ADVERTISEMENT

ന്യൂഡൽഹി ∙ ഐഎൻഎക്സ് മീഡിയാ കേസിൽ നൽകിയ മുൻകൂർ ജാമ്യ ഹർജി അടിയന്തരമായി പരിഗണിക്കണമെന്ന് പി.ചിദംബരം ഇന്ന് സുപ്രീംകോടതിയിൽ ആവശ്യപ്പെടും.

അറസ്റ്റ് ഭീഷണി നേരിടുന്ന സാഹചര്യത്തിൽ കോടതി തീരുമാനം ചിദംബരത്തിന് നിർണായകമാണ്. സുപ്രീംകോടതി കേസ് പരിഗണിക്കുന്നത് വരെ നടപടിയെടുക്കരുതെന്ന് പി.ചിദംബരത്തിന്റെ അഭിഭാഷകൻ സിബിഐയോട് ആവശ്യപ്പെട്ടു.

മുൻകൂർ ജാമ്യഹർജി രാവിലെ പത്തരയ്ക്കു കോടതി പരിഗണിക്കുമെന്നാണ് സൂചന. ഡൽഹി ഹൈക്കോടതി ചൊവ്വാഴ്ച മുൻകൂർ ജാമ്യ ഹർജി തള്ളിയതോടെ ചിദംബരത്തെ അറസ്റ്റു ചെയ്യാനുള്ള നീക്കം സിബിഐ തുടങ്ങിയിരുന്നു.

ഇതിനിടെ ഇന്നലെയും ഇന്നുമായി മൂന്നു തവണ ചിദംബരത്തെ തേടി സിബിഐയുടെയും എൻഫോഴ്സമെന്റ് ഡയറക്ടറേറ്റിന്റെയും സംഘങ്ങൾ ചിദംബരത്തിന്റെ വസതിയിലെത്തി. ഇന്നു രാവിലെ എട്ടു മണിയോടെ വസതിക്കു മുന്നിലെത്തിയ സംഘം അവിടെ തുടരുകയാണ്.

ചൊവ്വാഴ്ച രാത്രി എട്ട് മണിയോടെയും സിബിഐയുടെയും എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റിന്റെയും സംഘങ്ങൾ ജോര്‍ബാഗിലെ വസതിയിലെത്തിയെങ്കിലും ചിദംബരം ഇല്ലാത്തതിനാല്‍ മടങ്ങി. രാത്രി12 ന് വീണ്ടും ചിദംബരത്തിന്റെ വസതിയിലെത്തിയ സിബിഐ സംഘം രണ്ടു മണിക്കൂറിനകം ഹാജരാകണമെന്ന് കാണിച്ച് നോട്ടിസ് പതിച്ചു.

ഏതു നിയമം പ്രകാരമാണ് രണ്ടു മണിക്കൂറിനുള്ളിൽ ഹാജരാകണമെന്ന് കാട്ടി ചിദംബരത്തിന്റെ വസതിക്കു മുന്നിൽ നോട്ടിസ് പതിച്ചതെന്ന് ചിദംബരത്തിന്റെ അഭിഭാഷകൻ അർഷ്ദിപ് സിങ് ഖുറാന ചോദിച്ചു. മുൻകൂർ ജാമ്യഹർജി സുപ്രീംകോടതി പരിഗണിക്കുന്നതു വരെ ഇത്തരം നീക്കങ്ങൾ പാടില്ലെന്ന നിലപാട് സിബിഐയെ അറിയിച്ചതായി ഖുറാന മാധ്യമങ്ങളോട് വെളിപ്പെടുത്തി. നിലവിലെ നീക്കങ്ങളെല്ലാം രാഷ്ട്രീയ വേട്ടയാടലിന്റെ ഭാഗമാണെന്നാണ് കോൺഗ്രസ് പ്രതികരണം.

മുൻകൂർ ജാമ്യ ഹർജി ഡൽഹി ഹൈക്കോടതി തള്ളിയതിന് പിന്നാലെയാണ് പി.ചിദംബരത്തെ അറസ്റ്റ് ചെയ്യാനുള്ള നീക്കം അന്വേഷണ ഏജൻസികൾ ശക്തമാക്കിയത്. അയോധ്യ കേസ് അഞ്ചംഗ ഭരണഘടനാ ബെഞ്ച് പരിഗണിക്കുന്നതിനാൽ ജസ്റ്റിസ് അരുൺ മിശ്രയുടെ ബെഞ്ചിന്റെ മുൻപാകെയാകും ആവശ്യം ഉന്നയിക്കുക. ചിദംബരത്തിന്റെ ആവശ്യത്തെ സുപ്രീം കോടതിയിലും സിബിഐയും എൻഫോഴ്‌സ്‌മെന്റും എതിർക്കും.

കോടതിയുടെ ഭാഗത്തു നിന്ന് അനുകൂല തീരുമാനം വന്നില്ലെങ്കിൽ ഏജൻസികൾ അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികളിലേക്ക് നീങ്ങും. മുൻകൂർ ജാമ്യം ഇല്ലെങ്കിൽ അറസ്റ്റിൽ നിന്നുള്ള സംരക്ഷണമെങ്കിലും നീട്ടണമെന്ന ആവശ്യവും കോടതിയുടെ മുമ്പാകെ ചിദംബരം ഉന്നയിച്ചേക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com