കെവിന്‍ വധം ദുരഭിമാനക്കൊല; 10 പ്രതികള്‍ കുറ്റക്കാര്‍, ചാക്കോയെ വെറുതേവിട്ടു

kevin-sketch
SHARE

കോട്ടയം∙ കെവിൻ വധക്കേസിൽ പത്തു പ്രതികൾ കുറ്റക്കാരെന്ന് കോടതി. കോട്ടയം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണു പ്രതികൾ കുറ്റക്കാരെന്നു കണ്ടെത്തിയത്. ശിക്ഷ മറ്റന്നാള്‍ പ്രഖ്യാപിക്കും. കെവിന്റേത് ദുരഭിമാനക്കൊല തന്നെയാണെന്ന് കോടതി കണ്ടെത്തി. കേസിൽ കെവിന്റെ ഭാര്യ നീനുവിന്റെ അച്ഛൻ ചാക്കോ ജോണിനെ വെറുതെ വിട്ടു. നീനുവിന്റെ സഹോദരൻ സാനു ചാക്കോ, നിയാസ് മോൻ (ചിന്നു), ഇഷാൻ ഇസ്മായിൽ, റിയാസ് ഇബ്രാഹിംകുട്ടി, മനു മുരളീധരൻ, ഷിഫിൻ സജാദ്, എൻ.നിഷാദ്, ഫസിൽ ഷെരീഫ്, ഷാനു ഷാജഹാൻ, ടിറ്റു ജെറോം എന്നിവരെയാണ് കുറ്റക്കാരെന്ന് കണ്ടെത്തിയത്.

ചാക്കോയടക്കം നാലു പ്രതികളെയാണ് വെറുതെവിട്ടത്. റെമീസ് ഷെറീഫ്, ഷിനു ഷാജഹാൻ, വിഷ്ണു (അപ്പുണ്ണി) എന്നിവരാണ് വെറുതെ വിട്ട മറ്റുള്ളവർ. കൊലക്കുറ്റം, തട്ടിക്കൊണ്ടുപോകൽ, ഭവനഭേദനം തുടങ്ങിയ കുറ്റങ്ങളാണ് മറ്റു പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. സംശയത്തിന്റെ ആനുകൂല്യം നൽകിയാണ് ചാക്കോയെ വെറുതെവിട്ടത്. കെവിന്റെ ഭാര്യ നീനുവിന്റെ അച്ഛൻ ചാക്കോ ജോ‍ൺ, നീനുവിന്റെ സഹോദരൻ സാനു ചാക്കോ തുടങ്ങി 14 പ്രതികളാണു കേസിലുണ്ടായിരുന്നത്. 7 പ്രതികൾ പതിന്നാലര മാസമായി ജാമ്യം ലഭിക്കാതെ റിമാൻഡിലാണ്. 2 പ്രതികൾ 6 മാസത്തിനു ശേഷം ജാമ്യത്തിൽ ഇറങ്ങിയെങ്കിലും വിസ്താരസമയത്തു സാക്ഷിയെ മർദിച്ചതായി കേസ് എടുത്തതോടെ ജാമ്യം റദ്ദാക്കിയിരുന്നു.

kevin-case-accused
കേസിലെ പ്രതികളെ കോടതിയിൽ എത്തിച്ചപ്പോൾ.

ആകെ 113 സാക്ഷികളാണുള്ളത്. വിസ്താരത്തിനിടെ ആറു സാക്ഷികൾ കൂറുമാറിയിരുന്നു. ഇവരിൽ രഹസ്യമൊഴി നൽകിയ ശേഷം കൂറുമാറിയ സാക്ഷിക്കെതിരെ നടപടിയെടുക്കണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിട്ടുണ്ട്. കെവിന്റെ ഒപ്പം തട്ടിക്കൊണ്ടുപോയ ഇരയും പ്രധാന സാക്ഷിയുമായ അനീഷ് സെബാസ്റ്റ്യൻ, കെവിന്റെ ഭാര്യ നീനു, കെവിന്റെ അച്ഛൻ ജോസഫ്, കെവിനെ തട്ടിക്കൊണ്ടുപോയ സംഘത്തിലുണ്ടായിരുന്ന സാനു ചാക്കോ സഞ്ചരിച്ച കാർ പരിശോധിക്കുകയും പ്രതികളുടെ ചിത്രങ്ങൾ പകർത്തുകയും ഇവരുമായി പല തവണ ഫോണിൽ സംസാരിക്കുകയും ചെയ്ത എഎസ്ഐ ടി.എം.ബിജു തുടങ്ങിയവരെ കോടതിയിൽ വിസ്തരിച്ചു. പ്രധാന സാക്ഷികൾ എല്ലാം പ്രതികൾക്കെതിരെ മൊഴി നൽകി.

തെന്മലയ്ക്കു സമീപത്തെ ചാലിയക്കര പുഴയിൽ കെവിനെ മരിച്ച നിലയിൽ കണ്ടെത്തിയെന്നാണു കേസ്. 2018 മേയ് 28നായിരുന്നു സംഭവം. കോട്ടയം മാന്നാനത്തുള്ള വീട്ടിൽ നിന്നു കെവിനെയും ബന്ധു അനീഷിനെയും മേയ് 27ന് 13 അംഗ സംഘം തട്ടിക്കൊണ്ടുപോയി. അനീഷിനെ സംക്രാന്തിയിൽ ഇറക്കിവിട്ടശേഷം കെവിനുമായി അവർ കടന്നുകളഞ്ഞു. പിന്നീട് തെന്മലയിൽനിന്നാണ് കെവിന്റെ മൃതദേഹം കണ്ടെത്തിയത്.

English Summary: Kevin Murder Case - 10 convicts founded guilty and Neenu's father Chacko acquitted

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ