ADVERTISEMENT

ന്യൂഡല്‍ഹി∙ ഐഎന്‍എക്‌സ് മീഡിയ കേസില്‍ മുന്‍ധനമന്ത്രി പി. ചിദംബരത്തെ പ്രത്യേക കോടതി സിബിഐ കസ്റ്റഡിയില്‍ വിട്ടു. ചോദ്യം ചെയ്യലിനായി കസ്റ്റഡിയില്‍ വേണമെന്ന സിബിഐയുടെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു. തിങ്കളാഴ്ച വരെ കസ്റ്റഡിയിൽ തുടരും. ചിദംബരത്തെ 5 ദിവസം കസ്റ്റഡിയിൽ ലഭിക്കണമെന്ന അപേക്ഷയാണ് സിബിഐ സമർപ്പിച്ചത്. എന്നാല്‍ 4 ദിവസത്തെ കസ്റ്റഡിയാണ് അനുവദിച്ചത്. ദിവസവും അരമണിക്കൂർ വീതം അഭിഭാഷകനും കുടുംബത്തിനും ചിദംബരത്തെ കാണാം. 48 മണിക്കൂർ കൂടുമ്പോൾ വൈദ്യപരിശോധന നടത്തണമെന്നും കോടതി ഉത്തരവിട്ടു. ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചതിന് ശേഷമാണ് അറസ്റ്റു ചെയ്തതെന്ന് സിബിഐ കോടതിയിൽ വാദിച്ചിരുന്നു. ചിദംബരം അധികാര ദുർവിനിയോഗം നടത്തുകയാണ്. അന്വേഷണത്തോട് സഹകരിക്കുന്നില്ല. കുറ്റപത്രം സമർപ്പിച്ചിട്ടില്ലാത്തതിനാൽ കസ്റ്റഡിയിൽ വേണമെന്നും സോളിസിറ്റർ ജനറൽ കോടതിയിൽ വാദിച്ചു. ചിദംബരത്തിനു വേണ്ടി കപിൽ സിബലും അഭിഷേക് മനു സിങ്‌വിയും വാദിച്ചു.

ഇതേ കേസിൽ രണ്ടു പേർക്ക് ജാമ്യം ലഭിച്ചിട്ടുണ്ട്, കുറ്റപത്രത്തിന്റെ കരട് തയാറായെങ്കിൽ കസ്റ്റഡി എന്തിന്?,  കേസിൽപ്പെട്ട ഉദ്യോഗസ്ഥരെ ചോദ്യം ചെയ്തിട്ടില്ല, കസ്റ്റഡിയിൽ എടുത്തെങ്കിലും ചോദ്യം ചെയ്തത് 3 മണിക്കൂർ മാത്രം, തുടങ്ങിയ വാദങ്ങൾ സിബൽ ഉന്നയിച്ചു. പി. ചിദംബരവും കോടതിയിൽ വാദിച്ചു. സിബിഐ ഇന്നു ചോദിച്ച 12 ചോദ്യങ്ങളിൽ ആറ് എണ്ണവും കഴിഞ്ഞ ഓഗസ്റ്റിൽ തന്നോടു ചോദിച്ചതു തന്നെയാണെന്ന് അദ്ദേഹം പറഞ്ഞു. സിബിഐയുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറഞ്ഞിട്ടുണ്ട്.  തനിക്ക് വിദേശ അക്കൗണ്ടില്ല, മകന് വിദേശ അക്കൗണ്ടുണ്ട്.  പ്രസക്തമായ ഒരു ചോദ്യവും സിബിഐ ചോദിച്ചില്ലെന്നും ചിദംബരം പറ‌‍ഞ്ഞു. കോടതിയില്‍ തന്‍റെ ഭാഗം പറയാന്‍ അനുവദിക്കണമെന്ന് ചിദംബരം ആവശ്യപ്പെട്ടപ്പോള്‍ സോളിസിറ്റര്‍ ജനറല്‍ എതിര്‍ത്തു. ഭാര്യ നളിനി ചിദംബരവും മകൻ കാർത്തി ചിദംബരവും കോടതിയിലെത്തിയിരുന്നു. ചിദംബരം കോടതിയിൽ ജാമ്യാപേക്ഷ സമര്‍പ്പിച്ചില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com