ADVERTISEMENT

ഹോങ്കോങ്∙ ചൈനയ്ക്കെതിരായ പ്രക്ഷോഭം നടക്കുന്ന ഹോങ്കോങ്ങിലെ ബ്രിട്ടിഷ് കോൺസുലേറ്റ് ജീവനക്കാരനെ കരുതൽ തടങ്കലിലാക്കിയതായി ഔദ്യോഗിക സ്ഥിരീകരണം. കോൺസുലേറ്റിലെ ട്രേഡ് ആൻഡ് ഇൻവെസ്റ്റ്മെന്റ് ഓഫിസറായ സിമോൺ ചെങ് (28) പിടിയിലായ വിവരം ചൈനീസ് വിദേശകാര്യ മന്ത്രാലയമാണ് പുറത്തുവിട്ടത്. 15 ദിവസത്തേക്കാണ് തടവെന്ന് മന്ത്രാലയം വക്താവ് ഗെങ് ഷുവാങ് പറഞ്ഞു. രണ്ടാഴ്ചയായി ഇദ്ദേഹത്തെ കാണാനില്ലെന്ന റിപ്പോർട്ടുകൾക്കു പിന്നാലെയായിരുന്നു ചൈനയുടെ ഔദ്യോഗിക വിശദീകരണം. ഇതിനോടകം വഷളായിരിക്കുന്ന ചൈന–ബ്രിട്ടൻ ബന്ധത്തിൽ കൂടുതൽ വിള്ളലുകൾ വീഴ്ത്തുന്നതായി ചൈനയുടെ നീക്കം.

‘ബ്രിട്ടിഷ് കോൺസുലേറ്റ് ജനറൽ ഓഫിസിൽനിന്നു കാണാതായ യുവാവ് യുകെ പൗരനല്ല, ഹോങ്കോങ് സ്വദേശിയാണ്. അതിനാൽ അദ്ദേഹം ചൈനക്കാരനാണ്. വിഷയം ചൈനയുടെ ആഭ്യന്തര കാര്യമാണ്’– ഗെങ് ഷുവാങ് പറഞ്ഞു. ചൈനയിലെ ‘നിയമം ലംഘിച്ചതിന്’ ഷെൻസെൻ പൊലീസ് സിമോൺ ചെങ്ങിനെ തടവിലാക്കിയതാണെന്നു രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു, ചൈനയുടെ സെക്യൂരിറ്റി അഡ്മിനിസ്ട്രേഷൻ പണിഷ്മെന്റ് ലോ പ്രകാരമാണ് തടവിലാക്കൽ. പ്രോസിക്യൂട്ട് ചെയ്യണമോയെന്നു തീരുമാനമെടുക്കുന്നതിനു മുൻപു തന്നെ പൊലീസിന് ഒരു വ്യക്തിയെ പിടികൂടി ചോദ്യം ചെയ്യാൻ അവസരം നൽകുന്നതാണ് ഈ നിയമം.

ഓഗസ്റ്റ് എട്ടിന് രാവിലെ ഹോങ്കോങ്ങിൽ നിന്ന് ഷെൻസെനിലേക്കു പോയതായാണ് സിമോണിന്റെ പെൺസുഹൃത്ത് ആനി ലി പറഞ്ഞത്. ട്രേഡ് ഓഫിസർ പദവിയുടെ പിൻബലത്തിലായിരുന്നു യാത്ര. ബ്രിട്ടിഷ് കോൺസുലേറ്റിന്റെ സ്കോട്ടിഷ് ഡവലപ്മെന്റ് ഇന്റർനാഷനൽ ഇൻവെസ്റ്റ്മെന്റ് ഏജൻസിയിലായിരുന്നു സിമോണിനു ജോലി. സ്കോട്‌ലൻഡും ബ്രിട്ടനും തമ്മിലുള്ള വ്യാപാരബന്ധം ശക്തമാക്കുന്നതിനു രൂപീകരിച്ചതായിരുന്നു ഏജൻസി. ഇതിന്റെ ഭാഗമായി ഇടയ്ക്കിടെ ചൈനയിലേക്കും യാത്ര പതിവായിരുന്നു.

ഹോങ്കോങ്ങിലേക്കു പോകും മുൻപ് സിമോൺ ആനിക്ക് അക്കാര്യം വ്യക്തമാക്കിയുള്ള സന്ദേശവും അയച്ചിരുന്നു. അതിനു ശേഷം യാതൊരു വിവരവുമില്ലായിരുന്നെന്നും ആനി മാധ്യമങ്ങളോടു പറഞ്ഞു. ബ്രിട്ടിഷ് സർക്കാരുമായി സിമോണിനു കരാറുണ്ടായിരുന്നു. അതിന്റെ ഭാഗമായുള്ള ജോലിക്കു വേണ്ടി മാത്രമാണ് ഷെൻസെനിലേക്കു പോയത്. അല്ലെങ്കിൽ പോകേണ്ട ആവശ്യമില്ല. അതിനാൽത്തന്നെ സംഭവത്തിൽ ബ്രിട്ടന് ഉത്തരവാദിത്തമുണ്ടെന്നും ഇടപെടണമെന്നും ആനി ആവശ്യപ്പെട്ടു..

‘സംഭവത്തിൽ ആശങ്കയുണ്ട്. എന്തിനാണ് ചൈന സിമോണിനെ തടവിൽവച്ചതെന്ന് അന്വേഷിക്കുകയാണ്. ചൈനീസ് അധികൃതരുമായും സിമോണിന്റെ കുടുംബവുമായി ബന്ധപ്പെടുന്നുണ്ട്’– ബ്രിട്ടിഷ് കോൺസുലേറ്റ് ജനറൽ വക്താവ് പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി. ചൈനയ്ക്കു കുറ്റാരോപിതരെ വിചാരണയ്ക്കു കൈമാറുന്നതിനുള്ള നിർദിഷ്ട ബില്ലിനെതിരെ രാജ്യാന്തര വാണിജ്യകേന്ദ്രമായ ഹോങ്കോങ്ങിൽ ആരംഭിച്ച പ്രക്ഷോഭം കൊടുമ്പിരിക്കൊണ്ടിരിക്കുന്ന സമയത്താണ് സിമോണിനെതിരെയുള്ള നടപടി.

ചൈനയുടെ കീഴിൽ നഷ്ടമാകുന്ന സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള ആശങ്കയാണ് പ്രക്ഷോഭത്തിന് അടിസ്ഥാനം. പ്രക്ഷോഭത്തെ നേരിടാൻ ചൈന അതിർത്തിയിൽ അർധസൈനിക വിഭാഗത്തെ ഒരുക്കിനിർത്തിയതായി റിപ്പോർട്ടുണ്ട്. സൈനിക ഇടപെടൽ അരുതെന്ന് യുഎൻ ചൈനയോട് ആവശ്യപ്പെട്ടിരുന്നു.

English Summary: Hong Kong: British consulate employee Simon Cheng detained in China

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT