ADVERTISEMENT

കോട്ടയം∙  കേരളത്തെ ഞെട്ടിച്ച കെവിൻ വധക്കേസിൽ പ്രതികളെ കുരുക്കിയത് നിർണായക മൊഴികളും പ്രോസിക്യൂഷൻ മുന്നോട്ടുവച്ച പഴുതടച്ച തെളിവുകളും. കേസിൽ ഈ മാസം 14ന്‌ പ്രത്യേക വാദംകേട്ട ശേഷമാണ് കോടതി വിധി പറഞ്ഞത്. 14 പ്രതികൾ ഉൾപ്പെട്ട കേസ് 90 ദിവസംകൊണ്ട് വിചാരണ പൂർത്തിയാക്കി വിധി പറഞ്ഞുവെന്ന സവിശേഷതയും ഈ കേസിനുണ്ട്. ഈ മാസം 14ന് വിധിപറയും എന്നു കരുതിയിരുന്നുവെങ്കിലും ദുരഭിമാനക്കൊല എന്ന വിഷയത്തിൽ പ്രത്യേക വാദം കേൾക്കാൻ കോടതി തീരുമാനിക്കുകയായിരുന്നു. 

ഇതോടെ  ഉത്തരേന്ത്യയിലും തമിഴ്നാട്ടിലും നടന്ന സമാന കേസുകളുടെ സ്വഭാവം പരിഗണിച്ച് അപൂർവങ്ങളില്‍ അപൂർവമായ കേസായി കെവിൻ കേസ് പരിഗണിക്കാനുള്ള സാഹചര്യം ഉരുത്തിരിയുകയും ചെയ്തു. ഗൂഢാലോചന, കൊലപാതകം, തട്ടിക്കൊണ്ടുപോകൽ, ഭവനഭേദനം എന്നിവയടക്കം പത്ത് പ്രധാനപ്പെട്ട വകുപ്പുകൾ ചുമത്തിയ കുറ്റപത്രത്തിനു മേലാണ് വിചാരണ നടന്നത്. നീനുവും കെവിന്റെ ഒപ്പമുണ്ടായിരുന്ന അനീഷും അടക്കം സാക്ഷികൾ പ്രതികൾക്കെതിരെ മൊഴി നൽകി. സിസിടിവി ദൃശ്യങ്ങളും സാങ്കേതിക തെളിവുകളും അടക്കം നിരവധി രേഖകൾ പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കി. കെവിനെ മുക്കി കൊന്നതാണെന്ന മെഡിക്കൽ ബോർഡ് റിപ്പോർട്ടും നിർണായക തെളിവായി. 

കെവിൻ മുങ്ങി മരിച്ചതല്ല, മുക്കിക്കൊന്നതെന്ന് കോടതിയിൽ പൊലീസ് സർജന്മാർ മൊഴി നൽകിയിരുന്നു. നീന്തലറിയാവുന്ന കെവിൻ പി. ജോസഫ് അരപ്പൊക്കം വെള്ളത്തിൽ മുങ്ങി മരിക്കില്ല. മരണ വെപ്രാളം മുങ്ങി മരണമല്ല, മുക്കിക്കൊന്നതാണെന്നു സ്ഥിരീകരിക്കുന്നു. കെവിന്റെ ശ്വാസകോശത്തിലെ രണ്ട് അറകളിൽ 170, 150 മില്ലിലീറ്റർ വീതം വെള്ളം കണ്ടെത്തി. ബലമായി മുക്കുമ്പോഴോ രക്ഷപ്പെടാനുള്ള ശ്രമത്തിലോ മാത്രമേ ഇത്രയും അളവ് വെള്ളം ശ്വാസകോശ അറകളിൽ എത്തുകയുള്ളുവെന്നും ഡോക്ടർമാർ വ്യക്തമാക്കിയിരുന്നു.

Neenu Chacko

കഴിഞ്ഞ വർഷം മെയ് 27 നാണ് കെവിന്റെ മൃതദേഹം തെന്മല ചാലിയേക്കര പുഴയിൽ കണ്ടെത്തിയത്. കെവിൻ വധക്കേസിലെ പ്രതികൾ ഉപയോഗിച്ച മൊബൈൽ ഫോണുകൾ സംഭവദിവസം ആർപ്പൂക്കര, മാന്നാനം, പുനലൂർ കല്ലാർ മൊബൈൽ ഫോൺ ടവറുകളുടെ പരിധികളിൽ ഉണ്ടായിരുന്നതായി വോഡഫോൺ നോഡൽ ഓഫിസർ ഷാഹിൻ തോമസ് കോടതിയിൽ മൊഴി നൽകി. 

നീനുവിന്റെ പിതാവ് ചാക്കോ ജോണിന് മകനും ഒന്നാം പ്രതിയുമായ സാനു ചാക്കോ അയച്ച വാട്സ്ആപ്പ് സന്ദേശങ്ങളും പൊലീസ് കോടതിയിൽ ഹാജരാക്കി. 2018 മേയ് 27 ന് പുലർച്ചെ 1.23 ന് 5–ാം പ്രതി സാനു ചാക്കോ സഞ്ചരിച്ചിരുന്ന കാറും മറ്റ് പ്രതികൾ സഞ്ചരിച്ചിരുന്ന കാറും മാന്നാനം ഭാഗത്തേക്ക് പോകുന്നതും 1.33 ന് തിരികെ പോകുന്നതും സിസി ടിവിയിൽ കുടുങ്ങിയതും കുരുക്കുമുറുക്കി.

വിധിയിലേക്ക് വിരൽ ചൂണ്ടിയ നിർണായക മൊഴികളും തെളിവുകളും. 

ചാക്കോയ്ക്ക് ‌സാനു അയച്ച സന്ദേശം:‘കൊല്ലാം, ഞാൻ ചെയ്തോളാം, അവൻ തീർ‌ന്നു’

‘കൊല്ലാം, ഞാൻ ചെയ്തോളം, അവൻ തീർന്നു’ എന്നീ വാട്സാപ് സന്ദേശങ്ങൾ കെവിനെ തട്ടിക്കൊണ്ടു പോകുന്നതിന്റെ തലേന്ന് ഒന്നാം പ്രതി സാനു ചാക്കോ പിതാവ് ചാക്കോ ജോണിന് അയച്ചതായി അന്വേഷണ ഉദ്യോഗസ്ഥൻ ഡിവൈഎസ്പി ഗിരീഷ് പി. സാരഥി കോടതിയിൽ മൊഴി നൽകി.

Kevin P Joseph, Neenu Chacko

സാനുവിന്റെ ഫോണിലെ ‘പപ്പാ കുവൈത്ത്’ എന്ന ആളുമായുള്ള വാട്സ്ആപ് ചാറ്റ് പരിശോധിച്ചു. ചാക്കോ ജോണിന്റെ ഫോൺ നമ്പറാണു പപ്പാ കുവൈറ്റ് എന്ന പേരിൽ സേവ് ചെയ്തിരുന്നത്. ഇതിലാണ് സന്ദേശങ്ങൾ ഉണ്ടായിരുന്നത്.രണ്ടാം സാക്ഷി ലിജോ ഒറ്റയ്ക്കലിനുള്ള വാട്സാപ് സന്ദേശത്തിലും കെവിനെ കൊല്ലാമെന്നു സാനു ചാക്കോ പറയുന്നുണ്ട്. ‘കെവിന്റെ പ്രൊഫൈൽ ചെക്കു ചെയ്തു’ എന്ന സന്ദേശം ലിജോ സാനുവിനും അയച്ചു.

മറുപടിയായി ‘അവൻ തീർന്നു, ഡോണ്ട് വറി’ എന്ന് സാനു ലിജോയ്ക്കു മറുപടി നൽകിയതായും കണ്ടെത്തി. കെവിനെ കൊല്ലാൻ പ്രതികൾ തീരുമാനിച്ചിരുന്നുവെന്നു വ്യക്തമാക്കാനാണ് വാട്സാപ് സന്ദേശങ്ങൾ പ്രൊസിക്യൂഷൻ ഹാജരാക്കിയത്. സന്ദേശം അയച്ച ഫോണുകൾ സാനു, ചാക്കോ, ലിജോ എന്നിവരുടേതാണെന്നു സൈബർ ഫൊറൻസിക് വിദഗ്ധർ സ്ഥിരീകരിക്കുന്ന രേഖയും ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ഹാജരാക്കി. 7 പ്രതികളിൽ നിന്നു പിടിച്ചെടുത്ത ഫോൺ ഗിരീഷ് പി. സാരഥി തിരിച്ചറിഞ്ഞു.

കെവിന്റെ ലുങ്കി ഏഴാം പ്രതി ഷിഫിൻ സജാദ് ചാലിയക്കര പുഴയുടെ തീരത്തു നിന്നു കണ്ടെത്തി നൽകിയതായി ഗിരീഷ് പി. സാരഥി മൊഴി നൽകി. പ്രതികൾ സഞ്ചരിച്ച വാഹനത്തിൽ നിന്നു രക്തക്കറയും മുടിയിഴകളും വിരലടയാളങ്ങളും ലഭിച്ചു. കെവിനൊപ്പം തട്ടിക്കൊണ്ടു പോയ ബന്ധു അനീഷിനെ പ്രതികൾ മർദിച്ചപ്പോൾ കൈ തെറ്റി 9–ാം പ്രതി ടിറ്റോ ജെറോമിന്റെ മൂക്കിൽ കൊണ്ടു. ടിറ്റോയുടെ ചോരയാണു വാഹനത്തിൽ നിന്നു ലഭിച്ചതെന്നു ഡിഎൻഎ പരിശോധനയിൽ കണ്ടതായി പ്രോസിക്യൂഷൻ അറിയിച്ചു.

ദുരഭിമാനക്കൊല എന്ന വാദത്തിന് ബലം പകർന്ന് നീനുവിന്റെ മൊഴി

Kevin P Joseph

ദുരഭിമാനക്കൊലപാതകമാണെന്ന പ്രോസിക്യൂഷൻ വാദത്തിന് ഇരട്ടി ബലം പകരുന്നതാണു കേസിലെ നിർണായക സാക്ഷിയായ നീനുവിന്റെ മൊഴി. സാക്ഷിക്കൂട്ടിൽ നിന്ന നീനുവിനെ നോക്കി കൈകൂപ്പിയാണു പിതാവും പ്രതിയുമായ ചാക്കോ നിന്നത്. ഇപ്പോൾ എവിടെയാണു താമസം എന്നതായിരുന്നു നീനുവിനോട് അഭിഭാഷകന്റെ ആദ്യ ചോദ്യം. കെവിന്റെ വീട്ടിലെന്നു നീനുവിന്റെ മറുപടി. കെവിനെ എങ്ങനെയാണു പരിചയപ്പെട്ടത് എന്നചോദ്യത്തിന് സുഹൃത്തുക്കൾ വഴിയാണെന്നും നീനു മറുപടി നൽകി.

നീനുവിനെ കാണാനില്ലെന്നു മാതാപിതാക്കൾ നൽകിയ പരാതിയെത്തുടർന്നു കെവിനൊപ്പം താൻ ഗാന്ധിനഗർ പൊലീസ് സ്റ്റേഷനിലെത്തിയെന്നും തന്നെ മാതാപിതാക്കൾ സ്റ്റേഷനിൽ നിന്ന് ബലമായി പിടിച്ചു കൊണ്ടുപോകാൻ ശ്രമിച്ചെന്നും നീനു മൊഴി നൽകി.

ഗാന്ധിനഗർ സ്റ്റേഷനിലെ എസ്ഐ കെവിന്റെ കഴുത്തിൽ പിടിച്ച് തള്ളിയതായും നീനു പറഞ്ഞു. ഗാന്ധിനഗർ പൊലീസ് സ്റ്റേഷനിൽ വച്ച് തന്റെ പിതാവ് ചാക്കോ കെവിനെ അധിക്ഷേപിച്ചെന്നും ഒരുമിച്ച് ജീവിക്കാൻ അനുവദിക്കില്ലെന്ന് ഭീഷണിപ്പെടുത്തിയെന്നും നീനു പറഞ്ഞു. തന്റെ വീട്ടുകാർക്കൊപ്പം പോകാനാണ് പൊലീസും ആവശ്യപ്പെട്ടത്. കേസിലെ രണ്ടാം പ്രതിയായ നിയാസും കെവിനെ ജാതി പറഞ്ഞ് അധിക്ഷേപിച്ചു. നിയാസ് തുടർച്ചയായി കെവിനെ ഫോൺ വിളിച്ചിരുന്നെന്നും നീനു പറഞ്ഞു. സാമ്പത്തിക അന്തരമല്ല, ജാതിയുടെ പേരിലുള്ള പ്രശ്നമാണ് കെവിന്റെ കൊലപാതകത്തിലേക്ക് എത്തിച്ചതെന്നും തന്റെ പിതാവും സഹോദരനുമാണ് അതിന്റെ കാരണക്കാരെന്നും നീനു കോടതിയിൽ മൊഴി കൊടുത്തു.

ഉയർന്ന സാമ്പത്തിക സ്ഥിതിയും ജോലിയും ഉള്ള ആളാണെന്ന് കെവിൻ നീനുവിനെ തെറ്റിദ്ധരിപ്പിച്ചിരുന്നതായുള്ള പ്രതിഭാഗത്തിന്റെ ആരോപണം നീനു നിഷേധിച്ചു. കെവിന്റെ ജോലിയെക്കുറിച്ചും സാമ്പത്തിക ചുറ്റുപാടിനെക്കുറിച്ചും തനിക്ക് പൂർണ ബോധ്യമുണ്ടായിരുന്നെന്ന് നീനു പറഞ്ഞു. തനിക്കു വിവാഹാലോചനകൾ വന്നതിനെത്തുടർന്നാണ് കെവിനൊപ്പം ഇറങ്ങിയത്. വീട്ടുകാർ തന്നെ അറിയിക്കാതെ വിവാഹ പരസ്യം നൽകി. കെവിനൊപ്പം താമസിക്കാൻ തീരുമാനിച്ചിട്ടും പഠനം തുടരണമെന്ന് ആഗ്രഹിച്ചിരുന്നു. അതുകൊണ്ടാണ് കെവിൻ തന്നെ ഹോസ്റ്റലിലാക്കിയതെന്നും നീനു പറഞ്ഞു.

Parents of Kevin

കെവിനെ മുക്കിക്കൊന്നതാണെന്ന് പൊലീസ് സർജന്മാർ

കെവിൻ മുങ്ങി മരിച്ചതല്ല, മുക്കിക്കൊന്നതെന്ന് കോടതിയിൽ പൊലീസ് സർജന്മാർ മൊഴി നൽകിയിരുന്നു. നീന്തലറിയാവുന്ന കെവിൻ പി. ജോസഫ് അരപ്പൊക്കം വെള്ളത്തിൽ മുങ്ങി മരിക്കില്ല. മരണ വെപ്രാളം മുങ്ങി മരണമല്ല, മുക്കിക്കൊന്നതാണെന്നു സ്ഥിരീകരിക്കുന്നു. കെവിന്റെ മൃതദേഹം പോസ്റ്റ്മോർട്ടം നടത്തിയ കോട്ടയം മെഡിക്കൽ കോളജ് ഫൊറൻസിക് വിഭാഗം പ്രഫസർ ഡോ. എം.എസ്. രാജീവൻ, അസോഷ്യേറ്റ് പ്രഫസർ ഡോ. സന്തോഷ് ജോയി, അന്തിമ റിപ്പോർട്ടു തയാറാക്കിയ തിരുവനന്തപുരം മെഡിക്കൽ കോളജ് ഫൊറൻസിക് വിഭാഗം മേധാവി ഡോ. കെ. ശശികല എന്നിവരുടേതാണു കേസിലെ സുപ്രധാനമായ ഈ മൊഴി.

പോസ്റ്റ്മോർട്ടത്തിലെ കണ്ടെത്തലുകൾ, സാഹചര്യത്തെളിവുകൾ, ശാസ്ത്രീയ പരിശോധനാ റിപ്പോർട്ട് എന്നിവയ്ക്കൊപ്പം കെവിൻ മരിച്ച സ്ഥലത്തു പോയി പരിശോധിച്ച ശേഷമാണ് മൊഴി നൽകുന്നതെന്നും പൊലീസ് സർജൻമാർ കോടതിയിൽ പറഞ്ഞു. പ്രതികൾക്കെതിരെ കൊലക്കുറ്റം സ്ഥാപിക്കാൻ ഈ മൊഴികൾ പ്രൊസിക്യൂഷനു സഹായമാകുമെന്നാണ് വിലയിരുത്തൽ.

Joseph, Neenu

കെവിനെ മരിച്ച നിലയിൽ കണ്ടെത്തിയ കൊല്ലം ജില്ലയിലെ ചാലിയക്കര പുഴയിലാണ്. ഇവിടെ അരപ്പൊക്കം ആഴത്തിലേ വെള്ളം ഉണ്ടായിരുന്നുള്ളൂ. അപകടമരണമോ, ആത്മഹത്യയോ ആകാൻ സാധ്യതയില്ല. ആഴം കുറഞ്ഞ വെള്ളത്തിൽ അപകട മരണ സാധ്യത കുറവാണ്. കെവിന്റെ ശ്വാസകോശത്തിലെ രണ്ട് അറകളിൽ 170, 150 മില്ലിലീറ്റർ വീതം വെള്ളം കണ്ടെത്തി.ബലമായി മുക്കുമ്പോഴോ രക്ഷപ്പെടാനുള്ള ശ്രമത്തിലോ മാത്രമേ ഇത്രയും അളവ് വെള്ളം ശ്വാസകോശ അറകളിൽ എത്തുകയുള്ളുവെന്നും ഡോക്ടർമാർ പറഞ്ഞു.

പൊലീസ് സർജന്മാർ കോടതിയിൽ നൽകിയ മൊഴിയിൽ നിന്ന് (മൊഴി നൽകിയത് ഡോ. എം.എസ്. രാജീവൻ, ഡോ. സന്തോഷ് ജോയി, ഡോ. കെ. ശശികല)

∙ കെവിന്റെ ശരീരത്തിൽ ഗുരുതരമായ പരുക്കുകൾ ഇല്ല.

∙ പ്രതികളുടെ കസ്റ്റഡിയിൽ ആയിരുന്നെങ്കിലും കാര്യമായ മർദനം ഏറ്റിട്ടില്ല.

∙ ഒടിവും ചതവും വീഴ്ചയിലെ പരുക്കും തലയ്ക്ക് പരുക്കും ഇല്ല.

∙ കെവിന് അപസ്മാരം പോലുള്ള രോഗങ്ങളും ഇല്ല.

ഇവയൊക്കെ പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തിയതായി ഡോ. എം.എസ്. രാജീവൻ പറഞ്ഞു.

പ്രതികളുടെ കസ്റ്റഡിയിൽ നിന്ന് ഓടി രക്ഷപ്പെട്ട കെവിൻ വെള്ളത്തിൽ വീണപ്പോൾ അവശത മൂലം മരിക്കാനുള്ള സാധ്യത ഇതോടെ കുറയുന്നു. 2 മുതൽ 4 മിനിറ്റു വരെ വെള്ളത്തിൽ മുക്കിപ്പിടിച്ചാൽ ബോധം നഷ്ടപ്പെടുമെന്നും ഡോക്ടർമാർ മൊഴി നൽകി. മരിച്ച നിലയിൽ കാണപ്പെട്ട സ്ഥലം പരിശോധിക്കുന്നതിനു മുൻപാണ് പ്രാഥമിക റിപ്പോർട്ട് നൽകിയതെന്നും അതിനാലാണു മുക്കിക്കൊന്നതാണെന്നുള്ള സാധ്യത ആദ്യ റിപ്പോർട്ടിൽ സൂചിപ്പിക്കാത്തതെന്നും പ്രതിഭാഗത്തിന്റെ ചോദ്യത്തിനു ഡോക്ടർമാർ മറുപടി നൽകി.

മൃതദേഹം കിടന്നത് അരയ്ക്കൊപ്പം വെള്ളത്തിലെന്നു മൊഴി

കെവിന്റെ മൃതദേഹം തെന്മല ചാലിയക്കരയിലെ ആറ്റിൽ നിന്നു പുറത്തെടുക്കുമ്പോൾ അരയ്ക്കൊപ്പം വെള്ളം മാത്രമേ ഉണ്ടായിരുന്നുള്ളുവെന്നു പ്രോസിക്യൂഷൻ കോടതിയിൽ അറിയിച്ചിരുന്നു. പുഴയിൽ നിന്നു മൃതദേഹം പുറത്തെടുക്കുന്ന ദൃശ്യം കോടതി തെളിവായി സ്വീകരിച്ചു. ദൃശ്യം കോടതിയിൽ പ്രദർശിപ്പിച്ച ശേഷമാണു തെളിവായി സ്വീകരിച്ചത്.

കെവിന്റെ ബന്ധു അനീഷ് സെബാസ്റ്റ്യന്റെ ദേഹത്ത് മർദനമേറ്റ പാടുകൾ ഉണ്ടായിരുന്നതായി പരിശോധിച്ച ഡോ. കെ. മെർവിൻ മൊഴി നൽകി. പലവട്ടം അടികൊണ്ട പരുക്ക് അനീഷിന്റെ മുഖത്ത് ഉണ്ടായിരുന്നു. തന്നെ ചിലർ കാറിൽ തട്ടിക്കൊണ്ടുപോയി മർദിച്ചെന്ന് അനീഷ് പറഞ്ഞതായും ഡോ. കെ. മെർവിൻ മൊഴി നൽകി.

ഗാന്ധിനഗർ സ്റ്റേഷനിലെ നൈറ്റ് ഓഫിസർ എഎസ്ഐ ടി.എം. ബിജുവിനെതിരെ ഒന്നാം പ്രതി സാനു ചാക്കോയും 3–ാം പ്രതി ഇഷാനും ഈരാറ്റുപേട്ട മജിസ്ട്രേറ്റിനു നൽകിയ രഹസ്യമൊഴി കോടതി താൽക്കാലിക തെളിവായി സ്വീകരിച്ചു. കെവിനെ തട്ടിക്കൊണ്ടുപോയ 2018 മേയ് 27 ന് പുലർച്ചെ 2.30 ന് കോട്ടയം, മാന്നാനം ഭാഗങ്ങളിൽ വന്നതായും ഇവിടെ വച്ച് പൊലീസ് പിടികൂടിയതായും ഇവർ കോടതിയിൽ മൊഴി നൽകി.

മാന്നാനത്ത് പൊലീസ് കാർ പരിശോധിച്ചു. കാറിന്റെ നമ്പർ പ്ലേറ്റ് ചെളി പുരണ്ട നിലയിലാണെന്നും പൊലീസ് കണ്ടെത്തിയിരുന്നു. 2000 രൂപ എഎസ്ഐ ടി.എം. ബിജുവിന് കൈക്കൂലി നൽകിയ ശേഷമാണ് ഇരുവരെയും വിട്ടയച്ചത് എന്നായിരുന്നു മൊഴി. അക്രമി സംഘം കോട്ടയം, മാന്നാനം ഭാഗങ്ങളിൽ എത്തിയെന്നു തെളിയിക്കുന്നതിനാണു കൈക്കൂലി കേസിലെ രഹസ്യമൊഴി കൊലക്കേസിലും പരിഗണിക്കണമെന്നു പ്രോസിക്യൂഷൻ ആവശ്യപ്പെട്ടത്. മജിസ്ട്രേട്ടിനു നൽകിയ രഹസ്യമൊഴി മറ്റൊരു കേസിന്റെ തെളിവായി പരിഗണിക്കാൻ പാടില്ലെന്നു പ്രതിഭാഗം എതിർത്തു. പാലാ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് ആയിരുന്ന എസ്. ലക്ഷ്മി, ചങ്ങനാശേരി ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് ആയിരുന്ന ലിജുമോൾ ഷെറീഫ് എന്നിവരുടെയും മൊഴി രേഖപ്പെടുത്തി. 

കാറിൽ നിന്ന് രക്തക്കറ കണ്ടെത്തിയെന്ന് മൊഴി

കെവിന്റെ ബന്ധു അനീഷിനെ തട്ടിക്കൊണ്ടു പോയ കാറിൽ നിന്നു രക്തക്കറ കണ്ടെത്തിയതായി ഫൊറൻസിക് ഉദ്യോഗസ്ഥ ഐ.പി. അനശ്വര ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ മൊഴി നൽകിയിരുന്നു. കെവിനെ തട്ടിക്കൊണ്ടു പോയ ദിവസം വിവിധ സ്ഥലങ്ങളിൽ നിന്നു ലഭിച്ച ശാസ്ത്രീയ തെളിവുകൾ കോടതി പരിശോധിച്ചു. ഫൊറൻസിക് വിദഗ്ധ പ്രിയ മേരി ചാക്കോയുടെ നേതൃത്വത്തിലാണ് കെവിൻ താമസിച്ചിരുന്ന മാന്നാനത്തെ അനീഷിന്റെ വീട്, അക്രമി സംഘം സഞ്ചരിച്ച 3 കാറുകൾ എന്നിവയിൽ നിന്നു തെളിവുകൾ ശേഖരിച്ചത്.

Neenu
നീനു കെവിന്റെ ചിത്രത്തിന് അരികിൽ

അനീഷിന്റെ വീടിന്റെ പിന്നിലെ വാതിൽ തകർന്നിരുന്നു. ജനലുകൾ അടിച്ചു തകർത്തിരുന്നു. കസേരകൾക്കും വീട്ടുപകരണങ്ങൾക്കും കേടുപാടുകൾ ഉണ്ടായിരുന്നു.മാരാകായുധങ്ങൾ ഉപയോഗിച്ചതിന്റെ പാടുകൾ വീടിന്റെ പല ഭാഗങ്ങളിൽ കണ്ടെത്തിയതായും പ്രിയ മേരി ചാക്കോ മൊഴി നൽകി. കെവിനെ തട്ടിക്കൊണ്ടു പോയതിന്റെ രണ്ടാം ദിവസമാണു ഫൊറൻസിക് സംഘം വീടു പരിശോധിച്ചത്.

വീട്ടിൽ നിന്നു ശേഖരിച്ച ഇരുമ്പു പൈപ്പ്, ജനൽ ചില്ലുകൾ, പെയിന്റ് ഭാഗം എന്നിവ കോടതിയിൽ പ്രിയ മേരി ചാക്കോ തിരിച്ചറിഞ്ഞു.അനീഷിനെ തട്ടിക്കൊണ്ടു പോയ വാഹനത്തിന്റെ മുൻ സീറ്റിന്റെ പിൻഭാഗത്തു നിന്നാണ് രക്തക്കറ ലഭിച്ചതെന്നു ഐ.പി. അനശ്വര മൊഴി നൽകി. 3 വാഹനങ്ങളിൽ നിന്ന് 4 പ്രതികളുടെ വിരലടയാളവും കണ്ടെത്തിയെന്നു വിരലടയാള വിദഗ്ധൻ എസ്. സുജിത് മൊഴി നൽകി.

കാറിനുള്ളിലെ ഗ്ലാസിൽ നിന്നു 13–ാം പ്രതി ഷിനുവിന്റെ വിരല‍ടയാളം ലഭിച്ചു. കെവിനെ തട്ടിക്കൊണ്ടു പോയ കാറിന്റെ കണ്ണാടിയിൽ നിന്നു 12–ാം പ്രതി ഷാനു ഷാജഹാന്റെ വിരലടയാളം ലഭിച്ചു. തെന്മല ചാലിയക്കരയിൽ കെവിന്റെ മൃതദേഹത്തിന്റെ ദൃശ്യങ്ങൾ പകർത്തിയ പൊലീസ് ഫൊട്ടോഗ്രഫർ പി. സുധീർ, കെവിന്റെ ഭാര്യ നീനുവിന് ജാതി സർട്ടിഫിക്കറ്റ് നൽകിയ തെൻമല വില്ലേജ് ഓഫിസർ ഡൊമിനിക് ആന്റണി, അതിരമ്പുഴ പഞ്ചായത്ത് സെക്രട്ടറി വി.കെ. രാജീവ് എന്നിവരെയും വിസ്തരിച്ചിരുന്നു.

Kevin Murder

കെവിനെ തട്ടിക്കൊണ്ടു പോയത് ജാതി പ്രശ്നം മൂലമെന്ന് സാക്ഷിമൊഴി

ഉയർന്ന ജാതിക്കാരിയായ നീനു താഴ്ന്ന ജാതിക്കാരനായ കെവിനെ സ്നേഹിച്ചു വിവാഹം കഴിച്ചതിനെ തുടർന്നുണ്ടായ നാണക്കേടു മൂലം നീനുവിനെ തിരിച്ചു കിട്ടാനാനാണു കെവിനെയും അനീഷിനെയും തട്ടികൊണ്ടു പോയതെന്ന് നീനുവിന്റെ സഹോദരൻ സാനു ചാക്കോ ഫോണിൽ പറഞ്ഞതായി സന്തോഷ് മൊഴി നൽകിയിരുന്നു. 

കെവിനെയും അനീഷിനെയും ചിലർ തട്ടിക്കൊണ്ടു പോയതറിഞ്ഞ് ബന്ധുവായ ബെന്നിക്കൊപ്പം പുലർച്ചെ അനീഷിന്റെ മാന്നാനത്തെ വീട്ടിൽ എത്തി. മറ്റൊരു ബന്ധുവായ സിബി ജേക്കബിനെയും വിളിച്ചു വരുത്തി. തുടർന്നു സിബിയുടെ ഫോണിൽ നിന്നാണ് പൊലീസിനെ സംഭവം അറിയിച്ചത്. ഏറ്റുമാനൂർ പൊലീസ് സ്റ്റേഷനിലാണ് ആദ്യം വിളിച്ചത്. സംഭവം അവരാണു ഗാന്ധിനഗർ പൊലീസിൽ അറിയിച്ചത്. എന്നാൽ, കുറെ സമയം കാത്തുനിന്നിട്ടും പൊലീസ് വന്നില്ല. തുടർന്ന് സിബിയെയും കൂട്ടി ഗാന്ധിനഗർ പൊലീസ് സറ്റേഷനിൽ എത്തി വിവരം പറഞ്ഞതായും സന്തോഷ് മൊഴി നൽകി.

തട്ടിക്കൊണ്ടു പോയ സംഘം ആവശ്യപ്പെട്ടതനുസരിച്ച് കെവിനെയും അനീഷിനെയും വിട്ടുകിട്ടാനായി നീനുവിനെ സംഘത്തിനു കൈമാറാൻ സമ്മർദമേറി. ഇതോടെ നീനു താമസിച്ചിരുന്ന അമ്മഞ്ചേരിയിലെ ഹോസ്റ്റലിൽ സന്തോഷെത്തി നീനുവിനെ കൂടെ അയയ്ക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും ഹോസ്റ്റൽ അധികൃതർ തയാറായില്ല.

പ്രതികളുടെ ഫോണുകൾ സംഭവ സ്ഥലങ്ങളിലെ ടവർ പരിധികളിൽ

Kevin, Neenu

പ്രതികൾ ഉപയോഗിച്ച മൊബൈൽ ഫോണുകൾ സംഭവദിവസം ആർപ്പൂക്കര, മാന്നാനം, പുനലൂർ കല്ലാർ മൊബൈൽ ഫോൺ ടവറുകളുടെ പരിധികളിൽ ഉണ്ടായിരുന്നതായി വോഡഫോൺ നോഡൽ ഓഫിസർ ഷാഹിൻ തോമസ് കോടതിയിൽ മൊഴി നൽകിയിരുന്നു. കെവിനെ തട്ടിക്കൊണ്ടു പോയ 2018 മേയ് 27നു പുലർച്ചെ 1നു 4–ാം പ്രതി റിയാസിന്റെയും 10–ാം പ്രതി വിഷ്ണുവിന്റെയും മൊബൈൽ ഫോണുകളാണ് ആർപ്പൂക്കര ടവർ പരിധിയിലുണ്ടായിരുന്നത്. പുലർച്ചെ 2.24നു റിയാസിന്റെ ഫോൺ മാന്നാനം പരിസരത്തുണ്ടായിരുന്നു. ഇവിടെ നിന്നാണു കെവിനെ തട്ടിക്കൊണ്ടു പോയത്.പിന്നീട് രാവിലെ 6.20 വരെയുള്ള സമയത്ത് ഒന്നാം പ്രതി സാനു ചാക്കോയുടെ ഉൾപ്പെടെ 7 പ്രതികളുടെ മൊബൈൽ ഫോണുകൾ പുനലൂർ കല്ലാർ മൊബൈൽ ഫോൺ ടവർ പരിധിയിൽ ഉണ്ടായിരുന്നതായും ഷാഹിൻ മൊഴി നൽകി. 

ചാലിയേക്കര ആറ്റിൽ കെവിന്റെ മൃതദേഹം കണ്ടെത്തിയ സ്ഥലത്തു നിന്നു കല്ലാർ ടവർ വരെ 1.85 കിലോമീറ്റർ ദൂരമേയുള്ളൂ. പ്രദേശ മഹസർ തയാറാക്കിയ വാളക്കോട് വില്ലേജ് ഓഫിസർ രതീഷ് ഈ ദൂരം മഹസറിൽ രേഖപ്പെടുത്തിയതായി മൊഴി നൽകി. കൃത്യം നടന്ന സ്ഥലത്തു നിന്നു 2.65 കിലോമീറ്റർ ദൂരത്തിൽ വാളക്കോട് മൊബൈൽ ഫോൺ ടവർ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.

സിസി ടിവി ദൃശ്യങ്ങൾ ശക്തമായ തെളിവ്

കെവിനെ തട്ടിക്കൊണ്ടു പോകുന്നതിനു മുൻപ് പ്രതികൾ അനീഷിന്റെ വീടിനു സമീപം പരിശോധന നടത്തിയതായി ഫൊറൻസിക് അസിസ്റ്റന്റ് ഡയറക്ടർ ആർ. റാഹില മൊഴി നൽകിയിരുന്നു. മാന്നാനത്തെ സ്കൂൾ കവാടത്തിൽ നിന്നു ലഭിച്ച സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് ഈ വിവരം ലഭിച്ചതെന്നും കെ. റാഹില കോടതിയെ അറിയിച്ചു. അവ്യക്ത സിസി ടിവി ദൃശ്യങ്ങൾ ഫൊറൻസിക് സയൻസസിൽ നടത്തിയ പരിശോധനയിലാണു കൂടുതൽ വ്യക്തത വരുത്തിയത്. ഇതോടെ പ്രതികൾ സഞ്ചരിച്ച കാറുകളുടെ 2 ദൃശ്യങ്ങൾ കൂടി ലഭിച്ചു. പ്രതികൾ കെവിന്റെ ബന്ധു അനീഷിന്റെ വീട്ടിൽ എത്തിയതിന്റെ ശക്തമായ തെളിവുകളായി ഇവ മാറി.

2018 മേയ് 27 ന് പുലർച്ചെ 1.23 ന്  സാനു ചാക്കോ സഞ്ചരിച്ചിരുന്ന കാറും മറ്റ് പ്രതികൾ സഞ്ചരിച്ചിരുന്ന കാറും മാന്നാനം ഭാഗത്തേക്ക് പോകുന്നതും 1.33 ന് തിരികെ പോകുന്നതും ദൃശ്യങ്ങളും  സിസി ടിവി ദൃശ്യങ്ങളിൽ നിന്ന് പുതുതായി ലഭിച്ചിരുന്നു. കെവിൻ താമസിക്കുന്ന വീട് കണ്ട് വയ്ക്കുന്നതിനു വേണ്ടിയാണ് പ്രതികൾ ഇപ്രകാരം പോയതെന്നാണ് കരുതുന്നത്. ആദ്യം സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ ഈ ദൃശ്യങ്ങൾ പൊലീസ് കണ്ടെത്തിയിരുന്നില്ല. വിശദമായ പരിശോധനയിലാണ് ഫൊറൻസിക് വിദഗ്ധർ ഈ ദൃശ്യങ്ങൾ വേർതിരിച്ചെടുത്ത്.

പുലർച്ചെ 2.24 ന് വാഗൺ–ആർ, കാറും ഐ ട്വന്റി കാറും കൂടാതെ ഇന്നോവ കാറും വീണ്ടും മാന്നാനം ഭാഗത്തേക്ക് പോകുന്നതും 2.38 ന് ഇതിൽ ഇന്നോവ കാറും ഐ ട്വന്റി കാറും തിരികെ പോകുന്നതും ദൃശ്യങ്ങളിലുണ്ട്. ഈ കാറുകളിലായി കെവിനെയും അനീഷിനെയും തട്ടിക്കൊണ്ടു പോയതെന്നാണു പ്രോസിക്യൂഷൻ വാദം. വാഗൺ–ആർ കാർ പൊലീസ് മാന്നാനം പാലത്തിനു സമീപത്തു വച്ച് പിടികൂടി പരിശോധിച്ചിരുന്നു. ഇതോടെയാണ് ഈ കാർ കൂട്ടത്തിൽ ഇല്ലാതിരുന്നത്. ഇതിനു ശേഷം 3.06 ന് വാഗൺ–ആർ കാറും പൊലീസ് ജീപ്പും കൂടി മുന്നിലും പിന്നിലും കടന്നു പോകുന്നതും ദൃശ്യങ്ങളിലുണ്ട്. ഈ സിസി ടിവി ദൃശ്യങ്ങൾ പൊലീസ് കോടതിയിൽ സമർപ്പിച്ചിരുന്നു.

kottayam-kevin-murder-case

സംഭവ ദിവസം ലഭിച്ച സിസി ടിവി ദൃശ്യങ്ങളിൽ വാഗൺ–ആർ കാറിന്റെ ഇടത് സീറ്റിൽ ഇരുന്ന യാത്ര ചെയ്തത് ഒന്നാം പ്രതി സാനു ചാക്കോ ആണെന്ന് ഫൊറൻസിക് ലബോറട്ടറിയിൽ ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്ന് വ്യക്തമായതായി അസിസ്റ്റന്റ് ഡയറക്ടർ കോടതിയിൽ മൊഴി നൽകി.

ഗാന്ധിനഗർ പൊലീസ് സ്റ്റേഷനിലെ എഎസ്ഐ ടി.എം. ബിജുവും സിവിൽ പൊലീസ് ഓഫിസർ എം.എൻ. അജയകുമാറും ചേർന്ന് വാഗൺ–ആർ കാർ പരിശോധിക്കുകയും കാറിലുണ്ടായിരുന്ന സാനു ചാക്കോയുടെയും ഇഷാൻ ഇസ്മായിലിന്റെയും ചിത്രങ്ങൾ പകർത്തുകയും ചെയ്തിരുന്നു. ഈ ചിത്രങ്ങൾ കൂടി പരിശോധിച്ചാണ് ചിത്രത്തിലെ സാനു ചാക്കോ തന്നെയാണു കാറിൽ ഉണ്ടായിരുന്നതെന്നും സ്ഥിരീകരിച്ചത്.

എഎസ്ഐ ടി.എം. ബിജു തന്റെ ഫോണിൽ റെക്കോർഡ് ചെയ്ത് പ്രതി സാനു ചാക്കോയുടെ സംഭാഷണവും ബിജു പിന്നീട് സ്പെഷൽ ബ്രാഞ്ച് ഉദ്യോഗസ്ഥനായ അനിൽകുമാറിന്റെ ഫോണിലേക്ക് അയച്ചുകൊടുത്ത സംഭാഷണവും ഒന്നു തന്നെയാണെന്നും ഫൊറൻസിക് ലാബിലെ പരിശോധനയിൽ ബോധ്യപ്പെട്ടു.

ടൂറിസ്റ്റ് ഹോമിൽ താമസിച്ച 7 പ്രതികളെ തിരിച്ചറിഞ്ഞതും നിർണായകമായി

സംഭവ ദിവസം ഗാന്ധിനഗറിലെ ടൂറിസ്റ്റ് ഹോമിൽ താമസിച്ചിരുന്ന 7 പ്രതികളെ സാക്ഷി തിരിച്ചറിഞ്ഞു. ഗാന്ധിനഗറിലെ കേരള ടൂറിസ്റ്റ് ഹോം മാനേജരായ ഇരുപത്തിയേഴാം സാക്ഷി അനിൽ കുമാറാണ് പ്രതികളെ തിരിച്ചറിഞ്ഞത്. 2018 മേയ് 27 ന് പുലർച്ചെ ഒരു മണിയോ‌ടെ ടൂറിസ്റ്റ് ഹോമിലെത്തിയ 11 പേർ വിവാഹ ആവശ്യത്തിനെന്ന പേരിൽ 4 ഡബിൾ റൂമുകൾ എടുത്തു. 1.30 ന് ഇവർ ടൂറിസ്റ്റ് ഹോം വിട്ടെന്നും അനിൽകുമാർ കോടതിയിൽ മൊഴി നൽകി.

ഒന്നാം പ്രതി ഷാനു ചാക്കോ, രണ്ടാം പ്രതി നിയാസ്, മൂന്നാം പ്രതി ഇഷാൻ ഇസ്മയിൽ, നാലാം പ്രതി റിയാസ്, പതിനൊന്നാം പ്രതി ഫസൽ ഷരീഫ്, പതിമൂന്നാം പ്രതി ഷിനു, പതിനാലാം പ്രതി റമീസ് എന്നിവരെയാണ് അനിൽകുമാർ തിരിച്ചറിഞ്ഞത്.

കേസിലെ ഒന്നാം സാക്ഷി അനീഷിന്റെ അയൽവാസിയും പതിനൊന്നാം സാക്ഷിയുമായ ജോസഫ് ജേക്കബ്, പത്രം ഏജന്റ് റെജി ജോൺസൺ എന്നിവരെയും ഇന്നലെ വിസ്തരിച്ചു. സംഭവദിവസം പുലർച്ചെ ശബ്ദം കേട്ട് ഉണർന്നപ്പോൾ അനീഷിന്റെ വീട്ടുമുറ്റത്ത് വാളുകളുമായി എത്തിയ സംഘം ഉണ്ടായിരുന്നുവെന്നും രണ്ട് കാറുകളിലായി അനീഷിനെയും കെവിനെയും കയറ്റിക്കൊണ്ടു പോകുന്നത് കണ്ടെന്നും ജോസഫ് മൊഴി നൽകി.

സംഭവത്തിനു ശേഷം അനീഷിന്റ ബന്ധുവായ ബെന്നി, സുഹൃത്തുക്കളായ സന്തോഷ്, സിബി എന്നിവരെ ജോസഫ് വിളിച്ചുവരുത്തി. പുലർച്ചെ 4.30 ന് ശേഷം സന്തോഷിന്റെ ഫോണിലേക്ക് വിളിച്ച അനീഷ് നീനുവിനെ വിട്ടുകൊടുത്താൽ തന്നെ കൊല്ലില്ലെന്ന് സന്തോഷിനോട് ഫോണിൽ പറഞ്ഞത് കേട്ടുവെന്നും ജോസഫ് കോടതിയിൽ പറഞ്ഞു.

പുലർച്ചെ കൈപ്പുഴ മാങ്ങാനം വഴി പത്രമെടുക്കാൻ പേകുന്നതിനിടെ അനീഷിന്റെ വീട്ടുമുറ്റത്തേക്ക് ചിലർ ഓടിയിറങ്ങുന്നതു കണ്ടെന്നും പ്രതികളുടെ കൈവശമുണ്ടായിരുന്ന വാഹനം പൊലീസ് പരിശോധിക്കുന്നത് കണ്ടെന്നും റെജി മൊഴി നൽകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com