിറൊദ്വിൻസ്കിൽ. അതിനാൽത്തന്നെ കൃത്യമായ ഇടവേളകളിൽ അന്തരീക്ഷത്തിലെ ആണവവികിരണ തോത് അളക്കുന്നതും പതിവാണ്. ഓഗസ്റ്റ് എട്ടിന് മിസൈൽ പരീക്ഷണത്തിനു ശേഷം നടത്തിയ അളവെടുക്കലിൽ മണിക്കൂറില്‍ രണ്ട് മൈക്രോസിവട്സ് എന്ന കണക്കിന് റേഡിയേഷൻ ഉയര്‍ന്നതായാണു കാണിച്ചത്. പരീക്ഷണം നടന്ന സ്ഥലത്തു നിന്ന് ഏകദേശം 40 കിലോമീറ്റർ അകലെയായിരുന്നു ഈ കൂടിയ അളവ് രേഖപ്പെടുത്തിയതെന്നും ഓർക്കണം.

പ്രദേശത്തെ ശരാശരി റേഡിയേഷനേക്കാള്‍ 20 മടങ്ങ് അധികമായിരുന്നു ഇത്. ഇത്രയും അളവിൽ റേഡിയേഷന്‍ അന്തരീക്ഷത്തിൽ ഏകദേശം അരമണിക്കൂറോളമുണ്ടായിരുന്നു. പിന്നീട് സാധാരണ റേഡിയേഷൻ നിലയായ മണിക്കൂറിൽ 0.1 മൈക്രോസിവട്സ് എന്ന തോതിലേക്കു താഴുകയും ചെയ്തു. അതിനിടെയാണ് വാതിലും ജനലുമെല്ലാം അടച്ച് വീട്ടിൽത്തന്നെയിരിക്കണമെന്നുള്ള ഔദ്യോഗികമായ മുന്നറിയിപ്പുമെത്തിയത്. പലരും അതിനിടെ റേഡിയേഷൻ കൊണ്ടുള്ള പൊള്ളലിൽ നിന്നു രക്ഷ നൽകുന്ന അയഡിൻ വാങ്ങാനായി മെഡിക്കൽ സ്റ്റോറുകളിൽ തിക്കിത്തിരക്കിത്തുടങ്ങിയിരുന്നു. റേഡിയേഷനേറ്റാൽ അതിന്റെ തീവ്രത കുറയ്ക്കാൻ സഹായിക്കുന്നതാണ് അയഡിൻ.

RUSSIA-POLITICS-HISTORY-WWII
വ്ളാദിമിർ പുടിൻ

അതിനിടെ റഷ്യയുടെ ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ റിപ്പോർട്ടെത്തി. ഓഗസ്റ്റ് എട്ടിന് മണിക്കൂറിൽ 1.78 മൈക്രോസീവട്സ് റേഡിയേഷൻ വർധന മാത്രമാണു രേഖപ്പെടുത്തിയതെന്നായിരുന്നു കേന്ദ്ര റിപ്പോർട്ട്. അതായത് ശരാശരിയുടെ 16% ഇരട്ടി. അതും ചെറിയൊരു പ്രദേശം കേന്ദ്രീകരിച്ചു മാത്രമായിരുന്നു. സിവിറൊദ്വിൻസ്കിന്റെ മറ്റു മേഖലകളിൽ ഏറ്റവും ഉയർന്ന റേഡിയേഷൻ മണിക്കൂറിൽ 0.45 മുതൽ 1.33 മൈക്രോ സിവട്സ് വരെയാണു രേഖപ്പെടുത്തിയത്.

എല്ലായിടത്തും രണ്ടര മണിക്കൂറിനു ശേഷം റേഡിയേഷൻ സാധാരണ നിലയിലേക്കു താഴ്ന്നെന്നും കാലാവസ്ഥാ റിപ്പോർട്ട് വ്യക്തമാക്കി. ഈ തോതിലുള്ള റേഡിയേഷൻ ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുന്നതല്ലെന്നായിരുന്നു സർക്കാർഭാഷ്യം. വിമാനയാത്രയ്ക്കിടയിലോ മെഡിക്കൽ സ്കാനിങ് നടത്തുമ്പോഴോ ഏൽക്കുന്നത്ര റേഡിയേഷൻ പോലും ഇതുവഴി ഏറ്റിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കി. അഗ്നിരക്ഷാസേനയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലും മേഖലയിൽ കൂടുതൽ റേഡിയോആക്ടിവ് മലിനീകരണം നടന്നതിന്റെ തെളിവുകൾ കണ്ടെത്താനായില്ല. 

ഓഗസ്റ്റ് എട്ടിനു ശേഷം മേഖലയിൽ റേഡിയേഷൻ വ്യതിയാനങ്ങളൊന്നും ഉണ്ടായില്ലെന്നാണ് അധികൃതർ പറയുന്നത്. അതിനിടെ ഓഗസ്റ്റ് 12നു വീണ്ടും ഇവിടെ ഒഴിപ്പിക്കല്‍ ഉത്തരവ് വന്നു. എന്താണ് അടുത്ത പ്രശ്നം എന്ന് ആശങ്കപ്പെട്ടിരുന്ന പ്രദേശവാസികള്‍ക്ക് ആശ്വാസമായി വൈകാതെ തന്നെ ആ ഉത്തരവ് പിൻവലിക്കുകയും ചെയ്തു. ചെറിയൊരു ആശയക്കുഴപ്പത്തിന്റെ പേരിലായിരുന്നു മുന്നറിയിപ്പ് പുറപ്പെടുവിച്ചതെന്നായിരുന്നു അധികൃതർ പറഞ്ഞത്. എന്നാൽ റേഡിയേഷൻ പരിശോധനയ്ക്കായുള്ള റഷ്യയിലെ രണ്ട് സുപ്രധാന ന്യൂക്ലിയർ മോണിറ്ററിങ് സ്റ്റേഷനുകൾ സ്ഫോടനത്തിനു പിന്നാലെ ‘നിശബ്ദമായതിന്റെ’ ഉത്തരം ഇപ്പോഴും ലഭിച്ചിട്ടില്ല.

കിറോവ്, ഡുബ്ന എന്നിവിടങ്ങളിലെ സ്റ്റേഷനുകളാണ് കമ്യൂണിക്കേഷൻ, നെറ്റ്‌വർക്ക് തകരാറുകളാണെന്ന പേരിൽ പ്രവര്‍ത്തനം നിർത്തിയത്. റേഡിയോ ആക്ടീവ് വികിരണങ്ങളുടെ പൊള്ളലേറ്റാണ് എൻജിനീയർമാരെ ആശുപത്രിയിലെത്തിച്ചതെങ്കിലും അതിനെപ്പറ്റി യാതൊരു സൂചനയും ഡോക്ടർമാർക്കു നല്‍കിയിരുന്നില്ലെന്ന് കഴിഞ്ഞ ദിവസം ‘മോസ്കോ ടൈംസ്’ റിപ്പോർട്ട് ചെയ്തതും വിവാദമായി. അണുപ്രസരണമേറ്റ ശരീരം കൈകാര്യം ചെയ്യുമ്പോൾ സ്വീകരിക്കേണ്ട മുൻകരുതലെടുക്കാൻ പോലും സാധിച്ചില്ലെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി. ജനങ്ങളിൽ നിന്ന് എന്തൊക്കെയോ മറയ്ക്കാൻ റഷ്യന്‍ സര്‍ക്കാർ ശ്രമിച്ചു എന്നതിലേക്കാണ് ഇതെല്ലാം വിരൽ ചൂണ്ടുന്നത്.

റഷ്യയേക്കാളും ‘വലിയ’ യുഎസ്

വൈറ്റ് സീയിൽ പരീക്ഷണത്തിനിടെ പൊട്ടിത്തെറിച്ച ‘ആയുധം’ ഏതു തരത്തിലുള്ളതാണെന്നു വ്യക്തമാക്കാൻ ഇപ്പോഴും റഷ്യന്‍ പ്രതിരോധ വകുപ്പോ റസാറ്റമോ തയാറായിട്ടില്ല. ആണവപരീക്ഷണമാണ് നടന്നതെന്നതിന് ആകെ ലഭിച്ചിട്ടുള്ള ഔദ്യോഗിക സ്ഥിരീകരണം മിസൈലിന് ഊർജം പകരാൻ ഉപയോഗിച്ചത് ന്യൂക്ലിയർ ഐസോടോപാണെന്നതാണ്. ആ ‘തെളിവിന്റെ’ ചുവടുപിടിച്ചു പക്ഷേ രാജ്യാന്തര ആണവനിരീക്ഷകർ റഷ്യ പരീക്ഷിച്ച ആയുധം ഏതാണെന്ന ഏകദേശ നിഗമനത്തിലെത്തിയിട്ടുണ്ട്. സ്റ്റോം പെട്രെൽ എന്നറിയപ്പെടുന്ന ബുറിവീസ്നിക് ആണവ ക്രൂസ് മിസൈലാണിതെന്നാണു കരുതപ്പെടുന്നത്. എസ്‌എസ്‌സി–എക്സ്–9 സ്കൈഫാൾ എന്നാണ് നാറ്റോ ഇതിനിട്ട പേര്. റഷ്യയുടെ ആണവ ആവനാഴിയിലെ ഏറ്റവും പുതിയ ശക്തിയായി പ്രസിഡന്റ് വ്ളാദിമിർ പുടിനാണ് 2018 മാർച്ചിൽ ആദ്യമായി ഈ ആയുധം ലോകത്തിനു പരിചയപ്പെടുത്തുന്നത്. 

ഉപയോഗിക്കുന്നത് ആണവ ഇന്ധനമായതിനാൽത്തന്നെ ലോകത്തിൽ എവിടേക്കു വേണമെങ്കിലും പറന്നെത്താനാകും റഷ്യയുടെ മിസൈലിനെന്നായിരുന്നു പുടിന്റെ വാക്കുകൾ. ഭൂമിയെ ചുറ്റിവന്നാലും മിസൈലിനെ ഒരു പ്രതിരോധ സംവിധാനത്തിനും തിരിച്ചറിയാൻ പോലും സാധിക്കില്ല. അധികം ഉയരത്തിലല്ലാതെയും കൃത്യമായ ലക്ഷ്യമില്ലാതെയും പറക്കാൻ സാധിക്കുന്നതാണ് അതിനു കാരണം. മിസൈലുകളെ പ്രതിരോധിക്കാൻ വിവിധ രാജ്യങ്ങൾ തയാറാക്കിയ പ്രതിരോധ സംവിധാനങ്ങൾക്കെല്ലാം മിസൈൽ എവിടേക്കാണു വരുന്നത് എന്നതു സംബന്ധിച്ച കൃത്യമായ ധാരണയുണ്ടാകും. അതുവഴി തകർക്കാനും എളുപ്പം. എന്നാൽ ബുറിവീസ്നിക് മിസൈലുകളുടെ പാത കൃത്യമായി കണ്ടെത്താനാകില്ലെന്നാണു പറയപ്പെടുന്നത്. അതിനാൽത്തന്നെ തകർക്കപ്പെടും മുൻപേ കൃത്യമായി ലക്ഷ്യം ഭേദിക്കാൻ ഇവയ്ക്കു സാധിക്കും.

RUSSIA-US-NUCLEAR-POLITICS
റഷ്യൻ സൈനിക പരിശീലന കേന്ദ്രങ്ങളിലൊന്നിലെ കാഴ്ച.

മിസൈലിന്റെ ആദ്യഘട്ട പരീക്ഷണങ്ങൾ വിജയകരമായിരുന്നെന്നു പുടിൻ പറയുമ്പോഴും അത്തരം മിസൈലുകൾ കൈകാര്യം ചെയ്യുന്നതിലെ അപകടത്തെക്കുറിച്ചാണ് ആണവ നിരീക്ഷകരുടെ ഭയം. അഞ്ചു പേരുടെ മരണത്തിനിടയാക്കിയ ഓഗസ്റ്റ് എട്ടിലെ വൈറ്റ് സീ സ്ഫോടനം ആ ആശങ്ക അസ്ഥാനത്തല്ലെന്നും വ്യക്തമാക്കുന്നു.

ബുറിവീസ്നിക് മിസൈൽ‍ തന്നെയാണു കടലിൽ പൊട്ടിത്തെറിച്ചതെന്നു വ്യക്തമാക്കി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും ട്വീറ്റ് ചെയ്തിരുന്നു– റഷ്യൻ സ്കൈഫാളിന്റെ പരാജയം പരീക്ഷണം നടന്ന പ്രദേശത്തു മാത്രമല്ല അതിനപ്പുറത്തേക്കും ആശങ്ക പടരാൻ കാരണമായി എന്നായിരുന്നു ട്രംപിന്റെ വാക്കുകൾ. റഷ്യയെപ്പോലെ യുഎസിനുമുണ്ട് ഇത്തരം ആയുധങ്ങളെന്നും പക്ഷേ അവ കുറച്ചേറെ മികവുറ്റതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

1960കളിൽ യുഎസും സോവിയറ്റ് യൂണിയനും ആണവമിസൈലുകളിന്മേലുള്ള പരീക്ഷണം ശക്തമാക്കിയിരുന്നു. എന്നാൽ പ്രയോഗിക്കാനുള്ള ബുദ്ധിമുട്ടും കൈകാര്യം ചെയ്യുന്നതിലെ അപകടവും മുന്നിൽക്കണ്ട് ഇരുകൂട്ടരും വൈകാതെ തന്നെ ശ്രമം ഉപേക്ഷിച്ചു. ശീതയുദ്ധ കാലത്ത് പ്രോജക്ട് പ്ലൂട്ടോ എന്ന പേരിലാണ് ആണവ മിസൈൽ നിർമാണത്തിന് യുഎസ് ശ്രമിച്ചത്. മിസൈൽ നിർമിച്ചാൽത്തന്നെ പരീക്ഷണം നടത്തുന്നത് സ്വന്തം രാജ്യത്തെ ജനങ്ങളുടെ ജീവൻ ഭീഷണിയിലാഴ്ത്തി വേണമെന്നതും പല ലോകശക്തികളെയും ആണവ മിസൈൽ നിർമാണത്തിൽ നിന്നു പിന്തിരിപ്പിച്ചു. എന്നാൽ ട്രംപിന്റെ ട്വീറ്റോടെ യുഎസിന്റെ കയ്യിലും റഷ്യയെ വെല്ലാനുള്ള രഹസ്യ ആണവ മിസൈലുണ്ടെന്നതു വ്യക്തമായി. ശീതയുദ്ധകാലത്ത് റഷ്യയുമായി ഒപ്പിട്ട ആണവായുധ കരാറിൽ നിന്ന് അടുത്തിടെയാണ് യുഎസ് പിന്മാറിയത്. നശീകരണ ആയുധങ്ങളുമായി യുഎസും റഷ്യയും അണിയറയിൽ ഒരുങ്ങിത്തന്നെയാണെന്നതും വ്യക്തം.

പരാജയപ്പെട്ട പരീക്ഷണത്തിന്റെ വിവരങ്ങൾ ലോകത്തിനു മുന്നിൽ നിന്നു റഷ്യ മറച്ചുവയ്ക്കാനുമുണ്ട് കാരണം. പുടിൻ ഏറ്റവും അഭിമാനത്തോടെ മുന്നോട്ടു വച്ചതാണ് ബുറിവീസ്നിക് മിസൈൽ പദ്ധതി. ലോകത്തിൽ എവിടേക്കു വേണമെങ്കിലും തൊടുക്കാമെന്നു പറയുന്നതിലൂടെ ഭയപ്പെടുത്താൻ ലക്ഷ്യമിടുന്നത് യുഎസിനെയാണെന്നതും വ്യക്തം. അങ്ങനെയിരിക്കെ മിസൈൽ പരീക്ഷണം പരാജയപ്പെടുകയും ആണവഭീതി ചർച്ചയാവുകയും ചെയ്താൽ അതു മുന്നോട്ടുള്ള ശ്രമങ്ങൾക്കു തിരിച്ചടിയാകും. ഈ സാഹചര്യത്തിലാണ് എല്ലാം വളരെ ‘നോർമൽ’ എന്ന മട്ടിൽ റഷ്യ വിഷയത്തെ കൈകാര്യം ചെയ്തതും. 

മെഗാ ടോർപിഡോ പരീക്ഷണം?

ജനവാസ കേന്ദ്രത്തിനു സമീപം ഇത്തരം ആണവപരീക്ഷണങ്ങൾ നടത്തുന്നതും ആശങ്കപ്പെടുത്തുന്നുണ്ട്. നേരത്തേ നൊവായ സെംല്യ, കപുചിൻ യാൻ മിസൈൽ ടെസ്റ്റിങ് കേന്ദ്രങ്ങളുടെ ഭാഗമായ ആളൊഴിഞ്ഞ മേഖലകളിലായിരുന്നു ബുറിവീസ്നിക് മിസൈലുകളുടെ പരീക്ഷണം. എന്നാൽ ജനവാസ മേഖലയായതിനാൽത്തന്നെ ബുറിവീസ്നിക്കിന്റെ പരീക്ഷണമല്ല നടന്നതെന്നു വാദിക്കുന്നവരുമുണ്ട്. ആണവ ഡ്രോണോ മറ്റോ ആയിരിക്കാം പരീക്ഷിച്ചത്. ബുറിവീസ്നിക് ആണെങ്കിൽ പുറന്തള്ളപ്പെടുന്ന റേഡിയേഷന്റെ അളവ് ഇത്രയൊന്നുമായിരിക്കില്ലെന്നും റഷ്യൻ അനുകൂലികൾ വാദിക്കുന്നു.

സാധാരണ അന്തർവാഹിനികളിൽ ഉപയോഗിക്കുന്ന തരം ടോർപിഡോക്കളേക്കാൾ 30 മടങ്ങ് വലുപ്പമുള്ള മെഗാ–ടോർപിഡോയുടെ പരീക്ഷണമാണു നടന്നതെന്ന് ‘ഫോബ്സ്’ അതിനിടയ്ക്ക് റിപ്പോർട്ട് ചെയ്തിരുന്നു. ആർട്ടിക് സമുദ്രത്തിന്റെ ആഴങ്ങളിലൂടെ അതിവേഗം നീങ്ങാൻ സാധിക്കുന്ന ഇവയെ കണ്ടെത്തി തകർക്കാനാകില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. സാറ്റലൈറ്റ് ചിത്രങ്ങളുടെ സഹായത്തോടെ ഇവയ്ക്കെല്ലാമുള്ള മറുപടിയുമായി അതിനിടെ മിഡിൽബറി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റർനാഷനൽ സ്റ്റഡീസിലെ വിദഗ്ധൻ ഫാബിയൻ ഹിന്റ്സും രംഗത്തുവന്നു.

നേരത്തേ റഷ്യ മിസൈൽ പരീക്ഷണങ്ങൾ നടത്തിയ സ്ഥലങ്ങളിലുണ്ടായിരുന്നതു പോലുള്ള പ്രത്യേക ഷെൽട്ടറും നീലനിറത്തിലുള്ള ഷിപ്പിങ് കണ്ടെയ്നറുകളും ന്യോനോക്‌സ മേഖലയിലുമുണ്ടായിരുന്നതായി ഫാബിയൻ പറയുന്നു. തീരത്തു നിന്ന് മാറി പ്രത്യേകം തയാറാക്കിയ പ്ലാറ്റ്ഫോമിൽ കത്തിക്കരിഞ്ഞ പാടുകളുടെ ഫോട്ടോകളുമുണ്ടായിരുന്നു. പരീക്ഷണത്തിനിടെ കൊല്ലപ്പെട്ടവരിൽ അഞ്ചു പേരും ആണവ വിദഗ്ധരായിരുന്നു. ഒരു ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റത്തിന്റെ ഐസോടോപിക് ഊർ‌ജസ്രോതസ്സിനു വേണ്ട എൻജിനീയറിങ്/ സാങ്കേതിക പിന്തുണ നൽകണമെന്നായിരുന്നു പ്രോജക്ടിന്റെ ഭാഗമായിരുന്ന ജീവനക്കാർക്കുള്ള റസാറ്റത്തിന്റെ നിർദേശവും. റേഡിയോ ആക്ടിവ് ഊർജസ്രോതസ്സുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്നതിനിടെയാണ് ഗവേഷകർ മരിച്ചതെന്ന് റഷ്യൻ ഫെഡറൽ ന്യൂക്ലിയർ സെന്ററിന്റെ സ്ഥിരീകരണവും ഉണ്ട്. 

സാധാരണ മിസൈലുകളുടെ പരീക്ഷണത്തിന് ആണവോർജത്തിന്റെ ആവശ്യമില്ല, അവയിൽ മറ്റ് ഇന്ധനങ്ങളാണ് ഉപയോഗിക്കുക. ന്യോനോക്‌സയിൽ നടത്തിയ പരീക്ഷണത്തിന് ആണവ വിദഗ്ധരുടെ സാന്നിധ്യമുണ്ടായതു തന്നെ ബുറിവീസ്നിക്കിന്റെ പരീക്ഷണമാണു നടന്നതെന്നതിനുള്ള വലിയ തെളിവാണെന്നും ഫാബിയൻ വ്യക്തമാക്കുന്നു. ആണവ ഇന്ധനമെത്തിക്കുന്ന ചരക്കുകപ്പൽ സിറിബ്രിയാങ്കയുടെ വൈറ്റ് സീക്കു സമീപത്തെ സാന്നിധ്യവും സംശയം ബലപ്പെടുത്തുന്നുണ്ട്. കഴിഞ്ഞവർഷം ആർട്ടിക് കടലിൽ തകർന്നു വീണ ബുറിവീസ്നിക് മിസൈലിന്റെ അവശിഷ്ടങ്ങൾ മാറ്റുമ്പോഴും സമീപം ഈ കപ്പലുണ്ടായിരുന്നുവെന്നും ഫാബിയൻ പറയുന്നു.

റഷ്യയുടെ അസാധാരണ എൻജിൻ!

മിസൈലുകളിൽ ആണവപോർമുനകൾ ഘടിപ്പിച്ചുള്ള പരീക്ഷണത്തിന് ആണവായുധ നിർവ്യാപന കരാര്‍ പ്രകാരം ഐക്യരാഷ്ട്ര സംഘടനയുടെ നിരോധനമുള്ളതാണ്. അതിനാൽത്തന്നെ പരീക്ഷണം അത്തരത്തിലുള്ളതല്ലെന്നു വ്യക്തം. റസാറ്റം നൽകിയ സൂചന അനുസരിച്ച് റേഡിയോ ആക്ടിവ് ഐസോടോപ്പുകളെ ഉപയോഗപ്പെടുത്തി ആണവോർജം ഉപയോഗിച്ച് പ്രൊപ്പൽഷൻ സാധ്യമാകുന്ന മിസൈലാണു പരീക്ഷിച്ചിരിക്കുന്നത്. അസ്ഥിരമായ അതിസൂക്ഷ്മ ആറ്റം കണികകളാണ് റേഡിയോ ആക്ടിവ് ഐസോടോപ്പുകൾ. ഇവയെ വിഭജിച്ചാണ് (ന്യൂക്ലിയർ ഫിഷൻ) ഊർജമുൽപാദിപ്പിക്കുന്നത്. അതുവഴി വൻ റേഡിയേഷനുമുണ്ടാകും. ഐസോടോപ് വഴിയാണ് ഊർജം നൽകുന്നതെങ്കിൽ അതിനർഥം റഷ്യ മിസൈലിൽ ഘടിപ്പിക്കാവുന്ന ഒരു മിനി–ന്യൂക്ലിയർ റിയാക്ടർ നിർമിച്ചു എന്നാണ്. ദ്രവ ഇന്ധനത്തെ റേഡിയേഷൻ വഴി ചൂടാക്കി പ്രൊപ്പൽഷൻ സാധ്യമാക്കുന്ന ഈ രീതി മിസൈലുകളിൽ ഇന്നേവരെ ആരും പരീക്ഷിച്ചു വിജയിച്ചിട്ടുമില്ല. റഷ്യയ്ക്കും പരാജയമായിരുന്നു ഫലം. 

ഊർജമുൽപാദിപ്പിക്കാനും മിസൈൽ പറത്താനും സഹായിക്കുന്ന ആണവ റിയാക്ടറുകളിൽ ഉപയോഗിക്കുന്ന അസംസ്കൃത വസ്തുക്കളുടെ അളവിലുമുണ്ട് വ്യത്യാസം. ചെർണോബിലിൽ പൊട്ടിത്തെറിച്ച ആർബിഎംകെ റിയാക്ടറിൽ 200 ടൺ യുറേനിയം ഡയോക്സൈഡായിരുന്നു ഉണ്ടായിരുന്നത്. ഇതിനേക്കാളും ഏറെ കുറഞ്ഞ്, ഏതാനും കിലോ മതി ഒരു മിസൈലിനെ ഉയർത്താൻ. അണുവിഭജനത്തിലൂടെ (ന്യൂക്ലിയര്‍ ഫിഷൻ) രൂപപ്പെടുന്ന ചൂട് ഉപയോഗിച്ച് വൈദ്യുതി ഉൽപാദിപ്പിക്കുന്ന റേഡിയോഐസോടൈപ് തെർമോഇലക്ട്രിക് ജനറേറ്റർ(ആർടിജി) ആയിരിക്കാം റഷ്യ നിർമിച്ചതെന്നും പറയപ്പെടുന്നു. ചൊവ്വയിലേക്ക് ക്യൂരിയോസിറ്റി പേടകത്തെ എത്തിക്കാനുപയോഗിച്ച പ്ലൂട്ടോണിയം–238 ആയിരിക്കാം ഒരുപക്ഷേ അതിലുപയോഗിച്ച ഇന്ധനം. ചൊവ്വായാത്രയ്ക്ക് 4.8 കിലോ ഇന്ധനമാണു വേണ്ടി വന്നത്. ആമരിസിയം 241, പ്ലൂട്ടോണിയം 210, സ്ട്രോൺഷ്യം 90 തുടങ്ങിയവയെല്ലാം യുഎസ്–റഷ്യൻ ആർടിജികളിൽ നേരത്തേ പരീക്ഷിച്ചിട്ടുണ്ട്. 

Burevestnik-missile
ബുറിവീസ്നിക് മിസൈലിന്റേതായി പുറത്തു വന്ന ചിത്രങ്ങളിലൊന്ന്.

മിസൈലിൽ ന്യൂക്ലിയർ തെർമൽ റിയാക്ടറായിരിക്കാം ഉപയോഗിച്ചതെന്നും നിഗമനങ്ങളുണ്ട്. അണുവിഭജനത്തിലൂടെ ഉൽപാദിപ്പിക്കപ്പെടുന്ന താപം ഉപയോഗിച്ച് ദ്രവ ഹൈഡ്രജനെ ചൂടാക്കിയാണ് ഇത്തരം റിയാക്ടറുകൾ പ്രവർത്തിച്ച് മിസൈലിനെ പറത്തുക. ഖരരൂപത്തിലോ ദ്രവരൂപത്തിലോ ഉള്ള യുറേനിയം ഉൾപ്പെടെ ഇതിൽ ഇന്ധനമായി ഉപയോഗിക്കാം. എന്നാൽ ഈ എൻജിനുകളും ഇന്നുവരെ മിസൈലുകളിൽ പരീക്ഷിച്ചു വിജയിച്ചിട്ടില്ല.

ബുറിവീസ്നിക് പോലുള്ള ആണവമിസൈലുകളിൽ ഉപയോഗിക്കുക രംജെറ്റ് എന്നറിയപ്പെടുന്ന എൻജിനുകളാണ്. മിസൈൽ അന്തരീക്ഷത്തിലേക്ക് അതിവേഗത്തില്‍ തൊടുക്കുന്നതോടെയാണ് ഈ എൻജിൻ പ്രവർത്തിക്കുക. ജെറ്റ് എൻജിനിലെ വായുവിനെ മിസൈലിലെ ആണവ റിയാക്ടർ ചൂടാക്കി പുറന്തള്ളും. അതുവഴി മിസൈൽ മുന്നോട്ടു പോവുകയും ചെയ്യും. എന്നാൽ ഇത്തരമൊരു പ്രവർത്തനം നടത്താന്‍ വേണ്ടി മിസൈലിൽ ചേർക്കേണ്ട വസ്തുക്കളുടെ ആകെ ഭാരമെടുത്താൽ വളരെ വലുതാണ്. മാത്രവുമല്ല പ്രതീക്ഷിക്കുന്ന ദൂരത്തേക്ക് എത്തുന്നതിനുള്ള ഊർജവും ഈ രീതിയിലൂടെ ലഭിക്കില്ല. ഈ ഘടകങ്ങളെല്ലാം ലഭിക്കാനും ഏറെ ബുദ്ധിമുട്ടാണ്.

അതിനാൽത്തന്നെ ഒറ്റയ്ക്ക് ഒരു രാജ്യത്തിന് പുടിൻ പറഞ്ഞതു പോലൊരു ക്രൂസ് മിസൈൽ നിർമിച്ചെടുക്കാൻ ഏറെ പാടുപെടേണ്ടി വരും, ഒരുപക്ഷേ ഒട്ടേറെ പരീക്ഷണങ്ങളും വേണ്ടിവരും. ഇക്കാര്യം തിരിച്ചറിഞ്ഞ റഷ്യ ഒരൊറ്റ മാരക ആണവ മിസൈൽ എന്ന ബുറിവീസ്നിക് പദ്ധതി അവസാനിപ്പിക്കുകയും പകരം കൂടുതൽ പ്രഹരശേഷിയുള്ള ഒട്ടേറെ ആണവമിസൈലുകൾ എന്ന രീതിയിലേക്കു മാറുകയോ ചെയ്തിരിക്കാമെന്നും ആയുധമേഖലയിലെ വിദഗ്ധര്‍ പറയുന്നു. അത്തരത്തിലൊന്നിന്റെ പരീക്ഷണമായിരിക്കാം വൈറ്റ് സീയിൽ നടന്നതെന്നും പ്രബല വാദങ്ങളുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com