ADVERTISEMENT

ന്യൂഡല്‍ഹി∙ ഐഎന്‍എക്‌സ് മീഡിയ കേസില്‍ മുൻ കേന്ദ്രമന്ത്രി പി. ചിദംബരത്തെ സിബിഐ അറസ്റ്റു ചെയ്തു. ഡൽഹി ജോർബാഗിലെ വസതിയിലെത്തിയാണ് സിബിഐ സംഘം അദ്ദേഹത്തെ അറസ്റ്റു ചെയ്തത്. സിബിഐ ആസ്ഥാനത്തെത്തിച്ച ചിദംബരത്തെ ചോദ്യം ചെയ്തു. ഡോക്ടർമാരുടെ സംഘം സിബിഐ ആസ്ഥാനത്തെത്തി ചിദംബരത്തിന്റെ ആരോഗ്യ പരിശോധന നടത്തി. വ്യാഴാഴ്ച സിബിഐ കോടതിയിൽ ഹാജരാക്കും.

നാടകീയമായാണ് സിബിഐ സംഘം ചിദംബരത്തെ അദ്ദേഹത്തിന്റെ വസതിയിൽ നിന്ന് കസ്റ്റഡിയിലെടുത്തത്. മതിൽ ചാടിക്കടന്നാണ് സിബിഐ സംഘം ചിദംബരത്തിന്റെ വീട്ടുവളപ്പിലെത്തിയത്. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരും എത്തി. മുൻകൂർ ജാമ്യാപേക്ഷ വെള്ളിയാഴ്ച പരിഗണിക്കാനിരിക്കെയാണ് ചിദംബരത്തിന്റെ അറസ്റ്റ്.

അറസ്റ്റ് ചെയ്തു കൊണ്ടുപോകുന്ന സമയത്ത് കോൺഗ്രസ് പ്രവർത്തകരിൽ ചിലർ സിബിഐയുടെ കാറിനു മുന്നിലേക്കു ചാടിയത് അൽപസമയത്തെ സംഘർഷത്തിനിടയാക്കി. ചിലർ കാറിനു മുകളിലേക്കും കയറി. എന്നാൽ ഇവരെയെല്ലാം കാറിനു സമീപത്തു നിന്നു മാറ്റി വാഹനവുമായി സിബിഐ പോവുകയായിരുന്നു. ഇതേ തുടർന്ന് പ്രവർത്തകർ അവിടെ കുത്തിയിരുന്നു പ്രതിഷേധിച്ചു.

‘ഒളിച്ചിരുന്ന്’ ഇതെല്ലാം കാണുന്ന ആരുടെയൊക്കെയോ സന്തോഷത്തിനു വേണ്ടിയും വിഷയം സെന്‍സേഷനാക്കുന്നതിനു വേണ്ടിയുമാണ് സിബിഐ ഈ നാടകം കളിക്കുന്നതെന്നു ചിദംബരത്തിന്റെ മകനും കോൺഗ്രസ് എംപിയുമായ കാർത്തി ചിദംബരം ട്വീറ്റ് ചെയ്തു. പിന്നാലെ, ചെന്നൈയിലെ വസതിക്കു മുന്നിൽ കാർത്തി ചിദംബരം മാധ്യമങ്ങളെ കണ്ടു. പത്തു വർഷത്തോളം പഴക്കമുള്ള കേസ് ഇപ്പോൾ രാഷ്ട്രീയ താൽപര്യത്തിനു വേണ്ടി ഉപയോഗപ്പെടുത്തുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. രാഷ്ട്രീയ പ്രേരിതമായ വേട്ടയാടലാണിതെന്നും കാർത്തി പറഞ്ഞു.

നേരത്തെ, അപ്രതീക്ഷിതമായാണ് ചിദംബരം വാർത്താസമ്മേളനത്തിൽ പങ്കെടുക്കാനെത്തിയത്. കപിൽ സിബൽ, അഭിഷേക് സിങ്‍വി എന്നിവർ എഐസിസി ആസ്ഥാനത്ത് വാർത്താസമ്മേളനം നടത്തുമെന്നാണ് മാധ്യമങ്ങളെ അറിയിച്ചിരുന്നത്. എന്നാൽ മുതിർന്ന കോൺഗ്രസ് നേതാക്കളായ ഗുലാം നബി ആസാദ്, അഹമ്മദ് പട്ടേൽ, മല്ലികാർജുൻ ഖർഗെ, കപിൽ സിബൽ, അഭിഷേക് സിങ്‍വി, കെ.സി. വേണുഗോപാൽ എന്നിവർക്കൊപ്പം ചിദംബരം വാർത്താ സമ്മേളനത്തിനെത്തുകയായിരുന്നു. എഴുതി തയ്യാറാക്കിയ പ്രസ്താവന ചിദംബരം വായിച്ചു.

ഐഎൻഎക്സ് മീഡിയ കേസിൽ തനിക്കെതിരെ സിബിഐ കുറ്റപത്രം നല്‍കിയിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. ‘കള്ളങ്ങളാണു പ്രചരിപ്പിക്കുന്നത്. ശരിയായ കൈകളിലല്ലെങ്കിലും നിയമത്തെ മാനിക്കുന്നു. ഞാന്‍ ഒളിവിലായിരുന്നില്ല, നിയമത്തിന്‍റെ പരിരക്ഷയിലായിരുന്നു. ജീവനേക്കാള്‍ പ്രിയപ്പെട്ടതാണ് സ്വാതന്ത്ര്യം. വെള്ളിയാഴ്ച വരെ സ്വാതന്ത്ര്യത്തിന്‍റെ ദീപം ജ്വലിക്കുമെന്ന് പ്രതീക്ഷിക്കുന്നു’ - ചിദംബരം പറഞ്ഞു.

വാർത്താസമ്മേളനം പൂർത്തിയാക്കിയ ചിദംബരം, കപിൽ സിബലിനൊപ്പം ജോർബാഗിലെ വസതിയിലേക്കു മടങ്ങി. അപ്പോഴേക്കും ചിദംബരത്തെ തേടി സിബിഐ സംഘം എഐസിസി ആസ്ഥാനത്ത് എത്തി. ഇതോടെ ചിദംബരത്തെ അനുകൂലിച്ച് മുദ്രവാക്യം വിളികളുമായി കോൺഗ്രസ് പ്രവർത്തകർ എഐസിസി ആസ്ഥാനത്തിനു മുൻപില്‍ തമ്പടിച്ചു.

എഐസിസി ആസ്ഥാനത്തു നിന്നു ചിദംബരം മടങ്ങിയെന്നു വ്യക്തമായതോടെ സിബിഐ സംഘം അദ്ദേഹത്തിന്റെ ജോർബാഗിലെ വസതിയിലെത്തിയെങ്കിലും ഗേറ്റ് അടച്ചിട്ടിരിക്കുകയായിരുന്നു. അതോടെ മതിൽ ചാടിക്കടന്ന് സിബിഐ സംഘം വീട്ടുവളപ്പിലെത്തുകയായിരുന്നു. വൈകാതെ കൂടുതൽ സിബിഐ ഉദ്യോഗസ്ഥരും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. നാടകീയത നിറഞ്ഞ നിമിഷങ്ങൾക്കൊടുവിൽ ചിദംബരത്തെ അറസ്റ്റു ചെയ്ത് സിബിഐ ആസ്ഥാനത്തേക്കു കൊണ്ടുപോയി.

നേരത്തേ, മുൻകൂർ ജാമ്യം തേടിയുള്ള ചിദംബരത്തിന്റെ ഹർജി അടിയന്തരമായി ഇന്നു പരിഗണിക്കാൻ സാധിക്കില്ലെന്നു സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. വെള്ളിയാഴ്ചത്തേക്കാണു ഹര്‍ജി ലിസ്റ്റ് ചെയ്തിരിക്കുന്നത്. ചിദംബരത്തിന്റെ മുൻകൂർ ജാമ്യാപേക്ഷ ഡൽഹി ഹൈക്കോടതി തള്ളിയതിനെ തുടർന്നാണ് സുപ്രീംകോടതിയെ സമീപിച്ചത്.

ഒന്നാം യുപിഎ സർക്കാരിൽ ചിദംബരം ധനമന്ത്രിയായിരിക്കേ, സ്റ്റാർ ഇന്ത്യ മുൻ സിഇഒ പീറ്റർ മുഖർജി, ഭാര്യ ഇന്ദ്രാണി മുഖർജി എന്നിവരുടെ കമ്പനിയായ ഐഎൻഎക്സ് മീഡിയയ്ക്കു വഴിവിട്ടു വിദേശനിക്ഷേപം സ്വീകരിക്കാൻ അനുമതി ലഭിച്ചതിൽ ക്രമക്കേടുണ്ടെന്നാണു കേസ്. 2017 മേയ് 15നാണു സിബിഐ കേസെടുത്തത്. കള്ളപ്പണം വെളുപ്പിച്ചതായി ആരോപിച്ചു കഴിഞ്ഞ വർഷം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും കേസെടുക്കുകയായിരുന്നു. ചിദംബരത്തിന്റെ മകൻ കാർത്തി ചിംദബരവും കേസിൽ അന്വേഷണം നേരിടുകയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com