ADVERTISEMENT

ന്യൂഡല്‍ഹി∙ ഐഎന്‍എക്‌സ് മീഡിയാ കേസില്‍ മുന്‍ ധനമന്ത്രി പി. ചിദംബരത്തിനു തിരിച്ചടി. അറസ്റ്റ് തടയണമെന്ന ആവശ്യം സുപ്രീംകോടതി പരിഗണിച്ചില്ല. ഉടന്‍ ഉത്തരവിറക്കാനാവില്ലെന്ന് കേസ് പരിഗണിച്ച ജസ്റ്റിസ് എന്‍.വി. രമണ അറിയിച്ചു. ചിദംബരത്തിനായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ലുക്കൗട്ട് നോട്ടിസ് പുറത്തിറക്കി. ചിദംബരം എവിടെയാണെന്നു  വ്യക്തമായ സൂചനയില്ല. സുപ്രീംകോടതി നടപടിയെ തുടര്‍ന്ന്‌ കോണ്‍ഗ്രസ് അടിയന്തര യോഗം വിളിച്ചു ചേര്‍ത്തു. ഡല്‍ഹിയിലുള്ള മുതിര്‍ന്ന നേതാക്കള്‍ യോഗത്തില്‍ പങ്കെടുക്കും.

ഡല്‍ഹി ഹൈക്കോടതി മുന്‍കൂര്‍ ജാമ്യഹര്‍ജി തള്ളിയതിനെ തുടര്‍ന്നാണു ചിദംബരം സുപ്രീംകോടതിയെ സമീപിച്ചത്. ഡല്‍ഹി ഹൈക്കോടതി ചൊവ്വാഴ്ച മുന്‍കൂര്‍ ജാമ്യ ഹര്‍ജി തള്ളിയതോടെ ചിദംബരത്തെ അറസ്റ്റു ചെയ്യാനുള്ള നീക്കം സിബിഐ തുടങ്ങിയിരുന്നു. ഇതിനിടെ ഇന്നലെയും ഇന്നുമായി മൂന്നു തവണ ചിദംബരത്തെ തേടി സിബിഐയുടെയും എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റിന്റെയും സംഘങ്ങള്‍ ചിദംബരത്തിന്റെ വസതിയിലെത്തി. ഇന്നു രാവിലെ എട്ടു മണിയോടെ വസതിക്കു മുന്നിലെത്തിയ സംഘം അവിടെ തുടരുകയാണ്.

ചൊവ്വാഴ്ച രാത്രി എട്ട് മണിയോടെയും സിബിഐയുടെയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെയും സംഘങ്ങള്‍ ജോര്‍ബാഗിലെ വസതിയിലെത്തിയെങ്കിലും ചിദംബരം ഇല്ലാത്തതിനാല്‍ മടങ്ങി. രാത്രി12 ന് വീണ്ടും ചിദംബരത്തിന്റെ വസതിയിലെത്തിയ സിബിഐ സംഘം രണ്ടു മണിക്കൂറിനകം ഹാജരാകണമെന്ന് കാണിച്ച് നോട്ടിസ് പതിച്ചു.
ഏതു നിയമം പ്രകാരമാണ് രണ്ടു മണിക്കൂറിനുള്ളില്‍ ഹാജരാകണമെന്ന് കാട്ടി ചിദംബരത്തിന്റെ വസതിക്കു മുന്നില്‍ നോട്ടിസ് പതിച്ചതെന്ന് ചിദംബരത്തിന്റെ അഭിഭാഷകന്‍ അര്‍ഷ്ദിപ് സിങ് ഖുറാന ചോദിച്ചു.

മുന്‍കൂര്‍ ജാമ്യഹര്‍ജി സുപ്രീംകോടതി പരിഗണിക്കുന്നതു വരെ ഇത്തരം നീക്കങ്ങള്‍ പാടില്ലെന്ന നിലപാട് സിബിഐയെ അറിയിച്ചതായി ഖുറാന മാധ്യമങ്ങളോട് വെളിപ്പെടുത്തി. നിലവിലെ നീക്കങ്ങളെല്ലാം രാഷ്ട്രീയ വേട്ടയാടലിന്റെ ഭാഗമാണെന്നാണ് കോണ്‍ഗ്രസ് പ്രതികരണം.

മുന്‍കൂര്‍ ജാമ്യ ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളിയതിന് പിന്നാലെയാണ് പി.ചിദംബരത്തെ അറസ്റ്റ് ചെയ്യാനുള്ള നീക്കം അന്വേഷണ ഏജന്‍സികള്‍ ശക്തമാക്കിയത്. അയോധ്യ കേസ് അഞ്ചംഗ ഭരണഘടനാ ബെഞ്ച് പരിഗണിക്കുന്നതിനാല്‍ ജസ്റ്റിസ് അരുണ്‍ മിശ്രയുടെ ബെഞ്ചിന്റെ മുന്‍പാകെയാകും ആവശ്യം ഉന്നയിക്കുക. ചിദംബരത്തിന്റെ ആവശ്യത്തെ സുപ്രീം കോടതിയിലും സിബിഐയും എന്‍ഫോഴ്സ്മെന്റും എതിര്‍ക്കും.

കോടതിയുടെ ഭാഗത്തു നിന്ന് അനുകൂല തീരുമാനം വന്നില്ലെങ്കില്‍ ഏജന്‍സികള്‍ അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് നീങ്ങും. മുന്‍കൂര്‍ ജാമ്യം ഇല്ലെങ്കില്‍ അറസ്റ്റില്‍ നിന്നുള്ള സംരക്ഷണമെങ്കിലും നീട്ടണമെന്ന ആവശ്യവും കോടതിയുടെ മുമ്പാകെ ചിദംബരം ഉന്നയിച്ചേക്കും.

English Summary: No Relief For P Chidambaram For Now, Chief Justice To Review Bail Request

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com