ADVERTISEMENT

കോട്ടയം ∙ നാടിനെ നടുക്കിയ കെവിൻ വധം ദുരഭിമാനക്കൊലയായി കോട്ടയം പ്രിൻസിപ്പൽ സെഷൻസ് കോടതി വിധിച്ചപ്പോൾ സമാനമായൊരു കൊലപാതകത്തിനും ഇതേ കാലയളവിൽ കേരളം സാക്ഷ്യം വഹിച്ചിരുന്നു. ഇരു കേസുകളും തമ്മിലുള്ള സമാനത മൂലമാണ് – കോടതി കണ്ടെത്തിയിട്ടില്ലെങ്കിലും – ആതിര വധക്കേസിനെയും ദുരഭിമാന കൊലപാതകമെന്ന നിലയിൽ പരിഗണിക്കുന്നത്.

കെവിൻ ജോസഫിന്റെ കൊലപാതകം നടന്ന 2018 മേയ് 28ന് രണ്ടു മാസം മുൻപ് മാർച്ച് 22–നാണ് കോഴിക്കോട് മെഡിക്കൽ കോളജിലെ പാരാമെഡിക്കൽ ജീവനക്കാരി ആതിര കൊല്ലപ്പെടുന്നത്. കെവിനെ കൊന്നത് ഭാര്യയുടെ സഹോദരന്റെ നേതൃത്വത്തിലാണെങ്കിൽ ആതിരയെ കൊന്നത് സ്വന്തം പിതാവുതന്നെയാണ്. ഇതരജാതിയിൽപെട്ട യുവാവിനെ വിവാഹം കഴിക്കാൻ തീരുമാനിച്ചതിനാണ് മലപ്പുറം അരീക്കോട് പൂവത്തിക്കണ്ടി പാലത്തിങ്ങൽ വീട്ടിൽ ആതിരയെ (22), പിതാവ് രാജൻ (42) കൊലപ്പെടുത്തിയത്. വിവാഹത്തിന്റെ തലേന്നായിരുന്നു ആതിര കൊല്ലപ്പെട്ടത്.

athira-murder-2

ആതിരയെ കാണാനില്ലെന്നു ബന്ധുക്കൾ പരാതി നൽകിയതിനെത്തുടർന്നു മാർച്ച് 16നു കൊയിലാണ്ടി പന്തലായനി സ്വദേശിയായ യുവാവിന്റെയും ആതിരയുടെയും കുടുംബങ്ങളെ സ്റ്റേഷനിലേക്കു പൊലീസ് വിളിച്ചുവരുത്തിയിരുന്നു. ഇതര ജാതിയിൽപെട്ടയാൾക്കു മകളെ വിവാഹം കഴിച്ചുനൽകാൻ രാജന് എതിർപ്പുണ്ടായിരുന്നു. പൊലീസിന്റെ മധ്യസ്ഥ ചർച്ചയ്ക്കൊടുവിലാണ് വിവാഹത്തിന് രാജൻ സമ്മതംമൂളിയത്. ക്ഷേത്രത്തിൽവച്ചു വിവാഹം നടത്താൻ നിശ്ചയിച്ചാണു പിരിഞ്ഞത്. രാജൻ ഒഴികെ വീട്ടിൽ മറ്റാർക്കും വിവാഹത്തോട് എതിർപ്പില്ലായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.

വിവാഹ ഒരുക്കങ്ങൾ നടക്കുന്നതിനിടെ മാർച്ച് 22ന് വൈകിട്ട് അഞ്ചോടെ മദ്യപിച്ച് വീട്ടിലെത്തിയ രാജൻ വിവാഹത്തെച്ചൊല്ലി ആതിരയുമായി വഴക്കിട്ടു. തുടർന്ന്, രക്ഷപ്പെടാൻ അടുത്ത വീട്ടിലേക്ക് ഓടിക്കയറി കട്ടിലിനടിയിൽ ഒളിച്ച ആതിരയെ തിരഞ്ഞുപിടിച്ചു കുത്തുകയായിരുന്നു. സംഭവശേഷം രണ്ടു കത്തികളുമായി രാജനെ പൊലീസ് പിടികൂടി. ദുരഭിമാനക്കൊലയായി പരിഗണിക്കണമെന്നു ചൂണ്ടിക്കാട്ടിയാണ് പൊലീസ് കുറ്റപത്രം നൽകിയിരിക്കുന്നത്. കെവിൻ കൊല്ലപ്പെടുന്നതിനു 2 മാസം മുൻപുണ്ടായ സംഭവമാണെങ്കിലും മഞ്ചേരി ഒന്നാം അഡീഷനൽ സെഷൻസ് കോടതിയിൽ ജഡ്ജിയുടെ തസ്തിക ഒഴിഞ്ഞുകിടക്കുന്നതിനാൽ വിചാരണ ആരംഭിച്ചിട്ടില്ല.

തെന്മല സ്വദേശി നീനു ചാക്കോയെ വിവാഹം കഴിച്ചതിലുള്ള വിരോധം മൂലമാണ് നീനുവിന്റെ സഹോദരൻ സാനു ചാക്കോയുടെ നേതൃത്വത്തിലുള്ള സംഘം കോട്ടയം നട്ടാശേരി സ്വദേശി കെവിൻ പി.ജോസഫിനെ തട്ടിക്കൊണ്ടുപോയത്. പിന്നീട് കെവിനെ തെന്മലയ്ക്കു സമീപത്തെ ചാലിയക്കര പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com