ADVERTISEMENT

ബെംഗളൂരു∙ ചന്ദ്രയാൻ രണ്ട് ഉപഗ്രഹത്തെ ചാന്ദ്ര ഭ്രമണപഥത്തിൽ എത്തിച്ച ശേഷം ആദ്യമായി ഭ്രമണപഥത്തിൽ മാറ്റം വരുത്തി. ചന്ദ്രനിൽ ഇറങ്ങുന്നതിനു മുന്നോടിയായുള്ള ഭ്രമണപഥം താഴ്ത്തലിന്റെ ആദ്യഘട്ടമാണ്  ഐഎസ്ആർഒ വിജയകരമായി പിന്നിട്ടത്. ബുധനാഴ്ച ഉച്ചയ്ക്കു 12.50നായിരുന്നു പേടകത്തിലെ പ്രൊപ്പൽഷന്‍ സംവിധാനം ജ്വലിപ്പിച്ച് പ്രക്രിയ പൂർത്തിയാക്കിയത്. 1228 സെക്കൻഡ് കൊണ്ട് ഇതു പൂർത്തിയാക്കി.

ചന്ദ്രനിൽ നിന്ന് 118 കിലോമീറ്റർ അടുത്ത ദൂരവും 4412 കിലോമീറ്റർ കൂടിയ അകലവുമായ ഭ്രമണപഥത്തിലാണ് ചന്ദ്രയാൻ രണ്ട് ഇപ്പോഴുള്ളത്. സെപ്റ്റംബർ 1 വരെ ഭ്രമണപഥം മാറ്റി ചന്ദ്രനിലേക്ക് അകലം കുറയ്ക്കുന്ന പ്രക്രിയ തുടരും. അടുത്ത ഭ്രമണപഥം താഴ്ത്തൽ ഓഗസ്റ്റ് 28, 30 സെപ്റ്റംബർ 1 തീയതികളിൽ നടക്കും. 

ഓഗസ്റ്റ് 20നു രാവിലെ 8.34നും 9.02നും ഇടയിലായിരുന്നു ഭൂമിയുടെ ഭ്രമണപഥം വിട്ട് ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് ചന്ദ്രയാൻ 2 കടന്നത്. 28 മിനിറ്റു നേരം പേടകത്തിലെ എൻജിൻ ജ്വലിപ്പിച്ചായിരുന്നു ആ പ്രക്രിയ. ആ സമയത്ത് നെഞ്ചിടിപ്പു നിലച്ച അവസ്ഥയിലായിരുന്നെന്ന് ഇസ്രൊ ചെയർമാൻ ഡോ.കെ.ശിവൻ പറഞ്ഞു. ചന്ദ്രനു ചുറ്റും 90 ഡിഗ്രി ചെരിവോടെ ഭ്രമണപഥം സാധിച്ചെടുത്തില്ലായിരുന്നെങ്കിൽ ചന്ദ്രയാനു ദക്ഷിണ ധ്രുവത്തിൽ ഇറങ്ങാൻ സാധിക്കില്ലായിരുന്നു. 

ഭ്രമണപഥം മാറുന്ന പ്രക്രിയയ്ക്കിടെ 10 സെന്റിമീറ്ററിന്റെ വ്യത്യാസം വന്നിരുന്നെങ്കിൽ പോലും അതു ഭ്രമണപഥത്തെയും അതുവഴി ചന്ദ്രയാൻ 2 ലാൻഡർ ഇറങ്ങേണ്ടയിടത്തെയും ബാധിക്കുമായിരുന്നു. എന്നാൽ ഇതെല്ലാം കൃത്യമാക്കിയായിരുന്നു ഇസ്രൊയുടെ കൺട്രോൾ റൂമിൽ നിന്നുള്ള നീക്കങ്ങൾ. ഇനി എല്ലാം പ്രതീക്ഷിച്ചതു പോലെ നടന്നാൽ ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലിറങ്ങുന്ന ആദ്യത്തെ പേടകമായി സെപ്റ്റംബർ ഏഴിന് ഇന്ത്യയുടെ ചന്ദ്രയാൻ 2 മാറും. ജൂലൈ 22നാണ് ശ്രീഹരിക്കോട്ടയിലെ ബഹിരാകാശ വിക്ഷേപണ കേന്ദ്രത്തിൽ നിന്നും ചന്ദ്രയാൻ 2 വിക്ഷേപിച്ചത്.  

English Summary: Chandrayaan 2 Closer To Moon Landing After Second Orbit Move Today

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com