ADVERTISEMENT

ന്യൂഡല്‍ഹി∙ ഐഎന്‍എക്‌സ് മീഡിയ കേസില്‍ മുന്‍മന്ത്രി പി. ചിദംബരത്തിനെതിരെ കുരുക്കു മുറുകുമ്പോള്‍ ഇന്ദ്രപ്രസ്ഥത്തില്‍ ഏറെ ചര്‍ച്ചയാകുന്നത് സൊഹ്‌റാബുദീന്‍ ഷെയ്ഖ് വ്യാജഏറ്റുമുട്ടല്‍ കേസും അമിത് ഷായുടെ അറസ്റ്റും.

2010-ല്‍ മന്‍മോഹന്‍സിങ്ങിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് മന്ത്രിസഭയില്‍ പി. ചിദംബരം ആഭ്യന്തര മന്ത്രിയായിരിക്കുമ്പോഴാണ് ഗുജറാത്തിലെ വ്യാജഏറ്റുമുട്ടല്‍ കേസില്‍ ഇപ്പോഴത്തെ ആഭ്യന്തരമന്ത്രി അമിത് ഷായെ അറസ്റ്റ് ചെയ്യുന്നത്.

സൊഹ്‌റാബുദിന്‍ ഷെയ്ഖ്, ഭാര്യ, സുഹൃത്ത് എന്നിവരെ വ്യാജഏറ്റുമുട്ടലില്‍ കൊലപ്പെടുത്തിയത് ഗുജറാത്തില്‍ ആഭ്യന്തര മന്ത്രിയായിരുന്ന അമിത് ഷായുടെ അറിവോടെയാണെന്നാണ് സിബിഐ ആരോപിച്ചത്. എന്നാല്‍ യാതൊരു തെളിവും ഇല്ലെന്നു ചൂണ്ടിക്കാട്ടി കോടതി അമിത് ഷായെ വെറുതേവിട്ടു.

ചിദംബരം ആഭ്യന്തരമന്ത്രിയായിരുന്നപ്പോള്‍ അദ്ദേഹത്തിന്റെ കീഴില്‍ പ്രവര്‍ത്തിച്ചിരുന്നയാളാണ് ഇപ്പോഴത്തെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടര്‍ എസ്.കെ. മിശ്രയെന്നതും ശ്രദ്ധേയമാണ്. എന്നാല്‍ ചിദംബരവുമായുള്ള ചില അഭിപ്രായഭിന്നതകളെ തുടര്‍ന്ന് അദ്ദേഹത്തെ മാതൃകേഡറിലേക്ക് മടക്കി അയച്ചിരുന്നു. 

ഗുജറാത്തില്‍ നരേന്ദ്ര മോദി മന്ത്രിസഭയില്‍ ആഭ്യന്തര സഹമന്ത്രിയായിരിക്കെയാണ് 2005ല്‍ നടന്ന വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ അമിത് ഷാ ഗുജറാത്തിലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്കൊപ്പം പ്രതിയായത്.

പാക്കിസ്ഥാന്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ലഷ്‌കറെ തയിബ അംഗമെന്ന് ആരോപിക്കപ്പെട്ട സൊറാഹ്ബുദീനെയും ഭാര്യ കൗസര്‍ബിയെയും മഹാരാഷ്ട്രയിലെ സാംഗ്ലിയിലേക്കുള്ള യാത്രയ്ക്കിടെ ഹൈദരാബാദില്‍ നിന്ന്, ഗുജറാത്ത് എടിഎസ് തട്ടിക്കൊണ്ടുപോയെന്നും, 2005 നവംബറില്‍ സൊഹ്‌റാബുദീനെ ഗാന്ധിനഗറില്‍ വ്യാജ ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തിയെന്നും ഭാര്യ കൗസര്‍ബിയെ ചുട്ടെരിച്ചുവെന്നുമാണ് കേസ്.

ഏറ്റുമുട്ടല്‍ കൊലയ്ക്ക് ദൃക്‌സാക്ഷിയും സൊഹ്‌റാബുദീന്റെ കൂട്ടാളിയുമായ തുള്‍സിറാമും 2006 ഡിസംബറില്‍ കൊല്ലപ്പെട്ടിരുന്നു. ഗുജറാത്തിലെ ആഭ്യന്തര സഹമന്ത്രിയായിരുന്ന ഷാ ഏതാനും പൊലീസ് ഉദ്യോഗസ്ഥരുടെ സഹായത്തോടെ ഇത് ആസൂത്രണം ചെയ്‌തെന്നായിരുന്നു ആരോപണം. 2010 ജൂലൈയില്‍ സിബിഐ ഷായെ അറസ്റ്റ് ചെയ്തു. മൂന്നുമാസത്തിനുശേഷം സുപ്രീം കോടതിയാണ് ജാമ്യം നല്‍കിയത്. ഗുജറാത്തില്‍ കടക്കരുതെന്ന നിബന്ധനയോടെയായിരുന്നു അത്.

എന്നാല്‍ 'നിഷ്പക്ഷ വിചാരണയ്ക്കായി' 2012 സെപ്റ്റംബറില്‍ സൊഹ്‌റാബുദീന്‍ കേസ് സിബിഐയുടെ അപേക്ഷ പ്രകാരം തന്നെ മുംബൈയിലേക്കു മാറ്റുകയായിരുന്നു. ഷായ്‌ക്കെതിരെ കേസില്ലെന്നും രാഷ്ട്രീയ കാരണങ്ങളാല്‍ അദ്ദേഹത്തെ കേസില്‍ പ്രതി ചേര്‍ത്തതാണെന്നും ചൂണ്ടിക്കാട്ടി 2014 ഡിസംബര്‍ 30ന് മുംബൈയിലെ സിബിഐ കോടതി കേസ് തള്ളിയിരുന്നു. ഈ വിധി സുപ്രീംകോടതി ശരിവയ്ക്കുകയും ചെയ്തു. ഇതിനെതിരെ സമര്‍പ്പിച്ച പുനഃപരിശോധനാ ഹര്‍ജിയും 2016-ല്‍ തള്ളുകയായിരുന്നു. 

ദുരൂഹതകളുടെ നാൾവഴി

2005

∙നവംബർ 22 : ഹൈദരാബാദിൽ നിന്നു പശ്ചിമ മഹാരാഷ്ട്രയിലേക്കുള്ള ബസ് യാത്രയ്ക്കിടെ ഷെയ്ഖ്, കൗസർബി, തുൾസി റാം എന്നിവരെ ഗുജറാത്തിലെയും രാജസ്ഥാനിലെയും സംയുക്ത പൊലീസ് സംഘം കസ്റ്റഡിയിലെടുത്ത് ഗാന്ധിനഗർ നഗരാതിർത്തിയിലെ ഫാം ഹൗസിലെത്തിച്ചു.

∙നവംബർ 26 : സൊഹ്റാബുദ്ദീൻ കൊല്ലപ്പെടുന്നു. ലഷ്കറെ തയിബ ഭീകരനെ ഏറ്റുമുട്ടലിൽ കൊലപ്പെടുത്തിയെന്ന് പൊലീസ് ഭാഷ്യം. കൗസർബിയെപ്പറ്റി വളരെ നാൾ വിവരമൊന്നുമില്ല. നവംബർ 29ന് ഇവരെ കൊലപ്പെടുത്തിയെന്ന് പിന്നീട് വെളിപ്പെടുത്തൽ.

2006

∙ഡിസംബർ 27 : ഗുജറാത്ത് – രാജസ്ഥാൻ അതിർത്തിയിൽ പൊലീസ് വെടിവയ്പിൽ തുൾസി റാം പ്രജാപതിയും കൊല്ലപ്പെടുന്നു.

2007

∙മാർച്ച് 23 : സൊഹ്റാബുദ്ദീൻ ഷെയ്ഖിനെ പൊലീസ് വ്യാജ ഏറ്റുമുട്ടലിൽ കൊന്നതാണെന്നു സുപ്രീം കോടതിയിൽ ഗുജറാത്ത് സർക്കാർ സമ്മതിച്ചു.

∙ഏപ്രിൽ 24 : ഐജി ഡി.ജി. വൻസാര, ഗുജറാത്ത് ഇന്റലിജൻസ് വകുപ്പിലെ എസ്പി രാജ്കുമാർ പാണ്ഡ്യൻ, രാജസ്ഥാനിലെ അൽവർ എസ്പി എം.എൻ. ദിനേശ് എന്നിവർ അറസ്റ്റിൽ.

∙ഏപ്രിൽ 30 : കൗസർബിയും കൊല്ലപ്പെട്ടെന്നും അവരുടെ ജഡം കത്തിച്ചുകളഞ്ഞെന്നും ഗുജറാത്ത് സർക്കാർ സുപ്രീം കോടതിയിൽ തുറന്നു സമ്മതിച്ചു.

∙ഡിസംബർ 4 : തിരഞ്ഞെടുപ്പു പ്രസംഗത്തിൽ സൊഹ്റാബുദ്ദീൻ വധത്തെക്കുറിച്ച് ‘അവന് അർഹിച്ചതു കിട്ടി’ എന്ന് അന്നു ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയുടെ വിവാദപരാമർശം.

∙ഡിസംബർ 12 : വധത്തെ ന്യായീകരിച്ച മോദിക്കെതിരെ സുപ്രീം കോടതിയുടെ കോടതിയലക്ഷ്യ നോട്ടിസ്

2010

∙ജനുവരി 12 : സൊഹ്റാബുദ്ദീൻ വധം സിബിഐ അന്വേഷിക്കണമെന്നു സുപ്രീം കോടതി

∙ജൂലൈ 23 : കേസിൽ ഗുജറാത്ത് ആഭ്യന്തര സഹമന്ത്രി അമിത് ഷായ്ക്കെതിരെ സിബിഐ കൊലക്കുറ്റം ചുമത്തി. അമിത് ഷാ ഉൾപ്പെടെ 15 പേർക്കെതിരെ സിബിഐ കുറ്റപത്രം.

∙ജൂലൈ 24 : അമിത് ഷാ രാജിവച്ചു

∙ജൂലൈ 25 : അമിത് ഷാ സിബിഐ മുൻപാകെ കീഴടങ്ങി

∙സെപ്റ്റംബർ 23 : പ്രധാന സാക്ഷി അസം ഖാൻ കൂറുമാറി

∙സെപ്റ്റംബർ 27 : ‘നിഷ്പക്ഷ വിചാരണയ്ക്കായി’ സൊഹ്റാബുദീൻ കേസ് സിബിഐയുടെ അപേക്ഷ പ്രകാരം മുംബൈയിലേക്കു മാറ്റി

2013

∙മേയ് 14 : രാജസ്ഥാൻ മുൻ ആഭ്യന്തര മന്ത്രി ഗുലാബ് ചന്ദ് കഠാരിയ ഉൾപ്പെടെ നാലു പേരെക്കൂടി സിബിഐ പ്രതിചേർത്തു.

2014

∙ഡിസംബർ 1 : വാദം കേട്ട സിബിഐ പ്രത്യേക കോടതി ജഡ്ജി ബി.എച്ച്. ലോയയുടെ മരണം. ഇതിൽ പിന്നീട് ദുരൂഹത ആരോപിക്കപ്പെട്ടു .

∙ഡിസംബർ 30 : അമിത് ഷായെ സിബിഐ പ്രത്യേക കോടതി കുറ്റവിമുക്തനാക്കി

2015

∙ഫെബ്രുവരി : ഗുലാബ്ചന്ദ് കഠാരിയയെ കുറ്റവിമുക്തനാക്കി.

2016

∙ഓഗസ്റ്റ് 1 : അമിത് ഷായെ കുറ്റവിമുക്തനാക്കിയതു സുപ്രീംകോടതി ശരിവച്ചു

2017

∙ഓഗസ്റ്റ് 1 : ഡി.ജി.വൻസാരയെയും എം.എൻ.ദിനേശിനെയും സിബിഐ കോടതി കുറ്റവിമുക്തരാക്കി.

2018

∙ഏപ്രിൽ 19 : ജഡ്ജി ബി.എച്ച്. ലോയയുടേത് സ്വാഭാവികമരണമെന്ന് സുപ്രീം കോടതി

∙നവംബർ 2 : അമിത് ഷായെ കുറ്റവിമുക്തനാക്കിയ നടപടി ചോദ്യംചെയ്യില്ലെന്ന സിബിഐ നിലപാടിനെതിരായ പൊതുതാൽപര്യ ഹർജി തള്ളി.

∙ഡിസംബർ 21: 22 കുറ്റാരോപിതരെയും പ്രത്യേക സിബിഐ കോടതി വിട്ടയച്ചു.

കാര്‍ത്തിയുടെ വഴിയേ ചിദംബരവും

ഐഎന്‍എക്‌സ് മീഡിയ കേസിന്റെ കുരുക്ക് മകന്‍ കാര്‍ത്തി ചിദംബരത്തിനു പിന്നാലെയാണ് പി. ചിദംബരത്തിനു മേലും മുറുകുന്നത്. സ്റ്റാര്‍ ഇന്ത്യ മുന്‍ സിഇഒ പീറ്റര്‍ മുഖര്‍ജി, ഭാര്യ ഇന്ദ്രാണി മുഖര്‍ജി എന്നിവരുടെ കമ്പനിയായ ഐഎന്‍എക്‌സ് മീഡിയയ്ക്കു വഴിവിട്ടു വിദേശനിക്ഷേപം സ്വീകരിക്കാന്‍ ഇടനില നിന്നെന്ന് ആരോപിക്കപ്പെട്ട് അറസ്റ്റിലായ കാര്‍ത്തി ഇപ്പോള്‍ ജാമ്യത്തിലാണ്. 

അഴിമതിപ്പണം ഐഎന്‍എക്‌സ് മീഡിയ വഴി കാര്‍ത്തിയുടെ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങള്‍ക്കു ലഭിച്ചെന്നാണ് ആരോപണം. മകള്‍ ഷീന ബോറയെ കൊലപ്പെടുത്തിയെന്ന കേസില്‍ അറസ്റ്റിലായ ഇന്ദ്രാണി മുഖര്‍ജി ഈ കേസില്‍ മാപ്പുസാക്ഷിയാകുകയും ചെയ്തു. 2017 മേയ് 15നാണു സിബിഐ കേസെടുത്തത്. കള്ളപ്പണം വെളുപ്പിച്ചതായി ആരോപിച്ചു കഴിഞ്ഞ വര്‍ഷം എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും കേസെടുത്തു. 

ജസ്റ്റിസ് സുനില്‍ ഗൗര്‍ വിരമിക്കാനിരിക്കെയാണു ചിദംബരത്തിനു മുന്‍കൂര്‍ ജാമ്യം നിഷേധിച്ചത്. കേസ് അടിസ്ഥാനമില്ലാത്തതും രാഷ്ട്രീയലാക്കോടെയുള്ളതുമാണെന്ന വാദം അംഗീകരിക്കാനാകില്ലെന്നും എത്ര ഉന്നത പദവിയിലുള്ളവരാണെങ്കിലും കുറ്റക്കാര്‍ തുറന്നുകാട്ടപ്പെടേണ്ടതുണ്ടെന്നുമാണു കോടതി പറഞ്ഞത്. സാമ്പത്തിക കുറ്റകൃത്യങ്ങള്‍ ഉരുക്കുമുഷ്ടിയോടെ നേരിടേണ്ടതുണ്ട്. വന്‍കിട സാമ്പത്തിക കുറ്റകൃത്യങ്ങളില്‍ അന്വേഷണ ഏജന്‍സികള്‍ക്കു കൂച്ചുവിലങ്ങിടാനാകില്ല. ജാമ്യമനുവദിക്കുന്നതു തെറ്റായ സന്ദേശം നല്‍കുമെന്നും കോടതി വ്യക്തമാക്കി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com